ചൈനീസ് കമ്പനികളുടെ പുതിയ നീക്കത്തില്‍ ഗൂഗിള്‍ പതറുന്നു

വാവെയ്, ഒപ്പൊ, വിവോ, ഷവോമി എന്നീ പ്രമുഖ കമ്പനികളുടെ നീക്കമാണ് ഗൂഗിളിന് വെല്ലുവിളി സൃഷ്ടിക്കുന്നത്…

ഗൂഗിളിനെ മറികടക്കുകയെന്ന ഒരൊറ്റ ലക്ഷ്യത്തില്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വാവെയ്, വിവോ, ഒപ്പോ, ഷവോമി എന്നിവര്‍ കൈകോര്‍ക്കുകയാണ്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഗൂഗിളിനെ വഴിക്കാക്കാന്‍ ചൈനീസ് കമ്പനികള്‍ ഒത്തുപിടിക്കുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ഗൂഗിളിനും പ്ലേസ്റ്റോറിനും ബദലാവുകയാണ് ഇവരുടെ ലക്ഷ്യം.

ലോകമെങ്ങുമുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാരെ ബദല്‍ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കാനായി ക്ഷണിച്ചിരിക്കുകയാണ് ചൈനീസ് കമ്പനികള്‍. ഗൂഗിളിന്റെ പ്ലേ സ്റ്റോറിലെ ആപ്ലിക്കേഷനുകള്‍ക്ക് ബദലൊരുക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അമേരിക്ക വാവെയ് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. ഈ അമേരിക്കന്‍ വിലക്കിന്റെ തുടര്‍ച്ചയാണ് ഗൂഗിളിനെതിരായ നീക്കം.

ചൈനീസ് കമ്പനിയായ വാവെയെ അമേരിക്ക വിലക്കി എന്നാല്‍ അമേരിക്കന്‍ കമ്പനികള്‍ ഒന്നും സാധനങ്ങളോ സേവനങ്ങളോ വാവെയ്ക്ക് വില്‍ക്കരുതെന്ന് കൂടിയാണ് അര്‍ഥം. ഇതോടെ അമേരിക്കന്‍ കമ്പനിയായ ഗൂഗിളിന്റെ സേവനങ്ങള്‍ വാവെയ്ക്ക് ലഭ്യമാവാത്ത നില വന്നു. ഗൂഗിള്‍ മാപ്, യുട്യൂബ്, പ്ലേ സ്റ്റോര്‍ എന്നിവയൊന്നും ചൈനയിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ വാവെയ്ക്ക് ഉപയോഗിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് അവര്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടിയത്.

ഗൂഗിളിന്റേയും അമേരിക്കയുടേയും വിലക്ക് നീക്കങ്ങളെ പണം വാരിയെറിഞ്ഞ് മറികടക്കാനാണ് ചൈനീസ് കമ്പനികളുടെ ശ്രമം. Global Developer Service Alliance (GDSA)എന്ന പേരില്‍ വാവെയും ഒപ്പോയും വിവോയും ഷവോമിയും ചേര്‍ന്ന് കൂട്ടായ്മയുണ്ടാക്കിയാണ് ബദല്‍ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത്. GDSA വഴി ഡെവലപര്‍മാര്‍ക്ക് ഗെയിം, സംഗീതം, സിനിമ തുടങ്ങി വിവിധ മേഖലകളിലെ ആപ്ലിക്കേഷനുകള്‍ പുറത്തിറക്കാനും പ്രചരിപ്പിക്കാനും സാധിക്കും.

ഗൂഗിളിന്റെ പ്ലേ സ്റ്റോറിന് ബദലാവുകയാണ് GDSAയുടെ ലക്ഷ്യം. ഇന്ത്യയും ഇന്തോനേഷ്യയും റഷ്യയും അടക്കമുള്ള മേഖലകളില്‍ മാര്‍ച്ചോടെ ചൈനീസ് കമ്പനികളുടെ ബദല്‍ പ്ലേ സ്റ്റോര്‍ വരുമെന്നാണ് പ്രതീക്ഷ. അതേസമയം കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഈ തീയതി വൈകാനും സാധ്യതയുണ്ട്.

ഗൂഗിളിന് ബദലാകാന്‍ നേരത്തെ നോകിയയും മൈക്രോ സോഫ്റ്റും അടക്കമുള്ള വമ്പന്മാര്‍ ശ്രമിച്ച് പരാജയപ്പെട്ടതാണ്. എന്നാല്‍ മറ്റു മാര്‍ഗ്ഗമില്ലാത്ത നിലയില്‍ രണ്ടും കല്‍പിച്ച് ചൈനീസ് കമ്പനികള്‍ ഇറങ്ങുമ്പോള്‍ ചെറുതല്ലാത്ത തിരിച്ചടി ഗൂഗിളും പ്രതീക്ഷിക്കുന്നുണ്ട്. ഗൂഗിളിന് നിലവിലുള്ള വിപണി വിഹിതത്തില്‍ നിന്നും 60 ശതമാനം വരെ നഷ്ടമാകുമെന്നാണ് കരുതപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *