തദ്ദേശ തിരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കരുത്; സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ഈ വർഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 2015-ലെ പഴയ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്നും തിരഞ്ഞെടുപ്പ് 2019 ലെ ലോക് സഭാ തിരഞ്ഞെടുപ്പിനുപയോഗിച്ച വോട്ടര്‍ പട്ടിക ഉപയോഗിച്ച് നടത്തണമെന്നും ഹൈക്കോടതി. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പഴയ പട്ടിക ഉപയോഗിക്കാമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റെ വിധി ഡിവിഷൻ ബഞ്ച് തള്ളി.

2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച്തിരഞ്ഞെടുപ്പ് നടത്തണമെന്ന കമ്മീഷന്റെ വാദം നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അംഗീകരിച്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ്,മുസ്‌ലിം ലീഗ് നേതാക്കള്‍ നല്‍കിയ അപ്പീല്‍ ഹരജി പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഉചിതമായ നടപടി തിരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ആദ്യം 2019ലെ പട്ടിക തന്നെ ഉപയോഗിക്കണമെന്നാണ് എല്‍ഡിഎഫും യുഡിഎഫും നിലപാടെടുത്തിരുന്നത്. എന്നാല്‍ 2019ലെ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ പുതുക്കുന്നതിന് സമയം വേണ്ടി വരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് എല്‍ഡിഎഫും സര്‍ക്കാരും ഈ ആവശ്യത്തില്‍ നിന്ന് പിന്‍മാറിയത്.

തീരുമാനം പുനഃപരിശോധിക്കാൻ കഴിയുമോ എന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ചോദിച്ചിരുന്നു. ഹൈക്കോടതി നിർദ്ദേശിച്ചാൽ തീരുമാനം പുനഃപരിശോധിക്കാൻ തയാറാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. കോടതി ഉത്തരവിടുകയാണെങ്കിൽ പുതിയ പട്ടിക തയ്യാറാക്കാൻ ശ്രമിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കോടതി തീരുമാനിക്കട്ടെ എന്നാണ് തദ്ദേശ വകുപ്പ് മന്ത്രി എ സി മൊയ്‍ദീനും വ്യക്തമാക്കിയത്. അതിനാൽ ഇനി അപ്പീൽ പോയി സമയം കളയാനില്ലെന്നതിനാൽ, പുതിയ പട്ടിക തയ്യാറാക്കാൻ തന്നെയാണ് സാധ്യത.

വോട്ടര്‍ പട്ടിക പുതുക്കുമെങ്കിലും വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുമെന്നായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നത്. 2019ലെ വോട്ടര്‍ പട്ടിക വാര്‍ഡ് അടിസ്ഥാനമാക്കി ഉള്ളതല്ലെന്നും, ഇത് പുതുക്കുന്നത് പത്ത് കോടിയോളം രൂപയുടെ അധിക ചിലവും സമയവും വേണ്ടിവരുമെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *