പൗരത്വ പ്രക്ഷോഭം; യു.പി പൊലീസിന്റെ ലാത്തിയിലെ ചോര

ക്വിൽ ഫൗണ്ടേഷനും മറ്റ് രണ്ട് സന്നദ്ധ സംഘടനകളും ഉത്തര്‍പ്രദേശ് സന്ദർശിച്ചു നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടിന്റെ ഹ്രസ്വരൂപം

‘രോഗിയാണെന്നും വികലാംഗനാണെന്നും ഞാൻ അവരോട് കരഞ്ഞു പറഞ്ഞു. പക്ഷെ, പൊലീസ് വാനിലേക്ക് എന്നെ എടുത്തിട്ട് അവർ നിർത്താതെ മർദിക്കുകയായിരുന്നു. ഞാൻ പറയുന്നതൊന്നും അവർ കേട്ടില്ല”

ബിജ്നോറിലെ ആശുപത്രിക്കിടക്കയിലിരുന്ന് സുലൈമാൻ എന്ന 15 വയസ്സുകാരൻ ഇത് പറയുമ്പോൾ പൗരത്വ സമരങ്ങളുടെ പേരിൽ യു പി പൊലീസ് നടത്തിയ നരനായാട്ടിന്റെ നടുക്കുന്ന വേദനകളിൽ നിന്ന് അവന്റെ ശരീരമോ മനസോ അപ്പോഴും മുക്തമായിരുന്നില്ല. അതി ക്രൂരമായ മർദനമുറകൾക്കിടെ ഭിന്നശേഷിക്കാരനായിരുന്നിട്ടു പോലും ഒരു ദയയും പ്രായപൂർത്തിയാകാത്ത ആ ബാലനോട് പൊലീസ് കാണിച്ചില്ല.

ഇത് ഒരു സുലൈമാന്റെ മാത്രം കാര്യമല്ല. സംസ്ഥാനത്തുടനീളം പൗരത്വ പ്രക്ഷോഭങ്ങളുടെ പേരിൽ യു പി പൊലീസ് നടത്തിയ മനുഷ്യത്വരഹിത ആക്രമണങ്ങളുടെ നൂറുകണക്കിന് ഇരകളിൽ ഒരാൾ മാത്രമാണ് സുലൈമാൻ. പൊലീസ് പീഡനങ്ങളിൽ മനോനില തെറ്റിയവരും മൃതപ്രായരായവരുമായ നിരവധി കുഞ്ഞുങ്ങളാണ് യുപിയിൽ ഇപ്പോഴും ജീവിച്ഛവങ്ങളായി കഴിയുന്നത്. പൊലീസ് ആക്രമണങ്ങളിൽ ജീവൻ പൊലിഞ്ഞവരുമുണ്ട്.

‘വിട്ടയക്കപ്പെടുമ്പോൾ എഴുന്നേറ്റ് നിൽക്കാനോ നടക്കാനോ കഴിയാത്ത നിലയിലായിരുന്നു ഞാൻ. അരയ്ക്ക് താഴെ അടി കൊള്ളാത്തതായി ഒരിഞ്ച് സ്ഥലവും ബാക്കിയുണ്ടായിരുന്നില്ല. മൂന്നു ദിവസം മാത്രമാണ് ഞാൻ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന ബാക്കിയുള്ളവരെ കുറിച്ച് അറിയില്ല’
പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ബാലന്‍

ഖ്വിൽ ഫൗണ്ടേഷനും മറ്റ് രണ്ട് സന്നദ്ധ സംഘടനകളും ചേർന്ന് പ്രദേശം സന്ദർശിച്ചു നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞ്ഞെട്ടിക്കുന്ന വിരവങ്ങൾ പുറത്തുവന്നത്. ജുവൈനൽ ജസ്റ്റിസ് ആക്ട് 2015 ന്റേയും യു എൻ ബാലാവകാശ കൺവെൻഷൻ തത്വങ്ങളുടേയും നഗ്നമായ ലംഘനങ്ങളാണ് പൗരത്വ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ യുപി പൊലീസ് സംസ്ഥാനത്തുടനീളം സർക്കാർ ഒത്താശയോടെ നടപ്പാക്കിയതെന്ന് റിപ്പോർട്ട് തെളിയിക്കുന്നു.

ജനുവരി 10 നും 24 നും ഇടയിൽ ഉത്തർപ്രദേശിലെ ബിജ്നോർ, മുസഫർനഗർ, ഫിറോസാബാദ് തുടങ്ങിയ ജില്ലകൾ സന്ദർശിച്ച സംഘം ഇരകളുമായി സംസാരിച്ചും സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, പൊലീസ്, തുടങ്ങിയവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചും നിരവധി രേഖകൾ പരിശോധിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

പൊലീസ് അതിക്രമങ്ങളുടെ സ്വഭാവം, കസ്റ്റഡി പീഡനത്തിനും ഭയപ്പെടുത്തലിനും അവലംബിച്ച രീതികൾ എന്നിവയെല്ലാം കൊടും കുറ്റവാളികളോടെന്ന പോലെയോ കൊടിയ ശത്രുക്കളോടെന്ന പോലെയോ ആണ് പ്രായപൂർത്തിയാകാത്ത കുട്ടികളോട് പൊലീസ് പെരുമാറിയത് എന്ന് വ്യക്തമാക്കുന്നതാണ്. കുട്ടികളടക്കമുള്ള പ്രക്ഷോഭകരെ നിയമവിരുദ്ധമായി തടങ്കലിൽ പാർപ്പിച്ചതിന്റേയും കസ്റ്റഡി മർദനത്തിനിരയാക്കിയതിന്റേയും ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് റിപ്പോർട്ടിലുടനീളം.

മൃഗങ്ങൾ തോൽക്കുന്ന ക്രൂരത:

കസ്റ്റഡിയിലെടുത്ത് വിട്ടയക്കപ്പെട്ട കുട്ടികളെല്ലാം ക്രൂര മർദനത്തിന്റെ കഥകൾ വസ്തുതാന്വേഷണ സംഘത്തോട് പങ്കുവെച്ചു. മുസഫർ നഗറിൽ കസ്റ്റഡിയിലായിരുന്ന അഞ്ച് കുട്ടികൾ വിട്ടയക്കപ്പെടുമ്പോൾ കൊടിയ പീഡനം മൂലം മനോനില തെറ്റിയ നിലയിലായിരുന്നു. കസ്റ്റഡിയിരുന്ന സമയമത്രയും ഓരോ മൂന്ന് മണിക്കൂറിനിടയിലും പൊലീസ് ബാറ്റണോ ലാത്തിയോ ഉപയോഗിച്ച് നിർത്താതെ അടിക്കുമായിരുന്നുവെന്ന് ഇവർ പറയുന്നു.

ദിവസങ്ങളോളം ഉറങ്ങാനോ കിടക്കാൻ പോലുമോ അനുവദിച്ചില്ല. ഉറക്കം തൂങ്ങിയപ്പോഴെല്ലാം മുഖത്ത് വെള്ളമൊഴിച്ചോ ലാത്തികൊണ്ട് കുത്തിയോ ഉറക്കം തടസ്സപ്പെടുത്തി. കണ്ണടഞ്ഞു പോയപ്പോഴെല്ലാം ക്രൂര മർദനത്തിനിരയായിരുന്നതിനാൽ കൺപോളകൾ സ്വയം കൈ കൊണ്ട് താങ്ങിനിർത്താൻ മാത്രം തീവ്രമായിരുന്നു ഭയം എന്ന് ഒരാൾ പറഞ്ഞു. പൊലീസിനെ ഭയമാണെന്നും സംസാരിക്കില്ലെന്നും പറഞ്ഞ് തുടങ്ങിയ ഒരു കുട്ടി ഏറെ നേരത്തെ കൗൺസിലിങ്ങിനു ശേഷം പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ പറഞ്ഞത് ഇത്ര മാത്രം: “വിട്ടയക്കപ്പെടുമ്പോൾ എഴുന്നേറ്റ് നിൽക്കാനോ നടക്കാനോ കഴിയാത്ത നിലയിലായിരുന്നു ഞാൻ. അരയ്ക്ക് താഴെ അടി കൊള്ളാത്തതായി ഒരിഞ്ച് സ്ഥലവും ബാക്കിയുണ്ടായിരുന്നില്ല. മൂന്നു ദിവസം മാത്രമാണ് ഞാൻ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന ബാക്കിയുള്ളവരെ കുറിച്ച് അറിയില്ല.”

15 ദിവസത്തിന് ശേഷമാണ് കുട്ടിക്ക് സാധാരണ പോലെ നടക്കാനായതെന്ന് അമ്മയും പറഞ്ഞു. കസ്റ്റഡിയിലെടുത്തതിന്റെ പിറ്റേദിവസം ഒരു ബിജെപി എം എൽ എയുടെ ഫാം ഹൗസിലേക്ക് തടവുകാരെ മാറ്റിയതായും തുടർന്നുള്ള പീഡനങ്ങൾ ഇവിടെ വെച്ചായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തി.

ഉറക്കം നിഷേധിച്ചും കുടിവെള്ളം തടഞ്ഞും പീഡനം:

താപനില ആറു ഡിഗ്രിയിൽ താഴെയായിരുന്ന രാത്രികളിൽ പോലും പുതക്കാൻ ബ്ലാങ്കറ്റോ ധരിക്കാൻ വസ്ത്രങ്ങളോ നൽകിയില്ലെന്ന് കുട്ടികൾ പറയുന്നു. ദിവസങ്ങളോളം ഉറങ്ങാനോ കിടക്കാൻ പോലുമോ അനുവദിച്ചില്ല. ഉറക്കം തൂങ്ങിയപ്പോഴെല്ലാം ക്രൂര മർദനത്തിനിരയായി. ഉറങ്ങാതിരിക്കാൻ കൺപോളകൾ സ്വയം കൈ കൊണ്ട് താങ്ങിനിർത്താൻ മാത്രം തീവ്രമായിരുന്നു ഭയം എന്ന് ഒരാൾ പറഞ്ഞു. സഹിക്കാനാകാതെ കണ്ണുകളടഞ്ഞു പോയപ്പോഴെല്ലാം മുഖത്ത് വെള്ളമൊഴിച്ചോ ലാത്തികൊണ്ട് കുത്തിയോ ഉറക്കം തടസ്സപ്പെടുത്തി. മൂന്ന് ദിവസം ഉറക്കം നഷ്ടമായതോടെ തന്നെ പലർക്കും സ്ഥലകാല ബോധം ഇല്ലാതായി. മാനസികമായും ശാരീരികമായും തകർന്നുപോയ ബാലൻമാർക്ക് നേരെ ശാരീരിക മർദനമുറകളും മാറ്റമില്ലാതെ തുടർന്നു.

കൊടിയ പീഡനങ്ങളിൽ തളർന്നുപോയവർ വെള്ളം ചോദിച്ച് കരഞ്ഞപ്പോൾ അതുപോലും നൽകിയില്ലെന്നും കുട്ടികൾ പറയുന്നു. ദിവസങ്ങളോളം മതിയായ കുടിവെളളം നൽകാതെ പീഡിപ്പിച്ചു. മുസഫർ നഗറിൽ മദ്രസ നടത്തുന്ന സയ്യിദ് അസദ് റസാ ഹുസൈനി പറയുന്നതനുസരിച്ച് അദ്ദേഹത്തിന്റെ വിദ്യാർഥികൾക്ക് നോമ്പ് തുറക്കാൻ പോലും വെള്ളം നൽകിയില്ല: “നോമ്പുള്ള ഒരു ദിവസമാണ് കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈകുന്നേരം നോമ്പുതുറക്കാൻ വെള്ളം ചോദിച്ചപ്പോൾ മുട്ടൻ തെറിയായിരുന്നു മറുപടി. കൂടാതെ, പ്രവാചകനേയും മറ്റ് മതചിഹ്നങ്ങളേയും നിരന്തരം അവഹേളിക്കുകയും ‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തു”

ദാഹം സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞപ്പോൾ തന്നോട് ഒരുദ്യോഗസ്ഥൻ മൂത്രം കുടിക്കാൻ ആവശ്യപ്പെട്ടതായും ഒരു വിദ്യാർഥി വെളിപ്പെടുത്തി.

ആദ്യ നാളുകളിൽ വെള്ളം നിഷേധിച്ച ള്ളദ്യാഗസ്ഥർ, പിന്നീട് വെള്ളം സമൃദ്ധമായി നൽകിത്തുടങ്ങി. വെള്ളം ചോദിച്ചപ്പോഴെല്ലാം നൽകിയതിന് പുറമെ എല്ലാവർക്കും എടുക്കാൻ പാകത്തിൽ ഹാളിൽ വെള്ളം കൊണ്ടുവന്ന് വെക്കുകയും ചെയ്തു. ഇത് പക്ഷെ ഒരു കെണിയായിരുന്നുവെന്ന് വ്യക്തമായത്, മൂത്രമൊഴിക്കാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. എത്ര അപേക്ഷിച്ചിട്ടും മൂത്രമൊഴിക്കാൻ അനുമതി നിഷേധിക്കപ്പെട്ടു. കൂടാതെ, മൂത്രമൊഴിക്കാൻ അനുവാദം ചോദിച്ചപ്പോഴെല്ലാം ക്രൂരമായ മർദനങ്ങൾക്കുമിരയായി. ഇതോടെ വെള്ളം കാണുന്നതു തന്നെ പേടിയായ നിലയിലായിരുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു.

പീഡനത്തിന് സാക്ഷികളാക്കൽ:

കുട്ടികൾ ശാരീരിക മർദനങ്ങൾക്ക് ഇരയായിരുന്നതിന് പുറമെ കസ്റ്റഡിയിൽ ക്രൂരമായ മാനസിക പീഡനങ്ങൾക്കും ഇരയായിരുന്നതായി കമ്മീഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബിജ്നോറിൽ മുതിർന്നവരോടൊപ്പം തടവിൽ പാർപ്പിച്ച കുട്ടികളെ മുതിർന്നവർക്കേൽപ്പിക്കുന്ന ക്രൂര മർദനങ്ങൾക്ക് സാക്ഷികളാക്കിയിരുന്നതായി വിട്ടയക്കപ്പെട്ടവർ പറഞ്ഞു. അതിക്രൂര മർദനങ്ങൾക്കിരയായിരുന്ന ചില മുതിർന്നവരെ പുറത്തു നിന്ന് കൊണ്ടുവന്ന് വിവസ്ത്രരാക്കി ശരീരത്തിലെ പാടുകൾ കുട്ടികളെ കാണിച്ചു. ഇതോടൊപ്പം അവരെ വീണ്ടും മർദിച്ചു. വേദനയും അപമാനവും നിലവിളിയും നിസ്സഹായതയുമെല്ലാം നിറഞ്ഞ ആ നിമിഷങ്ങൾക്കെല്ലാം പ്രായപൂർത്തിയാവാത്ത കുട്ടികളെ പൊലീസ് ഉദ്യോഗസ്ഥർ നിർബന്ധപൂർവം സാക്ഷികളാക്കി. ഇനി സമരത്തിനിറങ്ങുമ്പോൾ ഇതെല്ലാം ഓർമയുണ്ടാകണമെന്ന് ഇടക്കിടെ അവർ കുട്ടികളോട് പറഞ്ഞുകൊണ്ടുമിരുന്നു. കസ്റ്റഡിയിലെടുത്ത വാഹനത്തിൽ വെച്ചു തന്നെ ഇതാരംഭിച്ചിരുന്നുവെന്ന് പേര് വെളിപ്പെടുത്താൻ തയാറാകാതിരുന്ന ഒരു ബാലൻ പറഞ്ഞു: ”പൊലീസ് വാനിൽ ഞങ്ങളെ കൊണ്ടുപോകുമ്പോൾ തന്നെ പൊലീസ് ആരെയോ വീഡിയോ കോൾ ചെയ്ത് പീഡനദൃശ്യങ്ങൾ കാണിച്ചു തന്നു. വസ്ത്രങ്ങളില്ലാത്ത തടവുകാരെ പൊലീസുകാർ സംഘം ചേർന്ന് മർദിക്കുന്നതിന്റെയും ലാത്തികൊണ്ടടിക്കുന്നതിന്റെയും ദൃശ്യങ്ങളായിരുന്നു അത്. ഇതാണ് ഞങ്ങളെയും കാത്തിരിക്കുന്നതെന്ന് അവർ ഭീഷണിപ്പെടുത്തി. നൂറ്റി അമ്പതോളം പേർ ക്രൂര മർദനത്തിനിരയാകുന്ന ഒരു ഹാളിന് മുന്നിലായിരുന്നു വാഹനം ചെന്നു നിന്നത്. ഞങ്ങളേയും ആ ഹാളിലേക്ക് തള്ളി”

ഭീതി വിതച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചും പൊലീസ്:

‘കുട്ടികൾക്ക് പീഡനമുണ്ടായിട്ടില്ലെന്ന് എഴുതി നൽകാൻ മുസഫർ നഗറിലെ ഉന്നത പൊലീസ് മേധാവികൾ എന്നോടാവശ്യപ്പെട്ടു. തടവിലുള്ളവരെ മോചിപ്പിക്കാൻ അതാവശ്യമാണെന്നും ഇല്ലെങ്കിൽ കൂടുതൽ കേസുകൾ ചുമത്തി കസ്റ്റഡി കാലാവധി നീട്ടിമെന്നും അവർ ഭീഷണി മുഴക്കി’
മദ്രസാ സ്ഥാപകനും പ്രിൻസിപ്പലുമായ സയ്യിദ് അസദ് റാസ ഹുസൈനി

പ്രകടനങ്ങളിൽ പങ്കെടുത്തവരെന്ന് ആരോപിക്കപ്പെടുന്നവരുടെ ചിത്രം വെച്ച് പോസ്റ്റർ ഇറക്കി നഗരങ്ങളിലെല്ലാം വ്യാപകമായി പതിച്ചിരുന്നു പൊലീസ്. സംശയിക്കപ്പെടുന്നവരെ ചോദ്യംചെയ്യാനെന്ന പേരിൽ പൊലീസ് പിടിച്ചുകൊണ്ടുപോകുന്നുമുണ്ട്. ഇതോടെ, ചിത്രങ്ങളോട് സാമ്യമുള്ള ചെറുപ്പക്കാരെല്ലാം ഒളിവിൽ പോകാൻ നിർബന്ധിതരായി. ആഴ്ചകളോളം തൊഴിലും വിദ്യാഭ്യാസവും സ്വാഭാവിക ജീവിതവും നഷ്ടമായ നൂറുകണക്കിന് ചെറുപ്പക്കാരാണ് സംസ്ഥാനത്തുടനീളം ഭീതിയിൽ കഴിയുന്നത്. ഈ ചെറുപ്പക്കാരും അവരുടെ കുടുംബാംഗങ്ങളും മാത്രമല്ല, ഒരു സമുദായമൊന്നാകെ ഭീതിയിലാണ് കഴിയുന്നതെന്ന് വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പറയുന്നു.

ഇതിനെല്ലാം പുറമെയാണ് കുറ്റവാളികളെ തേടിയെന്ന പേരിൽ പൊലീസ് വീടുകളിൽ കയറി നടത്തുന്ന അതിക്രമങ്ങൾ. അർധരാത്രി പോലും വനിതാ പൊലീസില്ലാതെ വീട്ടിലെത്തുന്ന പൊലീസ് വാതിൽ ചവിട്ടിത്തുറന്നും സാധനങ്ങൾ നശിപ്പിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രമായ, ഇപ്പോഴും തടവിൽ കഴിയുന്ന ഒരു യുവാവിനെ കസ്റ്റഡിയിലെടുത്ത സംഭവം ബിജ്നോറിലെ ഒരു കുടുംബം വിവരിച്ചു: ”രാത്രി ഏറെ വൈകി വാതിലിൽ മുട്ടുകേട്ടാണ് ഞങ്ങൾ വാതിൽ തുറക്കാൻ നോക്കിയത്. അതിന് മുന്നേ തന്നെ വാതിൽ ചവിട്ടിത്തുറന്ന് പൊലീസ് അകത്തു കയറി. 80 കഴിഞ്ഞ ഞങ്ങളുടെ പിതാവിനേയും എന്റെ സഹോദരനേയും അവർ വലിച്ചിഴച്ചു. വീടിന്റെ മുകൾ നിലയിലേക്ക് കയറിയ പൊലീസ് കണ്ണിൽ കണ്ടതെല്ലാം എടുത്തെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. കലാപകാരികളായ ഗുണ്ടകളെ പോലെയാണവർ പെരുമാറിയത്. ഞങ്ങളുടെ ചേദ്യങ്ങൾക്കൊന്നും ഉത്തരം തന്നില്ല. ഏറെനേരത്തെ നിലവിളിക്കും ബഹളത്തിനും ശേഷം പിതാവിനെ ഞങ്ങളുടെ മുന്നിലേക്ക് തള്ളിയിട്ട് സഹോദരനെ കൊണ്ട് അവർ പോയി. അവന്റെ വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രമേ ആയിട്ടിള്ളൂ. ഇപ്പോഴും അവൻ കസ്റ്റഡിയിലാണ്”

ഭീഷണിയും നിശബ്ദരാക്കലും:

കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കാൻ പീഡന വിവരങ്ങൾ മറച്ചുവെക്കണമെന്ന് പൊലീസ് ഉപാധി വെക്കുന്നതായി റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. വിട്ടയക്കപ്പെടുന്നതിന് മുമ്പ് ‘പൊലീസിൽ നിന്ന് ഉപദ്രവങ്ങളുണ്ടാക്കിട്ടില്ലെ’ന്ന് എഴുതി വാങ്ങിക്കുന്നതായാണ് കുട്ടികളുടെ വെളിപ്പെടുത്തൽ. വിവരങ്ങൾ പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നും ഇതിലും കടുത്ത പീഡനങ്ങളനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയതായും കുട്ടികൾ പറഞ്ഞു.

പ്രദേശത്തെ മദ്രസാ സ്ഥാപകനും പ്രിൻസിപ്പലുമായ സയ്യിദ് അസദ് റാസ ഹുസൈനിയും ഇക്കാര്യം സ്ഥിരീകരിച്ചു: “കുട്ടികൾക്ക് പീഡനമുണ്ടായിട്ടില്ലെന്ന് എഴുതി നൽകാൻ മുസഫർ നഗറിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നോടാവശ്യപ്പെട്ടു. തടവിലുള്ളവരെ മോചിപ്പിക്കാൻ അതാവശ്യമാണെന്നും ഇല്ലെങ്കിൽ കൂടുതൽ കേന്നുകൾ ചുമത്തി കസ്റ്റഡി കാലാവധി നീട്ടിമെന്നും അവർ ഭീഷണി മുഴക്കി”

അധികൃതരുടെ അനാസ്ഥയും മൗനാനുവാദവും:

കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന വിവിധ സർക്കാർ ഏജൻസികൾ, ഉത്തർപ്രദേശ് സംസ്ഥാന സർക്കാർ, ഉന്നത പൊലീസ് വൃത്തങ്ങൾ എന്നിവയെല്ലാം കുട്ടികൾക്കെതിരായ പൊലീസ് അതിക്രമങ്ങളെ കുറിച്ച് മൗനം പാലിക്കുകയോ ആരോപണങ്ങൾ നിഷേധിക്കുകയോ ചെയ്തുവെന്ന് വസ്തുതാന്വേഷണ സംഘം വ്യക്തമാക്കുന്നു.

പ്രായപൂർത്തിയാകാത്തവരെ കസ്റ്റഡിയിലെടുത്തതിനെ കുറിച്ച ചോദ്യത്തിന് അങ്ങനെയൊരു സംഭവം അറിയില്ലെന്നായിരുന്നു ബിജ്നോർ പൊലീസ് സൂപ്രണ്ട് സഞ്ജീവ് ത്യാഗിയുടെ പ്രതികരണം. വിവിധ പത്ര റിപ്പോർട്ടുകളും മാതാപിതാക്കളുടെ പ്രതികരണങ്ങളും ചൂണ്ടിക്കാട്ടിയപ്പോൾ ”പരാതി ലഭിച്ചാൽ അന്വേഷിക്കും” എന്ന് മാത്രം പറഞ്ഞ് പ്രതികരണം അവസാനിപ്പിച്ചു. പൊലീസ് ഭീകരത സംബന്ധിച്ച് മൗനം പാലിച്ച ഉത്തർ പ്രദേശ് സംസ്ഥാന സർക്കാറും ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിൽ സമ്പൂർണമായി പരാജയപ്പെട്ടു. മുഖ്യമന്ത്രി യോഗി ആദിത്യനാഥാകട്ടെ ‘കലാപകാരികളെ’ അമർച്ച ചെയ്യുന്നതിൽ യുപി പൊലീസിന്റെ പങ്ക് സ്തുത്യർഹമായിരുന്നുവെന്ന് പ്രശംസിക്കുകയും ചെയ്തതു.

കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മീഷൻ (എൻ‌.സി‌.പി‌.സി‌.ആർ) നിലപാടും ഞെട്ടിപ്പിക്കുന്നതായിരുന്നു. കുട്ടികൾക്കെതിരായ പൊലീസ് അതിക്രമങ്ങളുടെയെല്ലാം നേരെ കണ്ണച്ച കമ്മീഷൻ, ഡിസംബർ 14 ന് എല്ലാ സംസ്ഥാനങ്ങളിലേയും DGP മാർക്ക് കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നത് സംബന്ധിച്ച് ഒരു പൊതു നോട്ടീസ് നൽകുക മാത്രമാണ് ചെയ്തത്. സമരക്കാർ കുട്ടികളെ മനുഷ്യ കവചമായി ഉപയോഗിക്കുന്നുവെന്ന പൊലീസ് ഭാഷ്യത്തെ ശരിവെക്കും വിധം ‘മനുഷ്യകവചമായി കുട്ടികളെ ഉപയോഗിക്കുന്നത് ബാലാവകാശ നിയമങ്ങളുടെ ലംഘനമാണെ’ന്ന് നോട്ടീസിൽ പരാമർശിക്കുകയും ചെയ്തു. പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകളോ മനുഷ്യാവകാശ ലംഘനങ്ങളോ പ്രത്യേകമായി സൂചിപ്പിക്കുകയോ വിഷയത്തിൽ അന്വേഷണമാവശ്യപ്പെടുകയോ ചെയ്തില്ല. കുട്ടികൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് അന്വേഷണം ആവശ്യപ്പെടാനും സ്വയം അന്വേഷിക്കാനും നിയമപരമായി അധികാരമുണ്ടായിരിക്കെയാണ് ഈ അലംബാവം. കേസന്വേഷണ വേളയിൽ ഒരു സിവിൽ കോടതിയുടെ അധികാരങ്ങളുമുള്ള സംവിധാനമാണ് കമ്മീഷൻ!

ഏതാണ്ട് ഇതിന് സമാനമായ രീതിയിലായിരുന്നു UPSCPCR (കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ഉത്തർപ്രദേശ് സംസ്ഥാന കമ്മീഷൻ) ന്റെയും പ്രതികരണം. 2020 ജനുവരി രണ്ടിന് സംസ്ഥാനത്തെ എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും പോലീസ് മേധാവികൾക്കും അയച്ച കത്തിൽ സി എ എ വിരുദ്ധ പ്രക്ഷോഭങ്ങളിൽ കുട്ടികളെ മനുഷ്യ കവചമായി ഉപയോഗിക്കുന്നതിനെ കുറിച്ച ഒരു റിപ്പോർട്ട് 10 ദിവസത്തിനകം സമർപ്പിക്കാനാണാവശ്യപ്പെടുന്നത്. ഈ കത്തിലും പൊലീസ് അതിക്രമങ്ങളെ കുറിച്ചോ കുട്ടികൾക്കെതിരായ പൊലീസിന്റെ നിയമലംഘനങ്ങളെ കുറിച്ചോ പരാമർശങ്ങളൊന്നുമില്ല.

ചുരുക്കത്തിൽ, യു.എൻ ബാലാവകാശ കൺവെൻഷൻ തത്വങ്ങളും മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയിട്ടും ജുവൈനൽ ജസ്റ്റിസ് ആക്ട് 2015 ന്റെ നഗ്നമായ ലംഘനങ്ങൾ നടന്നിട്ടും ഉത്തരവാദപ്പെട്ട സർക്കാർ ഏജൻസികളോ സംസ്ഥാന സർക്കാരോ പൊലീസോ വിഷയത്തെ ഗൗരവത്തിലെടുത്തിട്ടില്ലെന്ന് വസ്തുതാന്വേഷണ കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമങ്ങൾ, ആക്ടിവിസ്റ്റുകൾ എന്നിവരുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന കമ്മീഷൻ, വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനോടും ഉത്തർ പ്രദേശ് സംസ്ഥാന സർക്കാരിനോടും അടിയന്തര ജുഡീഷ്യൽ അന്വേഷണം നടത്താനും ആവശ്യപ്പെട്ടാണ് റിപ്പോർട്ട് അവസാനിപ്പിക്കുന്നത്.

വിവർത്തനം: അനീസ് അലി
This was originally published by MediaOne https://tinyurl.com/re45zfr

Leave a Reply

Your email address will not be published. Required fields are marked *