ആം ആദ്‌മിയുടെ വഴികൾ ഏത്?

എ.എസ്. സുരേഷ്‌കുമാർ / മാധ്യമം ആഴ്ചപ്പതിപ്പ്

ഓരോ തെരഞ്ഞെടുപ്പും ഓരോ പാഠമാണ്. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പും പുതിയ അനുഭവമാണ്. ദേശീയ പാർട്ടികൾ എന്ന് അഭിമാനിക്കുന്ന രണ്ടു പാർട്ടികളെ രാഷ്ട്രീയത്തിൽ ഇളംപ്രായക്കാരായ ആം ആദ്മി പാർട്ടി വീണ്ടുമൊരിക്കൽക്കൂടി രാജ്യതലസ്ഥാനത്തു നിന്ന് തൂത്തെറിഞ്ഞു. അത്തരമൊരു മുന്നേറ്റം അഖിലേന്ത്യാ തലത്തിൽ മറ്റെവിടെയും ഇതുവരെ ഉണ്ടായിട്ടില്ല. കേന്ദ്രഭരണം തുടർച്ചയായി രണ്ടുവട്ടം ഒറ്റക്ക് കയ്യടക്കിയ ബി.ജെ.പിക്ക് രണ്ടക്കത്തിലേക്കു പോലും വളരാൻ കഴിഞ്ഞില്ല. ഒന്നര പതിറ്റാണ്ട് തുടർച്ചയായി ഡൽഹി ഭരിച്ച കോൺഗ്രസിനാകട്ടെ, ഒറ്റ സീറ്റു പോലും കിട്ടിയില്ല. 70 അംഗ നിയമസഭയിൽ അരവിന്ദ് കെജ്രിവാൾ നയിക്കുന്ന ആപ് 62 സീറ്റും തൂത്തുവാരി. അഞ്ചു വർഷത്തെ ഭരണത്തിനിടയിൽ അവർക്ക് സംഭവിച്ച നഷ്ടമെന്നു പറയാവുന്നത്, അഞ്ചു സീറ്റു മാത്രം. അത് ബി.ജെ.പി നേടിയപ്പോൾ കോൺഗ്രസിന് ഡൽഹിയിലുളള വോട്ടു ശതമാനം വെറും നാലായി ചുരുങ്ങി. ബി.ജെ.പിക്ക് 40 ശതമാനവും ആം ആദ്മി പാർട്ടിക്ക് 54 ശതമാനവും വോട്ടു ലഭിച്ചു. പ്രതിപക്ഷ ഐക്യദാഹങ്ങൾക്കിടയിൽ ഒറ്റക്ക് മത്സരിച്ച് സ്വന്തം വോട്ട് എണ്ണിയെടുക്കാനിറങ്ങിയവരുടെ കൂട്ടത്തിൽ പലരുണ്ട്. അവർക്കിടയിൽ, മൂന്നു മണ്ഡലങ്ങളിൽ മത്സരിച്ച സി.പി.എമ്മിനു കിട്ടിയത് 1235 വോട്ടാണ്; ആകെയുള്ളതിെൻറ 0.01 ശതമാനം വോട്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി നായകനും ആഭ്യന്തര മന്ത്രി അമിത്ഷാ സാരഥിയുമായിരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴു സീറ്റും ബി.ജെ.പിക്കായിരുന്നു. അന്ന് ആം ആദ്മി പാർട്ടിയെ മൂന്നാം സ്ഥാനത്താക്കി 23 ശതമാനത്തിൽപരം വോട്ടു പിടിക്കാൻ കോൺഗ്രസിനു സാധിച്ചതാണ്. ലോക്സഭ തെരഞ്ഞെടുപ്പിനെയും നിയമസഭ തെരഞ്ഞെടുപ്പിനെയും ജനം രണ്ടായിത്തന്നെ കാണുന്നതിെൻറ മറ്റൊരു നേർച്ചിത്രം കൂടിയാണ് ഡൽഹി കാണിച്ചു തരുന്നത്. സംസ്ഥാനം ഭരിക്കേണ്ടത് അരവിന്ദ് കെജ്രിവാൾ, കേന്ദ്രം ഭരിക്കേണ്ടത് നരേന്ദ്രമോദി എന്ന് ഡൽഹിയിലെ ജനങ്ങൾ ചിന്തിക്കുന്നു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ജനോപകാര പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പിെൻറ മാർക്കിടൽ. ദേശീയതയാണ് ലോക്സഭ തെരഞ്ഞെടുപ്പിെൻറ അളവുകോൽ. കെജ്രിവാളിെൻറയോ ആപിെൻറയോ ദേശസ്നേഹം ചോദ്യം ചെയ്യപ്പെടാവുന്നതല്ല. പക്ഷേ, പാകിസ്താനോടും ഭീകരതയോടും കൊമ്പുകോർക്കാൻ, ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ ആത്മാഭിമാനം അഥവാ ദുരഭിമാനം പരിപാലിക്കാൻ പറ്റിയ നേതാവ് മോദിയാണെന്ന് ജനങ്ങൾക്ക് തോന്നുന്നു. ദേശസുരക്ഷയുടെ കാര്യത്തിൽ മോദി മറ്റാർക്കും മുമ്പിലാണെന്നു വരുത്തുന്ന രാഷ്ട്രീയമാണല്ലോ മോദിയുടേത്. വർഗീയതയുടെ എരിവും പുളിയും കലർത്തി മേൽപടി ദേശാഭിമാനം വിറ്റു മുതലാക്കാൻ കഴിവുള്ള രാഷ്ട്രീയ നേതാവാണ് താനെന്ന് മോദി ഇതിനകം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.

ആപ് സർക്കാറിെൻറ ജനോപകാര പ്രവർത്തനങ്ങളെ വോട്ടർമാർ രാഷ്ട്രീയത്തിന് അതീതമായി പിന്തുണക്കുേമ്പാൾ ബി.ജെ.പിയും കോൺഗ്രസും ഡൽഹിയിൽ അപ്രസക്തമായി തീരുന്നു. കേന്ദ്രഭരണത്തിെൻറ മൂക്കിനു താഴെയുള്ള ഡൽഹിയിൽ ജനോപകാര നടപടികൾക്ക് വോട്ടുകുത്തുന്ന രീതി അട്ടിമറിക്കാൻ പാകത്തിലുള്ള ജനോപകാര നടപടികളൊന്നും കേന്ദ്രത്തിെൻറ ആവനാഴിയിൽ ഇല്ല. സാമ്പത്തിക മാന്ദ്യം മുറുകയും പണഞെരുക്കത്തിെൻറയും വിലക്കയറ്റത്തിെൻറയും തീവ്രത ജനം അനുഭവിക്കുകയും ചെയ്യുന്നതിനിടയിൽ, വികസനത്തിെൻറ ചർച്ചകളിലേക്ക് തെരഞ്ഞെടുപ്പു പ്രചാരണം പോകുന്നത് അപകടമാണെന്ന് ഏറ്റവും കൂടുതൽ തിരിച്ചറിയുന്നത് ബി.ജെ.പി തന്നെ. ഇത്തരമൊരു പശ്ചാത്തലത്തിൽ കൂടിയാണ്, ഇതുവരെ കാണേണ്ടി വന്നിട്ടില്ലാത്ത വിധമുള്ള വിദ്വേഷ പ്രചാരണം ഡൽഹിയിൽ നടന്നത്. വർഗീയതയുടെയും കപട ദേശഭക്തിയുടെയും അധമ പ്രചാരണങ്ങളാണ് ഡൽഹിയിൽ ബി.ജെ.പി നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ ബി.ജെ.പിയുടെ എല്ലാ നാവുകളും വിളമ്പിയത് വിേദ്വഷ രാഷ്ട്രീയം തന്നെ. 2015ലെ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാൾ ബി.ജെ.പിക്ക് നക്സലൈറ്റ് ആയിരുന്നെങ്കിൽ, ഇത്തവണ അദ്ദേഹത്തെ ബി.ജെ.പിക്കാർ ഭീകരനെന്നു വിളിച്ചു. ഹിന്ദുവിരുദ്ധനായി ചിത്രീകരിക്കാൻ ശ്രമിച്ചു. വികസനം ബി.ജെ.പിയുടെ പ്രചാരണ ഇനമായതേയില്ല.

2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വികസന പുരുഷനെന്ന നിലയിലാണ് അവതരിപ്പിച്ചതെന്ന് ഓർക്കണം. ഗുജറാത്ത് കലാപം വഴി സമ്പാദിച്ച ദുർമുഖം മറച്ചു പിടിക്കാനുള്ള കുറുക്കു വഴി കൂടിയായിരുന്നു അത്. അന്നത്തെ ഗുജറാത്ത് മോഡൽ വികസന ചർച്ചകൾ ഇന്ന് എവിടെയും കേൾക്കാനില്ല. കേന്ദ്രഭരണം കിട്ടിയപ്പോൾ പാകിസ്താൻ വിരുദ്ധതയിലൂന്നിയ ദേശരക്ഷാവതാരമായി മോദി മാറി. രണ്ടാമൂഴം കേന്ദ്രത്തിൽ അധികാരത്തിലെത്തിയപ്പോഴാകട്ടെ, വിഭാഗീയ രാഷ്ട്രീയത്തിെൻറ അലകും പിടിയും ഒന്നുകൂടി മുറുക്കിയെടുത്തിരിക്കുന്നു. ഇന്ത്യയിലെ മുസ്ലിംകളെ ശത്രുപക്ഷത്തു നിർത്തിക്കൊണ്ട് ഹിന്ദു ദുരഭിമാനം വളർത്തുന്ന രാഷ്ട്രീയമാണ് മോദി-അമിത്ഷാമാർ ശക്തമായി മുന്നോട്ടു നീക്കുന്നത്. മുത്തലാഖ്, 370ാം വകുപ്പ്, പൗരത്വ നിയമഭേദഗതി, രാമക്ഷേത്ര നിർമാണം എന്നിങ്ങനെ പുരോഗമിക്കുന്ന കാര്യപരിപാടികളിൽ അത് തെളിഞ്ഞു കത്തുന്നു. മാന്ദ്യവും തൊഴിലില്ലായ്മയും പോലുള്ള വിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ ചിന്തയെ വിദ്വേഷാത്മക വഴികളിലൂടെ കൂട്ടിക്കൊണ്ടു പോകുന്നു. ജനാധിപത്യ ഇന്ത്യയിൽ ഹിന്ദു ഒന്നാംകിട പൗരനും മുസ്ലിം രണ്ടാംകിടക്കാരനുമാണെന്ന പ്രതീതി ഉണ്ടായിവരുന്നു. ഒപ്പം ഭരണഘടനയുടെയും ഗാന്ധി, അംബേദ്കർമാരുടെയും പ്രഘോഷകർ തങ്ങളാണെന്നു വരുത്തി തീർക്കാനും ബി.ജെ.പി ശ്രമിക്കുന്നു. അതാണ് നിലവിലെ രാഷ്ട്രീയം.

അതിനിടയിലേക്കാണ് ഡൽഹി തെരഞ്ഞെടുപ്പ് കടന്നു വന്നത്. ജനോപകാര ഭരണരീതിയിൽ കെജ്രിവാളിനോട് മത്സരിക്കാൻ കഴിയാത്ത ബി.ജെ.പി വിഭാഗീയ അജണ്ട പുറത്തെടുത്തു. പൗരത്വ ഭേദഗതി നിയമത്തെ തുടർന്നു നടക്കുന്ന പ്രക്ഷോഭത്തിെൻറ ഒരു പ്രധാന വേദിയായ ഡൽഹിയിൽ, കെജ്രിവാൾ ഹിന്ദുവിനൊപ്പമല്ല, പാകിസ്താനും മുസ്ലിംകൾക്കും വേണ്ടിയാണ് നിലകൊള്ളുന്നതെന്നു വരുത്താനാണ് ബി.ജെ.പി പണിപ്പെട്ടത്. സമുദായ പരിഗണനകൾക്ക് അതീതമായി കെജ്രിവാളിനെ പിന്തുണക്കുന്നവരിൽ നിന്ന് ഒരുവിഭാഗം ഹിന്ദുവോട്ടുകളെങ്കിലും അതുവഴി ഇളക്കി മാറ്റാമെന്നായിരുന്നു ‘ചാണക്യ’ തന്ത്രജ്ഞരുടെ കണക്കു കൂട്ടൽ. ലോക്സഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ മുഴുവൻ സീറ്റും 58 ശതമാനത്തോളം വോട്ടും കയ്യടക്കാൻ കഴിഞ്ഞ പശ്ചാത്തലം അതിന് ഉപോൽബലകം. പക്ഷേ കെജ്രിവാൾ ആ കെണിയിൽ വീണില്ല. ജനക്ഷേമത്തിൽ കേന്ദ്രീകരിച്ച് പ്രചാരണം തുടർന്നും മുേമ്പാട്ടു നീക്കി. എന്നു മാത്രമല്ല, രാഷ്ട്രീയത്തിൽ തെൻറ മറുതന്ത്രവും പുറത്തെടുത്തു. ഹിന്ദുക്കൾക്കെതിരല്ല, വിശ്വാസിയായ ഹിന്ദുവാണെന്ന് ബോധ്യപ്പെടുത്താൻ കൃത്യമായ ശ്രമം തന്നെ നടത്തി. വോട്ടെടുപ്പു ദിവസം പോലും അതുണ്ടായിരുന്നു. കുങ്കുമ െതാടുകുറിയുമായാണ് കെജ്രിവാൾ കുടുംബസമേതം പോളിങ് ബൂത്തിലെത്തിയത്. ഫലപ്രഖ്യാപന ദിവസം ആദ്യം പോയത് കൊണാട്ട്പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലാണ്. ജയത്തിന് ഹനുമാനും കെജ്രിവാൾ നന്ദി പറഞ്ഞു. മറ്റൊന്നു കൂടിയുണ്ട്. പൗരത്വ സമരം നടക്കുന്ന ശാഹീൻബാഗിലേക്ക് ഒരിക്കൽ പോലും എത്തിനോക്കിയില്ല. പൗരത്വ നിയമഭേദഗതിയോടുള്ള എതിർപ്പ് ട്വിറ്റർ കുറിപ്പുകളിൽ ഒതുങ്ങി. മറുവശത്ത്, തെൻറ വിശ്വസ്തനായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ശാഹീൻബാഗ് സന്ദർശിച്ചുവെന്ന് ഉറപ്പു വരുത്തുകയും ചെയ്തു.

കടുത്ത മോദിവിരുദ്ധനിൽ നിന്ന് ഇത്തരമൊരു കെജ്രിവാളിലേക്കുള്ള മാറ്റം അമ്പരപ്പിക്കുന്നതാണ്. മോദിയുടെ കോർപറേറ്റ് ബന്ധം വിളിച്ചു പറഞ്ഞ കെജ്രിവാളിന് കൈയേറ്റം നേരിടേണ്ടി വന്ന ഒരു കാലമുണ്ട്. മോദിക്കെതിരെ വാരാണസിയിൽ പോയി മത്സരിച്ച കെജ്രിവാളല്ല ഇന്ന് നമ്മുടെ മുമ്പിൽ. രാഹുൽ ഗാന്ധിയെപ്പോലെ മോദിയെ കടന്നാക്രമിക്കുന്നത് തെൻറ പിന്തുണ ചോർത്തുമെന്ന് തിരിച്ചറിഞ്ഞ കെജ്രിവാളാണ് ഇന്നത്തെ കെജ്രിവാൾ. മോദിയുടെ തീവ്രഹിന്ദുത്വത്തിലേക്ക് പോകാതെ, മൃദുഹിന്ദുത്വത്തിെൻറ രീതികൾ കൂടി പയറ്റുകയാണ് കെജ്രിവാൾ. മോദിയുടെ ഇന്ത്യയിൽ തെൻറ ഇടം നിലനിർത്താനുള്ള നമ്പറുകൾ. അതിനെ പ്രായോഗിക രാഷ്ട്രീയമെന്നും അവസരവാദമെന്നുമൊക്കെ വിളിക്കാം. ഹിന്ദു വോട്ട് ചോരാതെ നിർത്തിയില്ലെങ്കിൽ തെരഞ്ഞെടുപ്പു ഗോദയിൽ ജയിക്കാനാവില്ല എന്നതാണ് ആ അടവു നയത്തിെൻറ കാതൽ. കെജ്രിവാൾ ഇങ്ങനെ ഊളിയിട്ടപ്പോൾ ബി.ജെ.പിക്ക് കണക്കു കൂട്ടലുകൾ പിഴച്ചു. പൗരത്വ നിയമഭേദഗതിക്കെതിരായ സോണിയ, രാഹുൽ, പ്രിയങ്കമാരുടെ നിലപാടുകൾ വഴി മുസ്ലിം, മതേതര വോട്ടുകളിൽ ഒരു പങ്ക് കോൺഗ്രസിലേക്ക് പോകുമെന്ന കണക്കുകൂട്ടലും തെറ്റി. കോൺഗ്രസിന് കൂടുതൽ വോട്ടു കിട്ടിയാൽ ആപിന് വോട്ടു കുറയും. പ്രതിപക്ഷ വോട്ടുകൾ ചിതറിയാൽ ആ വിടവിലൂടെ ബി.ജെ.പിക്ക് കൂടുതൽ നേട്ടമുണ്ടാക്കാം. ആ പ്ലാനാണ് തെറ്റിയത്.

ബി.ജെ.പിയെ തോൽപിക്കാൻ കഴിയുന്ന, ജയസാധ്യതയുള്ള സ്ഥാനാർഥികൾക്ക് വോട്ടുചെയ്യുക എന്ന തന്ത്രം ഫലപ്രദമായി ന്യൂനപക്ഷങ്ങൾ നടപ്പാക്കി. കെജ്രിവാളിെൻറ അടവുനയവും കോൺഗ്രസിെൻറ ശോഷിപ്പും തിരിച്ചറിഞ്ഞായിരുന്നു ആ സമീപനം. ലോക്സഭ തെരഞ്ഞെടുപ്പിൽ 23 ശതമാനത്തോളം വോട്ടു പിടിച്ച കോൺഗ്രസ് നാലു ശതമാനത്തിലേക്ക് ശോഷിക്കുമെന്ന് ബി.ജെ.പി കണക്കു കൂട്ടിയില്ല. അങ്ങനെ ബി.ജെ.പി ‘മുന്നേറ്റം’ എട്ടു സീറ്റിൽ ഇടിച്ചു നിന്നു. വർഗീയ അജണ്ട കൊണ്ട് എല്ലാ മണ്ണിലും വിളവെടുപ്പ് സാധ്യമാവില്ലെന്ന് ബി.ജെ.പി തിരിച്ചറിഞ്ഞ നേരം. പൗരത്വ വിഷയത്തിൽ തങ്ങൾക്കുള്ള പിന്തുണ തെളിയിക്കാനുള്ള അവസരം കൂടിയാണ് ബി.ജെ.പി ഡൽഹിയിൽ കണ്ടതെങ്കിൽ, ആ അജണ്ടക്കൊപ്പമല്ല വോട്ടർമാർ നടന്നത്. മറ്റു പാർട്ടികളേക്കാൾ ഉപകാരിയായ ആപ് ഡൽഹിയിൽ വീണ്ടും ജയിക്കണമെന്നും, തുടർന്നും ഉപകാരപ്പെടണമെന്നുമാണ് അവർ ചിന്തിച്ചത്. ഡൽഹി കൂടിയായതോടെ, ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷമുള്ള എട്ടു മാസങ്ങളിൽ നടന്ന നാലു നിയമസഭ തെരഞ്ഞെടുപ്പുകളും ബി.ജെ.പിക്ക് തിരിച്ചടിയായി മാറി. വിഭാഗീയ അജണ്ടകൾ ഉദ്ദേശിച്ച തെരഞ്ഞെടുപ്പു ഫലം നൽകുന്നില്ല. ഹരിയാനയിൽ കഷ്ടിച്ച് അധികാരം നിലനിർത്താൻ കഴിഞ്ഞെങ്കിലും മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ഇപ്പോൾ ഡൽഹിയിലും ബി.ജെ.പിക്ക് തലക്കടിയേറ്റു. അതുകൊണ്ട് ബി.ജെ.പി മാറുമെന്ന് അർഥമില്ല. അവർക്ക് ധൃവീകരണ രാഷ്ട്രീയത്തോളം പോന്ന മറ്റൊന്നും ഇന്ത്യയിലെവിടെയും പരീക്ഷിക്കാനില്ല. ആ വഴിയിലൂടെ അവർ മുന്നോട്ടു പോകുക തന്നെ ചെയ്യും. എന്നാൽ ബി.ജെ.പിക്ക് നിയമസഭ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ഏൽക്കുന്ന തിരിച്ചടികൾ പ്രതിപക്ഷ നിരയുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്നതാണ്.

അസാധാരണമായ വിജയമാണ് ഡൽഹിയിൽ ആം ആദ്മി പാർട്ടി നേടിയതെങ്കിലും അവർക്കു മുന്നിൽ പുതിയ വെല്ലുവിളികൾ കടന്നു വരുകയാണ്. താൽക്കാലിക പ്രതിഭാസം മാത്രമായി സി.പി.എം അടക്കം പലരും വിധിയെഴുതിയ ആപ് ഡൽഹിയിൽ ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ കൂടുതൽ മൂർത്തരൂപം കൈവരിക്കുന്നു. പാർട്ടിയുടെ അച്ചടക്കവും ഇമേജും കാത്തുസൂക്ഷിക്കുന്നതിനൊപ്പം, ഏറ്റെടുത്ത അജണ്ടകളും ഉത്തരവാദിത്തങ്ങളും സമയബന്ധിതമായി പൂർത്തീകരിച്ച് വോട്ടറെ തൃപ്തിപ്പെടുത്തി നിർത്താൻ കെജ്രിവാളിനും സംഘത്തിനും കഴിയേണ്ടിയിരിക്കുന്നു. വൈദ്യുതി, വെള്ളം എന്നിവയുടെ ചാർജ് കുറക്കാൻ കഴിഞ്ഞതും സ്ത്രീകൾക്ക് ബസ്യാത്ര സൗജന്യമാക്കിയതും വഴിയുള്ള ഭാരിച്ച അധികച്ചെലവ്, ഡൽഹിയെന്ന മഹാനഗരത്തിലെ മറ്റു ധനാഗമ മാർഗങ്ങളിലൂടെയാണ് പരിഹരിച്ചു പോകുന്നത്. ഇളവുകൾ നിഷേധിക്കപ്പെട്ടാൽ ജനം തിരിയും. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ മുന്നേറ്റത്തിനും നൈരന്തര്യം ഉണ്ടായേ തീരൂ. ഈ ഇളവുകൾ വോട്ടറെ സോപ്പിടുന്ന തെരഞ്ഞെടുപ്പു തന്ത്രങ്ങൾ മാത്രമായി വിലയിടിച്ചു കാണാനാവില്ല. ഡൽഹിയിലെ മധ്യവർഗത്തിനും താഴെത്തട്ടിലുള്ള വിവിധ വിഭാഗങ്ങൾക്കും അതു പകരുന്ന ആശ്വാസം ചില്ലറയല്ല. അവരെ സംബന്ധിച്ചേടത്തോളം പ്രാരാബ്ധങ്ങൾക്ക് കെജ്രിവാളിെൻറ കൈത്താങ്ങ് ഉണ്ടാവുന്നതു കൊണ്ടാണ് ആപിനുള്ള പിന്തുണ തുടരുന്നത്. അത് നിലനിർത്താതെയും കൂടുതൽ നൽകാതെയും ആപിനു ഭാവിയില്ല.

ഡൽഹിക്ക് പൂർണ സംസ്ഥാന പദവി അടക്കം പ്രകടന പത്രികയിലെ പുതിയ വാഗ്ദാനങ്ങൾ പുതിയ വെല്ലുവിളികൾ കൂടിയാണ്. ഡൽഹിയിലെ ഹാട്രിക് വിജയം ആപിെൻറ ദേശീയ രാഷ്ട്രീയ റോൾ എത്രകണ്ട് വർധിപ്പിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. മോദിയെയും കോൺഗ്രസിനെയും വെല്ലുവിളിച്ച് ബദൽ രാഷ്ട്രീയത്തിെൻറ വേരുകൾ വിവിധ സംസ്ഥാനങ്ങളിൽ പടർത്തിയ പാർട്ടിയാണ് ആപ്. എന്നാൽ കുറഞ്ഞ കാലത്തിനുള്ളിൽ ആ ബദൽ രാഷ്ട്രീയം കേരളത്തിലടക്കം താൽക്കാലിക പ്രതിഭാസമായി മാറി. ശക്തമായ സ്വാധീനം തെളിയിച്ച പഞ്ചാബിലും ആപിന് പരിധി വിട്ട് മുന്നേറാനായില്ല. കെജ്രിവാൾ ദേശീയ നേതാവായി കറങ്ങിയാൽ ഡൽഹി രാഷ്ട്രീയത്തിൽ കേന്ദ്രീകരിക്കാൻ കഴിയില്ലെന്ന തിരിച്ചറിവു കൊണ്ടു കൂടിയാണ് ആപ് സ്വമേധയാ ദേശീയ രാഷ്ട്രീയത്തിൽ നിന്ന് ഉൾവലിഞ്ഞ്, മോദിയെ മുഖ്യശത്രുവായി കാണുന്ന രാഷ്ട്രീയം മാറ്റിവെച്ച് ഡൽഹിയിലെ ജനോപകാര രാഷ്ട്രീയത്തിലേക്ക് ഒതുങ്ങിയത്. അങ്ങനെയിരിക്കേ, ഡൽഹി എന്ന തട്ടകം കൈവിട്ട് ദേശീയ രാഷ്ട്രീയം പയറ്റാൻ കെജ്രിവാൾ എത്രകണ്ട് തയാറാകുമെന്ന് കണ്ടറിയണം. കെജ്രിവാളിനെ നേതാവായി അംഗീകരിച്ച് മുന്നോട്ടു പോകാൻ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ നിരക്ക് താൽപര്യമില്ലെന്ന യാഥാർഥ്യവും പഴയപടി നിലനിൽക്കുന്നു. ഡൽഹിയിൽ ആം ആദ്മി പാർട്ടിക്കെതിരെ മത്സരിച്ചത് കോൺഗ്രസ് മാത്രമായിരുന്നില്ല, എൻ.സി.പിയും സി.പി.എമ്മും സി.പി.ഐയും ഒക്കെയുണ്ടായിരുന്നു. അവർ നേടിയ വോട്ട് ‘നോട്ട’ക്കും പിന്നിലാണെങ്കിലും, സ്വന്തം ഇടം അളന്നു തിട്ടപ്പെടുത്താൻ മാത്രമേ മത്സരം ഉപകരിക്കൂ എന്നറിയാമെങ്കിലും, തെരഞ്ഞെടുപ്പു ഗോദയിൽ എല്ലാവരും വാശിയിൽ തന്നെ. അവർക്കെല്ലാം പൊതുസ്വീകാര്യനായ ഒരു നേതാവ് ഇനി ഉദയം ചെയ്തിട്ടു വേണം.

പ്രതിപക്ഷ നിരയെ സംബന്ധിച്ചേടത്തോളം, ഡൽഹിയിലെ മുന്നേറ്റം ഉണർവ് നൽകുന്നു എന്നതു നേര്. ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിക്ക് തുടർച്ചയായ തിരിച്ചടികൾ ഉണ്ടാകുന്നത്, കൂടുതൽ പ്രതീക്ഷയോടെ ഇനി നടക്കാനിക്കുന്ന തെരഞ്ഞെടുപ്പുകെള സമീപിക്കാൻ പ്രതിപക്ഷത്തെ പ്രാപ്തമാക്കും. ബിഹാറിലും പശ്ചിമ ബംഗാളിലും അടക്കം ആറു സംസ്ഥാനങ്ങളിൽ ഇനിയൊരു 14 മാസത്തിനുളളിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്നു. ബി.ജെ.പിയോട് വില പേശാൻ ബിഹാറിൽ ജനതാദൾ-യുവിനെ നയിക്കുന്ന നീതീഷ്കുമാറിന് അവസരം. കരുത്തരായ പ്രാദേശിക കക്ഷികളോട് ഏറ്റുമുട്ടി ബി.ജെ.പി മുട്ടുകുത്തുന്നത്, പശ്ചിമ ബംഗാളിൽ ബി.ജെ.പി ഭീഷണി നേരിടുന്ന തൃണമൂൽ കോൺഗ്രസിനും മുഖ്യമന്ത്രി മമത ബാനർജിക്കും നൽകുന്നത് ആവേശം. കോൺഗ്രസ് മുക്തഭാരതമെന്ന പരിഹാസ മുദ്രാവാക്യം മുന്നോട്ടുവെക്കുന്ന ബി.ജെ.പിയാകട്ടെ, പ്രാദേശിക കക്ഷികൾ പേലടത്തും ശക്തിപ്പെടുന്നുവെന്ന സന്ദേശം ആശങ്കയോടെ ഏറ്റുവാങ്ങുന്നുണ്ട്. ഡൽഹിയിൽ മാത്രമല്ല മഹാരാഷ്ട്ര, ഹരിയാന, ഝാർഖണ്ഡ് എന്നിവിടങ്ങളിലും കോൺഗ്രസിനേക്കാൾ പ്രാദേശിക കക്ഷികളാണ് ബി.ജെ.പിക്ക് വെല്ലുവിളി ഉയർത്തിയത്. ബി.ജെ.പിയുടെ വർഗീയ അജണ്ട തട്ടിയെറിയാൻ അവർക്ക് അവരവരുടെ കേന്ദ്രങ്ങളിൽ സാധിക്കുന്നു. ബി.ജെ.പിയുടെ വർഗീയ അജണ്ടയേക്കാൾ ജീവൽ പ്രശ്നങ്ങളും പ്രാദേശിക സാഹചര്യങ്ങളും പ്രധാനമായി മാറുന്നു. പക്ഷേ, പ്രതിപക്ഷ പാർട്ടികൾക്കിടയിലെ ഐക്യം ഇന്നും മരീചിക. ബി.ജെ.പിയെ നേരിടാനും പ്രതിപക്ഷ നിരയെ നയിക്കാനും കോൺഗ്രസ് പ്രാപ്തമല്ലാത്ത കാലത്തോളം ബി.ജെ.പിക്ക് അർമാദിക്കാൻ കഴിയുന്ന സ്ഥിതി. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ സ്വന്തം വഴി കണ്ടെടുക്കാൻ കഴിയാത്ത കോൺഗ്രസാകട്ടെ, ദേശീയ രാഷ്ട്രീയത്തിൽ പഴഞ്ചരക്കായി മാറിപ്പോയിരിക്കുന്നു. ബി.ജെ.പിക്ക് ഇന്നലെയും ഇന്നും നാളെയും ആശ്വാസം പകരുന്ന ഘടകം അതുതന്നെ.

ശക്തികേന്ദ്രങ്ങളായിരുന്ന സംസ്ഥാനങ്ങൾ ഒന്നൊന്നായി കോൺഗ്രസിനെ കൈവിടുന്നതിെൻറ ഒടുവിലെത്ത ചിത്രമാണ് ഡൽഹിയിലേത്. കോൺഗ്രസിന് ഡൽഹിയിൽ നഷ്ടപ്പെട്ട വോട്ടിൽ നല്ലപങ്ക് പോയിരിക്കുന്നത് ബി.ജെ.പിക്കാണ്. അതുകൊണ്ടാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ വോട്ടുശതമാനം വർധിപ്പിക്കാൻ ബി.ജെ.പിക്ക് സാധിച്ചത്. ഡൽഹിയുടെ വിവിധ മേഖലകളിലെ സ്ഥിതിവിവര കണക്കുകൾ നൽകുന്ന സൂചന അതാണ്. അത് അപായമണിയാണ്. കോൺഗ്രസിന് പ്രതാപം തിരിച്ചുപിടിക്കാൻ ഇനി എത്രത്തോളം കഴിയുമെന്ന സംശയത്തിൽ നിന്നാണ് ആ ഒഴുക്ക് ഉണ്ടാകുന്നത്. ഒരു വ്യാഴവട്ടം ഡൽഹിയിൽ അധികാരമില്ലാതെ അനിശ്ചിതാവസ്ഥയിലേക്കും അനാഥാവസ്ഥയിലേക്കും മാറിയിരിക്കേണ്ടി വരുന്നുവെന്ന തിരിച്ചറിവ് പുതിയ മേച്ചിൽപുറങ്ങൾ തേടാൻ കോൺഗ്രസുകാരെ നിർബന്ധിതമാക്കിയെന്നു വരും. സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും മെലിഞ്ഞൊട്ടുന്ന കോൺഗ്രസ് ആശയപരമായോ ആമാശയപരമായോ പ്രവർത്തകർക്ക് ഒന്നും സംഭാവന ചെയ്യാത്ത സ്ഥിതിയിലാണ്. അത്രമേൽ ഗാന്ധിമാർഗം ശീലിച്ചവരല്ല കോൺഗ്രസിലെ പുതുതലമുറ. നേതൃതലത്തിലെ അനാഥാവസ്ഥ കാര്യങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു.

ഡൽഹിയിൽ കോൺഗ്രസിനെ തെരഞ്ഞെടുപ്പു നയിക്കാൻ കേരളത്തിൽ നിന്നുള്ള പി.സി ചാക്കോയെ ചുമതലപ്പെടുത്തുകയായിരുന്നു നേതൃത്വമെങ്കിൽ, ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു ഡൽഹിയിലെ നേതാക്കൾ. തെരഞ്ഞെടുപ്പു പ്രവർത്തനത്തിന് കോൺഗ്രസിൽ ആളില്ലായിരുന്നു എന്നാതാണ് യാഥാർഥ്യം. സോണിയഗാന്ധിയുടെ അനാരോഗ്യം, രാഹുൽ ഗാന്ധിയുടെ വിമുഖത, പ്രിയങ്ക ഗാന്ധിയുടെ പരിചയക്കുറവ് എന്നിവക്കെല്ലാമിടയിലും നെഹൃകുടുംബത്തിനു പുറത്തൊരു നേതാവിനെ കണ്ടെടുക്കാൻ കോൺഗ്രസിനു കഴിയുന്നില്ല. ലോക്സഭ തെരഞ്ഞെടുപ്പിനു പിന്നാലെ, കിരീടഭാരം വെച്ചൊഴിഞ്ഞ രാഹുൽ ഗാന്ധി തിരികെ എത്താൻ പോകുന്നുവെന്ന അടക്കം പറച്ചിലുകൾ ഉയർന്നു കേൾക്കാം. എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ മാറിക്കളഞ്ഞ് വിശ്വാസ്യത നഷ്ടപ്പെടുത്തിയ നേതാവിന് ഇനി കോൺഗ്രസിനെ എത്രത്തോളം ശക്തിപ്പെടുത്താൻ പറ്റുമെന്ന സമസ്യ ബാക്കി. നേതാക്കളിൽ മുതിർന്നവരും ഇളമുറക്കാരുമായുള്ള പോര് മറുവശത്ത്. മോദിയുടെ ഇന്ത്യയിൽ പുതിയ ആശയം കണ്ടെടുത്ത് സ്വന്തം രാഷ്്ട്രീയ ഇടം വീണ്ടെടുക്കുകയെന്ന വെല്ലുവിളിക്ക് ഉത്തരം കണ്ടെത്താൻ കഴിയാതെ തൊലിപ്പുറ ചികിത്സകളിലൂടെ മുന്നോട്ടു പോവുകയാണ് കോൺഗ്രസ്. ബി.ജെ.പിയെ മടുക്കുേമ്പാൾ ജനം കോൺഗ്രസിലേക്ക് നോക്കുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ ചിന്ത. പ്രതിപക്ഷത്തെ നയിക്കാൻ കോൺഗ്രസിനല്ലാതെ മറ്റാർക്കു കഴിയുമെന്നാണ് ചോദ്യം. എന്നാൽ പൂർവസ്ഥിതി തിരിച്ചുപിടിക്കാൻ അത്രമേൽ പ്രയാസകരമായ കുത്തൊഴുക്കിലാണ് ഇന്ത്യൻ രാഷ്ട്രീയം എത്തിനിൽക്കുന്നതെന്നതാണ് യാഥാർഥ്യം. അതിനു മുമ്പിൽ പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യം തലയിൽ വിഴുപ്പു ഭാണ്ഡമാക്കി വെച്ച്, വെറും കാഴ്ച്ചക്കാരായി ഇരുന്നു ദ്രവിക്കുകയാണ് കോൺഗ്രസ്.

ഇടക്കാല തിരിച്ചടികൾ ആവർത്തിക്കുന്നുണ്ടെങ്കിലും ബി.ജെ.പിയുടെ അജണ്ടകൾ ഇന്ത്യൻ രാഷ്ട്രീയത്തിെൻറ സ്വഭാവം തന്നെ മാറ്റിക്കളഞ്ഞിരിക്കുന്നു. ഡൽഹി തെരഞ്ഞെടുപ്പിലെ ആപ് മുന്നേറ്റത്തിനിടയിലും ബാക്കിയാവുന്ന യാഥാർഥ്യം അതാണ്. ഇന്ത്യയെന്ന ആശയവും സങ്കൽപവും ഇന്ത്യക്ക് കൈമോശം വരുന്നു. മതേതരത്വവും ജനാധിപത്യവും വിളംബരം ചെയ്യുന്ന നാട് ബി.ജെ.പിയുടെ കാർമികത്വത്തിൽ ഹിന്ദുരാഷ്ട്രത്തിലേക്കു ചുവടുവെക്കുന്നു. സാമുദായിക വിവേചനങ്ങൾ ഭരണകൂടം തുടരുന്നതിനിടയിൽ ഹിന്ദു മേൽത്തരം പൗരനും മുസ്ലിം രണ്ടാംകിടക്കാരനുമായി ചിത്രീകരിക്കപ്പെടുന്നു. രാമനിൽ നിന്ന് ബി.ജെ.പിയുടെ രാഷ്ട്രീയ രാമനിലേക്കുള്ള ദൂരം തന്നെയാണ് യഥാർഥ ഹിന്ദുവിൽ നിന്ന് ബി.ജെ.പിയുടെ ഹിന്ദുവിലേക്കുള്ള അകലം. പേക്ഷ, വർത്തമാനകാല രാഷ്ട്രീയം ബി.ജെ.പി വിളമ്പുന്ന അധമ ഹിന്ദുത്വത്തിേൻറതാണ്. അതിനിടിയിൽ വർത്തമാനകാല രാഷ്ട്രീയം വിഹ്വലതയായി മാറിയിരിക്കുന്ന മുസ്ലിം ന്യൂനപക്ഷം രണ്ടാംകിട പൗരന്മാരായി സ്വയം അംഗീകരിക്കുന്ന സ്ഥിതിയിലേക്കു പോലും എത്തിയിരിക്കുന്നു. മോദി-അമിത്ഷാമാരുടെ ഇന്ത്യയിൽ ഭരണവും നിയമവും മുസ്ലിംകളെ ഇരകളാക്കുന്ന വിധമാണ് പ്രവർത്തിക്കുന്നതെന്നാണ് അവരുടെ സമീപകാല അനുഭവ സാക്ഷ്യം. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടികക്കുള്ള പുറപ്പാട് എന്നിവ അതിന് അടിവരയിടുന്നു.

മറുവശത്ത്,ാ പൗരത്വത്തിലെ വിവേചനത്തിനെതിരെ തോളോടു തോൾ ചേർന്ന പാർട്ടികൾ പലതും ‘ഹിന്ദുരോഷം’ ആരോപിച്ച് പ്രക്ഷോഭത്തിൽ നിന്ന് തല വലിച്ചു തുടങ്ങിയിരിക്കുന്നു. അതും അടവു നയമാണ്. വിഷയം എത്രത്തോളം ശരിയാണെങ്കിലും, വോട്ടു രാഷ്ട്രീയത്തിൽ ന്യൂനപക്ഷങ്ങൾക്ക് രണ്ടാമത്തെ പരിഗണന നൽകാനേ കഴിയൂ എന്നാണ് അവരിൽ പലരും പറയാതെ പറഞ്ഞുവെക്കുന്നത്. ന്യൂനപക്ഷത്തിെൻറ മാത്രം വോട്ടുകൊണ്ട് തെരഞ്ഞെടുപ്പിൽ ജയിക്കാനാവില്ല. അപ്പോൾ ഭൂരിപക്ഷത്തിെൻറ വോട്ടുകൾ നഷ്ടപ്പെടാതെ നോക്കുകയാണ് പ്രധാനം. ഒരു വശത്ത് ബി.ജെ.പി എന്ന പോലെ, മറ്റൊരു വിധത്തിൽ ബി.ജെ.പി വിരുദ്ധരും ന്യൂനപക്ഷത്തെ രണ്ടാംതരക്കാരാക്കി മാറ്റുന്നുവെന്നർഥം. മുസ്ലിംകൾക്ക് നേരെ ചൂണ്ടി ഹിന്ദു ദുരഭിമാനം വളർത്തി വോട്ടാക്കി മാറ്റാൻ ബി.ജെ.പി ശ്രമിക്കുന്നു. മുസ്ലിംകളെ കണ്ടതായി ഭാവിക്കാതെ ഭൂരിപക്ഷ വോട്ട് ലക്ഷ്യമാക്കി പ്രതിപക്ഷവും നീങ്ങുന്നു. ബി.ജെ.പിക്ക് വോട്ടു ചെയ്യാൻ കഴിയാത്ത ന്യൂനപക്ഷം, നിവൃത്തികേടിനൊടുവിൽ പ്രതിപക്ഷത്തിന് തന്നെ വോട്ടുചെയ്യുമെന്നാണ് ലളിതമായ വീക്ഷണം. ഡൽഹിയിൽ കെജ്രിവാൾ ചെയ്തതും മറ്റൊന്നല്ല. കോൺഗ്രസും തൃണമൂൽ കോൺഗ്രസും സി.പി.എമ്മും മറ്റു ‘സെക്കുലർ’ പ്രതിപക്ഷ പാർട്ടികളും അവസരോചിതം ഈ വോട്ടുശാസ്ത്രം പരീക്ഷിക്കുന്നു. അധികാരമില്ലാതെ എന്തു രാഷ്ട്രീയം? അതെ: മോദി-അമിത്ഷാമാരുടെ ഇന്ത്യയിൽ പ്രതിപക്ഷവും മാറുകയാണ്; ഹിന്ദു വോട്ട് കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ചുവടുകളിലേക്ക്.

Leave a Reply

Your email address will not be published. Required fields are marked *