വായുമലിനീകരണവും ലോക്ക്ഡൗണും

അഡ്വ. ഹരീഷ് വാസുദേവൻ

വ്യവസായ ശാലകളും വാഹനങ്ങളും ഒക്കെയുണ്ടാക്കുന്ന വായു-ജല മലിനീകരണം ഇപ്പോൾ തീരെ കുറഞ്ഞെന്നു നമുക്കറിയാം. ഡൽഹി, കൊച്ചി പോലെയുള്ള അന്യഥാ മലിനീകരണം കൊണ്ട് വീർപ്പ് മുട്ടുന്ന, മലിനനഗരം എന്നു പ്രഖ്യാപിക്കപ്പെട്ട നഗരപ്രദേശത്ത് ജീവിക്കുന്നവർക്ക് അത് എളുപ്പം തിരിച്ചറിയാനാകും. മലിനീകരണം നന്നേ കുറഞ്ഞതിനാൽ അത് സംബന്ധിച്ച കുട്ടികളുടെയും പ്രായമേറിയവരുടെയും അസുഖങ്ങളിലും കുറവ് വന്നിട്ടുണ്ടാകണം. യമുനയിലെ ജലം ഈ തലമുറ കണ്ടിട്ടില്ലാത്തവിധം ശുദ്ധമായതും, കർണ്ണാടകയിലെ ഒരു നദി ചരിത്രത്തിൽ ഏറ്റവും തെളിമയോടെ ഒഴുകുന്നതും ഒക്കെ വാർത്തകളിൽ കണ്ടല്ലോ.. ഇതൊക്കെ അടുത്ത സീസണിൽ മൽസ്യമേഖലയിൽ വൻഗുണമാണ് സൃഷ്ടിക്കുക.

കൊച്ചിയിലെ എന്റെ വീടിന്റെ പരിസരത്ത് മുൻപ് കാണാത്ത ധാരാളം കിളികൾ വന്നു കൂവുന്നുണ്ട്. കുയിൽ പാടുന്നു, തത്തകൾ, മൈനകൾ, കരിയിലകിളികൾ എന്നിവ ഉത്സവം പോലെ ആഘോഷിക്കുകയാണ്. എന്തെന്നോ? ശബ്ദശല്യം തീരെ കുറഞ്ഞപ്പോൾ അവയ്ക്ക് ഇണയെ ആകർഷിക്കാനുള്ള ശബ്ദങ്ങൾ ലക്ഷ്യം കാണുന്നുണ്ട്. ഇണകളുമായാണ് എല്ലാവരും ആഘോഷം. മുൻപ് ഇണയെ ആകർഷിക്കാൻ പാടിയിരുന്ന പാട്ടുകൾ നഗരശബ്ദത്തിൽ മുങ്ങി പോകുമായിരുന്നു. ഇപ്പോൾ ആൺകുയിലിന്റെ പാട്ട് പെണ്കുയിലിന് നന്നായി കേൾക്കാം.

ബേസ് ലൈൻ ഡാറ്റ
ഇത് താൽക്കാലികമാണെന്നു നമുക്കറിയാം. കാര്യങ്ങൾ പഴയപടിയാകും. സംസ്ഥാന മലിനീകരണ ബോർഡ് (PCB) നു വലിയൊരു സാധ്യത തുറന്ന് കിട്ടിയത്, baseline data ശേഖരിക്കാം എന്നതാണ്. ഏതൊരു പരിസ്ഥിതി പഠനത്തിനും ഒരു ബേസ് ലൈൻ ഡാറ്റ വേണം. ഒരു സ്ഥലത്തുള്ള വായുവിന്റെയോ, ജലത്തിന്റെയോ, മണ്ണിന്റെയോ ഒക്കെ സ്വാഭാവിക ക്വാളിറ്റി എത്രയാണെന്നു അളന്നു തിട്ടപ്പെടുത്തൽ ആണ് base line data ശേഖരണം എന്നു പറയുന്നത്.
ഒരു പ്രവർത്തി പുതുതായി വരുമ്പോൾ അതെത്ര കുറയാൻ സാധ്യതയുണ്ടെന്ന് അനുമാനിക്കണം. അത് കുറയാതിരിക്കാനുള്ള ശാസ്ത്ര-സാങ്കേതിക വിദ്യ ആ പ്രവർത്തി നിർദ്ദേശിക്കണം. അതാണ് പരിസ്ഥിതി ആഘാത പഠനം. ആ പരിസ്ഥിതി പരിഹാര പദ്ധതി (Environment Mitigation Plan) യിൽ പറഞ്ഞ കാര്യങ്ങൾ മലിനീകരണം നടത്തുന്നയാളുടെ ചിലവിൽ സ്ഥാപിക്കണം. അപ്പോൾ വായു-ജല ഗുണം നിലനിർത്തുന്ന സുസ്ഥിരവികസനം സാധ്യമാക്കാനാവും. ലാഭം കുറയുമെന്ന കാരണത്താൽ മലിനീകരണ നിയന്ത്രണ ഉപാധികൾ സ്ഥാപിക്കാൻ മടിക്കുന്നതോ പ്രവർത്തിപ്പിക്കാത്തതോ ആണ് മിക്ക മലിനീകരണത്തിന്റെയും കാരണം.

സാധ്യത
വായു മലിനീകരണം തുടങ്ങിയ ശേഷമാണ് ബോർഡ് ഒക്കെ പ്രവർത്തിക്കാൻ തുടങ്ങിയത്. അതുകൊണ്ട് തന്നെ ഒരു പുഴയുടെയും വെള്ളത്തിന്റെ യഥാർത്ഥ നിലവാരം അളക്കാൻ കഴിയില്ല. അല്ലെങ്കിൽ മലിനീകരണം ഉണ്ടാക്കാൻ സാധ്യതയുള്ള എല്ലാം അടച്ചിടാൻ ഉത്തരവിട്ടിട്ടു പഠനം നടത്തണം. അത് പ്രായോഗികമല്ലല്ലോ. ലോക്ഡൗൺ ഒരു സാധ്യതയാണ്. ഇപ്പോൾ നടത്തുന്ന പഠനത്തിൽ യഥാർത്ഥ ഗുണനിലവാരം മാത്രമല്ല, ആ ഗുണം ഉണ്ടായാൽ മനുഷ്യർക്കും പ്രകൃതിയ്ക്കും എന്തൊക്കെ അനുകൂല ഘടകങ്ങൾ ഉണ്ടാകുമെന്നും പഠിക്കാം. പുഴയിൽ ഏതൊക്കെ മത്സ്യങ്ങൾ എത്രയൊക്കെ കൂടി, വംശനാശഭീഷണിയുള്ള ഏതൊക്കെ ജീവജാലങ്ങൾ വംശവർധന നടത്തി, ചില ഭാഗത്തെ Air/water ക്വാളിറ്റി കൂടിയപ്പോൾ പുതുതായി ആ പ്രദേശം ആവാസത്തിനു തെരഞ്ഞെടുത്ത ജീവികൾ ഏതൊക്കെ എന്നെല്ലാം പഠിക്കാനും അതിന്റെ ഗുണവശം രേഖപ്പെടുത്താനും പറ്റും. അവയുടെ Eco system Services അളക്കാനും കഴിയും. ഇത് മറ്റൊരിയ്ക്കൽ ഇതുപോലെ പറ്റിയെന്നു വരില്ല.

Source Reduction
കേരള PCB നടത്തിയ പഠനത്തിൽ വായുവിന്റെ ഗുണനിലവാരം 40% വർദ്ധിച്ചു എന്നു കണ്ടെത്തി. നമുക്കീ ഗുണത്തിൽ എത്ര നിലനിർത്താൻ കഴിയും? വാഹനങ്ങളുടെ മലിനീകരണം നിയന്ത്രിക്കാൻ പരിധിയുണ്ട്. എങ്കിലും വ്യവസ്ഥ കർശനമാക്കാം. ഏതൊക്കെ സോഴ്സുകളിൽ നിന്നാണ് ഇനി മലിനീകരണം ഉണ്ടാകുക എന്നു നോക്കി അവർക്ക് mitigation plan നൽകി അവ പാലിക്കുന്നു എന്നുറപ്പാക്കാം.

ശബ്ദശല്യം
മലയാളിക്ക് ശബ്ദശല്യം തിരിച്ചറിയാൻ പോലും കഴിയാതെ ആയ സ്ഥിതിയാണ്. അമ്പലങ്ങൾ, പള്ളികൾ, മോസ്കുകൾ, രാഷ്ട്രീയ പരിപാടികൾ എന്നുവേണ്ട എല്ലാത്തിനും അനാവശ്യമായി മൈക്ക് വെച്ചു ശബ്ദമുണ്ടാക്കുക എന്നത് പതിവാണ്. ശബ്ദശല്യം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളായ അമിതരക്തസമ്മർദ്ദം, ഹൃദ്രോഗം ഒക്കെ മലയാളികളിൽ കൂടുതലാണ്. ലോക്ക്ഡൗണ് കാലത്ത് ശബ്ദശല്യം ഏറ്റവും കുറഞ്ഞിരിക്കുന്നത് പോലെ, അത് കഴിഞ്ഞാലും ലൗഡ്സ്പീക്കറിന്റെയും മറ്റും അനാവശ്യ ശബ്ദവും കർശനമായി നിയന്ത്രിക്കപ്പെടണം. ഒരു ദൈവവും ചെവി കേൾക്കാത്തവരല്ല. 65 ഡെസിബലിൽ കൂടുതൽ ശബ്ദം ആരായാലും ഉണ്ടാക്കാൻ പാടില്ല. ശബ്ദശല്യ നിയമങ്ങൾ ലംഘിക്കുന്നത് ഏത് മതസ്ഥാപനമായാലും രാഷ്ട്രീയ നേതാവായാലും ക്രിമിനൽ കേസെടുക്കാൻ പോലീസും തയ്യാറാകണം. പൊതുജനാരോഗ്യത്തിൽ ശബ്ദശല്യം ഉണ്ടാക്കുന്ന അപകടം ഇനിയെങ്കിലും തിരിച്ചറിയണം.

പൊതുജനാരോഗ്യം എന്നാൽ ശുദ്ധവായു, ശുദ്ധജലം, നല്ല ഭക്ഷണം എന്നതുകൂടി ഉൾപ്പെട്ടതാണ്. മലിനീകരണം ജനകോടികളുടെ ആരോഗ്യത്തെ പയ്യപ്പയ്യെ കൊല്ലുന്നത്, അവരുടെ രോഗപ്രതിരോധശേഷി തകർക്കുന്നത് നാം തിരിച്ചറിയണം. വികസനത്തിൽ ഇനി ഇതും ഉൾപ്പെടുത്തണം. അപ്പോഴേ ദീർഘദൂരം പോകാനാകൂ. കോവിഡ് പോയാലും വരുന്ന വൈറസുകളോട് പൊരുതി ജയിക്കാൻ നാം ഇതും ഓർക്കണം.

Quality of air കൂടുന്നത് വ്യക്തിഗത സന്തോഷം, ഉത്പാദനക്ഷമത (productivity) എന്നിവയും കൂട്ടും എന്നു പഠനങ്ങൾ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *