രാഷ്ട്രീയ പ്രചാരണത്തിലെ ‘ആപ് മോഡല്‍’

ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തില്‍ ആം ആദ്‍മി പാര്‍ട്ടി സ്വീകരിച്ച തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ നിന്ന് കേരളത്തിനും പഠിക്കാനുണ്ടെന്ന് ലേഖകന്‍…

വര്‍ഗീയ ധ്രുവീകരണം പാര്‍ലമെന്ററി തെര‍ഞ്ഞെടുപ്പില്‍ ഏറ്റവുമെളുപ്പത്തില്‍ വോട്ട് സമാഹരിക്കാനുള്ള രാഷ്ട്രീയോപകരണം ആണെന്ന് പലവട്ടം തെളിയിച്ചവരാണ് ബി.ജെ.പി. ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി അത് പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ആ വര്‍ഗീയ പരീക്ഷണത്തിന്റെ ഏറ്റവും ഭീകരമായ പതിപ്പാണ് ഇത്തവണ ഡല്‍ഹിയില്‍ അരങ്ങേറിയത്. രാജ്യംകണ്ട ഏറ്റവും വിഷലിപ്തമായ പ്രചാരണമായിരുന്നു ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍. എന്നിട്ടും ഭരണം പിടിക്കാനായില്ല എന്നുമാത്രമല്ല, ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക് നേരിയ വെല്ലുവിളിപോലും ഉയര്‍ത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞുമില്ല.

പ്രധാനമന്ത്രി, അതിനേക്കാള്‍ അധികാര ഗര്‍വോടെ ഭരിക്കുന്ന ആഭ്യന്തര മന്ത്രി, ഒട്ടും വേവലാതിയില്ലാതെ പച്ചയായി വര്‍ഗീയത പറയുന്ന യോഗി ആദിത്യനാഥിനെപ്പോലെ ഒരുപിടി നേതാക്കള്‍, വേണ്ടത്ര പണം, കേന്ദ്ര ഭരണത്തിന്റെ അധിക പിന്‍ബലം, ഏകപക്ഷീയമായി വാര്‍ത്തകള്‍ ചെയ്യുന്ന ഒരുപറ്റം മാധ്യമങ്ങളുടെ നിര്‍ലോഭമായ പിന്തുണ… ഇങ്ങിനെ എല്ലാ അര്‍ഥത്തിലുമുള്ള വിഭവശേഷിയും ഉപയോഗപ്പെടുത്തിയാണ് ബി.ജെ.പി പ്രചാരണം നയിച്ചത്. ബി.ജെ.പി എം.പി പര്‍വേഷ് വെര്‍മയെ രണ്ട് തവണയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണത്തില്‍നിന്ന് വിലക്കിയത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ മൂന്ന് ദിവസത്തെ നിരോധനം ഏറ്റുവാങ്ങി. ശരീഅത്ത് നിയമം നടപ്പാക്കുമെന്ന് കെജ്‍രിവാള്‍ വാഗ്ദാനം നല്‍കുന്നുവെന്ന പേരില്‍ വ്യാജ വീഡിയോ പുറത്തുവിട്ടത് ബി.ജെ.പി വക്താവ് സാംബിത് പത്ര. ശാഹീന്‍ ബാഗ് സമരം ബി.ജെ.പിയുടെ വലിയ ആയുധമായിരുന്നു. അവിടത്തെ സമരക്കാരായ സ്ത്രീകളെ കോണ്‍ഗ്രസ് സ്പോണ്‍സര്‍ ചെയ്തതാണ് എന്നതിന് തന്റെ പക്കല്‍ തെളിവുണ്ടെന്ന് പരസ്യപ്രസ്താവന നടത്തിയത് ബി.ജെ.പി സോഷ്യല്‍മീഡിയ പ്രചാരണച്ചുമതല വഹിക്കുന്ന അമിത് മാളവ്യ. ഇത് പ്രമുഖ നേതാക്കളെല്ലാം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. ഇതിന് അനുബന്ധമായാണ് ശാഹീന്‍ബാഗില്‍ കെജ്‍രിവാള്‍ ബിരിയാണി വിളമ്പുന്നുവെന്ന ആദിത്യനാഥിന്റെ പ്രസ്താവന വന്നത്.എന്നാല്‍ ഈ പ്രചാരണത്തെ ആപ് നേരിട്ടത് വെള്ളം, വൈദ്യുതി, വിദ്യാഭ്യാസം, വികസനം, പരിസ്ഥിതി തുടങ്ങി മനുഷ്യജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങളുന്നയിച്ചാണ്.

ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടുവന്ന അങ്ങേയറ്റം വൈകാരികമായ വിഷയങ്ങളെ അവഗണിക്കാനാണ് ആപ് കൂടുതല്‍ ജാഗ്രത കാട്ടിയത്. ഒരിക്കല്‍പോലും ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാന്‍ ആപ് നേതാക്കള്‍ തയാറായില്ല. ശരീഅത്ത് വിഡിയോ പോലെ അതേ ദൃശ്യങ്ങള്‍ തന്നെ തെളിവാക്കി മാറ്റി മറുപടി പറയാവുന്ന വിഷയങ്ങളില്‍പോലും ആപ് ഇടപെട്ടില്ല. പകല്‍പോലെ ബോധ്യപ്പെടുന്ന പച്ച നുണകളും വ്യാജ കഥകളും അര്‍ധ സത്യങ്ങളുമെല്ലാം എളുപ്പത്തില്‍ പ്രതിരോധിക്കാമെന്നും അതേറ്റുപിടിച്ചാല്‍ ബി.ജെ.പിയെ നിരായുധരാക്കാമെന്നും തിരിച്ചറിഞ്ഞ് അത്തരത്തിലുള്ള പ്രതിരോധത്തിലേക്കും അതുപയോഗിച്ചുള്ള ആക്രമണത്തിലേക്കും നീങ്ങുകയാണ് ബി.ജെ.പി വിരുദ്ധ ചേരി ഇതുവരെ പിന്തുടര്‍ന്നിരുന്ന രീതി. ഈ ‘ജനപ്രിയ’ രീതിക്ക് മാറ്റം വരുത്തിയ ആപ്, ബി.ജെ.പി മുന്നോട്ടുവച്ച അജണ്ടകളില്‍നിന്നെല്ലാം ഒഴിഞ്ഞുമാറി പകരം ആപ് ഉന്നയിക്കാനാഗ്രഹിച്ച വികസന-ജീവത് പ്രശ്നങ്ങളില്‍ ഉറച്ചുനിന്നു. ചര്‍ച്ചകളെ അതിലേക്ക് കേന്ദ്രീകരിക്കാനും പ്രധാനമന്ത്രി അടക്കമുള്ളവരെ ഈ വിഷയങ്ങളില്‍ മറുപടി പറയാന്‍ നിര്‍ബന്ധിതരാക്കാനും അവര്‍ക്ക് കഴിഞ്ഞു. തീവ്ര ദേശീയതയിലൂന്നിയ വര്‍ഗീയ പ്രചാരണങ്ങളെ സാധാരണക്കാരുടെ ജീവത്പ്രശ്നങ്ങള്‍ കൊണ്ട് പ്രതിരോധിക്കാനാവുമെന്നാണ് ആപ് തെളിയിച്ചത്.

ഇത് രാജ്യത്ത് പുതിയൊരു തെര‍ഞ്ഞെടുപ്പ് പ്രചാരണ മാതൃകയാണ്. വേറിട്ടൊരു രാഷ്ട്രീയ വഴിയുമാണ്. ഫാസിസ്റ്റ് രാഷ്ട്രീയം ശക്തിപ്രാപിച്ച കാലത്ത് വിശേഷിച്ചും. ശാഹീന്‍ബാഗ് വിഷയത്തില്‍ കെജ്‍രിവാള്‍ പ്രതികരിക്കുന്നില്ല എന്നൊരു പ്രചാരണം ബി.ജെ.പിയും ബി.ജെ.പി അനുകൂല മാധ്യങ്ങളും ഇടക്ക് ശക്തമാക്കിയിരുന്നു. ആപിനെ പിന്തുണക്കുന്ന മുസ്‍ലിം വോട്ടര്‍മാര്‍ക്കിടയിലും ഹിന്ദു വോട്ട് ബാങ്കിലും ഒരുപോലെ ആഘാതം സൃഷ്ടിക്കാവുന്ന ഇരുതലമൂര്‍ച്ചയുള്ള വാളായിരുന്നു അത്. അതില്‍പോലും തന്ത്രപരമായ നിലപാട് സ്വീകരിച്ച് ചര്‍ച്ചകള്‍ വഴിമാറിപ്പോകാതെ സൂക്ഷിക്കാന്‍ കെജ്‍രിവാളിന് കഴിഞ്ഞു.

തെര‍ഞ്ഞെടുപ്പ് കളത്തില്‍ രാഷ്ട്രീയ കൃത്യത പോലെത്തന്നെ പ്രധാനമാണ് രാഷ്ട്രീയ കുതന്ത്രങ്ങളെ നേരിടാനുള്ള വൈദഗ്ധ്യവും. ഡല്‍ഹിയില്‍ അപ്രസക്തരായിപ്പോകുമെന്ന് ഉറപ്പായിട്ടും കോണ്‍ഗ്രസും ഇത്തവണ ഈ രാഷ്ട്രീയ ജാഗ്രത കാണിച്ചു. ജയിക്കില്ലെങ്കിലും അതിശക്തമായ മത്സരത്തിനിറങ്ങാനുള്ള ശേഷി ഇപ്പോഴും ഡല്‍ഹിയില്‍ കോണ്‍ഗ്രസിനുണ്ട്. എന്നിട്ടും പേരിന് സാന്നിധ്യം നിലനിര്‍ത്തുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്തത്. പ്രചാരണത്തിനുവന്ന പ്രമുഖ നേതാക്കള്‍പോലും ആപിന്റെ സാധ്യതയെ തകര്‍ക്കുന്ന നീക്കങ്ങളൊന്നും നടത്തിയുമില്ല. ആപ് വിജയത്തെ ബാധിക്കില്ല എന്നുറപ്പുള്ള ഏതാനും മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് കാര്യമായ പ്രചാരണം നടത്തിയത്. കോണ്‍ഗ്രസും ആപും തമ്മില്‍ രാഷ്ട്രീയ ധാരണയുണ്ട് എന്ന പ്രചാരണം ബി.ജെ.പി ശക്തമാക്കിയപ്പോഴും ഇരുപാര്‍ട്ടികളും അതേറ്റുപിടിച്ചില്ല. ബി.ജെ.പി മുന്നോട്ടുവക്കുന്ന വിഭജന മുദ്രാവാക്യങ്ങള്‍ക്ക് പ്രചാരണവും അതുപറയുന്നവര്‍ക്ക് ദൃശ്യതയും തങ്ങളിലൂടെ നല്‍കേണ്ടതില്ല എന്നതാണ് ആപ് സമീപനത്തിന്റെ സത്ത. മറുപടി പറയാന്‍ വേണ്ടി അതേറ്റുപിടിച്ചാലും വൈകാരിക വിഷയങ്ങളില്‍ വിഭാഗീയ രാഷ്ട്രീയത്തിനേ ആത്യന്തികമായി നേട്ടമുണ്ടാക്കാനാവൂവെന്ന തിരിച്ചറിവും ഈ സമീപനത്തിന് പിന്നില്‍ കാണാം. വലിയ രാഷ്ട്രീയ പ്രബുദ്ധതയുണ്ടെന്ന് അവകാശപ്പെടുന്ന കേരളീയ സാമൂഹിക മണ്ഡലത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ സമീപനവും ജാഗ്രതയുമാണ് ഡല്‍ഹിയില്‍ ആപ് കാഴ്ചവച്ചത്.

ഡല്‍ഹിയെപ്പോലെ ബി.ജെ.പിക്ക് സ്വീകാര്യത ലഭിച്ച സ്ഥലമല്ല കേരളം. ചരിത്രത്തിലിന്നുവരെ ആകെയൊരു എംഎല്‍.എമാത്രമാണ് അവര്‍ക്കുണ്ടായിട്ടുള്ളത്. എന്നാല്‍ വോട്ടുവിഹിതത്തില്‍ ക്രമാനുഗതമായ വളര്‍ച്ച കേരളത്തില്‍ ബി.ജെ.പി രേഖപ്പെടുത്തുന്നുമുണ്ട്. സോഷ്യല്‍ മീഡിയ തലമുറക്കിടയിലും വളര്‍ച്ചയുടെ ഈ തോത് വര്‍ധിക്കുകയാണ്. ബി.ജെ.പി മുന്നോട്ടുവക്കുന്ന വിഭാഗീയ-വര്‍ഗീയ രാഷ്ട്രീയ അജണ്ടകളെ നേരിടുന്നതില്‍ അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവരാണ് മലയാളികള്‍. എന്നിട്ടും പക്ഷെ ഇതുവരെ ബി.ജെ.പിയുടെ വളര്‍ച്ചെയ പ്രതിരോധിക്കാനോ തളര്‍ത്താനോ കഴിഞ്ഞിട്ടില്ല. ബി.ജെ.പി നേതാക്കളുണ്ടാക്കുന്ന പരിഹാസ്യവും വിഷലിപ്തവുമായ പ്രസ്താവനകള്‍ക്കെതിരെ ട്രോളുകളുണ്ടാക്കി അതിന്റെ ബാഹ്യ രസങ്ങളില്‍ അഭിരമിക്കുക എന്നതാണ് കേരളത്തിലെ ഫാസിസ്റ്റ് വിരുദ്ധ ചേരിയുടെ പ്രധാന പ്രവര്‍ത്തന പദ്ധതി. ബി.ജെ.പി തന്നെ ലക്ഷ്യം വക്കുന്ന പ്രചാരണ ആശയങ്ങളെ, അവരേക്കാള്‍ ഊക്കോടെ അവര്‍ക്ക് അപ്രാപ്യമായ ആളുകളിലേക്കുവരെ എത്തിക്കുന്നുവെന്നതാണ് ഇത്തരത്തില്‍ ബി.ജെ.പിയെ പ്രതിരോധിക്കാമെന്ന് കരുതുന്നവര്‍ ഫലത്തില്‍ നിര്‍വഹിക്കുന്ന ദൌത്യം. ഇത്തരം രാഷ്ട്രീയ അബദ്ധങ്ങളെയാണ്, അവഗണിക്കുക-മൌനംപാലിക്കുക-പറയാനുള്ളത് ഉറച്ച് പറയുക എന്ന സമീപനത്തിലൂടെ ആപ് തിരുത്തിയത്.

ഷാഹീന്‍ ബാഗ് ചര്‍ച്ചയില്‍ കെജ്‍രിവാളിനെ കുടുക്കാന്‍ ആവത് ശ്രമിച്ച് പരാജയപ്പെട്ട ബി.ജെ.പിക്ക് ഒടുവില്‍ ആ സമരത്തില്‍ തീവ്രവാദി ബന്ധം സ്ഥാപിക്കാന്‍ ഉപകരണമായതും കേരളം തന്നെയാണ് എന്നത് ഈ പശ്ചാത്തലത്തില്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. പൌരത്വ വിരുദ്ധ സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട് എന്ന് സ്ഥാപിക്കാന്‍ നരേന്ദ്ര മോദി പാര്‍ലമെന്റില്‍ ഉദ്ദരിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനകളെയാണ്. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടന്നത്. പാര്‍ലമെന്റില്‍ പിണറായിയെ ഉദ്ദരിച്ച് മോദി പ്രസ്താവന നടത്തിയത് ഫെബ്രുവരി ആറിന്. പരസ്യ പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പ്! അതിനോടും മലയാളികള്‍ (പിണറായിയെ എതിര്‍ക്കുന്നവരും പിന്തുണക്കുന്നവരും) അതിവൈകാരികമായി പ്രതികരിച്ചപ്പോള്‍, ഡല്‍ഹിയില്‍ തെര‍ഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നവര്‍ അതേറ്റുപിടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. കെജ്‍രിവാളിനെപ്പോലെത്തന്നെ പ്രത്യക്ഷത്തില്‍ ബി.ജെ.പി വിരുദ്ധ പ്രതിച്ഛായയുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഫാസിസ്റ്റ് വിരുദ്ധ ജനകീയ മുന്നേറ്റത്തെ ദുര്‍ബലമാക്കാതിരിക്കാന്‍ ഈ രണ്ട് മുഖ്യമന്ത്രിമാരും ഒരുപോലെ ജാഗ്രത കാണിക്കേണ്ടവരാണ്. എന്നാല്‍ അതിലൊരാളെ ബി.ജെ.പിക്ക് എളുപ്പത്തില്‍ രാഷ്ട്രീയ ആയുധമാക്കാന്‍ കഴിയുന്നു; മറ്റേയാളാകട്ടെ ബി.ജെ.പിയുടെ എല്ലാ പ്രചാരണ കുതന്ത്രങ്ങളെയും എളുപ്പത്തില്‍ അതിജീവിക്കുന്നു. ബി.ജെ.പിക്ക് എതിരായ തെരഞ്ഞെടുപ്പ് രാഷ്ട്രീയ വ്യവഹാരങ്ങളിലെ ഇരുവരുടെയും രാഷ്ട്രീയ ജാഗ്രത ഏതളവില്‍ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് ഇതില്‍നിന്ന് വ്യക്തം. ഇതുതന്നെയാണ് കേരളവും ഡല്‍ഹിയും തമ്മിലെ വ്യത്യാസം. ഈ വ്യത്യാസമാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം കേരളത്തെ പഠിപ്പിക്കുന്ന പ്രധാന പാഠം. എന്ത് പറയണം, എവിടെ പറയണം, എങ്ങിനെ പറയണം, ആരോട് പറയണം, ആരെക്കുറിച്ച് പറയണം എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തന പദ്ധതിയാണ് എന്ന് രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ ചേരിയിലുള്ളവര്‍ ആപില്‍നിന്ന് പഠിക്കണം.

 

Leave a Reply

Your email address will not be published. Required fields are marked *