പുറത്തിറങ്ങി – ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും

നരേന്ദ്രമോഡി യെ അധികാരത്തിക്കാൻ പ്രധാന കാരണങ്ങളിലൊന്നായ ഇന്ത്യയിൽ നടന്ന ഭീകരാക്രമണ പരമ്പരയെ കുറിച്ച പ്രമുഖ മാധ്യമ പ്രവർത്തകൻ എ റശീദുദ്ദീൻ്റെ പഠനത്തിൻ്റെ മൂന്നാം പതിപ്പ്.

അഫ് സൽ ഗുരു തൂക്കിലേറാൻ കാരണക്കാരനായ ദേവേന്ദ്ര സിംഗ് എന്ന പോലീസോഫീസറെ ഭീകരവാദികളോടൊപ്പം പിടികൂടപെട്ട പശ്ചാലത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഈ മൂന്നാം പതിപ്പിനു ള്ള ഗ്രന്ഥകാരൻ്റെ ആമുഖമാണ്,ചുവടെ

” പുസ്തകം മൂന്നാം പതിപ്പിലേക്കെത്തുമ്പോള്‍ 2011ലെ ചിത്രങ്ങള്‍ പൂര്‍ണമായും മാറിയിട്ടുണ്ട്. പുല്‍വാമ, പത്താന്‍കോട്ട് പോലുള്ള പില്‍ക്കാല ഭീകരാക്രമണങ്ങള്‍ രാജ്യ മനസ്സാക്ഷിയെ കൂടുതല്‍ ആഴത്തില്‍ വേദനിപ്പിക്കുകയും ചെയ്തു. ഹിന്ദുത്വ കേസുകളിലെ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹചര്യമാണ് പൊതുവെ ഉണ്ടായതെങ്കില്‍ അന്ന് രക്ഷപ്പെട്ട ചില കുറ്റവാളികളോട് കാലം കാവ്യനീതി കാണിക്കുന്നതിന് പുതിയ ദശാബ്ദത്തില്‍ ഇന്ത്യ സാക്ഷിയാവുന്നുമുണ്ട്. ഡീപ് സ്‌റ്റേറ്റിന്റെ പിണിയാളായിരുന്ന ജമ്മു കശ്മീരിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കമാണ്ടര്‍ ദേവേന്ദ്ര സിംഗ് കെണിയിലകപ്പെട്ടത് ഉദാഹരണം. ശക്തിയോടെ കേസ് വാദിച്ച പബ്‌ളിക് പ്രോസിക്യൂട്ടറെ സ്ഥാനത്തു നിന്നു നീക്കിയും ചാര്‍ജ് ചെയ്ത നിയമങ്ങളും വകുപ്പുകളും ദുര്‍ബലമാക്കിയും കുറ്റവാളികള്‍ക്കു വേണ്ടി ഭരണകൂടങ്ങള്‍ അനിതരസാധാരണമായ രീതിയില്‍ ഇടപെട്ടും ഹിന്ദുത്വ സഹയാത്രികര്‍ ഉള്‍പ്പെട്ട ഭീകരാക്രമണ കേസുകള്‍ പില്‍ക്കാലത്ത് കോടതിമുറികളില്‍ തകര്‍ന്നടിഞ്ഞതിന് ഇന്ത്യ സാക്ഷിയായി. അഭിനവ് ഭാരത്, സനാതന്‍ സംസ്ഥ പോലുള്ള ഹിന്ദുത്വ ഗ്രൂപ്പുകള്‍ പിടിയിലായതിനു ശേഷമുള്ള കാലത്ത് ‘ഇന്ത്യന്‍ മുജാഹിദ്ദീന്‍’ കേട്ടുകേള്‍വി ഇല്ലാത്ത ഒരു സംഘമായി മാറി. ഈ പുസ്തകത്തില്‍ പ്രതിപാദിച്ചതും അല്ലാത്തതുമായ നിരവധി കേസുകളില്‍ പല്ലും നഖവുമുപയോഗിച്ച് ഇന്ത്യന്‍ മുജാഹിദ്ദീനെതിരെ പോരാടിയ സര്‍ക്കാറുകള്‍ തന്നെയായിരുന്നു പില്‍ക്കാലത്ത് ഹിന്ദുത്വ കേസുകളില്‍ പരമദയനീയമാം വിധം കോടതിമുറിയില്‍ തപ്പിത്തടഞ്ഞത്. ക്യാന്‍സര്‍ രോഗം ഉണ്ടായിട്ടേയില്ലാത്ത ഒരു ഭീകരാക്രമണകാരിണിയെ ജിയിലില്‍ നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ പിന്‍ബലത്തോടെ പുറത്തിറക്കി പാര്‍ലമെന്റ് അംഗമാക്കി മാറ്റിയെടുത്തതും രാജ്യം കണ്ടു. മറുഭാഗത്ത് എത്രയൊക്കെ തള്ളിപ്പറയുന്നുണ്ടെങ്കിലും അജ്മീര്‍ ദര്‍ഗാ സ്‌ഫോടനക്കേസില്‍ കൊല്ലപ്പെട്ട ഒരാള്‍ ഉള്‍പ്പടെ മൂന്ന് ആര്‍.എസ്.എസ് പ്രചാരകുമാരെയാണ് കോടതി ശിക്ഷിച്ചത്. സംഘ്പരിവാറിനെ കുടുക്കാനാവശ്യമായ തെളിവുകള്‍ പുറത്തുവന്നതിനു ശേഷമായിരുന്നു ഈ ഹിന്ദുത്വ സ്‌ഫോടന പരമ്പരകളുടെ മുഖ്യസൂത്രധാരനായി ഒരുകാലത്ത് എന്‍.ഐ.എ തന്നെ ആരോപിച്ച സുനില്‍ ജോഷി ദുരൂഹമായ രീതിയില്‍ കൊല്ലപ്പെട്ടത്. ഈ കേസുകള്‍ക്ക് ബുദ്ധിപരമായി നേതൃത്വം നല്‍കിയെന്ന് സംശയിക്കപ്പെട്ട, പലതവണ സി.ബി.ഐയുടെ ചോദ്യം ചെയ്യലിന് വിധേയനായ ഒരു ആര്‍.എസ്.എസ് കാര്യകാരിണി സമിതി അംഗം പിന്നീട് എല്ലാ കേസുകളില്‍ നിന്നും ഊരിപ്പോരുകയും ചെയ്തു.

ചോദ്യങ്ങള്‍ മാത്രമാണ് ബാക്കിയായതെങ്കിലും ഭീകരാക്രമണ കേസുകളുടെ വിചാരണാ നാള്‍വഴിയെ നിഷ്പക്ഷമായി വിലയിരുത്തുമ്പോള്‍ ആവശ്യമുള്ള ഉത്തരങ്ങളും കൂടി ലഭിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. ഭീകരാക്രമണ കേസുകളുടെ മാതാവ് എന്ന് വിശേഷിപ്പിക്കാനാവുന്ന പാര്‍ലമെന്റ് ആക്രമണ കേസിനു പിന്നില്‍ ദേവേന്ദ്ര സിംഗ് ചരടുവലിച്ചിട്ടുണ്ടാവാം എന്നു സമ്മതിക്കാന്‍ ദേശീയ മാധ്യമങ്ങള്‍ ഇന്ന് തയാറാവുന്നുണ്ട്. അസാധാരണമായ മാറ്റമായിരുന്നു ഇത്. കശ്മീരിലെ എസ്.ടി.എഫ് ക്യാമ്പിന്റെ കമാണ്ടറായ ദേവേന്ദ്ര സിംഗിന്റെ പുറകില്‍ അതിശക്തരായ ആരൊക്കെയോ ഉണ്ടായിരുന്നുവെന്നത് പകല്‍ പോലെ വ്യക്തം. അപ്പോഴും, അദ്ദേഹം മഞ്ഞുമലയുടെ അഗ്രം മാത്രമായിരിക്കാമെന്ന് സംശയം പ്രകടിപ്പിക്കാനോ ആരുടെയെങ്കിലും നേര്‍ക്ക് വിരല്‍ ചൂണ്ടാനോ മാധ്യമങ്ങള്‍ക്ക് ധൈര്യമില്ല. ബി.ജെ.പി രണ്ടാമതൊരിക്കല്‍ മഹാഭൂരിപക്ഷത്തോടെ കേന്ദ്രം ഭരിക്കുമ്പോള്‍ ഭീകരാക്രമണങ്ങളുടെ ലക്ഷ്യവും രീതിയുമൊക്കെ മാറുകയാണോ ഫലത്തില്‍ സംഭവിച്ചത്? ഭീകരത ഒരു സജീവ രാഷ്ട്രീയ യാഥാര്‍ഥ്യമായിരുന്നുവെങ്കില്‍ മോദി കാലത്ത് ഭീകരര്‍ക്ക് എന്തുകൊണ്ട് കാരണങ്ങള്‍ നഷ്ടപ്പെട്ടു എന്ന ചോദ്യം പ്രസ്‌കതമല്ലേ? പഴയ സിദ്ധാന്തങ്ങളനുസരിച്ച് പുതിയ കാലത്ത് കൂടുതല്‍ കാരണങ്ങള്‍ ഉണ്ടാവുകയായിരുന്നല്ലോ വേണ്ടിയിരുന്നത്. വാജ്‌പേയി-അദ്വാനി കാലഘട്ടത്തില്‍ ‘ഇസ്‌ലാമിക ഭീകരന്‍’ ഇന്ത്യയില്‍ സൃഷ്ടിച്ചു കൊണ്ടിരുന്ന ആഘാതം ഒന്നുകില്‍ നരേന്ദ്ര മോദി സര്‍ക്കാറിന് ഇല്ലാതാക്കാനായി. അതല്ലെങ്കില്‍ ‘ഭീകര വിരുദ്ധ യുദ്ധ’ത്തിലൂടെ പൊതുസമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ടിരുന്ന വര്‍ഗീയ ധ്രുവീകരണത്തിന് പുതിയ രീതികളും നടപടിക്രമങ്ങളും രാജ്യത്ത് കൊണ്ടുവരാനായി. ഒരു സമൂഹത്തെ രാഷ്ട്രീയമായും സാമൂഹികമായും ഒറ്റപ്പെടുത്താന്‍ മാധ്യമങ്ങളുടെ സഹായത്തോടെ നടന്ന കുറ്റകരമായ അപവാദ പ്രചാരണമായിരുന്നു ഇന്ത്യയിലെ ‘ഇസ്‌ലാമിക ഭീകരത’യെന്ന് വലിയൊരളവില്‍ അംഗീകരിക്കാന്‍ സഹായകമായ തെളിവുകള്‍ ഇന്ന് ഇന്ത്യയുടെ മുമ്പിലുണ്ട്. ദേവേന്ദ്ര സിംഗിലേക്ക് മതിയായ രീതിയില്‍ അന്വേഷണം കേന്ദ്രീകരിക്കപ്പെടുമെങ്കില്‍ പാര്‍ലമെന്റ് ആക്രമണം ഉള്‍പ്പടെ ഇന്ത്യ നടുങ്ങിയ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുകയും ചെയ്യുമായിരിക്കാം.

അങ്ങനെയൊന്ന് അഥവാ ഉണ്ടായാല്‍ തന്നെയും അന്തിമമായ ആ ഉത്തരം തുറന്നു പ്രഖ്യാപിക്കാനുമുള്ള ധൈര്യമൊന്നും നരേന്ദ്ര മോദി സര്‍ക്കാറിനുണ്ടാവില്ല. ദേവേന്ദ്ര സിംഗിനെ നിശ്ശബ്ദനാക്കുക എന്നതു മാത്രമാണ് ഒരേയൊരു സാധ്യത. പാര്‍ലമെന്റില്‍ സംഭവിച്ചതെന്തെന്ന് മോദി സര്‍ക്കാര്‍ തുറന്നു പറയാന്‍ തീരുമാനിച്ചാല്‍ മുംബെ ഭീകരാക്രമണം മുതല്‍ രാജ്യം നടുങ്ങിയ മിക്ക സംഭവങ്ങളും ഇന്ത്യക്കാരന്‍ പുനര്‍വായനക്ക് വിധേയമാക്കുമെന്നതില്‍ ഒരു തര്‍ക്കവുമില്ല. അത്രത്തോളം യാഥാര്‍ഥ്യബോധമുള്ളവരായി ഇന്ത്യക്കാര്‍ മാറുമെന്ന് ഈ പുസ്തകത്തിന്റെ രണ്ടാമത്തെ പതിപ്പിറങ്ങുമ്പോഴുണ്ടായിരുന്ന പ്രതീക്ഷ എന്തുകൊണ്ടോ ഗ്രന്ഥകാരന് ഇപ്പോഴില്ല”

കെടി ഹുസൈൻ

Leave a Reply

Your email address will not be published. Required fields are marked *