63 കൊല്ലമായി തുടരുന്ന കേരളപലായനങ്ങള്‍

ഉത്തരേന്ത്യയിലെ ലോക്ക് ഡൗൺ പലായനങ്ങളുടെ പശ്ചാത്തലത്തിൽ, മാനുഷിക മുഖം നഷ്ടപ്പെട്ട കേരള വികസനത്തെക്കുറിച്ചുള്ള നിരീക്ഷണം – മുരളി തോന്നക്കൽ

ഉത്തരേന്ത്യയിലെ ഉളളു നുറുങ്ങുന്ന പാലായനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും വൈറലായി തുടരുന്നു. പ്രബുദ്ധ കേരളത്തിലെ കപട വിപ്‌ളവകാരികളും പുരോഗമന മുഖം മൂടികളും എഴുത്തുകാരുമെല്ലാം എപ്പോഴും ഉത്തരേന്ത്യയിലേക്ക് കണ്ണും നട്ടിരിക്കുന്നു എന്നൊരു ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുന്നു. ഉത്തരേന്ത്യന്‍ ചേരികളിലെ മനുഷ്യരുടെ ദുരിത ജീവിത മുതലക്കണ്ണീര്‍ ഇവരില്‍ നിന്ന് സദാ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പക്ഷേ, കേരളത്തിലെ 50,000 ത്തിനടുപ്പിച്ച് വരുന്ന കോളനികള്‍ ഇവരുടെ ദൃഷ്ടികള്‍ക്ക് ഇന്നും അന്യമാണ്. രണ്ടും മൂന്നും ഏക്കറിനുള്ളില്‍ നൂറ് കണക്കിന് കുടുംബങ്ങള്‍ വഴിയില്ലാതെ, വെളിച്ചമില്ലാതെ, കുടിവെള്ളമില്ലാതെ ജീവിതം ജീവിച്ചു തീര്‍ക്കേണ്ടി വരുന്നു. ഒന്നു നീട്ടി തുപ്പിയാല്‍ അന്യന്റെ അടുക്കളയില്‍ വീഴുന്ന അവസ്ഥയില്‍ അവര്‍ ഞെങ്ങി ഞെരുങ്ങി കഴിയുന്നത് വികസന കേരളം കാണുന്നതേയില്ല. കോളനികളുടെ എണ്ണം കുറച്ച് പര്‍ശ്വവല്‍കൃതരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് സര്‍ക്കാരോ സാമ്പത്തിക വിദഗ്ധരോ വികസന പ്രയോറിറ്റിയില്‍ പരിഗണന നല്‍കുന്നില്ല. ലോകം മുഴുവന്‍ കൊട്ടിഘോഷിക്കുന്ന ‘കേരള മോഡലിന് ‘ പുറത്താണ് ഈ കോളനികള്‍ ! ഐടി പാര്‍ക്കുകളും, മെട്രോ റെയിലും മോണോ റെയിലും കണ്ടൈനര്‍ ടെര്‍മിനലും മാനം മുട്ടുന്ന ഫ്‌ളാറ്റുകളും അതിവേഗ പാതകളും മാളുകളും കൊണ്ട് നാളെ കേരളം നിറയുമ്പോള്‍, കോളനികള്‍ വലിയൊരു അശ്ലീലമായി മാറുകയും ഗുജറാത്തിലേത് പോലെ വന്‍മതിലുകള്‍ കെട്ടി അവയെ മറയ്ക്കുകയും ചെയ്‌തേക്കാം !

കേരളം വികസിക്കുന്നുണ്ട്. പക്ഷേ, ആ വികസനം മാനുഷിക മുഖം നഷ്ടപ്പെട്ടതാണ്. മധ്യവര്‍ഗ്ഗത്തെ മാത്രം ടാര്‍ജറ്റ് ചെയ്യുന്ന വികസന സങ്കല്പമാണ് കേരളം എല്ലാ കാലത്തും താലോലിച്ച് പോന്നിട്ടുള്ളത്. ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്രം എന്തായാലും കേരള വികസനം എന്നും ‘വലത്തോട്ട് ‘ ചാഞ്ഞു നില്‍ക്കുന്നു. ഗാന്ധിസമായാലും കമ്യൂണിസമായാലും ഇവരുടെ മാനവികതാ സങ്കല്പത്തില്‍ നിന്നും കോളനികളെ ആട്ടിപ്പുറത്താക്കിയിരിക്കുന്നു.

1941ല്‍ മഹാത്മാ അയ്യന്‍കാളിയില്‍ അവസാനിച്ച യഥാര്‍ഥ നവോത്ഥാനം മറ്റൊരു രൂപത്തില്‍ പുനരാരംഭിക്കുന്നത് ‘കൃഷിഭൂമി കര്‍ഷകര്‍ക്ക് ‘ എന്ന മുദ്രാവാക്യത്തില്‍ നിന്നാണ്. പക്ഷേ, ഒന്നും സംഭവിച്ചില്ല.’നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും ‘ എന്ന മോഹം വലയത്തില്‍ കുടുങ്ങിയവരുടെ തലമുറയ്ക്കിന്നും തലചായ്ക്കാനും ശവമടക്കാനും ആറടി മണ്ണില്ല. പൊളിക്കാന്‍ അടുക്കള പോലുമില്ലാതെയാണ് പുതിയ തലമുറ ജീവിക്കുന്നത്. ജനാധിപത്യ ഭരണം 6 ദശാബ്ദം പൂര്‍ത്തിയാകുമ്പോഴും ഭൂപരിഷ്‌ക്കരണം നടന്ന നാട്ടില്‍ ഓരോ കൊല്ലവും കൃത്യമായി നടക്കുന്നത് ആ പ്രഖ്യാപനം മാത്രമാണ് ‘ഒരു കൊല്ലത്തിനകം എല്ലാവര്‍ക്കും ഭൂമിയും വീടും ‘

വലിയൊരു വഞ്ചനയുടെ ചരിത്രമാണ് ഇന്നും കേരളം ഊറ്റം കൊള്ളുന്ന ഭൂപരിഷ്‌കരണത്തിന് പറയാനുള്ളത്. കേരളത്തില്‍ ദലിതരുടെ കൈവശ ഭൂമിയുടെ അളവ് രണ്ട് ശതമാനം തികച്ചില്ല ! ഭൂപരിഷ്‌ക്കരണത്തോടെ ഉണ്ടാകുമെന്ന് വാഗ്ദാനം നല്‍കിയ മിച്ചഭൂമിയുടെ മലവെള്ളപാച്ചിലും ഉണ്ടായില്ല ! ഭൂപരിഷ്‌കരണത്തിന്റെ 50 കൊല്ലം ആഘോഷിച്ച് കഴിഞ്ഞിട്ടും റീസര്‍വ്വേ 50 % പൂര്‍ത്തിയായിട്ടില്ല പോലും ! പിന്നെങ്ങനെ മിച്ചഭൂമി ഉണ്ടാകും ?

കേരളത്തിന്റെ പൊതുകടം ഇക്കൊല്ലം മൂന്ന് ലക്ഷം കോടി പിന്നിടുമെന്ന പ്രവചനങ്ങള്‍ വന്നു കഴിഞ്ഞു. ഇത്രയും കോടികള്‍ കടമെടുത്ത് കളിച്ചവര്‍ക്ക്, അതില്‍ നിന്ന് കുറച്ച് കോടികള്‍ (5000 കോടിയെങ്കിലും) മാറ്റിവച്ച് ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി വാങ്ങി നല്‍കിയിരുന്നെങ്കില്‍ ഭൂപരിഷ്‌കരണത്തിന് 50 ആണ്ടിന് ശേഷം ഇവിടെ ഭൂരഹിതര്‍ ഉണ്ടാകുമായിരുന്നില്ല. അതിനുള്ള ഇച്ഛാശക്തിയും ആത്മാര്‍ത്ഥതയുള്ള ഒരു രാഷ്ട്രീയ നേതൃത്വമാണ് നവോത്ഥാന കേരളം കൊതിക്കുന്നത്. നവോത്ഥാനത്തിന്റെ ഇന്നത്തെ ആഘോഷക്കമ്മിറ്റിക്കാരോട് ഒന്നേ പറയാനുള്ളു കേരളം ഉയരുന്നത് 50,000 കോളനികളേയും 3 ലക്ഷം ഭൂരഹിത കുടുംബങ്ങളേയും ഒപ്പം കൂട്ടാതെയാണ്. ചെങ്ങറയിലും അരിപ്പയിലും ആറളത്തും അട്ടപ്പാടിയിലും തോവരിമലയിലും നിന്നുയരുന്ന രോദനങ്ങള്‍ക്ക് മുന്നില്‍ കണ്ണടയ്ക്കുന്ന വികസനത്തെ വികസനമെന്നല്ല, മുതലാളിത്തത്തിന്റെ കവര്‍ന്നെടുക്കലും കയ്യേറ്റവും വെട്ടിപ്പിടിക്കലുമെന്നേ വിശേഷിപ്പിക്കാനാകൂ. വേണം വികസനത്തിനും ഒരു മനുഷ്യമുഖം !

‘ഭൂമി കേവലമൊരു ജീവിതോപാധിയല്ല. സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും സാമൂഹ്യാന്തസ്സിന്റേയും ഉറവിടമാണ്,… സ്വന്തം പേരിനൊപ്പം ചേര്‍ത്തു വയ്ക്കാന്‍ ഒരു മേല്‍വിലാസമെന്നത് ഒരു പൗരന്റെ മൗലികാവകാശമാണ്. ഒരു തുണ്ട് ഭൂമിയ്ക്കായുളള അറുപതാണ്ട് പഴക്കമുള്ള പാലായനങ്ങള്‍ തുടരുവോളം ‘ കേരള മോഡല്‍’ ഒരു അസംബന്ധമോ ആ വാഴ്ത്തല്‍ ഒരു അശ്ലീലവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *