ലോകത്തെ താറുമാറാക്കിയ മഹാമാരിയുടെ കാലത്ത് കേരളത്തെ വ്യതിരക്തമാക്കുന്ന ഘടകങ്ങൾ

കേരള മോഡൽ: സോഷ്യൽ മീഡിയ പ്രതികരണങ്ങൾ

കേരളത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പും നിരന്തര യത്നത്തിൽ തന്നെയാണ്. അവർ ഏറെ അഭിനന്ദനമർഹിക്കുന്നു.

ഇന്ന് കേരളത്തിലെ ആരോഗ്യരംഗത്തിന് നേതൃത്വം നൽകുന്നത് ഇരുപത് വർഷത്തിലേറെ സർവ്വീസിലുള്ള പരിചയസമ്പന്നരായ ഡോക്ടർമാരും അവർക്ക് താഴെ വർഷങ്ങളായി കേരളം പഠിപ്പിച്ച് വലുതാക്കിയ പുതുതലമുറ ഡോക്ടർമാരുമാണ്. അവരെ വളർത്തി ഇന്നത്തെ ആരോഗ്യരംഗം കെട്ടിപ്പടുത്തത് പതിറ്റാണ്ടുകളുടെ കഠിനാദ്ധ്വാനമാണ്. അവരെ വളർത്തിയ കഴിഞ്ഞ കാലത്തെ എല്ലാ ഭരണകർത്താക്കൾക്കും നികുതി ദായകർക്കും മാതാപിതാക്കൾക്കും സമൂഹത്തിനും കൂടിയുള്ളതാണീ നേട്ടം.

പതിറ്റാണ്ടുകളായി പൊതു ആരോഗ്യരംഗത്തെ കേരളം ശ്രദ്ധിച്ചിട്ടുണ്ട്. പൊതുആതുരാലയങ്ങൾ, മെഡിക്കൽകോളേജുകൾ, പിഎച്ച്സികൾ, ആരോഗ്യഉപകരണങ്ങൾ തുടങ്ങിയവയൊക്കെ ഈ നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചത് പതിറ്റാണ്ടുകളായി നമ്മൾ കാണിച്ച ശ്രദ്ധയാണ് എന്ന് ആരോഗ്യ മന്ത്രിയും ചൂണ്ടിക്കാണിച്ചത് ശ്രദ്ധേയമാണ്. അതൊന്നും ഇന്നിന്റെയല്ല തലമുറകളുടെ മുന്നേററത്തിന്റെ ബാക്കി പത്രമാണ്.

കേരളം സാക്ഷരമാണ്. കൈയും പാത്രവും കൊട്ടാൻ പറഞ്ഞാൽ പാത്രം കൊട്ടി കൂട്ടപ്രകടനമായി അങ്ങാടിയിലിറങ്ങുന്നവരും പ്രകാശം കാണിക്കാൻ പറഞ്ഞാൽ പന്തം കൊളുത്തി പ്രകടനം നടത്തുന്നവരും ഇവിടെ വിരളമാണ്. പുതു തലമുറപോലും ഏറെ അച്ചടക്കമുള്ളവരാണ്. അച്ചടക്ക ലംഘനം കണ്ടാൽ ചൂണ്ടിക്കാണിക്കുന്ന വിദ്യാസമ്പന്നരും ഇവിടെയുണ്ട്. അതു കൊണ്ട് കൂടിയാണ് ഈ നേട്ടം നേടിയെടുക്കാനായത്.

പിന്നെ കേരളത്തെ കേരളമാക്കിയതിൽ പ്രവാസികൾക്കുള്ള പങ്ക് അനൽപ്പമാണ്.
സാക്ഷര കേരളത്തെയും കേരളത്തിന്റെ വിദ്യാസമ്പന്നതയെയും വളർത്തിയെടുത്തതും വിദ്യാലയങ്ങളും സ്ഥാപനങ്ങളും ദൗതിക ജീവിത സൗകര്യങ്ങളുമുണ്ടായതും അവരുടെ വിയർപ്പുതുള്ളികൾ കൊണ്ടാണ്. അവർക്ക്കൂടിയുള്ളതാണ്കേരളത്തിന്റെ നേട്ടങ്ങളൊക്കെയും.

കേരളത്തിലെ മതപണ്ഡിതരും സംഘടനകളും ഏറെ മുന്നിൽ നടക്കുകയായിരുന്നു.
മതം മാനവികതക്കു വേണ്ടിയാണ്, മനുഷ്യനെ നാശത്തിലേക്ക് നയിക്കുന്ന ഒന്നിനും മതം കൂട്ടുനിൽക്കുകയില്ല എന്ന മനസോടെ സർക്കാരിനും ആരോഗ്യ വകുപ്പിനും മത നേതൃത്വം നൽകിയത് ചില്ലറ കരുത്തല്ല.

പതിറ്റാണ്ടുകളായി നാം നേടിയ ഈ സാമ്പത്തിക സാംസ്ക്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ സമ്പാദ്യമെല്ലാം ഒന്നിച്ച് നിന്നതുകൊണ്ടാണ് പ്രതിസന്ധികളിൽ നമുക്ക് വിജയിക്കാനാവുന്നത്. ആ പരിതസ്ഥിതിയിൽ രൂപപ്പെടുന്ന സന്നദ്ധ പ്രവർത്തന മനസും സേവന മനോഭാവവും നിറഞ്ഞ മനുഷ്യ സ്നേഹ മനസും ഐകൃ ബോധവും ഒത്തൊരുമയും നമുക്ക് കരുത്താവുകയായിരുന്നു. അതിന്റെ പിന്നണിയിൽ പതിറ്റാണ്ടുകളായി കേരളത്തെ നയിച്ചവരും കേരളത്തെ വളർത്തിയവരും എല്ലാമുണ്ട്.

ഒപ്പം ഇന്ന് നായകത്വം നൽകുന്നവരുടെ ഇഛാശക്തിയും; ഒന്നും നാം മറക്കാൻ പാടില്ല.

ലോകസമ്പന്നരാജ്യങ്ങൾ വരെ മരുന്നിനായി ഇന്ത്യക്ക് മുമ്പിൽ യാചിച്ചു നിൽക്കുമ്പോൾ അത് ഇന്നിൻ്റെ മാത്രം നേട്ടമല്ല തലമുറകളായി നാം നേടിയ നേട്ടമാണ് എന്ന് തിരിച്ചറിയാൻ നമുക്കാവണം.

അതുപോലെ തന്നെയാണ് കേരളവും.

MI Rasheed Master

Leave a Reply

Your email address will not be published. Required fields are marked *