കോവിഡ്-19 ബോധവൽക്കരണം: മാതൃകയായി പുളിക്കൽ മസ്ജിദ് തഖ്‌വ

അഫ്സൽ ഐക്കരപ്പടി

അല്ലാഹു അക്ബർ…. ലാ ഇലാഹ ഇല്ലല്ലാഹ്… എന്ന ദൈവ നാമത്തിന്റെ അറബിയിലുള്ള ഈരടികളല്ല ഇപ്പോൾ മലപ്പുറം ജില്ലയിലെ പുളിക്കൽ മസ്ജിദുത്തഖ് വയിൽ നിന്നും ഉയരുന്നത്. പകരം പ്രിയപ്പെട്ട നാട്ടുകാരെ… വീട്ടിലിരിക്കൂ… എന്ന് തുടങ്ങുന്ന കൊറോണ ജാഗ്രതയുടെ മുന്നറിയിപ്പുകളാണ്.
ജില്ലാ കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞയുമായി ബന്ധപ്പെട്ട അറിയിപ്പുകളും ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശങ്ങളും പള്ളി മിനാരത്തിൽ പുറത്തേക്ക് വരുമ്പോൾ റോഡരികിലും വീട്ടിലുമൊക്കെയുള്ളവർ സാകൂതം ചെവികൂർപ്പിച്ചു കേൾക്കുന്നു.

കൊറോണ കോവിഡ് 19 വൈറസ്, ഭീതി പടർത്തുന്ന സാഹചര്യത്തിൽ മലപ്പുറത്തെ ഏറെക്കുറെ ആരാധനാലയങ്ങൾ എല്ലാം അടഞ്ഞു കിടക്കുകയാണ്. പള്ളികളിൽ കൂട്ടുപ്രാർത്ഥനകളും നിസ്കാരങ്ങളും നിർത്തലാക്കി പള്ളി അടച്ചുപൂട്ടികൊണ്ടിരിക്കുകയാണ്. വിവിധ മതസംഘടനകൾ അവർക്കു കീഴിലെ പള്ളി-മഹല്ലുകളിൽ കൂട്ടുപ്രാർത്ഥനകൾ ഒഴിവാക്കാൻ നിർദ്ദേശം നൽകി കഴിഞ്ഞു.

കേരളത്തിൽ ആദ്യമായി കോവിഡ് ബാധ്യതയുണ്ടെന്ന് അറിഞ്ഞ ഉടനെ ആഴ്ചകൾക്ക് മുമ്പ് തന്നെ പുളിക്കലിലെ ഈ പള്ളിയിൽ വരുന്ന എല്ലാവർക്കും കൃത്യമായ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിരുന്നു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം വരുന്നതിനുമുമ്പ് ഒരാഴ്ച മുമ്പ് തന്നെ പള്ളി കമ്മിറ്റി ഭാരവാഹികൾ പള്ളിയിലെ പ്രാർത്ഥനകൾ ഒഴിവാക്കി പള്ളി അടച്ചിട്ടു. ഇപ്പോഴിതാ പുളിക്കൽ മസ്ജിദു തഖ്‌വ പള്ളിയിൽ നിന്നും ജില്ലാ കലക്ടറുടെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ അഞ്ചിലധികം തവണ ഇടയ്ക്കിടെ മുഴങ്ങിക്കൊണ്ടിരുന്നു. കേരളക്കരയിലെ മറ്റു ആരാധനാലയങ്ങൾക്ക് മാതൃകയാവുകയാണ് മസ്ജിദുത്തഖ് വ.
ഇതര മതസ്ഥർ പങ്കെടുക്കുന്ന വെള്ളിയാഴ്ച ജുമുഅ ഖുത്ബയ്ക്ക് കേരളത്തിൽ തുടക്കം കുറിച്ചതും ഈ പള്ളിയാണ്.

പുളിക്കൽ മസ്ജിദുത്തഖ് വ പള്ളിയിൽ വിശേഷ ദിവസങ്ങളിൽ നാനാ ജാതി മതസ്ഥർ പങ്കെടുക്കുന്ന മാനവിക സൗഹൃദ സംഗമങ്ങൾ, നാട്ടിലെ മുഴുവൻ ആളുകൾക്കും ഉള്ള സ്ഥിരമായ ഹോമിയോ ചികിത്സാ ക്ലിനിക്, മറ്റു വിദ്യാഭ്യാസ-റേഷൻ-സാമ്പത്തിക സഹായങ്ങൾ തുടങ്ങിയ മാതൃകാ പ്രവർത്തനങ്ങൾ ഈ പള്ളിയിൽ നടന്നുവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *