കൊവിഡ് 19; 75 ജില്ലകൾ അടച്ചിടാൻ കേന്ദ്ര നിർദ്ദേശം, കേരളത്തിൽ 7 ജില്ലകൾ

കൊവിഡ്19 ബാധയുടെ പശ്ചാത്തതലത്തില്‍ കേരളത്തിലെ ഏഴു ജില്ലകള്‍ അടച്ചിടും. കൊറോണ റിപ്പോര്‍ട്ട് ചെയ്ത രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയതിൻ്റെ ഭാഗമായാണ് കേരളത്തിലെ 7 ജില്ലകൾക്കും നിയന്ത്രണം വരുന്നത്. തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ്, മലപ്പുറം, കണ്ണൂര്‍, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളാണ് അടച്ചിടുക. ഈ ജില്ലകളില്‍ അവശ്യ സര്‍വ്വീസുകള്‍ മാത്രമായിരിക്കും അനുവദിക്കുക.

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ക്യാബിനറ്റ് സെക്രട്ടറിയും സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ യോഗത്തിനു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. അന്തർസംസ്ഥാന ബസ്സുകളും ട്രെയിൻ ഗതാഗതവും നിർത്തിവെച്ചിട്ടുണ്ട്. മെട്രോ സർവീസുകളും നിർത്തലാക്കി.

കേരളത്തിന് പുറമെ കൊവിഡ് ബാധയുള്ള സംസ്ഥാനങ്ങളിലെ ജില്ലകളിലും ലോക് ഡൗണ്‍ ഉണ്ട്. ഇതില്‍ അവശ്യസര്‍വീസുകള്‍ എന്താണ് എന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. നേരത്തെ പഞ്ചാബ് സര്‍ക്കാര്‍ അവശ്യസര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു.

അതേസമയം രാജ്യത്ത് കൊറോണ ബാധിച്ച രോഗികളുടെ എണ്ണം 341 ആയി ഉയർന്നിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *