പാലത്തായി പീഡനം: ആ വൈറസിനെ പിടിച്ചകത്തിടാൻ എന്താണ് തടസ്സം?

കണ്ണൂര്‍ കൂത്തുപറമ്പ് പാലത്തായിയില്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായി പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലെ പോലീസ് വീഴ്ചയെക്കുറിച്ച് എഴുത്തുകാരി ദീപ നിഷാന്തിൻ്റെ പ്രതികരണം.

“പപ്പൻ മാഷ് ഈ സ്കൂളില് വരണ്ടായിരുന്നു… എന്നെ വല്ലാണ്ട് എടങ്ങേറാക്കും… “

” അനക്ക് ഉമ്മയോട് പറഞ്ഞൂടേ ?”

“അതൊന്നും എനക്ക് പറയാങ്കയ്യൂല… എനക്ക് ആകപ്പാടേള്ളത് എൻറുമ്മാ മാത്രാണ്.. എനക്ക് ഉപ്പയില്ലാലോ “

” പപ്പൻ മാഷ് അന്നെ എന്താ ബാത്ത്റൂമീ വെച്ച് ചെയ്തേ?”

Poetry Plagiarism Controversy: University Grants Commission issues ...

‘രാക്ഷസൻ’ സിനിമയിലെ ഡയലോഗൊന്നുമല്ല കേട്ടോ… രണ്ടു നാലാം ക്ലാസ്സുകാരികൾ സ്കൂളിലിരുന്ന് പറയുന്ന കാര്യങ്ങളാണിത്. അക്കാര്യം അതിലൊരു കുട്ടി മാധ്യമ പ്രവർത്തകനോട് വിശദീകരിക്കുന്നതാണ്.

പപ്പൻ മാഷ് ക്ലാസ്സിൽ വരുമ്പോൾ, തലവേദനയാണെന്നും പറഞ്ഞ് ഡസ്കിൽ തലവെച്ചു കിടക്കുന്ന നാലാംക്ലാസ്സുകാരി.

സ്റ്റാഫ് റൂമിൽ പോയിക്കിടക്കാൻ കുട്ടിയോടു പറയുന്ന പപ്പൻ മാഷ്..

അയാളെ ഭയന്ന് സ്കൂളിലേക്ക് പോകാതെ ദിവസങ്ങളോളം വീട്ടിലിരിക്കുന്ന പെൺകുട്ടി…

ക്ലാസ്സില്ലാത്ത ദിവസങ്ങളിൽ അവളെ സ്കൂളിലേക്ക് വിളിക്കുന്ന അധ്യാപകൻ.ഉമ്മാനെക്കൊല്ലും ‘ എന്ന ഭീഷണിയിൽ വീട്ടിൽ കള്ളം പറഞ്ഞ് അയാൾ വിളിക്കുന്നിടത്തേക്ക് ചെല്ലേണ്ടി വരുന്ന ആ കുട്ടിയുടെ ഗതികേട്…

വെറുതെയൊന്ന് ചിന്തിച്ചു നോക്കണം.ആ കുട്ടിയുടെ മാനസികാവസ്ഥ…അരക്ഷിതത്വബോധം… അനുഭവിക്കുന്ന ട്രോമ…ആ പെൺകുട്ടിയുടെ സ്ഥാനത്ത് നമ്മുടെയൊക്കെ മക്കളുടെ മുഖമൊന്ന് വെറുതെ പ്രതിഷ്ഠിച്ചു നോക്കണം.. അപ്പോൾ നമുക്ക് കുറേക്കൂടി പൊള്ളും.

ഒട്ടും വൈകാരികതയില്ലാതെ ചില വസ്തുതകൾ പറയാം.

കണ്ണൂരിൽ നാലാം ക്ലാസുകാരിയെ അധ്യാപകൻ സ്കൂളിലെ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു.

Also Read: പാലത്തായി പീഡനം; സംഘ് പരിവാർ നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍

ബി ജെ പി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കൂടിയായ പത്മരാജനാണ് പ്രതി.

പീഡനാനന്തരം കടുത്ത മാനസികസമ്മർദ്ദത്തിലായിരുന്ന കുട്ടി സ്കൂളിൽ പോകാൻ വിസമ്മതിച്ചപ്പോഴാണ് ബന്ധുക്കൾ വിവരമറിഞ്ഞത്.

പിതാവ് മരിച്ചതിനാൽ മാതാവിന്റെ സംരക്ഷണയിലാണ് കുട്ടി കഴിയുന്നത്.കുട്ടിയെ പ്രതി ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയിരുന്നതായി മൊഴിയുണ്ട്.

കഴിഞ്ഞ മാസം 16 ന് തലശ്ശേരി ഡി വൈ എസ് പി ഓഫീസിൽ നേരിട്ട് ചെന്ന് വീട്ടുകാർ പരാതി കൊടുത്തിട്ടുണ്ട്.

പിറ്റേന്ന് തന്നെ പാനൂർ പോലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറിയിട്ടുണ്ട്.

സി ഐ ശ്രീജിത്തിനായിരുന്നു ആദ്യം അന്വേഷണച്ചുമതല. പിന്നീട് അദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തെത്തുടർന്ന് മറ്റൊരാൾക്ക് ചുമതല കൈമാറി.

മജിസ്ട്രേറ്റിനു മുന്നിൽ 164 പ്രകാരം കുട്ടി രഹസ്യമൊഴി കൊടുത്തിരുന്നു. അധ്യാപകൻ ഉപദ്രവിച്ച കാര്യം മജിസ്ട്രേറ്റിനു മുന്നിൽ പറഞ്ഞതായി കുട്ടി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി – മാർച്ച് കാലയളവിൽ മൂന്ന് തവണ ഇയാൾ കുട്ടിയെ ഉപദ്രവിച്ചിട്ടുള്ളതായി കുട്ടി മൊഴി കൊടുത്തിട്ടുണ്ട് എന്നാണ് ലഭ്യമായ വിവരം.

പീഡനം വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതി പത്മരാജനെതിരെ നേരത്തെയും പരാതികളുയർന്നിട്ടുള്ളതായി നാട്ടുകാർ പറയുന്നു. സമാനമായ രീതിയിൽ ഇയാൾ മറ്റു പല കുട്ടികളേയും ഉപദ്രവിച്ചതായി സൂചനയുണ്ട്.

പോക്സോ കേസുകളിൽ പെൺകുട്ടിയെ അന്വേഷണാർത്ഥം എവിടേക്കും വിളിപ്പിക്കരുത് എന്നാണ് നിയമം. പെൺകുട്ടിയെ ഡി വൈ എസ് പി ഓഫീസിലേക്കും, സ്കൂളിലേക്കും കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിട്ടുള്ളതായി വീട്ടുകാർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. കൗൺസലിംഗിനായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തതായും പറയുന്നു. അതെല്ലാം കുട്ടിക്ക് മാനസികസമ്മർദമുണ്ടാക്കിയിട്ടുണ്ട്.

ബി ജെ പി അധ്യാപക സംഘടനയുടെ ജില്ലാ നേതാവ് കൂടിയായ പ്രതിയെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

പരാതിപ്പെട്ട് കേസെടുത്ത് ഒരു മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രദേശത്തെ സി പി എം, കോൺഗ്രസ്, ലീഗ് നേതൃത്വങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്. കൊറോണ പശ്ചാത്തലത്തിൽ വലിയ ആൾക്കൂട്ടപ്രതിഷേധം നടത്താൻ പറ്റാത്തതിനാൽ അവർ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.

‘പൗരത്വബില്ലിനെ അനുകൂലിച്ച് പോസ്റ്റിട്ടതിന്റെ പേരിൽ അധ്യാപകനോടുള്ള വൈരാഗ്യം തീർക്കാൻ പെൺകുട്ടിയെ കരുവാക്കിക്കൊണ്ട് നടത്തുന്ന പൊറാട്ട്നാടകം ‘ എന്ന് ബി ജെ പി പ്രാദേശികനേതൃത്വം സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ടെന്നും ബി ജെ പി അനുഭാവികൾ അത്തരം പോസ്റ്റുകൾ ഫേസ്ബുക്കിൽ ഇട്ടിട്ടുണ്ടെന്നും ഏഷ്യാനെറ്റിന്റെ റിപ്പോർട്ടിലുണ്ട്.

അതേ സമയം പ്രതിയുടെ ഫോൺറെക്കോഡ് പോലീസ്‌ പരിശോധിച്ചിട്ടുണ്ട് എന്നും, അതിൽ പല തവണ ഈ അധ്യാപകൻ പെൺകുട്ടിയെ വിളിച്ചതിന്റെ തെളിവുകളുണ്ട് എന്നും ബോധ്യപ്പെട്ടിട്ടുണ്ട്.

അന്തരീക്ഷത്തീന്ന് പിടിച്ചെടുത്ത് കൊടുത്ത പരാതിയല്ല.

വൈദ്യപരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിയിക്കപ്പെട്ടതാണ്.

ആ കുട്ടി കൃത്യമായി മൊഴി കൊടുത്തിട്ടുള്ളതാണ്..

സഹപാഠികളടക്കം അത് ശരി വെച്ചിട്ടുള്ളതാണ്..

ലോക്ഡൗണിന്റെ തിരക്കുകളുണ്ടാവും.. പക്ഷേ ഏതു കൊറോണക്കാലത്തും ഏറ്റവും ജാഗ്രതയോടെ തിരിച്ചറിയേണ്ടതും പ്രതിരോധിക്കേണ്ടതും നശിപ്പിക്കേണ്ടതും ഇത്തരം വൈറസുകളെത്തന്നെയാണ്…

Leave a Reply

Your email address will not be published. Required fields are marked *