ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കുന്നു: കൊറോണ സെല്ലിന്റെ ചുമതല നൽകാൻ തീരുമാനം

പത്രപ്രവര്‍ത്തക യൂണിയനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ശ്രീറാമിനെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം

മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കേസിൽ പ്രതിയായി സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമനെ സർവീസിൽ തിരിച്ചെടുക്കുന്നു. ആരോഗ്യവകുപ്പിൽ നിയമിക്കാനാണു സർക്കാർ തീരുമാനം.

കോവിഡ്‌ 19 വ്യാപിക്കുന്ന സാഹചര്യത്തിൽ, ഡോക്റ്റർ കൂടിയായ വെങ്കട്ടരാമനെ കൊറോണ സെല്ലിന്റെ ചുമതല നൽകാനാണ് തീരുമാനം എന്നാണറിയുന്നത്. ഹേവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് എംബിബിഎസ് കരസ്ഥമാക്കിയത്.

ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസിൽ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ ഉദ്യോഗസ്ഥ സമിതി ജനുവരി അവസാനം മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയിരുന്നു. സസ്പെൻഷൻ കാലാവധി ആറുമാസം പിന്നിട്ടതിനെ തുടർന്നാണ് സാങ്കേതികത്വം ചൂണ്ടിക്കാട്ടി ശ്രീറാമിനെ തിരിച്ചെടുക്കാനുള്ള ശുപാർശ സമർപ്പിച്ചിരുന്നത്.

കഴിഞ്ഞ വർഷം ആഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമിത വേഗതയിലായിരുന്ന കാർ മാധ്യമ പ്രവർത്തകനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. താനല്ല ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്താണ് വാഹനം ഓടിച്ചതെന്നായിരുന്നു വിഷയത്തിൽ ശ്രീറാമിന്റെ വിശദീകരണം. സംഭവസമയത്ത് താൻ മദ്യപിച്ചിരുന്നു എന്നതടക്കമുള്ള ആരോപണങ്ങളും ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച ഏഴ് പേജുള്ള കത്തിൽ ശ്രീറാം നിഷേധിച്ചിരുന്നു.

പത്രപ്രവര്‍ത്തക യൂണിയനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ശ്രീറാമിനെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ നീട്ടിയാല്‍ ബാധ്യതയാകുമെന്നും കോടതിയില്‍നിന്ന് അടക്കം തിരിച്ചടി നേരിടേണ്ടി വരുമെന്നും പത്രപ്രവര്‍ത്തക യൂണിയനുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചെടുക്കാനുള്ള തീരുമാനം.

 

Leave a Reply

Your email address will not be published. Required fields are marked *