ജൈവ യുദ്ധങ്ങളുടെ ചരിത്രം; വൈറസ് വ്യാപനത്തിൻ്റെയും

സദ്റുദ്ദീൻ വാഴക്കാട്

കാഫയിലെ കോട്ടക്കകത്തേക്ക് പ്ലേഗ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മംഗോളിയൻ സൈന്യം വിക്ഷേപിച്ചതാണ്, രോഗവിഷാണുക്കൾ (virus) ഉപയോഗിച്ചുള്ള ആദ്യത്തെ ജൈവയുദ്ധമെന്ന് ചരിത്രം പറയുന്നു. ആർത്ഥിയടങ്ങാത്ത സാമ്രാജ്യത്വ താൽപര്യങ്ങളുമായാണ് പതിനാലാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ മംഗോളിയർ കരിങ്കടൽ തീരത്ത് പടയോട്ടം നടത്തിയത്. ക്രിമിയയിലെ കാഫ നഗരം കീഴടക്കലായിരുന്നു ലക്ഷ്യം. അതിൻ്റെ അവസാന ഘട്ടത്തിലെ ഈ രോഗവിഷാണു പ്രയോഗമാണ്, യൂറോപ്പിൽ ബ്ലാക്ക് ഡെത്ത് പടരാൻ കാരണമായതെന്ന് ചരിത്രകാരൻമാർ നിരീക്ഷിക്കുന്നു.

ഇന്ന് തിയോഡേഷ്യ എന്ന് വിളിക്കപ്പെടുന്ന പഴയ കാഫ തുറമുഖ നഗരം, 1200 – 1700 കാലത്ത് മേഖലയിലെ അതീവ സാമ്പത്തിക പ്രാധാന്യമുള്ള സമുദ്രതീര കച്ചവട കേന്ദ്രമായിരുന്നു. അന്ന് ലോകത്തെ ഏറ്റവും വലിയ അടിമക്കച്ചവടം നടന്നിരുന്ന ആ കാഫാ നഗരം, 1340കളിൽ മംഗോളിയൻ സൈന്യം ഉപരോധിച്ചു. നഗരത്തിനു ചുറ്റും ജെനോവക്കാർ നിർമ്മിച്ച കോട്ടയെ മറികടന്ന് അകത്തേക്ക് പ്രവേശിക്കാൻ മംഗോൾ സൈന്യത്തിന് സാധിച്ചില്ല. അതിനിടയിലാണ്, മാരകമായ പ്ലേഗ് രോഗം മംഗോളിയൻ സൈന്യത്തെ ബാധിച്ചത്. അവരുടെ നിരവധി പട്ടാളക്കാർ മരിച്ചുവീണുകൊണ്ടിരുന്നു. ഉപരോധം അവസാനിപ്പിച്ച് പിൻവാങ്ങുകയല്ലാതെ മംഗോളിയൻ സൈന്യത്തിന് വേറെ വഴിയുണ്ടായിരുന്നില്ല. പക്ഷേ, പിൻവാങ്ങുന്നതിന് മുമ്പ് മംഗോളിയക്കാർ, പ്ലേഗ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ വലിയ വിക്ഷേപണ സംവിധാനങ്ങൾ ഉപയോഗിച്ച് കോട്ടമതിലുകൾക്കു മുകളിലുടെ നഗരത്തിനകത്തേക്ക് എയ്തു വിട്ടു. കാഫാ നഗരത്തിൽ കാട്ടു തീ പോലെ പ്ലേഗ് പടർന്നു പിടിക്കാൻ ഇതു കാരണമായത്രെ! ആളുകൾ കൂട്ടത്തോടെ മരണത്തിലേക്ക് എടുത്തെറിയപ്പെട്ടു കൊണ്ടിരുന്നപ്പോൾ, കുറേപേർ ഗാലി കപ്പലുകളിൽ ജീവനും കൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചു. അവരുടെ കപ്പലുകൾ എത്തിയ തുറമുഖങ്ങളിലെല്ലാം പ്ലേഗ് പടർന്നു പിടിച്ചു. കറുത്ത മരണം എന്ന് വിളിക്കപ്പെട്ട ഭീകര ദുരന്തം യൂറോപ്പിനെ തകർത്തെറിയാൻ നിമിത്തമായത് മംഗോളിയൻ സൈന്യത്തിൻ്റെ ഈ ‘ജൈവ യുദ്ധം’ ആയിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.

കൊറോണ വൈറസിനെ സംബന്ധിച്ച് പലതലങ്ങളിലുള്ള രാഷ്ട്രീയ, സാമ്പത്തിക ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞിരിക്കെ, രോഗവിഷാണുക്കൾ ഉപയോഗിച്ചു കൊണ്ടുള്ള ജൈവ യുദ്ധങ്ങളുടെ ചരിത്രം അറിഞ്ഞുവെക്കുന്നതും ലോകത്തെ ഓർമ്മിപ്പിക്കുന്നതും നന്നായിരിക്കും. ഇന്ന് ചൈനയാണ് കോവിഡ് 19ൻ്റെ പ്രഭവകേന്ദ്രം. ബ്ലാക്ക് ഡെത്തിൻ്റെ കാരണമായ പ്ലേഗിൻ്റെ പ്രഭവകേന്ദ്രവും ചൈനയോ, മധ്യേഷ്യയോ ആയിരുന്നു. രാഷ്ട്രീയ ആധിപത്യവും സാമ്പത്തിക കൊള്ളയും ലക്ഷ്യം വെച്ചു കൊണ്ടുള്ള സാമ്രാജ്യത്വ നടപടികളായിരുന്നു മധ്യേഷ്യയിലും യൂറോപ്പിലും ബ്ലാക്ക് ഡെത്ത് പടർന്നു പിടിക്കാൻ കാരണമായത്. കാഫയിൽ നിന്ന് പകർന്ന പ്ലേഗ് പ്രധാനമായും ആദ്യം ബാധിച്ചത് ഇറ്റലിയെ ആയിരുന്നു. കോവിഡ് 19ഉം ചൈനയിൽ നിന്ന് പടർന്ന് ഇറ്റലിയിലാണ് കൂടുതൽ നാശം വിതച്ചതും യൂറോപ്പിലാകെ വ്യാപിച്ചതും. സൂക്ഷ്മതലങ്ങളിൽ പരിശോധിച്ചാൽ സമാനതകൾ വേറെയും കണ്ടെത്താനാകും. രാഷ്ട്രീയ മേധാവിത്വത്തിനും സാമ്പത്തിക സ്വാർത്ഥതകൾക്കും വേണ്ടിയുള്ള കുടിലതകളിൽ അതെല്ലാം സന്ധിക്കുന്നുവെന്നതാണ് പ്രധാനം. ചൈനയിൽ നിന്ന് പടർന്ന കൊറോണ വൈറസ് ഉണ്ടായതാണോ, ഉണ്ടാക്കിയതാണോ എന്ന ചോദ്യത്തിന് കാലം മറുപടി തരുന്നതുവരെ കാത്തിരിക്കുകയേ നിർവാഹമുള്ളൂ.

Are Disease-Carrying Insects Escaped Bio-weapons?

സാമ്രാജ്യത്വ അധിനിവേശ താൽപര്യങ്ങൾക്കായി രോഗവിഷാണുക്കൾ ജൈവായുധമായി ഉപയോഗിച്ചതിൻ്റെ ക്രൂരമായ അധ്യായമാണ് അമേരിക്കൻ ആദിവാസികൾക്കെതിരായ ബ്രിട്ടീഷുകാരുടെ വസൂരി രോഗ വ്യാപനം. ക്രിസ്റ്റഫർ കൊളംബസ് എന്ന ഇറ്റാലിയൻ കൊളോണിയൽ നായകൻ തുടക്കമിട്ട, അമേരിക്കയിലെ യൂറോപ്യൻ അധിനിവേശ ക്രൂരതകളുടെ തുടർച്ചയായിരുന്നു ഇത്. കൊളംബസിൻ്റെയും പിൻഗാമികളുടെയും ചരിത്രത്തോട് ചേർത്തുവെക്കാതെ ഇറ്റലിയുടെയും യൂറോപ്യരുടെയും വർത്തമാനത്തെ വായിക്കാൻ കഴിയുമോ എന്ന ചോദ്യവും ഇപ്പോൾ പ്രസക്തമാണ്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ അമേരിക്കൻ ജനത നടത്തിയ ചെറുത്ത് നിൽപ്പുകളിലൊന്നായിരുന്നു 1763 ലെ പോണ്ടിയാക്ക് യുദ്ധം. അമേരിക്കൻ ഗോത്രവർഗ്ഗക്കാർ ധാരാളമായി പങ്കെടുത്ത ഈ യുദ്ധത്തിൽ വിജയിക്കാനായി ബ്രിട്ടീഷുകാർ, അമേരിക്കൻ ജനതയിൽ വസൂരി പരത്താൻ പദ്ധതിയിട്ടു. രണ്ട് ഘട്ടങ്ങളിലായാണ് അവർ രോഗാണു വ്യാപനം നടത്തിയത്. 1763 ജൂൺ 24 ന് ക്യാപ്റ്റൻ സൈമൺ ഇക്വേയർ, തദ്ദേശിയരായ പ്രതിനിധികൾക്ക് രണ്ട് ബ്ലാങ്കറ്റും ഒരു തൂവാലയും ഇരുമ്പ് പെട്ടിയിൽ വെച്ച് നൽകാൻ നിർദേശിച്ചു. വസൂരി പടരാൻ കാരണമായ രോഗാണുക്കളുണ്ടായിരുന്നു ആ സമ്മാനപ്പെട്ടിയിൽ എന്ന് ആ പാവങ്ങൾ പക്ഷേ അറിഞ്ഞില്ല. ബ്രിട്ടീഷ് കമാൻഡർ ജെഫ്രി ആംഹെർസ്റ്റും സ്വിസ്- ബ്രിട്ടീഷ് ഓഫീസർ കേണൽ ഹെൻട്രി ബൗക്വെസ്റ്റുമാണ് 1763 ജൂലൈ പതിനാറിനു ശേഷമുള്ള രണ്ടാം ഘട്ടത്തിന് നേതൃത്വം നൽകിയത്. വസൂരി രോഗാണുക്കളുള്ള പുതപ്പുകൾ അവർ ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു. വസൂരി, ഇൻഫ്ലുവൻസ, ചികൻ പോക്സ്, അഞ്ചാംപനി തുടങ്ങിയ മാരക പകർച്ചവ്യാധികൾ തദ്ദേശീയ ജനതക്കിടയിൽ പടർന്നു പിടിച്ചു. പോണ്ടിയാക്ക് യുദ്ധത്തിലും അതിനു ശേഷവും നാല് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനുമിടയിൽ അമേരിക്കൻ തദ്ദേശീയരാണ് വസൂരി ബാധിച്ച് മരിച്ചത്.

എന്നാൽ, ബി.സി 1500- 1200 കാലത്തു തന്നെ ശത്രുരാജ്യങ്ങൾക്കെതിരെ രോഗ വിഷാണുക്കൾ പ്രയോഗിക്കാൻ തുടങ്ങിയതായി ഹിറ്റിറ്റെ (Hittite) ഭാഷയിൽ എഴുതപ്പെട്ട ചില ചരിത്രരേഖകളിൽ പരാമർശിച്ചിട്ടുണ്ടത്രെ. മുയലുകളിൽ നിന്ന് പകരുന്ന ടുലറീമിയ (tularemia) പനി ബാധിച്ചവരെ ശത്രുരാജ്യങ്ങളിലേക്ക് പറഞ്ഞു വിട്ട് അവിടെ പകർച്ചവ്യാധികൾ പരത്തുകയായിരുന്നു ഒരു രീതി. രോഗബാധിതരായി മരണപ്പെട്ടവരുടെ ശവശരീരങ്ങൾ ശത്രുരാജ്യങ്ങളിലേക്ക് കടത്തിവിടുക, അവരുടെ കിണറുകളിലും ജലസംഭരണികളിലും ഇത്തരം മൃതദേഹങ്ങൾ ഇട്ട് അറ്റമില്ലാത്ത രോഗവ്യാപനത്തിന് ഇടയാക്കുകയോ, ശുദ്ധജല ക്ഷാമം സൃഷ്ടിക്കുകയോ ചെയ്യുക, പേ വിഷം ബാധിച്ചവരുടെ ഉമിനീർ ശത്രുക്കൾക്കെതിരെ ഉപയോഗിക്കുക, വീഞ്ഞിൽ കുഷ്ഠരോഗികളുടെ രക്തം കലർത്തി നൽകുക, വെള്ളത്തിലും ഭക്ഷണത്തിലും വിഷം കലർത്തുക തുടങ്ങിയ കുടിലതകളാണ് ആദിമകാലത്ത് പ്രയോഗിച്ചിരുന്നത്. ഇതിലൂടെ മാരക രോഗങ്ങൾ പടർന്നു പിടിക്കുകയും ശത്രു രാഷ്ട്രങ്ങളിലെ ആയിരക്കണക്കിന് മനുഷ്യർ മരിച്ചുവീഴുകയും ചെയ്തു. കൂട്ടമരണത്തോടൊപ്പം ശത്രുസമൂഹത്തിൽ ഭീതി വിതക്കുകയെന്ന മനശാസ്ത്ര യുദ്ധവും കൂടിയായിരുന്നു ഇത്. പൗരാണിക ഗ്രീക്ക് സാഹിത്യകാരൻ ഹോമറിൻ്റെ, ട്രോജൻ യുദ്ധം, ഇലിയഡ്, ഒഡീസി എന്നിവയെക്കുറിച്ച ഇതിഹാസ കാവ്യങ്ങളിൽ കുന്തങ്ങളിലും അമ്പുകളിലും വിഷം കലർത്തിയതായി പറയുന്നുണ്ട്. ബി.സി 590 ൽ നടന്ന ഗ്രീസിലെ ഒന്നാം വിശുദ്ധ യുദ്ധത്തിലും മധ്യ യൂറേഷ്യയിൽ ഉൾപ്പെട്ട സീഥിയനിലും ബി.സി 184 ൽ പെർഗാമൊണിലും അന്നത്തെ ‘ജൈവായുധങ്ങൾ’ ഉപയോഗിച്ചിരുന്നു. ഉഗ്രവിഷമുള്ള പാമ്പുകളെ മൺകലങ്ങളിൽ നിറച്ച്, ശത്രുക്കളുടെ കപ്പലുകളിൽ നിക്ഷേപിക്കുകയായിരുന്നു ഒരു രീതി. ക്രി. 198ൽ ഇറാഖിലെ ഹത്ര ആക്രമിച്ച, സെപ്റ്റിമ്യുസ് സർവറസിൻ്റെ നേത്യത്വത്തിലുള്ള റോമൻ സൈന്യം ഉപയോഗിച്ച വിഷം പുരട്ടിയ വാളുകൾ കൊണ്ട് മുറിവേറ്റവർ ഞരമ്പുവലി (tetanus) രോഗബാധിതരായതായി ചരിത്രവിവരണങ്ങളിൽ കാണാം. 1789ൽ ആസ്ട്രേലിയൻ ആദിവാസികൾക്കിടയിൽ ബ്രിട്ടീഷുകാർ മനപൂർവ്വം വസൂരി പടർത്തിയതിന് ധാരാളം തെളിവുകളുണ്ടെന്ന് 1997ൽ ഡേവിഡ് ഡേ അവകാശപ്പെടുകയുണ്ടായി.

ഭൗതിക പുരോഗതിയും ശാസ്ത്രത്തിൻ്റെ വളർച്ചയും പിൽക്കാലത്ത്, മനുഷ്യനെ കൂടുതൽ ക്രൂരനാക്കുകയായിരുന്നു. കൂട്ട നശീകരണ ആയുധങ്ങൾ ഉപയോഗിച്ച് നിരപരാധികളായ സാധാരണ മനുഷ്യരെ വരെ ക്രൂരമായി കൊന്നൊടുക്കുന്ന യുദ്ധരീതികൾ ആവിഷ്കരിക്കപ്പെട്ടു. മാരകമായ രോഗാണുക്കൾ ഉണ്ടാക്കി ബോധപൂർവ്വം മനുഷ്യരിൽ പരത്തുകയാണ് ഈ ജൈവ യുദ്ധത്തിൻ്റെ രീതി. ശാസ്ത്ര സാങ്കേതിക വിദ്യയുടെ അഭൂതപൂർവ്വകമായ വളർച്ച ഇതിന് കൂടുതൽ മാരകമായ മുഖം നൽകി. ഇരുപതാം നൂറ്റാണ്ടിൽ ഉണ്ടായ ജീവാണുശാസ്ത്രത്തിൻ്റെ (Bacteriology) വികാസം പുതിയ ജൈവായുധങ്ങൾക്ക് (germ warfare) ജൻമം നൽകാൻ മനുഷ്യനെ ധൃഷ്ടനാക്കിയെന്നു പറയാം. ജാക്ക് ലണ്ടൻ 1909 ൽ എഴുതിയ Yah! Yah! Yah! എന്ന ചെറുകഥയിൽ, ദക്ഷിണ പസഫിക് ദ്വീപിലേക്ക് അധിനിവേശം നടത്തുന്ന യുറോപ്യർ, തദ്ദേശിയർക്കിടയിൽ മനപ്പൂർവം അഞ്ചാംപനി അവരെ ശിക്ഷിക്കുന്നതായും, അതിൽ ധാരാളം പേർ മരിക്കുന്നതായും ചിത്രീകരിക്കുന്നുണ്ട്. അദ്ദേഹം തന്നെ 1910 ൽ ‘സമാനതകളില്ലാത്ത അധിനിവേശം’ എന്ന കഥയിൽ, പാശ്ചാത്യ രാജ്യങ്ങൾ ജൈവ ആക്രമണത്തിലൂടെ ചൈനയെ തുടച്ചു നീക്കുന്നതാണ് ആവിഷ്കരിച്ചിട്ടുള്ളത്. അതായത്, ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ തന്നെ ജൈവ യുദ്ധങ്ങൾ പലരും പ്രവചിച്ചിരുന്നുവെന്നർത്ഥം.

1900നു ശേഷമുണ്ടായ പല യുദ്ധങ്ങളിലും ജൈവായുധങ്ങൾ ഉപയോഗിക്കപ്പെട്ടതായി നിരീക്ഷണങ്ങളുണ്ട്. പ്ലേഗ്, കോളറ, ആന്ത്രാക്സ്, ടൈഫസ്, മാർബർഗ് വൈറസ്, എബോള, ഷിഗല്ല, യെല്ലോ ഫീവർ, സ്മാൾ പോക്സ്, തുലറീമിയ, മൈക്കോസിസ്, ക്യൂ ഫീവർ, റിഫ്റ്റ് വാലി ഫീവർ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന മാരക വൈറസുകൾ പല രാജ്യങ്ങളുടെയും ലബോറട്ടറികളിൽ വികസിപ്പിച്ചെടുക്കുകയുണ്ടായി. രാസായുധങ്ങളും
ന്യൂക്ലിയർ ആയുധങ്ങളും കൂട്ട നരഹത്യയുടെ ഭീബത്സത നമുക്ക് കാണിച്ചു തന്നു. ഒരു ഭാഗത്ത് ജീവൻരക്ഷാ മരുന്നുകളും ഉപകരണങ്ങളും കണ്ടെത്താൻ വൈദ്യശാസ്ത്രജ്ഞർ കിനാധ്വാനം ചെയ്തുകൊണ്ടിരുപ്പോൾ തന്നെ, മറുഭാഗത്ത് മനുഷ്യൻ്റെ കൂട്ടമരണത്തിന് കാരണമാകുന്ന വൈറസുകൾ പടച്ചുവിടാൻ പണിയെടുത്തതും ശാസ്ത്രജ്ഞർ തന്നെ. അതായത്, ശാസ്ത്രം ഒരു ഭാഗത്ത് മനുഷ്യനെ കൂടുതൽ ഭീകരരാക്കി മാറ്റുന്നുവെന്നർത്ഥം.

ഒന്നാം ലോക യുദ്ധത്തിൽ (1914- 1918) ജർമ്മനി ആന്ത്രാക്സും ഗ്ലാൻഡേഴ്സും ജൈവായുധങ്ങളായി ഉപയോഗിച്ചിരുന്നുവെന്ന് ചരിത്രം പറയുന്നു. ജൈവായുധങ്ങൾ വഴി ശത്രുരാജ്യങ്ങളുടെ കാർഷിക മേഖലയെയും അവർ ഉന്നം വെച്ചു. നയതന്ത്ര സന്ദേശങ്ങൾ കൈമാറുന്ന കവറുകളും പൊതു കൊറിയകളും മറ്റും ഇതിനായി ഉപയോഗിച്ചു.1916ൽ റഷ്യൻ കുതിര കൾക്കുമേൽ ആന്ത്രാക്സ് പ്രയോഗിച്ചു. കുതിരകളെ ബാധിക്കുന്ന രോഗ വിഷാണുവായ ഗ്ലാൻഡേഴ്സും പ്രയോഗിച്ചു. റഷ്യയിൽ പ്ലേഗ് പരത്താനും ജർമ്മൻ സൈന്യം ശ്രമം നടത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ പൗരത്വമുള്ള ജർമ്മൻ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥൻ, ഡോ. ആൻ്റൺ കാസിമിർ ഡിൽഗർ, മേരിലാൻ്റിലെ തൻ്റെ സഹോദരിയുടെ വീടിൻ്റെ താഴെ ഗ്ലാൻഡേഴ്സ് ഉൽപ്പാദിപ്പിക്കാനായി ഒരു ലാബ് സ്ഥാപിച്ചിരുന്നു. തുറമുഖങ്ങളിലെ കന്നുകാലികളിലും കത്തുകൾ ശേഖരിക്കുന്ന കേന്ദ്രങ്ങളിലുമൊക്കെ ഈ രോഗവിഷാണു പരത്തി. ന്യു യോർക്ക് സിറ്റി, വെർജിനീയയിലെ നോർഫോക്, ന്യൂപോർട്ട് ന്യൂസ്, മെരിലാൻ്റിലെ ഏറെ ജനവാസമുള്ള ബാൽടിമോർ, സെൻ്റ് ലൂയിസ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇതുവഴി രോഗബാധയുണ്ടായി. അർജൻ്റീനയിലെ ബ്യൂണസ് അയേഴ്സ് തുറമുഖത്തും ജർമ്മൻ ഏജൻ്റുമാർ ഗ്ലാൻ്റേഴ്സ് രോഗം എത്തിച്ചു.വിനാശകാരിയ ഒരു ഫംഗസ് ഉപയോഗിച്ച് ഗോതമ്പു കൃഷി നശിപ്പിക്കാനും ശ്രമങ്ങളുണ്ടായി. എന്നാൽ, സ്വിറ്റ്സർലാൻ്റിലെ ഫ്രഞ്ച് വിദഗ്ദർ വഴി ജർമ്മനിക്ക് സമാനമായ ജൈവായുധ ആക്രമണം ഉണ്ടാവുകയും ജർമ്മൻ കുതിരാലയങ്ങളിൽ ബുർഖോൾ ഡയേറിയ പിടിപെടുകയും ചെയ്തിരുന്നു.

Is COVID-19 an American bioweapon?

ബ്രിട്ടനും അമേരിക്കയും രണ്ടാം ലോകയുദ്ധത്തിനു (1939-45) മുമ്പുതന്നെ ജൈവായുധങ്ങൾ വികസിപ്പിച്ചിരുന്നു. വിൻസ്റ്റൻ്റ് ചർച്ചിലിൻ്റെ തന്നെ നേത്യത്വത്തിൽ നടന്ന പരീക്ഷണത്തിലുടെ ബ്രിട്ടൻ ആന്ത്രാക്സ്, തുലാരീമിയ, ബ്രൂസെല്ലോസിസ്, ബോട്ടുലിസം തുടങ്ങിയ ജൈവായുധങ്ങൾ നിർമ്മിച്ച് സൂക്ഷിച്ചു. ബ്രിട്ടൺ പരീക്ഷണത്തിന് ഉപയോഗിച്ച സ്കോട്ട്ലാൻഡിലെ ഗ്രാനാർഡ് ദ്വീപ്, ആന്ത്രാക്സിൻ്റെ പ്രയോഗം വഴി നാൽപ്പത്തിയെട്ട് വർഷത്തേക്ക് ഗുരുതരമായി മലിനീകരിക്കപ്പെട്ടു. ജൈവായുധങ്ങൾ വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കാനായിരുന്നു ബ്രിട്ടൻ്റെ തുടർപദ്ധതി. ജപ്പാനും ഫ്രാൻസും ജൈവായുധ നിർമ്മാണത്തിൽ ഇതേ സമയത്ത് മുന്നോട്ടു പോകുന്നുണ്ടായിരുന്നു.
രണ്ടാം ലോക യുദ്ധത്തിൽ ജപ്പാൻ ചൈനക്കെതിരെ ജൈവായുധങ്ങൾ ഉപയോഗിക്കുകയുണ്ടായി. പ്ലേഗ് ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകൾ അടങ്ങിയ വസ്ത്രങ്ങളും ബോംബുകളും ചൈനക്കാർക്കിടയിൽ വിമാനത്തിൽ നിന്ന് വർഷിക്കുകയായിരുന്നു. പ്ലേഗ് ബാധിച്ച എലിച്ചെള്ളുകളെയും ഇതിനായി ഉപയോഗിച്ചു. ഇതു വഴി ആന്ത്രാക്സ്, കോളറ, പ്ലേഗ് തുടങ്ങിയ രോഗങ്ങൾ ചൈനയിൽ പടർന്നുപിടിച്ചു. നാലു ലക്ഷം ചൈനക്കാരാണ് അതുവഴി മരണമടഞ്ഞതെന്ന് ചൈനീസ് അധികൃതർ പറയുന്നു.

1950,52,53,62 വർഷങ്ങളിലെല്ലാം അമേരിക്കയും ബ്രിട്ടണും സോവിയറ്റ് റഷ്യയും പലവിധത്തിലുള്ള ജൈവ, രാസ ആയുധങ്ങൾ വികസിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. 1950-53 കാലത്തെ യുദ്ധത്തിൽ കൊറിയക്കെതിരെ അമേരിക്ക ജൈവായുധങ്ങൾ പ്രയോഗിച്ചതായി ചൈനയും ദക്ഷിണ കൊറിയും വിമർശനം ഉന്നയിച്ചിരുന്നു. തങ്ങളുടെ ദ്വീപുകളിൽ മനുഷ്യർക്കും മൃഗങ്ങൾക്കും രോഗങ്ങൾ വരുത്തുന്ന വൈറസുകൾ അമേരിക്ക പ്രയോഗിച്ചതായി ക്യൂബയും വെളിപ്പെടുത്തുകയുണ്ടായി. ഇസ്രായേലിൻ്റെ ഹഗാന മിലീഷ്യ 1948 ലെ യുദ്ധത്തിൽ ജൈവായുധങ്ങൾ ഉപയോഗിച്ചതായി വെളിപ്പെടുത്തിയത് അന്താരാഷ്ട്ര റെഡ് ക്രോസ് തന്നെയാണ്. അക്ക നഗരത്തിലെ ജലവിതരണ പദ്ധിതിയിൽ ഇസ്രായേൽ കലർത്തിയ ബാക്ടീരിയ ജനങ്ങൾക്കിടയിൽ വ്യാപകമായി ടൈഫോയ്ഡ് പടർന്നു പിടിക്കാൻ കാരണമായി. അമേരിക്ക, റഷ്യ, ഫ്രാൻസ്, ബ്രിട്ടൺ, കാനഡ എന്നീ രാജ്യങ്ങൾ നേരത്തെ തന്നെ ആക്രമണകാരികളായ ജൈവായുധങ്ങൾ വികസിപ്പിച്ചവയാണ്. ജൈവായുധ നിർമാർജന കരാറുകൾ കാരണം ഇപ്പോൾ അതിൽ നിന്ന് പിൻവാങ്ങിയെന്നാണ് അവർ അവകാശപ്പെടുന്നത്. എന്നാൽ, ചൈന, ക്യൂബ, ഈജിപ്ത്, ഇറാൻ, ഇസ്രായേൽ, നോർത്ത് കൊറിയ, റഷ്യ, സിറിയ, തായ്വാൻ എന്നീ രാജ്യങ്ങൾ വെളിപ്പെടുത്താത്ത ജൈവായുധങ്ങൾ സൂക്ഷിക്കുന്നവയാണെന്ന് 2008ൽ ഒരു അമേരിക്കൻ ഔദ്യോഗിക ഏജൻസി വിമർശനം ഉന്നയിച്ചിരുന്നു.

ജൈവായുധ നിർമ്മാണം ദുരന്തത്തിൽ കലാശിച്ച അനുഭവങ്ങളുമുണ്ട്. ജൈവായുധം നിർമ്മിക്കുന്ന ലാബുകളിൽനിന്ന് അത് ചോരാനും, അതിൻ്റെ നിർമ്മാതാവായ ശാസ്ത്രജ്ഞൻ തന്നെ മരിക്കാനും കാരണമായേക്കാം. നിർമ്മിച്ച രാജ്യത്തെ ജനങ്ങളെത്തന്നെ അത് കൂട്ടത്തോടെ കൊന്നൊടുക്കാം. 1979ൽ സോവിയറ്റ് റഷ്യയിലുണ്ടായ ജൈവായുധ ദുരന്തമാണ് ഉദാഹരണങ്ങളിലൊന്ന്. സ്വെർഡ്ലോവ്സ്ക് പട്ടണത്തിൽ യുദ്ധത്തിന് വേണ്ടി നിർമ്മിച്ച ആന്ത്രാക്സ് സ്പോറുകൾ ചോരുകയായിരുന്നു. ‘ബയോളജിക്കൽ ചെർണോബിൽ’ എന്നാണ് ചരിത്രത്തിൽ ഈ ദുരന്തം അറിയപ്പെടുന്നത്. ചൈനയിലെ ഒരു ജൈവായുധ ശേഖരത്തിൽ നിന്ന് സമാനമായൊരു ചോർച്ച ഉണ്ടായതായി സംശയിക്കപ്പെടുന്നുണ്ട്. രക്തസ്രാവം ഉണ്ടാക്കുന്ന ഒരുതരം പനി രണ്ടു തവണ ഇവിടെ പൊട്ടിപ്പുറപ്പെട്ടത് ഈ ചോർച്ചമൂലമാണെന്ന് റഷ്യൻ വിദഗ്ദർ അഭിപ്രായപ്പെടുന്നു.

ഒരു പക്ഷേ, ഈ ചോർച്ചകൾ വഴി വൈറസുകൾ ലോകമൊട്ടാകെ വ്യാപിച്ച്, ലക്ഷങ്ങളെ കൊല്ലാനും കോടാനുകോടിയുടെ നാശനഷ്ടങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ടായിരുന്നു. പക്ഷേ, ദൈവഹിതം കൊണ്ടാകണം അത് സംഭവിക്കാതെ പോയത്. ഇതിൻ്റെ അപകടങ്ങൾ മുമ്പിൽ കണ്ടു കൊണ്ടാണ് 1925ൽ തന്നെ ജൈവായുധ ഉപയോഗത്തിനെതിരെ ജനീവ കരാർ ഉണ്ടാക്കിയത്. പിന്നീട് ജൈവായുധ നിയന്ത്രണം കൂടുതൽ ഫലപ്രദമാക്കുന്നതിനു വേണ്ടി 1972 ൽ പുതിയ കരാർ രൂപപ്പെടുത്തുകയുമുണ്ടായി. 1996 ലും 2011ലും ഉണ്ടാക്കിയ പുതിയ കരാറുകളിൽ 165 രാജ്യങ്ങൾ ഒപ്പിടുകയുണ്ടായി. എന്നാൽ, കരാർ ഒപ്പുവെച്ചവല്ലൊം സത്യസന്ധതയോടെ അത് പാലിക്കണമെന്നില്ല. പരസ്യമായി ജൈവായുധങ്ങൾക്ക് എതിരു നിൽക്കുകയും രഹസ്യമായി ജൈവായുധങ്ങൾ നിർമ്മിക്കുകയും ചെയ്യാൻ ഈ കപടലോകത്തിന് തടസ്സമെന്ത്! പക്ഷേ, ഭാഗ്യരൂപത്തിൽ കാലം എപ്പോഴും അതിൻ്റെ കരുതൽ തന്ന് മനുഷ്യനെ തുണക്കണമെന്നില്ല. സ്വയം നശീകരണത്തിൻ്റെ വഴി തുറക്കുന്ന മനുഷ്യനെ സ്വകരങ്ങളുടെ ചെയ്തികൾ അനുഭവിക്കാൻ വിടുന്നൊരു കാവ്യനീതി കാലത്തിനുണ്ട്. ഹൃദയശൂന്യമായ ഭൗതികതക്ക് സാമൂഹിക ബോധമുള്ള ആത്മീയത കൊണ്ട് ചിറകെട്ടുക മാത്രമാണ് പരിഹാരം.

കടപ്പാട്: സുപ്രഭാതം

Leave a Reply

Your email address will not be published. Required fields are marked *