ഇനിയുമൊരു പ്രളയദുരന്തം ഉണ്ടാകാതിരിക്കണമെങ്കിൽ | എസ് പി രവി

കനത്ത മഴയും വളരെ വലിയ ദുരന്തങ്ങളും സമ്മാനിച്ച രണ്ടു മഴക്കാലങ്ങള്‍ക്കു ശേഷമാണ് 2020ലെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കടന്നു വരുന്നത്. കൂട്ടിനു മഹാമാരിയുമുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷകാല ദുരന്തങ്ങളില്‍ നിന്ന് നമ്മള്‍ എന്തെല്ലാം പാഠങ്ങള്‍ ഉള്‍ക്കൊണ്ടു എന്നതും അതിനനുസൃതമായി എന്തു തിരുത്തലുകള്‍ വരുത്തി എന്നതുമാണ് ഇത്തവണത്തെ ഒരുക്കങ്ങളുടെ പര്യാപ്തത നിശ്ചയിക്കുക.

ഇടവം തുടങ്ങുന്നതിനുമുമ്പുതന്നെ മഴക്കാലത്തെ പറ്റിയും പ്രളയസാധ്യതയെ പറ്റിയും മുഖ്യമന്ത്രി സംസാരിക്കുന്നു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആവശ്യമായ സവിശേഷ മുന്നൊരുക്കങ്ങളെ സംബന്ധിച്ചും അദ്ദേഹം സൂചിപ്പിക്കുന്നു. തികച്ചും സ്വാഗതാര്‍ഹമാണിത്. ഇതിനിടയില്‍ പക്ഷെ അല്‍ഭുതപ്പെടുത്തിയത് ആഗസ്റ്റില്‍ അതിവൃഷ്ടിയുണ്ടാകുമെന്നും വെള്ളപ്പൊക്കമുണ്ടാകാന്‍ ഇടയുണ്ടെന്നുമുള്ള പ്രസ്താവനയാണ്. ഇന്ത്യന്‍ മിറ്റിയോരോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (IMD) ഉള്‍പ്പെടെ ഒരു കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ഇത്തരം ഒരു പ്രവചനം നടത്തിയതായി അറിയില്ല. അവര്‍ക്ക് ഈ ഘട്ടത്തില്‍ അങ്ങനെ പ്രവചിക്കാനാവില്ല. അപ്പോള്‍ ആഗസ്റ്റില്‍ വെള്ളപ്പൊക്കം വരുമെന്നത് നമ്മുടെ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയിലെ (KSDMA) ആര്‍ക്കോ ഉണ്ടായ വെളിപാടായിരിക്കും എന്നു ന്യായമായും സംശയിക്കേണ്ടിവരും. വരാനിരിക്കുന്ന മഴക്കാലത്തെ സ്വാഗതം ചെയ്യാന്‍ കേരളം ഒരുങ്ങിക്കഴിഞ്ഞുവോ? എന്തൊക്കെയാകും മഴക്കാലം നമുക്കായി കരുതി വെച്ചിരിക്കുക? കഴിഞ്ഞ വര്‍ഷങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പ്രാഥമികമായ ഒരു അന്വേഷണത്തിന് ശ്രമിക്കുകയാണിവിടെ.

ജൈവമണ്ഡലത്തിന്റെ നിലനില്‍പ്പില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഘടകങ്ങളിലൊന്നത്രെ മഴ. കാര്‍ഷിക പ്രധാന രാജ്യമായ ഇന്ത്യയുടെ ധനകാര്യമന്ത്രിയെന്നു മണ്‍സൂണ്‍ മഴയെ വിശേഷിപ്പിച്ചത് ഏറെ അന്വര്‍ത്ഥമാണ്. കേരളത്തെ സംബന്ധിച്ച് അതിന്റെ ഏറ്റവും പ്രധാന സമ്പത്ത് പശ്ചിമഘട്ട മലനിരകളും സമൃദ്ധമായി പെയ്യുന്ന മഴയുമാണ്. സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യേണ്ട മഴക്കാലത്തെ പക്ഷെ അല്‍പ്പമല്ലാത്ത ആശങ്കയോടെ മാത്രമേ ഇപ്പോള്‍ നമുക്ക് കാണാനാകുന്നുള്ളു.

Why the Kerala floods proved so deadly - BBC News

കനത്ത മഴയും വളരെ വലിയ ദുരന്തങ്ങളും സമ്മാനിച്ച രണ്ടു മഴക്കാലങ്ങള്‍ക്കു ശേഷമാണ് 2020ലെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കടന്നു വരുന്നത്. കൂട്ടിനു മഹാമാരിയുമുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷകാല ദുരന്തങ്ങളില്‍ നിന്ന് നമ്മള്‍ എന്തെല്ലാം പാഠങ്ങള്‍ ഉള്‍ക്കൊണ്ടു എന്നതും അതിനനുസൃതമായി എന്തു തിരുത്തലുകള്‍ വരുത്തി എന്നതുമാണ് ഇത്തവണത്തെ ഒരുക്കങ്ങളുടെ പര്യാപ്തത നിശ്ചയിക്കുക.

പല ഘടകങ്ങള്‍ ചേര്‍ന്നാണ് 2018 ഓഗസ്റ്റിലെ വന്‍ദുരന്തം സൃഷ്ടിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കൂടി ഭാഗമായ അതിതീവ്രമായ മഴതന്നെയാണ് ഇതില്‍ ഒന്നാമത്തെ ഘടകം. ആകെ പെയ്യുന്ന മഴയേക്കാള്‍ ചുരുങ്ങിയ സമയത്തിനിടെ പെയ്യുന്ന അതിശക്തമായ മഴയാണ് വെള്ളപ്പൊക്കത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതും മലയിടിച്ചിലിനും ഉരുള്‍പൊട്ടലിനും വഴി വെക്കുന്നതും. കഴിഞ്ഞ 2 വര്‍ഷങ്ങളിലും സംസ്ഥാനത്തിന്റെ നിരവധിയിടങ്ങളില്‍ 24 മണിക്കൂറിനിടെ 30ഉം 40ഉം സെന്റിമീറ്ററിലധികവും 48 മണിക്കൂറില്‍ 50-60 സെന്റിമീറ്ററിലധികവും മഴ രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം വയനാട്ടിലെ ബാണാസുരസാഗര്‍ ഡാമില്‍ 4 ദിവസം കൊണ്ട് 110 സെന്റി മീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. ആകെ മഴദിനങ്ങള്‍ കുറയുകയും പെയ്യുന്ന മഴയുടെ ശക്തി വര്‍ദ്ധിക്കുകയും ചെയ്യുന്ന പ്രവണത ഏതാനും പതിറ്റാണ്ടായി തന്നെയുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇനി ഏതു മഴക്കാലത്തും ഇത്തരം മഴ പ്രതീക്ഷിക്കണം. കേരളത്തിലെ ഒരു പുഴക്കും 24 മണിക്കൂറില്‍ 50 ഉം 48 മണിക്കൂറില്‍ 80 ഉം സെന്റി മീറ്ററിനുമുകളില്‍ മഴ പെയാതാല്‍ താങ്ങാനാവില്ല. എന്നാല്‍ ഇത്തരത്തിലുള്ള മഴയുടെ സാധ്യത കണക്കിലെടുക്കാനോ അങ്ങനെ മഴ പെയ്താല്‍ ഉണ്ടാകാനിടയുള്ള ദുരന്തങ്ങളുടെ വ്യാപ്തി കണക്കാക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടെന്ന് കരുതുന്നില്ല. അതിലുപരി കാലാവസ്ഥാ പ്രതിസന്ധിയെന്ന, ജീവിതത്തിന്റെ സമസ്തമേഖലകളേയും ബാധിക്കുന്ന വലിയ വെല്ലുവിളി നേരിടാനുള്ള ഫലപ്രദമായ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.

സംസ്ഥാനത്തിന്റെ ഭൂവിനിയോഗത്തില്‍ ഉണ്ടായിരിക്കുന്ന വലിയ മാറ്റങ്ങളാണ് വെള്ളപ്പൊക്കത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ച മറ്റൊരു ഘടകം. മലയിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുന്നതിന്റെ ഏറ്റവും പ്രധാന കാരണവും ഇതുതന്നെയാണ്. വനാവരണം നഷ്ടപ്പെട്ടും കരിങ്കല്‍ ക്വാറികള്‍ തീര്‍ത്ത ആഴത്തിലുള്ള അനേകായിരം മുറിവുകള്‍ പേറിയുമാണിന്നു സഹ്യന്‍ നില കൊള്ളുന്നത്. മുന്‍കാലങ്ങളില്‍ പെയ്ത്തുവെള്ളത്തില്‍ നല്ലൊരു ശതമാനം സ്വന്തം ഗര്‍ഭത്തിലേക്കാവാഹിച്ചിരുന്ന ഈ മലനിരകളില്‍ മിക്കയിടങ്ങള്‍ക്കും ഇന്ന് ഒരു തുള്ളി മഴവെള്ളം പോലും പിടിച്ചുനിര്‍ത്താനാകുന്നില്ല. വെടിമരുന്ന് പൊട്ടിത്തെറിച്ചുണ്ടായ ആഘാതങ്ങളില്‍ ദുര്‍ബലമായും റോഡു വെട്ടുമ്പോള്‍ പാദങ്ങള്‍ മുറിച്ചു മാറ്റപ്പെട്ടുമിരിക്കുന്ന ഈ മലനിരകളുടെയുള്ളിലും ഇന്നു മാനം കറുക്കുമ്പോള്‍ ഭയമാണ്. കൂടുതല്‍ കരിങ്കല്‍ ക്വാറികള്‍ അനുവദിച്ചുകൊണ്ടും ക്വാറികള്‍ക്ക് നിയന്ത്രണമുള്ള

ദൂര പരിധി കുറച്ചുകൊണ്ടുമാണ് സര്‍ക്കാര്‍ ഈ സാഹചര്യത്തോട് പ്രതികരിച്ചത്. ഇടനാട്ടില്‍ നെല്‍പ്പാടങ്ങളില്ലാതായതും പ്രളയതടങ്ങള്‍ നഷ്ടപ്പെട്ടതും വെള്ളത്തിന്റെ വഴിയടച്ചുകെട്ടിയുള്ള നിര്‍മ്മിതികളും വെള്ളപ്പൊക്കത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ച ഘടകങ്ങളാണ്. സര്‍ക്കാര്‍ പക്ഷെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതി പിന്‍വലിക്കണം എന്ന ആവശ്യം തള്ളിക്കളയുകയായിരുന്നു.

അധികൃതര്‍ എത്ര നിഷേധിച്ചാലും 2018ലെ വെള്ളപ്പൊക്കം അതിരൂക്ഷമാക്കുന്നതില്‍ അണക്കെട്ടുകള്‍ കൈകാര്യം ചെയ്യുന്നതിലെ വലിയ വീഴ്ച മറയ്ക്കാനാവില്ല. 2018ലെ മഴക്കാലാരംഭത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വളരെയധികം വെള്ളമാണ് ഇന്നു സംസ്ഥാനത്തെ അണകെട്ടുകളിലുള്ളത്. ഇടുക്കിയില്‍ 2018 മെയ് 31ന് സംഭരണശേഷിയുടെ 25 ശതമാനം വെള്ളമുണ്ടായിരുന്നു. ഇത് അണകെട്ട് വേഗം നിറയുന്നതിന് ഒരു കാരണമായിരുന്നു. ഇത്തവണ മെയ് 31ന് ഇടുക്കിയില്‍ ലൈവ് സ്‌റ്റോറേജിന്റെ 35 ശതമാനമെങ്കിലും വെള്ളമുണ്ടാകും. ശക്തമായ മഴപെയ്താല്‍ ഇത് വലിയ വെല്ലുവിളിയാണുയര്‍ത്തുക.

പ്രകൃതി ധാരാളം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ദുരന്തസാധ്യത മുന്‍കൂട്ടി കാണുവാനോ അത് ലഘൂകരിക്കുവാനോ ആവശ്യമായ മുന്‍കരുതലുകളും മുന്നൊരുക്കങ്ങളും നടത്താനോ ജനങ്ങള്‍ക്ക് യഥാസമയം മുന്നറിയിപ്പു നല്‍കാനോ പരാജയപ്പെട്ടൊരു ദുരന്ത നിവാരണ സംവിധാനത്തൊണ് 2018ല്‍ കേരളം കണ്ടത്. വെള്ളം ഉയരാന്‍ തുടങ്ങിയ ശേഷം വന്‍തോതിലിറങ്ങിവന്ന ജനങ്ങളുടെ മുന്‍കൈയില്‍ സര്‍ക്കാര്‍ സംവിധാനങ്ങങ്ങളുടെ കൂടി ഫലപ്രദമായ ഇടപെടലോടെ നടത്തിയ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും മാത്രമാണ് അതിനിടയില്‍ രജതരേഖയായി നിന്നത്. 2019ലും ഇതാവര്‍ത്തിച്ചു. അനുഭവങ്ങളുടെ വെളിച്ചത്തില്‍ ജില്ലാതലം മുതലുള്ള ദുരന്തനിവാരണ സംവിധാനങ്ങള്‍ ഇന്ന് കുറെകൂടി ശക്തമായിട്ടുണ്ട്. വിശേഷിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വലിയ പങ്ക് ഒരു പരിധി വരെയെങ്കിലും അംഗീകരിക്കപ്പെടുന്നത് ശുഭകരമാണ്. എന്നാല്‍ ദുരന്തസാധ്യതകള്‍ സമഗ്രമായി വിലയിരുത്താനോ ദുരന്തങ്ങള്‍ ഒഴിവാക്കാനോ ലഘൂകരിക്കാനോ വേണ്ട നടപടികള്‍ വിഭാവനം ചെയ്തു നടപ്പാക്കാനോ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എത്രമാത്രം പര്യാപ്തമാണ് എന്ന സംശയം നിലനില്‍ക്കുന്നു. ആയിരകണക്കിനു മലയിടിച്ചലുകളും നിരവധി വലിയ ഉരുള്‍പൊട്ടലുകളും ഇക്കഴിഞ്ഞ മഴക്കാലങ്ങളില്‍ ഉണ്ടായി എങ്കിലും സംസ്ഥാനത്തെ എത്ര പഞ്ചായത്തുകളില്‍ അവരുടെ പ്രദേശങ്ങളില്‍ എവിടെയെല്ലാം മലയിടിച്ചില്‍ ഉണ്ടാകാം എന്ന് സ്ഥലത്തിന്റെ സര്‍വ്വേ നമ്പര്‍ ഉള്‍പ്പെടെ രേഖപ്പെടുത്തിയ ഭൂപടം ഉണ്ടാകും? വെള്ളം കയറാനിടയുള്ള പ്രദേശങ്ങളുടെ സമാനമായ ഭൂപടം ഉണ്ടാകും? തയ്യാറെടുപ്പുകളുടെ അടിസ്ഥാനമാകേണ്ട ഇത്തരം രേഖകള്‍ ഉണ്ടാകാത്തത് സാങ്കേതിക പരിമിതികള്‍ക്കപ്പുറം ആരുടെയൊക്കെയോ കരങ്ങള്‍ ബന്ധിതമായതിനാലാണോ?

Kavalappara and Puthumala testimonies to dangers lurking in ...

വെള്ളപ്പൊക്ക നിയന്ത്രണ നടപടികള്‍ ഓരോ പുഴത്തടത്തിന്റേയും അടിസ്ഥാനത്തില്‍ വേണം വിഭാവനം ചെയ്യാന്‍. പുഴത്തടത്തില്‍ ഓരോയിടത്തും പെയ്യുന്ന മഴയും അവിടെ നിന്നൊഴുകിയെത്തുന്ന വെള്ളമുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ വിലയിരുത്തിയാണ് വെള്ളപ്പൊക്കസാധ്യത കണക്കാക്കുക. ഓരോ പുഴയിലും തന്ത്രപ്രധാനമായ ഒന്നോ അതിലധികമോ കേന്ദ്രങ്ങളെ അടിസ്ഥാനമാക്കി വേണം പ്രളയ നിയന്ത്രണ നടപടികള്‍ ആസൂത്രണം ചെയ്യേണ്ടത്. അണക്കെട്ടുകളുള്ള പുഴകളില്‍ ഇത് പലപ്പോഴും ഏറ്റവും താഴെയുള്ള അണകെട്ടാകാം. മറ്റു പുഴകളില്‍ പുഴയുടെ പ്രധാന കൈവഴികള്‍ ചേരുന്നതിനു തൊട്ടുമുമ്പുള്ള ഇടമോ ആയിരിക്കും അഭികാമ്യം. പെരിയാറില്‍ ഭൂതത്താന്‍കെട്ടിനെ കേന്ദ്രീകരിച്ചും ചാലക്കുടിപ്പുഴയില്‍ പെരിങ്ങല്‍കുത്തിനെ കേന്ദ്രീകരിച്ചും ആയിരിക്കണം പ്രധാന കേന്ദ്രം. ഭാരതപ്പുഴയില്‍ ഇത് ചിറ്റൂര്‍പ്പുഴയും കല്‍പ്പാത്തിപ്പുഴയും ചേരുന്ന പറളിക്കു താഴെയെവിടെയെങ്കിലുമായിരിക്കും അഭികാമ്യം. ഇതിനുതാഴെ ഒഴുകിചേരുന്ന തൂതയെ സവിശേഷമായിതന്നെ പരിഗണിക്കുകയും വേണം.

മഴക്കാലമുന്നൊരുക്കവും ദുരന്തസാധ്യതാ ലഘൂകരണവും സംബന്ധിച്ച് സംസ്ഥാനത്തെ നദീസംരക്ഷണ സമിതികളും മറ്റു വിദഗ്ധരും ചേര്‍ന്ന് സംസ്ഥാന സര്‍ക്കാരിനു മുന്നില്‍ ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ചാലക്കുടിപ്പുഴത്തടത്തില്‍ വേണ്ട നടപടികള്‍ സംബന്ധിച്ച വിശദമായ നിവേദനം പുഴത്തടത്തില സംഘടനകള്‍ ജനപ്രതിനിധികള്‍ക്കും നല്‍കിയിട്ടുണ്ട്. ചില പ്രധാന നിര്‍ദ്ദേശങ്ങള്‍ മാത്രം ഇവിടെ ചേര്‍ക്കുന്നു.

  • വൈദ്യുതിബോര്‍ഡിന്റെ അണകെട്ടുകളില്‍ ഉയര്‍ന്ന ജലനിരപ്പാണുള്ളത്. അടിയന്തിരമായി ജലവൈദ്യുതി ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് മെയ് 31നുള്ളില്‍ ജലശേഖരം കുറക്കണം.
  • എല്ലാ അണക്കെട്ടുകളുടേയും റെഗുലേറ്ററുകളുടേയും മുഴുവന്‍ ഷട്ടറുകളും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പു വരുത്തണം.
  • എല്ലാ അണക്കെട്ടുകള്‍ക്കും പ്രളയനിയന്ത്രണം ലക്ഷ്യമാക്കിയുള്ള rule curve, standard operating procedure (SOP) എന്നിവ തയ്യാറാക്കണം. ഇത് വിപുലവും വിശദവുമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വേണം തയ്യാറാക്കാന്‍. നിലവില്‍ തയ്യാറാക്കിയിട്ടുള്ളവ ചര്‍ച്ച ചെയ്ത് പുതുക്കണം.
  • പുഴത്തടതലത്തിലും തദ്ദേശ സ്വ.യംഭരണ സ്ഥാപനതലത്തിലും ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റ് തലത്തിലും ഫ്‌ളഡ് മാനേജ്‌മെന്റ് പ്ലാനുകള്‍ തയ്യാറാക്കണം.
  • ശക്തമായ മഴയുള്ള സമയങ്ങളില്‍ മഴയുടേയും നീരൊഴുക്കിന്റേയും ജലനിരപ്പിന്റേയുമെല്ലാം തല്‍സമയനിരീക്ഷണത്തിനും വിലയിരുത്തലിനും ഉള്ള സംവിധാനങ്ങള്‍ ഉണ്ടാകണം.
  • തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ബ്ലോക്ക് തലത്തില്‍ സംവിധാനങ്ങള്‍ വേണം.
  • കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ സവിശേഷ മുന്നൊരുക്കങ്ങളുണ്ടാകണം.

സൂപ്പര്‍ സൈക്ലോണായി മാറിക്കഴിഞ്ഞ ‘ഉംപുന്‍’’ ചുഴലികാറ്റിന്റെ പിന്‍മാറ്റത്തോടെ വരാനിരിക്കുന്ന മണ്‍സൂണ്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ ചിത്രം പ്രതീക്ഷിക്കുന്നു. എന്നാലതില്‍ പ്രളയസാധ്യതാ പ്രവചനങ്ങള്‍ ഉണ്ടാകില്ല. ആ സാധ്യതകളെ സംബന്ധിച്ച സൂചനകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുമാത്രമാണ് ലഭിക്കുക. അതിതീവ്രമായ മഴയെ കുറിച്ചാകട്ടെ ചിലപ്പോള്‍ മഴ തുടങ്ങുന്നതോടെ മാത്രമാണറിയുക. അപ്പോള്‍ പൂര്‍ണ്ണസജ്ജമായ ഭരണസംവിധാനത്തിനും ജനങ്ങള്‍ക്കും മാത്രമേ ഏതു സാഹചര്യത്തേയും നേരിടാനാവൂ. ഇതോടൊപ്പം നമ്മളൊരിക്കലും വിസ്മരിക്കാന്‍ പാടില്ലാത്ത വസ്തുത പ്രകൃതിപക്ഷത്തു നിന്നുകൊണ്ടുള്ള സമഗ്രമായ തിരുത്തലുകള്‍ എത്രയും വേഗം വരുത്തിയില്ലെങ്കില്‍ ഒരു ജാഗ്രതക്കും മുന്നൊരുക്കത്തിനും താങ്ങാനാവാത്ത ദുരന്തകാലങ്ങളാണ് നമ്മെ കാത്തിരിക്കുന്നതെന്നതെന്നതാണ്.

thecritic.in പ്രസിദ്ധീകരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *