സത്യാനന്തര കാലഘട്ടത്തിലെ മാധ്യമപ്രവർത്തനം

സുല്ഫകാർ അഹ്‌മദ്‌ / വിവഃ മുനീർ അഹ്‌മദ്‌

ജോർജ് ഓർവെൽ ഒരിക്കൽ പറഞ്ഞു: “സത്യത്തിൽ നിന്ന് ഒരു സമൂഹം അകലം പാലിക്കുന്തോറും, സത്യം പറയുന്നവരെ അവർ വെറുത്തു കൊണ്ടിരിക്കും.” അമേരിക്കൻ എഴുത്തുകാരനും ഹാസ്യകാരനുമായ മാർക്ക്‌ ട്വൈൻ പറഞ്ഞത്: “ഒരു നുണ ലോകം ചുറ്റി പകുതി ദൂരം പിന്നിടുമ്പോൾ സത്യം അതിൻ്റെ ചെരിപ്പ് അണിയുന്നേ ഉണ്ടാവൂ.”

തെറ്റായ വാർത്തകൾക്കും വിവരങ്ങൾക്കും കമ്പോളത്തിൽ വലിയ സാധ്യതകളും മതിയായ ഉപഭോക്താക്കളും എക്കാലത്തും ഉണ്ട്. എന്നാൽ സത്യത്തിന്റെ കാര്യത്തിൽ ഇത് നേരെ തിരിച്ചാണ്. സത്യാനന്തര കാലഘട്ടത്തിലെ മാധ്യമപ്രവർത്തനം ലാഭത്തെ അടിസ്ഥാനമാക്കി മാത്രമുള്ളതും വിശ്വാസ്യത കളഞ്ഞുകുളിച്ചതുമായ ഒരു തൊഴിൽ മേഖലയായി മാറി. ലോകതലത്തിൽ വിപുലമായ ഒരു നെറ്റ്‌വർക്ക് തന്നെ മാധ്യമവിപണിക്കുണ്ട്.

അവർ പറയുന്നതിൻ്റെ, കാണിക്കുന്നതിൻ്റെ ആധികാരികത തിരിച്ചറിയുക എന്നത് ഏറെ ദുഷ്കരമായ ജോലിയാണ്. അത്രത്തോളമാണ് വാർത്തകളുടെ കുത്തൊഴുക്ക്. ലാഭത്തിലൂന്നിയുള്ള മാധ്യമ മേഖലയിൽ വാർത്തകളുടെ തെരഞ്ഞെടുപ്പ് ജേർണലിസ്റ്റുകളെ സംബന്ധിച്ചേടത്തോളം വളരെ പ്രയാസമേറിയതാണ്. ഏറെയും ‘പൊതുബോധ’ത്തെ തൃപ്തിപ്പെടുത്തുന്ന വാർത്തകളും ദൃശ്യങ്ങളുമായിരിക്കും അവർ നൽകിക്കൊണ്ടിരിക്കുക. അല്ലെങ്കിൽ ഭരണ വർഗ്ഗത്തിന്റെ താല്പര്യങ്ങൾക്കനുസരിച്ചുള്ള പെയ്ഡ് സ്റ്റോറികൾ.

ഇന്ന് രാജ്യത്തെ മാധ്യമ പ്രവർത്തകർക്കിടയിൽ വ്യക്തമായ രണ്ട് വിഭാഗങ്ങൾ ഉണ്ട്. ഭരണകൂടത്തിന്റെ ‘അനൗദ്യോഗിക വക്താക്കളാ’ണ് ഒരു വിഭാഗമെങ്കിൽ, രണ്ടാമത്തേത് അധികാരികളോട് സത്യം വിളിച്ചു പറയുന്നവരാണ്. ഗവൺമെന്റിന്റെ നയങ്ങളെയും പദ്ധതികളെയും അവർ ചോദ്യം ചെയ്തുകൊണ്ടിരിക്കും. ഇത്തരം മാധ്യമപ്രവർത്തകർ, അവർ എതിർക്കുന്നവരുടെ ഭീഷണികൾക്കും കൈയേറ്റങ്ങൾക്കും ഇരയായിക്കൊണ്ടിരിക്കുന്ന കാഴ്ച വാർത്തയേ അല്ലാതായിരിക്കുന്നു. അർബൻ നെക്സലുകൾ, കോൺഗ്രസ്‌ വക്താക്കൾ, തുടങ്ങി മറ്റു പലമുദ്രകളും ചാർത്തപ്പെടുന്ന ഇക്കൂട്ടരെ ഭരണകൂടവും വേട്ടയാടുന്നു. ഫേസ്ബുക് പോസ്റ്റിന്റെ പേരിൽ കശ്‍മീരി മാധ്യമപ്രവർത്തകരെ ഈയടുത്ത ദിവസങ്ങളിൽ അറസ്റ്റ് ചെയ്ത നടപടി അതിന്റെ ഭാഗമാണ്.

ഭരണകക്ഷിയുടെ അജണ്ടക്കനുസരിച്ച് വാർത്തകൾ പടച്ചുവിടലല്ല മാധ്യമപ്രവർത്തനം. മറിച്ച് ആരും കേൾക്കാൻ ഇഷ്ടപ്പെടാത്ത അസുഖകരമായ സത്യങ്ങൾ വിളിച്ചു പറയലാണ്. ശബ്ദമില്ലാത്തവരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി മാറലാണ്. ഈ അടിസ്ഥാന ഉദ്ദേശ്യങ്ങളിൽനിന്ന് വ്യതിചലിച്ച മാധ്യമപ്രവർത്തനമാണ് ഇന്നുള്ളത്. ഒരു നുണ നൂറു വട്ടം ആവർത്തിച്ചാൽ അത് സത്യമാകും എന്ന ഗീബൽസിൻ്റെ പ്രോപഗണ്ടക്കനുസൃതമായുള്ള ഇക്കാലത്തെ മാധ്യമപ്രവർത്തനം രാജ്യത്തിൻ്റെ പൊതുമനസ്സിനെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നതാണ്. ഇതിലൂടെ ചോദ്യങ്ങൾ ഉന്നയിക്കുന്ന പൗരന്മാർക്ക് പകരം അനുസരണയുള്ള കുഞ്ഞാടുകൾ സൃഷ്ടിക്കപ്പെടുന്നു. തീരുന്നില്ല, വ്യക്തി-സാമൂഹിക തലങ്ങളിൽ ഒരു തരം മനോവിഭ്രാന്തിയും സംശയരോഗങ്ങളും വർധിച്ചു വരുന്നു. ചില വിഭാഗങ്ങൾ ബലിയാടാക്കപ്പെടും. മനസ്സുകൾ ഉത്കണ്ഠക്കും ഭയത്തിനും അടിപ്പെടും. ജനങ്ങൾക്കിടയിൽ ധ്രുവീകരണം സംഭവിക്കും. കലാപങ്ങൾ തലപൊക്കും.

ഇതെല്ലാം ഒരു വായനക്കാരൻ്റെ /പ്രേക്ഷകൻ്റെ ഉത്തരവാദിത്തം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. മുന്നിൽ എത്തപ്പെടുന്ന വാർത്തകളെ ഇഴകീറി പരിശോധിക്കാനുള്ള സൂക്ഷ്മത നമ്മൾ കാണിക്കേണ്ടതുണ്ട്. നമ്മെ അജ്ഞരും വിധേയപ്പെട്ടവരുമായി നിലനിർത്താനുള്ള ഭരണകൂട താല്പര്യങ്ങളെ ചെറുക്കാൻ സ്വയം തന്നെ അഭ്യസിക്കുകയും ബോധവാന്മാരാകുകയും ചെയ്യുക. ആരാലോ ഉണ്ടാക്കപ്പെട്ട ആശയങ്ങളും വിവരങ്ങളും ശേഖരിക്കുന്നതിലപ്പുറം സ്വന്തം പഠന ഗവേഷണങ്ങളിലൂടെ സമൂഹത്തോട് പറയാനുള്ളത് തേടിപ്പിടിക്കുന്നവരാകുക.

കൗണ്ടർ കറണ്ട് പ്രസിദ്ധീകരിച്ച ‘Journalism in the Post-Truth Era’ ലേഖനത്തിൻ്റെ വിവർത്തനം.

Leave a Reply

Your email address will not be published. Required fields are marked *