അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും കരിപ്പൂരില്‍ എയര്‍ ഇന്ത്യയുടെ ജംബോ വിമാനമിറങ്ങി. റൺവേ നവീകരണത്തിനായാണ് കരിപ്പൂരില്‍ ജംബോ സര്‍വീസ് നിര്‍ത്തിവെച്ചത്. കരിപ്പൂരിലെത്തിയ യാത്രക്കാരെയും ഫ്ളൈറ്റ് ജീവനക്കാരെയും കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കരിപ്പൂരിൽ നിന്ന് കൂടുതൽ സർവ്വീസ് തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ആഴ്ചയിൽ രണ്ട് ദിവസമാണ് വിമാനം സർവ്വീസ് നടത്തുന്നത്.
രാവിലെ 7:10 ന് 392 യാത്രക്കാരുമായി പറന്നിറങ്ങിയ വിമാനത്തെ വാട്ടർ കാനൺ സല്യൂട്ട് നൽകി സ്വീകരിച്ചു. വിമാനത്താവളത്തിന്റെ റൺവേ നവീകരണ പ്രവൃത്തി കാരണം അഞ്ചുവർഷം മുമ്പാണ് എയർ ഇന്ത്യ വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിയത്. റൺവേ അറ്റകുറ്റപ്പണി പൂർത്തിയായെങ്കിലും പലകാരണങ്ങൾ ചൂണ്ടിക്കാട്ടി സർവീസ് പുനരാംരംഭിച്ചിരുന്നില്ല. അതിനിടെ, വിമാനത്താവളം കൂടുതൽ സ്ഥലമെടുത്ത് വികസിപ്പിക്കാതെ വലിയ വിമാനങ്ങൾ ഇറക്കാൻ പറ്റില്ലെന്ന് എയർപോർട്ട് അതോറിറ്റിയും മന്ത്രാലയവും നിലപാടെടുത്തതും പ്രതിസന്ധിക്കിടയാക്കി. പ്രദേശ വാസികളുടെ നിരന്തര സമരങ്ങൾക്കൊടുവിൽ ഭൂമി ഏറ്റെടുത്തുള്ള വികസനത്തിൽനിന്നും അധികൃതർ പിന്നാക്കം പോയി. ജംബോ വിമാനം ഇറങ്ങിയത് കരിപ്പൂരിൽ നടന്ന സമരങ്ങളുടെ കൂടെ വിജയമായി വിലയിരുത്തപ്പെടും.
ജിദ്ദയിൽ നിന്നും ഞായർ, വെളളി ദിവസങ്ങളിൽ രാത്രി 11.15ന് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം രാവിലെ 7.05ന് കരിപ്പൂരിലെത്തും. കരിപ്പൂരിൽ നിന്നും തിങ്കൾ, ശനി ദിവസങ്ങളിലാണ് സർവീസ്. വൈകീട്ട് 5.30ന് പുറപ്പെട്ട് രാത്രി 9.15ന് ജിദ്ദയിലെത്തുന്ന തരത്തിലാണ് ക്രമീകരണം.