കോവിഡ്19 പ്രതിരോധപ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ, കേരളത്തിൻ്റെ സവിശേഷമായ മേന്മയും പൊതുജനാരോഗ്യ രംഗത്തെ മുന്നേറ്റവും മുൻ നിർത്തി വാഷിങ്ടൺ പോസ്റ്റിൽ വന്ന ലേഖനത്തെക്കുറിച്ച് മാധ്യമ പ്രവർത്തകൻ എസ്എ അജിംസ് ഫേസ്ബുക്കിൽ കുറിച്ച പ്രതികരണം.
വാഷിങ്ടണ്‍ പോസ്റ്റില്‍ കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ കുറിച്ച് വന്ന റിപ്പോര്‍ട്ടില്‍ കേരളത്തെ കമ്യൂണിസ്റ്റ് സ്റ്റേറ്റ് ആയി വിശേഷിപ്പിച്ചതും കേരള മോഡല്‍ ഒരു കമ്യൂണിസ്റ്റ് മോഡല്‍ ആണെന്ന പരാമര്‍ശമുണ്ടായതും സംബന്ധിച്ച് ചില കാര്യങ്ങള്‍ പറയണമെന്നുണ്ട്.
1. കേരള മോഡല്‍ ഒരു കമ്യൂണിസ്റ്റ് മോഡല്‍ മാത്രമല്ല, കമ്യൂണിസ്റ്റുകളുള്പ്പടെ നിരവധി സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക വിഭാഗങ്ങളുടെ ചരിത്രപരവും കൂട്ടായതും തുടര്‍ച്ചയുള്ളതുമായ നിരന്തര നവീകരണ പ്രക്രിയയുടെ ഭാഗമാണ്. കേരള മോഡലിന് കാര്യമായ തകരാറുകളുണ്ടെന്ന് എണ്‍പതുകളില്‍ ചൂണ്ടിക്കാട്ടിയതും ഇടത് ആഭിമുഖ്യമുള്ള അക്കാദമിക്കുകളാണ്. അതിന് ശേഷം, കേരള മോഡലിന്റെ ദൗര്‍ബല്യങ്ങളെ കുറിച്ച് അക്കാദമികമായതും രാഷ്ട്രീയവുമായ നിരവധി വിമര്ശങ്ങളുയര്ന്നിരുന്നു. അതില്‍ ചിലത് തിരുത്താനുള്ള ശ്രമങ്ങളുണ്ടായതിന്റെ ഭാഗമാണ് കേരളം ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടം. ഇന്ന് നാം കാണുന്ന ആരോഗ്യരംഗത്തെ നമ്മുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍ ഈ സര്‍ക്കാരിന് മുന്‍പുണ്ടായ വിവിധ സര്‍ക്കാരുകളുടെ സംഭാവനകളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സംഭാവനയാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെയ സിഎച്ച്സികളുടെയും വികസനത്തിന് വിഎസ് സര്‍ക്കാര്‍ സവിശേഷമായ ശ്രദ്ധ നല്‍കിയിരുന്നു. ഡോക്ടര്‍മാരുടെ അലഭ്യത ഇല്ലാതാക്കാനും ബോധപൂര്‍വമായ ശ്രമം നടന്നിട്ടുണ്ട്.

2. കേരള മോഡലിനെതിരെ എണ്‍പതുകളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ഇനിയും തിരുത്തപ്പെടാത്തത് ഭൂപരിഷ്കരണത്തിലുണ്ടായ പാളിച്ചകളാണ്. മൂന്ന് തരം വിമര്‍ശനങ്ങളാണ് ഭൂപരിഷ്കരണത്തിനെതിരെ ഉണ്ടായത്. ഭൂപരിഷ്കരണം അപൂര്ണമായിരുന്നുവെന്ന ഇടത് ആഭിമുഖ്യമുള്ളവരുടെ വിമര്‍ശനം, ഭൂപരിഷ്കരണമല്ല, കുടിയായ്മ പരിഷ്കരണമാണ് കേരളത്തില്‍ നടന്നതെന്ന റാഡിക്കല്‍ വിമര്‍ശനം, ഭുപരിഷ്കരണം ഒരു സ്റ്റാറ്റസ്കോ മാത്രമായിരുന്നുവെന്നും ദലിതുകള്‍ ഭൂപരിഷ്കരണത്തില്‍ വഞ്ചിക്കപ്പെട്ടുവെന്ന ദലിത് വിമര്‍ശനം. ഈ മൂന്ന് വിമര്‍ശനങ്ങളിലും വസ്തുതയുണ്ടായിരിക്കെ, ഒരു ഇരുപത്തഞ്ചു കൊല്ലം വരെ ഭൂപരിഷ്കരണം ഒരു കമ്യൂണിസ്റ്റ് ആശയവും പരിപാടിയുമായിരുന്നുവെന്ന തരത്തില്‍ വ്യാപക പ്രചാരണം കേരളത്തില്‍ നടന്നിട്ടുണ്ട്. ചിലര്‍ അടുത്ത ദിവസങ്ങളില്‍ സൈബര്‍ ലോകത്തും ഈ വാദം ഉയര്‍ത്താറുണ്ട്.
a. ഭൂപരിഷ്കരണം ഒരു കമ്യൂണിസ്റ്റ് ആശയമോ പരിപാടിയോ അല്ല, മുതലാളിത്ത പരിപാടിയാണ്. ഭൂമിയുടെ ദേശസാല്‍കരണമാണ് കമ്യൂണിസ്റ്റ് പരിപാടി.
b. സ്വാതന്ത്യത്തിന് ശേഷം ഒരു ജനാധിപിത്യ സമൂഹം ഇന്ത്യയില്‍ രൂപം കൊള്ളുന്നതിന്റെ ഭാഗമായാണ് ഭൂപരിഷ്കരണ ശ്രമങ്ങളുണ്ടായത്. ഇക്കാര്യത്തില്‍ കേന്ദ്രം വിവിധ സംസ്ഥാനങ്ങള്‍ക്ക് ഭൂപരിഷ്കണം സംബന്ധിച്ച് നല്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ ചുവടു പിടിച്ചാണ് ആദ്യ ഇഎംഎസ് സര്‍ക്കാര്‍ കാര്‍ഷിക ബന്ധബില്‍ കൊണ്ടു വന്നത്.
c. ഭൂപരിഷ്കരണം കേരളത്തില്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ചതായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, കേരളത്തില്‍ നിലനിന്ന ഭൂബന്ധങ്ങള്‍ പരിശോധിക്കുമ്പോള്‍ അത് ഭൂപരിഷ്കരണമല്ല, മറിച്ച് കുടിയായ്മ പരിഷ്കരണം മാത്രമായിരുന്ന.ു കുടിയായ്മ പരിഷ്കരണത്തിന് തിരുവിതാംകൂറില്‍ രാജകുടുംബവും മലബാറില്‍ ടിപ്പു സുല്‍ത്താനും പണ്ടേ തുടക്കമിട്ടതാണ്. അതിന്റെ പൂര്‍ത്തീകരണം മാത്രമായി കേരളത്തിലെ കാര്‍ഷിക ബന്ധ നിയമം മാറുകയാണ് ഉണ്ടായത്. ഭൂപരിഷ്കരണത്തിന് പകരം കുടിയായ്മ പരിഷ്കരണം നടന്നതു കൊണ്ട് കേരള രൂപീകരണത്തിന് മുമ്പ് കേരളത്തില്‍ നിലനിന്ന സാമൂഹ്യഘടനക്ക് കാര്യമായ ഇളക്കം തട്ടിയില്ല. അതില്‍ മാറ്റം വരുന്നത് പ്രവാസികളുടെ ഒഴുക്ക് ആരംഭിക്കുമ്പോഴാണ്.
3. ഈ പറഞ്ഞതിനര്‍ത്ഥം കേരള മോഡല്‍ രൂപീകരണത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കോ ആശയങ്ങള്‍ക്കോ ഒരു പങ്കുമില്ലെന്നല്ല, കേരളത്തില്‍ ശക്തിപ്രാപിച്ച പൊതുമേഖല, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നിവയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളും ആശയങ്ങളുമാണ് പ്രധാന പങ്ക് വഹിച്ചത്. ഒരു സെന്റര്‍ ലെഫ്റ്റ് പാര്‍ട്ടിയായ കോണ്‍ഗ്രസിന് പോലും ഈ നയങ്ങള്‍ പിന്തുടരേണ്ടി വന്നു എന്നത് കൊണ്ട് സര്‍ക്കാരുകള്‍ മാറി വരുമ്പോഴും ആ നയങ്ങളുടെ തുടര്‍ച്ചയാണുണ്ടായത്. വ്യതിചലനങ്ങള്‍ക്കെതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സമരവും ചെയ്തിട്ടുണ്ട്.
4. ആഗോളീകരണത്തിന് ശേഷം കേരളത്തിലെ വികസന കാഴ്ചപ്പാടിലുണ്ടായ മാറ്റങ്ങളെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രായോഗികമായി സമീപിക്കുകയും വൈരുദ്ധ്യമെന്ന് തോന്നുന്ന നിലപാടുകള്‍ വെച്ച പുലര്‍ത്തിക്കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടം കൊള്ളുകയും ചെയ്യുന്നതിനെ കുറിച്ച് 2017ല്‍ ഡോ. തോമസ് ഐസക്കിനെ കേന്ദ്രപ്രമേയമാക്കി വാഷിങ്ടണ്‍ പോസ്റ്റ് തന്നെ പ്രസിദ്ധീകരിച്ച One of the few places where communist can still dream എന്ന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഐഫോണ്‍ ഉപയോഗിക്കുന്ന ഒരു കമ്യൂണിസ്റ്റ് നേതാവ് എന്ന അതിശയോക്തിപോലും ആ റിപ്പോര്‍ട്ടിലുണ്ട് . വാഷിങ്ടണ്‍ പോസ്റ്റിന് കേരളം ഒരു കൗതുകമാണ് എന്നാണ് ആ റിപ്പോര്‍ട്ട് വായിക്കുമ്പോള്‍ തോന്നുക.
കേരളത്തില്‍ ചുമട്ടു തൊഴിലാളി നിയമം ഭേദഗതി ചെയ്തതും വികേന്ദ്രീകൃതാസൂത്രണത്തിന്റെ കടക്കല്‍ കത്തി വെച്ചുകൊണ്ട് തദ്ദേശസ്ഥാപനങ്ങളുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ചതും ഈ എല്‍ഡിഎഫ് സര്‍ക്കാരാണ് എന്നതും ഓര്‍ക്കേണ്ടതാണ്. ഈ വൈരുദ്ധ്യങ്ങളെ വിജയകരമായി മുന്നോട്ട് കൊണ്ടു പോകുന്നതു കൊണ്ടാണ് കേരളം വാഷിങ്ടണ്‍ പോസ്റ്റിന് റിപ്പോര്‍ട്ട് ചെയ്യാവുന്ന ഒരു തുരുത്തായി ഇപ്പോഴും അവശേഷിപ്പിക്കുന്നത്.
5. കേരള നവോത്ഥാനം ആരംഭിച്ചത് പിണറായിയിലെ പാറപ്പുറത്തല്ല. അതിനും എത്രയോ വര്‍ഷം മുമ്പ് അയ്യങ്കാളിയുടെ നേതൃത്വത്തില്‍ തൊഴിലാളി സമരം നടന്ന ഇടമാണ് കേരളം. ബംഗാളില്‍ എന്തുകൊണ്ട് കേരളമോഡല്‍ പോലെ ഒന്നുണ്ടായില്ല എന്ന് ചോദ്യത്തിനുള്ള ഉത്തരം കേരള നവോത്ഥാനത്തിന്റെ പ്രത്യേകതയാണ് ഉത്തരം. ബംഗാളില്‍ ബ്രാഹ്മണര്ക്കിടയിലാരംഭിച്ച് സവര്ണജാതിക്കാര്ക്കിടയില് മാത്രമൊടുങ്ങിയ നവോത്ഥാനമല്ല കേരളത്തിലുണ്ടായത്. കേരളത്തില്‍ അത് എല്ലാ ജാതി-സമുദായങ്ങള്‍ക്കിടയിലും നടന്നു. ആ നവോത്ഥാനത്തിന്റെ ബൈ പ്രോഡക്ട് കൂടിയാണ് കേരളത്തിലെ കമ്യൂണിസം. എന്നാല്‍, ആ നവോത്ഥാനത്തില്‍ ഭാഗഭാക്കായ ജനവിഭാഗങ്ങളോട് എല്ലാവരോടും ഒരേ സമീപനമല്ല പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചത്. അങ്ങനെയാണ് ദലിതുകള്‍ ഭൂപരിഷ്കരണത്തില്‍ നിന്നൊഴിവായത്. അങ്ങനെയാണ് അവര്‍ ലക്ഷം വീട് കോളനികളിലായത്.
കേരള മോഡല്‍ ആര്‍ക്കെങ്കിലും പ്രത്യേകം അവകാശപ്പെട്ടതല്ല എന്ന് സര്‍വസമ്മതമായ ഒന്നാണ്. എന്നാല്‍ അതിനോട് പോലും അസഹിഷ്ണുത കാണിക്കുന്നു ചിലര്‍ എന്നതാണ് കേരള മോഡല്‍ നേരിടുന്ന ഒരു പ്രധാന പ്രതിസന്ധി.