സ്പ്രിംഗ്ളർ: കോവിഡ്-19 ഡാറ്റയുടെ സുരക്ഷിതത്വം

ഡാറ്റയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ എണ്ണ എന്നു പറയാറുണ്ട്, സത്യത്തിൽ എണ്ണയിലും എത്രയോ അധികം മൂല്യവും വ്യാപ്തിയുമുള്ളതാണ് കച്ചവട ലോകത്തിൽ ഡാറ്റ എന്നത് പലരും ചിന്തിക്കാറില്ല.

കേരള സർക്കാരിന്റെ കീഴിൽ കോവിഡ്-19യിനുമായി ബന്ധപ്പെട്ട വിവര ശേഖരത്തിനും മാനേജ്‌മെന്റിനുമായി അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയായ Sprinklr-ൻ്റെ  വെബ് ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നത്. സ്പ്രിങ്ക്ളറിൻ്റെ സ്വകാര്യ സെർവറിൽ അവർ തയ്യാറാക്കി ഇൻസ്റ്റാൾ ചെയ്തു മാനേജ് ചെയ്യുന്ന സോഫ്റ്റ്‌വെയറാണ് കേരള സർക്കാർ ഉപയോഗിക്കുന്നത്.

സോഫ്റ്റ്‌വെയർ ഒരു സേവനമായി നൽകുന്ന Software as a Service (SaaS) മോഡലിലാണ് സ്പ്രിംഗ്ളർ പ്രവർത്തിക്കുന്നത്. മൈക്രോസോഫ്റ്റ് ഓഫീസ് നമ്മുടെ കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തു ഉപയോഗിക്കുന്നതിനു പകരം ഒരു നിശ്ചിത വരിസംഖ്യ അടച്ചു മൈക്രോസോഫ്റ്റിന്റെ സെർവറിൽ ഇൻസ്റ്റാൾ ചെയ്ത വേർഡ്, പവർപോയിൻഡ്‌, എക്സെൽ തുടങ്ങിയ ഓഫീസ് ആപ്ലിക്കേഷനുകൾ ഇന്റർനെറ്റിലൂടെ ഉപയോഗിക്കുന്നത് ഏകദേശം ഈ രീതിയിലാണ്‌. നമ്മൾ നൽകുന്ന ഡാറ്റ അവരുടെ സെർവറിൽ ഉള്ള സോഫ്റ്റ്‌വെയർ ഉപയോഗിച്ചു കൈകാര്യം ചെയ്യുകയാണ് ഇവിടെ. സ്വകാര്യവിവര സംരക്ഷണ നിയന്ത്രണങ്ങൾക്കു വിധേയമായി നമ്മളുടെ ഡാറ്റ അവർ ദുരുപയോഗം ചെയ്യില്ല എന്നു വാഗ്ദാനം ചെയ്യുന്നെല്ലാമുണ്ടെങ്കിലും സെൻസിറ്റീവായ, ഒരുപാട് മൂല്യമുള്ള ഡാറ്റ ഇങ്ങനെ ഉപയോഗിക്കുന്നത് സുരക്ഷ ഭീക്ഷണി തന്നെയാണ്. സെർവ്വർ മാനേജ്മെന്റ്, സോഫ്റ്റ്‌‌വെയർ അപ്ഡേറ്റ്, ബാക്കപ്പ്, മെയിന്റനൻസ് തുടങ്ങി സകലതും SaaS നൽകുന്ന കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്, ഇത് ക്ലയൻഡിൻ്റെ ജോലി എളുപ്പം ആക്കുമെങ്കിലും അവർക്കു നമ്മൾ നൽകുന്ന ഡാറ്റ ദുരുപയോഗം ചെയ്യാനുള്ള അവസരം നൽകുക കൂടിയാണ് ചെയ്യുന്നത്. നമ്മൾ നൽകുന്ന ഡാറ്റ എൻക്രിപ്ഷൻ ചെയ്തതാണ് കീഴി നമ്മുടെ കൈയ്യിൽ മാത്രേ ഉള്ളൂവെന്നു തുടങ്ങിയ മുട്ടാപോക്ക് ന്യായങ്ങൾ കൊണ്ടു കാര്യമില്ല. ചെറിയ കമ്പനികളുടെയോ സ്ഥാപനങ്ങളുടെയോ ഡാറ്റ ഇങ്ങനെ പങ്കുവയ്ക്കുന്നത് പോലെയല്ല ഒരു സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വളരെ സെൻസിറ്റിവ് ആയ വിവരങ്ങൾ കോഡ് ലെവലിലും, ഹാർഡ്‌വെയർ ലെവലിലും ആക്സസ് ഇല്ലാത്ത സർവ്വീസ് പ്രോവഡറിന്റെ പക്കൽ നിക്ഷേപിക്കുന്നത്, ഏറ്റവും റിസ്ക് കൂടിയ സമീപനമാണ് ഇത്.

കേരള സർക്കാരിന്റെ വിവരസാങ്കേതികവിദ്യ വിഭാഗം സെക്രട്ടറിയുടെ ഒരു പരസ്യവീഡിയോ സ്പ്രിംഗ്ളർ കമ്പനിയുടെ ഔദ്യോഗിക സൈറ്റിലുണ്ട്. ആ കമ്പനിയെ തന്നെ ഈ അവസരത്തിൽ തിരഞ്ഞെടുത്തതിൽ പക്ഷാഭേദം നിറഞ്ഞ താല്പര്യം സംശയിക്കാവുന്നതാണ്. കേരള സർക്കാർ കോവിഡ്19യിനുമായി ബന്ധപ്പെട്ട വിവര ശേഖരത്തിനും സേവനത്തിനുമായി ഉപയോഗിച്ച സൈറ്റ് സ്പ്രിങ്ക്ലറിന്റെ കീഴിൽ ഒരു സബ് ഡൊമെയ്ൻ ആയിട്ടാണ് ചെയ്തിരിക്കുന്നത്.

(https://kerala-field-covid.sprinklr.com) ഇത് ഒരിക്കലും നല്ലൊരു മാതൃക അല്ല. ലോകത്തിൽ തന്നെ ഏറ്റവും നല്ല രീതിയിൽ കോവിഡ്‌19 പകർച്ചവ്യാധി നിയന്ത്രിച്ചു നിർത്തുന്ന കേരളത്തിന്റെ അതുമായി ബന്ധപ്പെട്ട ഡാറ്റ മാനേജിംഗ് സൈറ്റ് തങ്ങളുടെ ആണെന്ന് പരസ്യമായി വിളിച്ചു പറയുന്ന ഈ വെബ്സൈറ്റ് മേൽവിലാസം സ്പ്രിങ്ക്ലർ എന്ന കമ്പനിയ്ക്കൊരു influencer marketing പരസ്യമാണ്. മോഹൻലാൽ ഉടുക്കുന്നത് എം.സി.ആർ മുണ്ടുകൾ ആണെന്ന് പറയും പോലെ കേരള സർക്കാർ ഉപയോഗിക്കുന്നത് സ്പ്രിങ്ക്ലർ ആണെന്ന് പറയുന്ന പരസ്യം!

സർക്കാരിനെ സംബന്ധിച്ച് തുച്ഛമായ ചിലവിൽ സ്വന്തം ഡൊമെയ്നിൽ ചെയ്യാമെന്ന് ഉള്ളപ്പോൾ സ്പ്രിങ്ക്ലറിന്റെ സബ് ഡോമെയ്ൻ തന്നെ നിലനിർത്തിയത് അവർക്കൊരു പരസ്യമായിട്ടാണ്, മനപൂർവ്വം ആയാലും അല്ലായെങ്കിലും. മറ്റ് രാജ്യത്തിലും സംസ്ഥാനങ്ങളിലും ഉള്ള സർക്കാരുകളെയും സ്ഥാപനങ്ങളെയും ഇത് കാണിച്ചു വശീകരിക്കാം, വെറുതെ കേരളം ക്ളൈന്റെ ആണെന്ന് പറയുക മാത്രമല്ല പച്ചയ്ക്കു അത് തുറന്നു കാണിക്കുന്ന രേഖയുമുണ്ടു.

കേരള സർക്കാറിന്റെ കീഴിൽ ഡാറ്റാ സെന്റർ ഉണ്ടാക്കി വച്ചിരിക്കുന്നതും അതിന്റെ ഡാറ്റാ സെക്യൂരിറ്റിക്കും മെയിന്റനൻസിനുമായി കോടികൾ ചെലവാക്കുന്നതും വെറുതേ അല്ല. അതിനു വ്യക്തമായ സ്ഥാപിത ലക്ഷ്യങ്ങൾ ഉണ്ട്. ഒരു സ്വകാര്യ കമ്പനിക്ക് അവർക്ക് തോന്നിയതുപോലെ ഉപയോഗിക്കാൻ പബ്ലിക് ഡാറ്റ കൊടുക്കുന്നതിനെ ന്യായീകരിക്കാൻ കഴിയുന്നതല്ല. ഓരോ വർഷവും ഭീമമായ തുക ചെലവാക്കപ്പെട്ടുകോണ്ടിരിക്കുന്നു ഡാറ്റ സെന്ററുകൾ ഇത്തരത്തിലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കൂടി ആണ്‌, കാഴ്ച വസ്തുവായി നിർത്താനല്ല.

നിങ്ങൾ മൊബൈൽ ഫോണ് റീചാർജ്ജ് ചെയ്യാൻ നൽകുന്ന വിവരം പോലും ഡാറ്റ മാർക്കറ്റിൽ വിപണന മൂല്യമുള്ള വസ്തുവാണ്. സർക്കാരിന്റെ നിയന്ത്രണത്തിൽ ഉള്ള സെൻസിറ്റിവ് ആയ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾക്ക് വളരെയധികം വിലയുണ്ട് ഇത്തരം മാർക്കറ്റുകളിൽ.

കണ്ണൂർ ജില്ലയിലെ കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിലുള്ളവർക്കും സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ആശംസകൾ മെസേജ് അയക്കുന്ന വിവരം ആശങ്കയോടെയാണ് വാർത്തയായി വന്നത്. പത്തനംതിട്ട ജില്ലയിൽ പ്രാദേശിക ആരോഗ്യപ്രവർത്തകർ ശേഖരിച്ച ക്വറന്റൈനിൽ ഇരിക്കുന്ന കുറച്ചു പേരുടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയ ഒരു എക്സെൽ ഫൈൽ ലീക്ക് ചെയ്തു സമൂഹിക മാധ്യമങ്ങളിൽ കൂടി പ്രചരിക്കുന്നതിനു എതിരെ മുന്നറിയിപ്പുമായി പോലീസ് വകുപ്പ് വന്നിരുന്നു, നിയമപരമായ കുറ്റമെന്നാണ് അതിനെ വിശേഷിപ്പിച്ചത്. സർക്കാരിന്റെ കീഴിൽ മാത്രം നിൽക്കേണ്ട വിവരം ആ സംവിധാനത്തിന്റെ വെളിയില് പോകുന്നത് സുരക്ഷ വീഴ്ചയാണ്. സ്പ്രിങ്ക്ലറിന്റെ സേവനം സ്വീകരിക്കും വഴി കോവിഡ്‌19 ആയി ബന്ധപ്പെട്ടു ശേഖരിക്കുന്ന സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള മൊത്തം മോണിറ്ററിംഗ് വിവരവും സർക്കാർ സംവിധാനത്തിന്റെ വെളിയിൽ ഒരു സ്വകാര്യ കമ്പനിയ്ക്കു നൽകുകയാണ് ഇപ്പോൾ ചെയ്തത്. ഈ ഡാറ്റ വെച്ചു എന്ത് ചെയ്യണമെന്നത് എല്ലാം ആ കമ്പനിയുടെ സ്വയനിർണ്ണയ അവകാശത്തിൽ വരുന്നതാണ്, അങ്ങനെ അല്ലാതെയുള്ള പ്രത്യേക എഗ്രിമെന്റുകൾ നിർമ്മിക്കപെട്ടിട്ടുണ്ടെങ്കിലും ധാരാളം സ്വകാര്യ ഡാറ്റ മാനേജിംഗ് കമ്പനികൾ വിവരം ചോർത്തിയതിന്റെ മുൻ മാതൃകളുണ്ട്.

സ്പ്രിങ്ക്ലറിൽ സർക്കാർ നിഷേപിക്കുകയും മാനേജ് ചെയ്യുകയും ചെയ്യുന്ന വിവരങ്ങൾ എപ്രകാരം ഉള്ളത് ആണെന്നതിന്റെ ഔദ്യോഗിക വിശദീകരണം: “ഹോം ഐസോലേഷനിലുള്ളവരെ നിരീക്ഷിക്കുന്നതിനായി വാര്‍ഡുതല കമ്മിറ്റികള്‍ നടത്തുന്ന ഫീല്‍ഡ് വിസിറ്റുകള്‍ കര്‍ശനമാക്കി. സമ്പര്‍ക്ക വിലക്കിലോ നിയന്ത്രണത്തിലോ ഉള്ള വ്യക്തിയുടെ പൂര്‍ണവിവരങ്ങള്‍ വാര്‍ഡ് കമ്മിറ്റികള്‍ ശേഖരിക്കും. വിദേശ രാജ്യങ്ങളിലെ സന്ദര്‍ശനം, പ്രകടമായ രോഗലക്ഷണങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍, ചികിത്സയുടെ വിവരങ്ങള്‍, അടുത്ത് ഇടപഴകിയവരുടെ വിവരങ്ങള്‍, പൊതുസ്ഥലങ്ങള്‍, യാത്രകള്‍, പരിപാടികള്‍ എന്നിവയിലെ പങ്കാളിത്തം, വീടുകളിലെ ആള്‍ക്കാരുടെ എണ്ണം, അയല്‍പ്പക്കത്തെ രോഗലക്ഷണങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ എടുക്കേണ്ടതുണ്ട്. ഒരു പ്രദേശത്തെ അസാധാരണമായ രോഗാവസ്ഥ, ആശുപത്രിയിലായവര്‍, മരണപ്പെട്ടവര്‍ തുടങ്ങി കഴിഞ്ഞ ഒരു മാസത്തെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സമ്പര്‍ക്ക വിലക്കിലുള്ള ആള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ സര്‍ക്കാരിന്റെ ഗൃഹസന്ദര്‍ശന രജിസ്‌ട്രേഷന്‍ ആപ്ലിക്കേഷനില്‍ (https://kerala-field-covid.sprinklr.com) അപ്‌ലോഡ് ചെയ്യണം.”

കോവിഡ്‌19 രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരെ വാടക വീടുകളിൽ നിന്നും രാജ്യത്തിൽ പലയിടത്തായി ഇറക്കി വിട്ടുന്ന വാർത്തകൾ കണ്ടു, ഈ രോഗത്തിനെതിരെ ശക്തമായ സ്റ്റിഗ്മ നിലനിൽക്കുന്നുണ്ട് അത് കൊണ്ടാണ് രോഗികളുടെ പേരു ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ സർക്കാർ പുറത്തു വിട്ടാതെ. നാളെ ഏതെങ്കിലും ഒരു രാജ്യത്തിന്റെ അധിപൻ കോവിഡ്‌19 ബാധിച്ച, നിരീക്ഷണത്തിൽ ഉള്ള വിദേശികൾക്കൊന്നും വിസ കൊടുക്കാൻ പാടില്ലായെന്നുയെന്നു തീരുമാനിച്ചുവെന്നു കരുതുക അപ്പോൾ സ്പ്രിങ്ക്ലർ പോലെയുള്ള സ്വകാര്യ ഡാറ്റ മാനേജിംഗ് കമ്പനികളിൽ നിന്നും അത്തരം വിവരങ്ങൾ ശേഖരിക്കാൻ പറ്റും. മരുന്നു കമ്പനികൾ ഉൾപ്പെടുള്ള കമ്പനികൾക്കു അവരുടെ ഉൽപ്പന്നങ്ങൾ മാർക്കറ്റ് ചെയ്യാൻ നമ്മുടെ ഡാറ്റ ദുരുപയോഗം ചെയ്യാം. നമ്മുടെ സംസ്ഥാനത്തിന്റെ രോഗവിവരങ്ങളുമായി ബന്ധപ്പെട്ട് എപിഡെമിയോലോജിക്കൽ മോഡലുകൾ, വിദേശ യാത്രകളുടെ മോഡലുകൾ, പൊതുജനത്തിന്റെ പെരുമാറ്റ പ്രത്യേകതളുടെ മോഡലുകൾ തുടങ്ങിയവ നിർമ്മിച്ചു സൂക്ഷിക്കാമെന്നു ഉൾപ്പെടെ ദുരുപയോഗ സാധ്യതകൾ അനവധിയാണ്.

കടംകയറി കച്ചവടം കഷ്ടത്തിൽ ആയാലോ വേറെ കച്ചവട കാരണങ്ങൾ കൊണ്ടോ തങ്ങളുടെ കൈയ്യിൽ ഉള്ള വ്യക്തി വിവരങ്ങൾ ഉൾപ്പെടെയുള്ള ഡാറ്റയുടെ ഉടമസ്ഥത എടുത്ത് വിൽക്കുമെന്നു സ്പ്രിങ്ക്ലർ പബ്ലിക്‌ ആയിട്ടു തന്നെ പ്രൈവസി പൊളിസിയിൽ പറയുന്നുണ്ട്. (https://www.sprinklr.com/cxm-privacy-policy/)

അതായത് കേരള സർക്കാർ നമ്മുടെ ഓരോതരിൽ നിന്നും ശേഖരിക്കുന്ന കോവിഡ്19 ആയി ബന്ധപ്പെട്ട വ്യക്തി വിവരങ്ങൾ ഉൾപ്പെടെയുള്ള ഡാറ്റയുടെ ഉടമസ്ഥത അവർ ഒരുപക്ഷെ വേറെ ഒരു കമ്പനിയ്ക്കു വിറ്റു കാശ് ആക്കാൻ ഇടയുണ്ടെന്നുള്ള തുറന്നു സമ്മതം. കൃത്യമായി പറഞ്ഞാൽ ഈ സ്വകാര്യ കമ്പനിയുടെ പക്കൽ നാം നൽകിയ വ്യക്തിഗത ഡാറ്റ ഉൾപ്പെടെയുള്ള കാര്യങ്ങൾ കമ്പനിയുടെ അസ്സറ്റിന്റെ ഭാഗം ആണെന്നും അതിന്റെ ഉടമസ്ഥത പുതിയ ഒരു കമ്പനിയ്ക്കോ സ്ഥാപനത്തിനോ നൽകാമെന്നും ഇത് കമ്പനിയുമായി ബന്ധപ്പെട്ട കച്ചവടങ്ങളുടെ ഭാഗമായി ചെയ്യാമെന്നും, ഈ പ്രൈവസി പോളിസി മാത്രം നിലനിർത്താൽ മതിയെന്നുമാണ് അർത്ഥം. “We may sell, transfer or otherwise share some or all of Sprinklr’s business or assets, including personal information, in connection with a business transaction such as a merger, consolidation, acquisition, reorganization or sale of assets or in the event of bankruptcy. We will require the recipient to abide by this Privacy Policy.”

തങ്ങളുടെ കൈയ്യിൽ ഇരിക്കുന്ന സ്വാകാര്യ വിവരങ്ങൾ ചോർന്നു പോകാനുമോ, ദുരുപയോഗം ചെയ്യപ്പെട്ടാനുമോ സാധ്യത ഉണ്ടെന്നും അതിനെതിരെ ഉള്ള തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണമായും ഫലപ്രദമല്ലയെന്നും സ്പ്രിങ്ക്ലർ പ്രൈവസി പൊളിസിയിൽ അംഗീകരിക്കുന്നു, അതായത് അവരുടെ കൈയ്യിൽ നൽകുന്ന ഡാറ്റ എങ്ങനെയെല്ലാം ചോർന്നു പോയാലും അവർ ഉത്തരവാദിത്വമെടുക്കില്ല ആദ്യമേ മുന്നറിയിപ്പ് നൽകിയത് അല്ലെ എന്ന നിലപാട്. “We use technical, organizational and administrative security measures designed to protect the personal information we hold in our records from loss, misuse, and unauthorized access, disclosure, alteration and destruction. We cannot guarantee that these security measures will always be effective.”

സ്പ്രിങ്ക്ലറുമായി കേരള സർക്കാർ ഒപ്പിട്ട കരാറും അതിലെ വ്യവസ്ഥകളും, കരാർ തുകയും തുടങ്ങി ഒരു വിവരങ്ങളും പൊതുവിടത്തിൽ പങ്കുവയ്ക്കാൻ സർക്കാർ ഇത് വരെ തയ്യാർ ആയിട്ടില്ല. സർക്കാരിനെ വിശ്വസിച്ചു ഏൽപ്പിക്കുന്ന പൗരന്മാരുടെ ഡാറ്റയ്ക്കു എന്ത് സംഭവിക്കുന്നുവെന്നു അറിയാനുള്ള അവകാശം ഞാനും നിങ്ങളും ഉൾപ്പെടുന്ന പൊതുജനത്തിന് ഉണ്ട്. സർക്കാർ ശേഖരിക്കുന്ന സെൻസിറ്റിവായ, ഔദ്യോഗിക വിവരങ്ങൾ സ്വകാര്യ കമ്പനിയ്ക്കു നൽകുന്നത് ശരിയായ ഒരു പ്രവണതയല്ല. സർക്കാരുകൾ കോടിക്കണക്കിനു രൂപ ചെലവഴിച്ച് ഡാറ്റാ സെന്ററുകൾ മെയ്ന്റൈൻ ചെയ്യുന്നത് വെറുതേ അല്ല. ഇപ്പോൾ സർക്കാർ ഡാറ്റാ സെന്ററുകൾ മോശമാണെന്നും ഉപയോഗിക്കാൻ കഴിയില്ല എന്നും സ്വകാര്യ സർവീസുകൾ ആണ്‌ മെച്ചമെന്നുമൊക്കെ വാദിക്കുന്നവർ സ്വകാര്യവൽക്കരണത്തിനെ നഖശിഖാന്തം എതിർത്ത സോഷ്യലിസ്റ്റ് അനുഭാവികളും, ഈ തീരുമാനം സ്വീകരിച്ച സർക്കാർ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആണെന്നതും കൗതുകരമാണ്.

കേരള സർക്കാരിന്റെ വെബ്‌സൈറ്റ് മേൽവിലാസം ഒരു സ്വകാര്യ കമ്പനിയുടെ സബ് ഡോമെയ്ൻ ആകുന്നതും, അതിലും ഗുരുതരമായി സർക്കാരിനെ വിശ്വസിച്ചു ജനം നൽകുന്ന ഡാറ്റ ഒരു സ്വകാര്യ കമ്പനിയുടെ കീശയിൽ എത്തിക്കുന്നതും ഒരു വിധത്തിലും അംഗീകരിക്കാൻ പറ്റുന്നതല്ല. കൊവിഡ്19 യുദ്ധ സമാനമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട് പക്ഷെ ഭാവിയിൽ ദൂരവ്യാപകമായ അപകടങ്ങൾ വിളിച്ചു വരുത്തുന്ന ഒരു തീരുമാനം ഇപ്പോൾ കൈക്കൊണ്ടത് ഒരു സാഹചര്യത്തിലും യോജിക്കാൻ പറ്റുന്നതല്ല. ഈ വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയിലും പൊതു ചർച്ചയിലും കൊണ്ടുവന്ന പ്രതിപക്ഷം അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്, സർക്കാരിന്റെ ക്രിയാത്മകമായ വിമർശകരായി നിലനിന്നു അധികാരത്തിന്റെ ഒരു കറാക്ടീവ് ഫോഴ്‌സ് ആയി തുടർ വിഷയങ്ങളിലും അവർ വരുമെന്നു പ്രതീക്ഷിക്കുന്നു.

Ashish Jose Ambat

Leave a Reply

Your email address will not be published. Required fields are marked *