പൊലീസ്-സി.എ.ജി റിപ്പോർട്ട്: പന്ത് വി.ഡി.സതീഷന്റെ കോർട്ടിൽ

കേരള പൊലീസിൽ നടന്നതായി കംപ്ട്രോളർ ഓഫ് ഓഡിറ്റർ ജനറൽ (സി.എ.ജി) കണ്ടെത്തിയ വൻ ക്രമക്കേടുകൾ സംബന്ധിച്ച അന്തിമ വിധി അധികാരം കോൺഗ്രസ്സ് നേതാവ് വി.ഡി.സതീഷൻ ചെയർമാനായ നിയമസഭ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിൽ (പി.എ.സി) നിക്ഷിപ്തം. ഈ സമിതി മുമ്പാകെ വെച്ച സി.എ.ജി റിപ്പോർട്ടാണ് അക്കൗണ്ടന്റ് ജനറൽ (എ.ജി) വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചത്.

പി.അയിശപോറ്റി, വി.എസ്.ശിവകുമാർ, പി.കെ. ബഷീർ, ജെയിംസ് മാത്യു, കെ.കുഞ്ഞിരാമൻ, മാത്യു ടി.തോമസ്, സജി ചെറിയാൻ, എ. പ്രതീപ് കുമാർ, മുല്ലക്കര രത്നാകരൻ, റോഷി അഗസ്റ്റിൻ എന്നിവരാണ് കഴിഞ്ഞ വർഷം ജനുവരി 11ന് രൂപവത്കരിച്ച പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗങ്ങൾ.

ഈ റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടി(ആക്ഷൻ ടേക്കൺ) റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പി.എ.സിക്ക് സമർപ്പിക്കുകയാണ് അടുത്ത നടപടി.ഇതിന്റെ പകർപ്പ് എ.ജിക്ക് നൽകണം. ഇതിന്റെ അടിസ്ഥാനത്തിൽ എ.ജി.ചോദ്യാവലി തയ്യാറാക്കി പി.എ.സിക്ക് സമർപ്പിക്കും. ഈ ചോദ്യാവലി അടിസ്ഥാനമാക്കി ആഭ്യന്തര വകുപ്പ് സെക്രട്ടറി, ഡി.ജി.പി എന്നിവർ ഉൾപ്പെടെ ബന്ധപ്പെട്ടവരെയെല്ലാം വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ പി.എ.സിക്ക് അധികാരമുണ്ട്. ഇങ്ങിനെ ശേഖരിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് പി.എ.സി എ.ജിക്ക് കൈമാറണം. അവലോകന ശേഷം നിയമസഭയുടെ മേശപ്പുറത്ത് വെക്കും. ഈ റിപ്പോർട്ട് അനുസരിച്ച് കൈക്കൊണ്ട തീരുമാനം സർക്കാർ പി.എ.സിയെ അറിയിക്കണം. ഇത് തൃപ്തികരമല്ലെങ്കിൽ ബന്ധപ്പെട്ടവർക്ക് എതിരെ നടപടിയെടുക്കാൻ പി.എ.സി സർക്കാറിനോട് ആവശ്യപ്പെടും.

നിയമസഭയുടെ ഏറ്റവും ശക്തമായ കമ്മിറ്റിയായ പി.എ.സിയുടെ മുമ്പിലുള്ള റിപ്പോർട്ട് സി.ബി.ഐ, എൻ.ഐ.എ തുടങ്ങിയ ഏജൻസികൾക്ക് വിടണമെന്ന് പറയുന്നത് നിയമസഭയുടെ അവകാശ ലംഘനമാണെന്ന് പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിയായി വിരമിച്ച പി.കമാൽകുട്ടി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു. പലതവണ സർക്കാറിന് വേണ്ടി പി.എ.സി മുമ്പാകെ ഹാജരായി വെള്ളം കുടിക്കേണ്ടിവന്ന അനുഭവമുണ്ടെന്ന് വിവിധ വകുപ്പ് സെക്രട്ടറിയായും കണ്ണൂർ, കാസർകോട് ജില്ലാ കളക്ടറായും പ്രവർത്തിച്ച അദ്ദേഹം അനുസ്മരിച്ചു.

Image result for kerala police cag report

പി.എ.സി യോഗം ചേരുന്ന തീയതി തീരുമാനിച്ചിട്ടില്ല. അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും വി.എസ്.അച്ചുതാനന്ദൻ, ജെയിംസ്മാത്യു, എം.കെ.മുനീർ, സി.കെ.നാണു, ഉമ്മൻ ചാണ്ടി, എ.പ്രതീപ് കുമാർ, അബ്രഹാം, ആർ. രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവർ അംഗങ്ങളുമായ ഹോം അഫേഴ്സ് കമ്മിറ്റി ഈ മാസം 18ന് ഉച്ച 2.30, 20ന് ഉച്ച 2.30, 26ന് രാവിലെ 11.30 എന്നിങ്ങിനെ നിയമ സഭ മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ യോഗം ചേരുന്നുണ്ട്. കഴിഞ്ഞ വർഷം ജൂലൈ ഏഴിന് രൂപവത്കരിച്ച കമ്മിറ്റിയിൽ കെ.എം.മാണിയും അംഗമായിരുന്നു. അദ്ദേഹം കഴിഞ്ഞ ഏപ്രിൽ നാലിന് അന്തരിച്ചു.

പി.എ.സിക്ക് നൽകേണ്ട വിശദീകരണമാണ് ഈ യോഗത്തിൽ സ്വാഭാവികമായും ചർച്ചക്ക് വരുക.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എം.കെ.മുനീർ എന്നിവർ കൂടി ചേർന്ന് തയ്യാറാക്കുന്ന റിപ്പോർട്ടിനെ പുറത്ത് വിമർശിക്കുക യു.ഡി.എഫിന് ബുദ്ധിമുട്ടാവും.

Leave a Reply

Your email address will not be published. Required fields are marked *