പാലത്തായി പീഡനം: പ്രതിയെ പിടിക്കാതെ പൊലീസിന്​ അപമാനമുണ്ടാക്കരുത്​ -മന്ത്രി കെ.കെ. ശൈലജ

കണ്ണൂര്‍ പാനൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന്‍ പദ്മരാജനെ അറസ്റ്റ് ചെയ്യാനാകാത്തത് പൊലീസിന്റെ വീഴ്ചയെന്ന് ആരോഗ്യമന്ത്രിയും സ്ഥലം എംഎല്‍എയുമായ കെ.കെ ശൈലജ ടീച്ചര്‍. ഇക്കാര്യത്തില്‍ മിനിഞ്ഞാന്ന് ഡിജിപിയോട് സംസാരിച്ചിരുന്നതായും കെ കെ ശൈലജ.

പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്നും എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം അറിഞ്ഞത് ഇയാള്‍ ഒളിവില്‍ പോയെന്ന വിവരമാണെന്നും മന്ത്രി പറഞ്ഞു. സി.പി.എം ഫെയ്‌സ്ബുക്ക് ലൈവിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

പ്രതിയെ പിടികൂടാത്തത്​ വനിതാശിശുവികസന വകുപ്പ്​ കൈകാര്യം ചെയ്യുന്ന മന്ത്രി എന്നനിലയിൽ തനിക്ക്​ അംഗീകരിക്കാനാവില്ല. അയാളെ ഒരുകാരണവശാലും വെറുതെവിടില്ല. ആ കുഞ്ഞ്​ അനുഭവിച്ച പ്രയാസങ്ങൾ ഇപ്പോഴും മനസ്സിൽനിന്ന്​ പോകുന്നില്ല. കുഞ്ഞി​നെ ദ്രോഹിച്ചയാളെ അടിയന്തിരമായി അറസ്​റ്റുചെയ്യണമെന്ന്​ സംഭവം അറിഞ്ഞയുടൻ ഡിവൈ.എസ്​.പിയെ വിളിച്ചു പറഞ്ഞതാണ്​. പിന്നീട്​ കൊറോണ തിരക്കിൽ മുഴുകിയതിനാൽ താൻ ആ കേസ്​ അത്ര ശ്രദ്ധിച്ചിരുന്നില്ല. അറസ്​റ്റ്​ ചെയ്​തുവെന്നാണ്​ കരുതിയിരുന്നത്​. എന്നാൽ, പിന്നീടാണ്​ പ്രതി ഒളിവിൽപോയതായി പൊലീസ്​ പറഞ്ഞത്​.

പ്രതിയെ പിടികൂടിയില്ലെന്ന് അറിഞ്ഞപ്പോള്‍ മിനിഞ്ഞാന്ന് ഡിജിപിയെ വിളിച്ച് അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതി ഒളിവിലാണ് രണ്ട് ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി അറിയിച്ചു. ഒരു കാരണവശാലും അംഗീകരിക്കാനാകാത്തതാണ്. ഇന്ന് ഡിവൈഎസ്പിയെ വീണ്ടും വിളിച്ചു. ഇനിയും രണ്ട് ദിവസം എന്ന് പറഞ്ഞ് പോകാനാകില്ല. കൊറോണയുടെ പ്രവര്‍ത്തനത്തിലാണ് പൊലീസ് എന്നത് ന്യായമല്ല. പ്രതിയെ അറസ്റ്റ് ചെയ്യുക എന്ന അനിവാര്യമാണ്. പ്രതിയെ ഇത്ര നാളും പിടിച്ചില്ലെന്നത് അംഗീകരിക്കാനാത്തതാണ്. ഡിവൈഎസ്പി അടിയന്തരമായി ഇടപെടണം. കേരളാ പൊലീസിനെ അപമാനിക്കരുത്.

ശൈലജ ടീച്ചറുടെ ഫെയ്‌സ്ബുക്ക് ലൈവ് തുടങ്ങിയപ്പോള്‍ മുതല്‍ നൂറു കണക്കിന് പേരാണ് ഇതു സംബന്ധിച്ച്‌ ചോദ്യമുന്നയിച്ചത്. സ്വന്തം മണ്ഡലത്തിലുണ്ടായ സംഭവത്തില്‍ ശിശുക്ഷേമ വകുപ്പ് മന്ത്രി എന്തുകൊണ്ട് ഇടപെട്ടില്ലെന്നായിരുന്നു ചോദ്യം. നിരവധി പേര്‍ കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു.

സംഭവത്തില്‍ എഴുത്തുകാരായ എഴുത്തുകാരായ കെ.ആര്‍ മീര, കെ. സച്ചിദാനന്ദന്‍, ബി.ആര്‍.പി ഭാസ്‌കര്‍, കെ. അജിത, എം.എന്‍ കാരശ്ശേരി, ജെ. ദേവിക, ഡോ:ഖദീജ മുംതാസ്, ടി.ടി ശ്രീകുമാര്‍, പി. ഗീത, സി.എസ് ചന്ദ്രിക, സിവിക് ചന്ദ്രന്‍ തുടങ്ങിയവരുള്‍പ്പടെ നിരവധി സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്കും ശൈലജ ടീച്ചര്‍ക്കും പരാതിക്കത്ത് നല്‍കുകയും ചെയ്തിരുന്നു.

പ്രതി​യെ രക്ഷിക്കാൻ പൊലീസ്​ ശ്രമിക്കുന്നതായിാണ്​ നാട്ടുകാരു​ടെ ആരോപണം. മുസ്​ലിം ലീഗ്​, വെൽഫെയർ പാർട്ടി, സി.പി.എം, എസ്​.ഡി.പി.ഐ തുടങ്ങിയ പാർട്ടികളുടെ ആഭിമുഖ്യത്തിൽ ഓൺലൈനായും മറ്റും വിവിധ പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *