പാലത്തായി പീഡനകേസ്: മുഖ്യമന്ത്രിക്കൊരു തുറന്ന കത്ത്

കണ്ണൂർ പാലത്തായി പീഡനക്കേസിലെ പ്രതിയെ ജനകീയ സമ്മർദ്ദങ്ങൾക്കൊടുവിൽ അറസ്റ്റ് ചെയ്യുകയും പിന്നീട് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയും ചെയ്തിട്ടും കേസന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ലാതിരിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ, പ്രതിയെപിടിക്കുന്നതിൽ ഉണ്ടായ പോലീസ് അനാസ്ഥക്കെതിരെ ശക്തമായി നിലകൊണ്ട വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇര്‍ഷാദിൻ്റെ തുറന്ന കത്ത്.

കത്തിൻ്റെ പൂർണരൂപം:

കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ക്കും വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇര്‍ഷാദ് എഴുതുന്ന തുറന്ന കത്ത്

കണ്ണൂരിലെ പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ 10 വയസ്സ് മാത്രം പ്രായമുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പത്മരാജനെതിരെ ലോക്കല്‍ പൊലീസ് പോക്‌സോ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, എഫ്.ഐ.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരു മാസം വരെയും പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ് അനാസ്ഥ കാണിക്കുകയായിരുന്നു. ബോധപൂര്‍വം കേസ് അട്ടിമറിക്കാന്‍ പല ശ്രമങ്ങളും നടക്കുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുകയും ശക്തമായ പ്രതിഷേധം നടത്തുകയും ചെയ്തു. ജനകീയ പ്രതിഷേധം കനത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 15ന് പത്മരാജനെ അറസ്റ്റ് ചെയ്തു.

Also Read: പാലത്തായി പീഡനം; ബി.ജെ.പി നേതാവ് കൂടിയായ അധ്യാപകന്‍ പിടിയില്‍

കേസ് അട്ടമറിക്കാനും പ്രതിയെ രക്ഷിക്കാനും ശ്രമിച്ച അതേ ലോക്കല്‍ പൊലീസ് തന്നെ കേസന്വേഷണം നടത്തുകയാണെങ്കില്‍ കേസ് നേര്‍വഴിക്ക് പോകില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് പിന്നീട് കുട്ടിയുടെ മാതാവ് കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ടത്. വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റും ഈ ആവശ്യം ഉയര്‍ത്തിയിരുന്നു. ശക്തമായ ജനകീയ ആവശ്യം ഉയര്‍ന്നതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

കേസന്വേഷണം ത്വരിതഗതിയിലും നീതിപൂര്‍വകമായും നടക്കാന്‍ വേണ്ടിയാണ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് ഒരു മാസം പൂര്‍ത്തിയാകുമ്പോഴും കേസന്വേഷണത്തില്‍ കാര്യമായ പുരോഗതി കാണുന്നില്ല.

പ്രതി അറസ്റ്റിലായ സാഹചര്യത്തില്‍ ജനശ്രദ്ധ കേസില്‍ നിന്ന് മാറിയത് പ്രയോജനപ്പെടുത്തി പ്രതിയുടെ അറസ്റ്റില്‍ അന്വേഷണം പരിമിതപ്പെടുത്തി മറ്റു കാര്യങ്ങളിലേക്ക് കടക്കാതെ കേസ് ഒതുക്കിത്തീര്‍ക്കാര്‍ ശ്രമിക്കുന്നതായി ഞങ്ങള്‍ ആശങ്കിക്കുന്നു. അതിനാല്‍ ഈ കേസിന്‍റെ ഭാഗമായി അടിയന്തിരമായി നടക്കേണ്ടതായി ഞങ്ങള്‍ കരുതുന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുന്നു. അന്വേഷണ സംഘത്തിന് ഇത് സംബന്ധിച്ച കര്‍ശന നിര്‍ദ്ദേശം നല്‍കി പാലത്തായിയിലെ പീഡനത്തിനിരയായ കുട്ടിക്ക് അവകാശപ്പെട്ട നീതി ലഭ്യമാക്കമെന്ന് ആവശ്യപ്പെടുന്നു.

• മുതിര്‍ന്ന വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥക്ക് അന്വേഷണ ചുമതല നല്‍കണം. അന്വേഷണ സംഘത്തില്‍ കൂടുതല്‍ വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തണം.

• അവധി ദിവസം കുട്ടിയെ ക്ലാസുണ്ടെന്ന് പറഞ്ഞ് സ്‌കൂളിലേക്ക് വിളിപ്പിച്ച പത്മരാജന്‍ കുട്ടിയെ പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടുപോവുകയും അവിടെ വെച്ച് മറ്റൊരാള്‍ കൂടി കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും പീഡനത്തിനിരയായ കുട്ടി മൊഴി നല്‍കിയിരുന്നു. ഇക്കാര്യം കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്കുള്ള പരാതിയില്‍ സൂചിപ്പിച്ചിരുന്നു. ഡി.വൈ.എസ്.പി കുട്ടിയുടെ ഈ മൊഴി മുഖവിലക്കെടുത്തില്ല എന്നുള്ളതും പരാതിയില്‍ പറഞ്ഞിരുന്നു. ഈ പ്രതികളെ കുറിച്ച് അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണം.

• പോക്‌സോ കേസ് പ്രതിയെ ഒളിപ്പിച്ച സംഘ്പരിവാര്‍ നേതാക്കളെ അറസ്റ്റ് ചെയ്യണം.

• കേസന്വേഷണം അട്ടിമറിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയും പ്രതിയെ പിടികൂടുന്നതിന് പകരം കുട്ടിയെ മാനസിക സമ്മര്‍ദ്ദത്തിലാക്കാന്‍ പല തവണ ചോദ്യം ചെയ്യുകയും, കുട്ടിയുടെ മാനസിക നില പരിശോധിക്കാന്‍ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോവുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും സ്വീകരിക്കണം.

• മാനസികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് കേസ് വഴിതിരിച്ചുവിടാനെന്ന വണ്ണം ചോദ്യങ്ങള്‍ ചോദിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം.

• പീഡനത്തിന് ശേഷം കുട്ടി സ്‌കൂളില്‍ പോകാതിരുന്ന ദിവസങ്ങളിലൊക്കെ സ്‌കൂളില്‍ കുട്ടിക്ക് അറ്റന്‍ഡന്‍സ് നല്‍കിയതാര് എന്ന് അന്വേഷിച്ച് അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം.

• പ്രതികളില്‍ നിന്ന് സമാനമായ അനുഭവം മറ്റ് കുട്ടികള്‍ക്ക് ഉണ്ടായിട്ടോ എന്ന് അന്വേഷിക്കണം. ഇതിനായി മുഴുവന്‍ കുട്ടികളെയും കൗണ്‍സിലിംഗിന് വിധേയമാക്കണം. ഇതിനായി വനിതാ കൗണ്‍സിലേഴ്സിനെ നിയോഗിക്കണം.

• സഹഅധ്യാപകരില്‍ നിന്നോ മറ്റോ പ്രതിക്ക് അനുകൂലമായ സമീപനം ഉണ്ടായോ എന്ന് അന്വേഷിക്കണം.

• തെളിവുകള്‍ ദുര്‍ബലമായി പ്രതി രക്ഷപ്പെടാതിരിക്കാന്‍ ആവശ്യമായ നിയമോപദേശം ഉറപ്പാക്കാന്‍ നിയമവിദഗ്ധരെ അന്വേഷണ സംഘത്തില്‍ സഹായത്തിനായി നിശ്ചയിക്കണം.

അന്വേഷണത്തില്‍ അനാസ്ഥ കാണിച്ച് ഈ കേസ് ഇനിയും അട്ടിമറിക്കപ്പെടരുത് എന്നത് പൊതുസമൂഹത്തിന്റെ ശക്തമായ ആവശ്യമാണ്. പെണ്‍കുട്ടികളെ സമാധാനത്തോടെ സ്‌കൂളിലയക്കാന്‍ സാധിക്കണമെങ്കില്‍ ഇത്തരം നീചന്മാര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. പല പോക്‌സോ കേസിലും പ്രതികള്‍ രക്ഷപ്പെടുന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ച കൊണ്ടാണ്. അഭ്യന്തര വകുപ്പ് ശരിയായ ദിശയിലല്ല ഈ കേസന്വേഷണം മുന്നോട്ടുപോകുന്നത്.

ഈ വിഷയത്തില്‍ മുന്‍പും വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. എന്നാല്‍, ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നപ്പോഴല്ലാതെ ആശാഹവമായ നടപടികളൊന്നും ഉണ്ടായില്ല എന്നത് ഖേദകരമാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും ആത്മാര്‍ഥതയില്ലായ്മയാണ് ഇത് തെളിയിക്കുന്നത്. സ്ഥലം എം.എല്‍.എയും വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുമായ ശൈലജ ടീച്ചര്‍ തികഞ്ഞ നിസ്സംഗതയാണ് ഈ കേസില്‍ പുലര്‍ത്തുന്നത്.

ഈ തുറന്ന കത്ത് ഒരു ഓര്‍മപ്പെടുത്തലാണ്. കണ്ണൂരിലെ പാലത്തായി പീഡനകേസ് മറവിക്ക് വിട്ടുകൊടുക്കാന്‍ കേരളത്തിനാവില്ല എന്ന ഓര്‍മപ്പെടുത്തല്‍. എല്ലാ പ്രതികള്‍ക്കും മാതൃകാപരമായ ശിക്ഷ ഉറപ്പാകുന്നത് വരെ വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ് ഈ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും.

ജബീന ഇര്‍ഷാദ്
പ്രസിഡണ്ട്
വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്, കേരള

Leave a Reply

Your email address will not be published. Required fields are marked *