പാലത്തായി കേസും പി.ജയരാജൻ്റെ സൂത്രക്കളിയും

സികെഎ ജബ്ബാർ

പാലത്തായി പീഡന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തതോടെ കേരള പൊലീസിനെ “സംഘീ പൊലീസ്” എന്ന് വിളിച്ചവർ അത് തിരുത്തിക്കൂടെ എന്നാണ് പി.ജയരാജൻ മുഖപുസ്തകത്തിലൂടെ ചോദിക്കുന്നത്. മാർച്ച്‌ 17 ന് ചൈൽഡ് ലൈൻ ടീം വീട്ടിൽ വന്ന് കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും മൊഴി എടുത്ത്, മെഡിക്കൽ പരിശോധനയിൽ പീഡനം സ്ഥിരീകരിച്ച് FIR രജിസ്റ്റർ ചെയ്ത് മജിസ്ത്രേട്ട് മുമ്പാകെ മൊഴി രേഖപ്പെടുത്തിയത് മുതൽ കഴിഞ്ഞ 28 ദവസത്തെ പൊലീസിന്റെ നിലപാട്‌ ഇടത് മുന്നണിക്ക് ചേർന്നതാണെന്ന് ജയരാജൻ സമ്മതിച്ചാൽ സംഘീ പൊലീസ് പ്രയോഗം നടത്തിയത് പിൻവലിക്കുന്നത് നല്ലതാണ്. അതല്ല, പൊലീസിന് വീഴ്ച പറ്റിയോ എന്ന് ഉന്നത തലത്തിൽ അന്വേഷിക്കണമെന്ന പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിലാണ് വിശ്വസിക്കേണ്ടതെങ്കിൽ ജയരാജൻ പറഞ്ഞത് ജനം അംഗീകരിക്കുമെന്ന് തോന്നുന്നില്ല. ഏതായാലും ഒറ്റ ദിവസം കൊണ്ട് മണിക്കൂറുകൾ ഇടവിട്ട് വ്യത്യസ്ത മൂന്ന് കുറിപ്പ് പി.ജയരാജന് എഴുതേണ്ടി വന്നത് സെക്രട്ടറിയേറ്റ് പ്രസ്താവന ചേർത്ത് വായിക്കുമ്പോഴാണ് മനസ്സിലാവുക.

സ്ഥലം എം.എൽ.എയും മന്ത്രിയുമായ ശൈലജ ടീച്ചർ പോലും അറസ്റ്റ് ഇത്ര വൈകിച്ചതെന്തിന് എന്ന് പൊലീസിനോട് ചോദിച്ചതിന്റെ പിറ്റേന്ന് ജയരാജൻ പൊലിസിനെ ന്യായീകരിച്ച് മുഖപുസ്തകത്തിലെഴുതിയാൽ ജനത്തിനറിയേണ്ടത് ഔദ്യോഗിക പദവിയിലിരിക്കുന്ന പാർട്ടിയുടെ മന്ത്രിയാണോ സംസ്ഥാന കമ്മിറ്റി അംഗമാണോ പൊലീസ് പൊളിസി പറയേണ്ട ആൾ എന്നാണ്.

ജില്ലയിലെ പാർട്ടി ഇടപെടേണ്ട വിഷയത്തിൽ ജില്ലാ സെക്രട്ടറി എന്തെങ്കിലും പറയും മുന്നേ പാർട്ടിയുടെ മറ്റൊരു നേതാവ് പ്രതികരിക്കാറില്ല എന്നതല്ലേ കീഴ്‌വഴക്കം ? അറിയാഞ്ഞിട്ട് ചോദിച്ചു പോയതാണ്. പി.ബി.അംഗത്തോടാണ് ചോദിക്കുന്നതെങ്കിൽ പോലും അദ്ദേഹം പറയുക “സമയമാകുമ്പോൾ ഡി.സി. പറയും” എന്നായിരിക്കും. അതോ മുഖപുസ്തകത്തിൽ നേതാക്കൾക്ക് എന്തും എപ്പോഴും പറയാമെന്നാണ് മറുപടിയെങ്കിൽ തോറ്റു.

സംഘീ ശൈലിയിൽ നിന്ന് പൊലീസിനെ “നല്ലനടപ്പിന്” ശിക്ഷിക്കാൻ പിണറായി സർക്കാർ നിലവിൽ വന്ന ശേഷം തുടക്കം കുറിച്ച ആൾ ആരാണെന്ന് മാലോകർക്ക് നന്നായിട്ടറിയാം.

ഓർമ്മയുണ്ടോ എന്നറിയില്ല.

പയ്യന്നൂർ രാഷ്ട്രീയ ഇരട്ട കൊലപാതക കേസിൽ പാർട്ടി പ്രവർത്തകന്റെ കൊലയാളികളെ പൊലീസ് സംരക്ഷിക്കുന്നതിന് പുറമേ ബി.എം.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിൽ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെതിരെ കാപ്പ നിയമം ചുമത്തിയ പോലീസ് അന്യായത്തിൽ പ്രതിഷേധിച്ച് പയ്യന്നൂര്‍ സ്‌റ്റേഷനിലേക്ക് സി.പി.എം മാര്‍ച്ച് നടത്തിയത് മൂന്ന് വർഷം മുമ്പാണ്.

ഈ മാര്‍ച്ചിനിടയിൽ ജയരാജന്‍ സ്റ്റേഷൻ വരാന്തയില്‍ മൈക്ക് വെച്ചു പ്രസംഗിച്ചു എന്ന് ആരോപിക്കപ്പെട്ടു. പാർട്ടി ജില്ലാ സെക്രട്ടറിയായിരിക്കെ പൊലീസിനെ നേരെ നടത്താൻ അന്നേ അദ്ദേഹം മുന്നിലുണ്ടായിരുന്നു എന്നർഥം.

അതിന് ശേഷം പൊലീസ് ശരിയായോ എന്ന് പറയാൻ പാർട്ടി രേഖ നമ്മുടെ കയ്യിലില്ല.

പൊലീസിന്റെ വഴിതെറ്റുന്ന നടപടികൾ UDF സ്വാധീനം കൊണ്ടാണോ പാർട്ടിക്ക് പിടുത്തം കുറഞ്ഞത് കൊണ്ടാണോ സംഘീ സ്വാധീനമാണോ എന്നൊക്കെ അതിന് ശേഷം നടന്ന സംസ്ഥാന കമ്മിറ്റിയുടെയും സമ്മേളനത്തിന്റെയും മിനുട്സിൽ ഇപ്പോഴും ഉണ്ടാവുമെന്നാണ് കരുതേണ്ടത്. അവിടങ്ങളിലൊന്നും തിരുത്താതെ ജനങ്ങൾ മാത്രം തിരുത്തണം എന്ന് പറയരുത്.

എല്ലാ സ്ത്രീ പീഡനക്കേസിലും മറ്റാരെക്കാളും മുന്നേ ഇറങ്ങാറുള്ള ജനാധിപത്യ മഹിളാ പ്രസ്ഥാനത്തിന്റെ ദേശീയ സംസ്ഥാന സാരഥികളായ ഏറെ സാരഥികൾ ഉള്ള ഒരു ജില്ലയിലാണ് ഒരു അനാഥ ബാലിക പീഡിപ്പിക്കപ്പെട്ട കേസിൽ പ്രതി 28 ദിവസത്തിന് ശേഷം അറസ്റ്റ് ചെയ്യപ്പെടുന്നത്. പാലത്തായി കേസും കൊട്ടിയൂർ പീഡന കേസും ഒന്ന് താരതമ്യം ചെയ്ത് നോക്കുക. കൊട്ടിയൂർ കേസ് റജിസ്റ്റർ ചെയ്തതിന്റെ ദിവസങ്ങൾക്കകം തന്നെ ഉന്നതരായ പ്രതികൾ വൈദികരായിട്ടും അറസ്റ്റിലായി.

അന്ന് സാമൂഹിക ക്ഷേമ നീതിവകുപ്പ് മന്ത്രി എന്ന നിലയിൽ ശൈലജ ടീച്ചർ ധീരമായ നിലപാടാണ് സ്വീകരിച്ചത്. ആരോപണമുയർന്ന സാഹചര്യത്തിൽ വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ പോലും പുന:സംഘടിപ്പിച്ചു. അതൊക്കെ ഓർമ്മയുള്ളത് കൊണ്ടാണ് അതിനെക്കാൾ നിസ്സാരനായ ഒരു പ്രതി അറസ്റ്റ് ചെയ്യപ്പെടാൻ വൈകിയതിൽ ബഹുമാന്യയായ മന്ത്രി ശൈലജ ടീച്ചർ ഇന്നലെ ക്ഷോഭിച്ചത്.

അറസ്റ്റ് ചെയ്തില്ല എന്നറിഞ്ഞില്ല എന്ന അതിശയോക്തിപരമായ വിശദീകരണം ഉണ്ടായെങ്കിൽ പോലും, സ്ത്രീ പക്ഷ വിമോചന നായികയും സംഘാടകയുമൊക്കെയായ ശൈലജ ടീച്ചറുടെ പ്രതികരണത്തെ ഗൗരവത്തിലാണ് നാം കണ്ടത്. പൊലീസിനോടുള്ള മന്ത്രിയുടെ ശക്തമായ നിലപാട് വന്ന ശേഷം “പൊലീസ് ശരിയായ ദിശയിലൂടെയാണ് നീങ്ങുന്നത്” എന്ന് മുഖപുസ്തകത്തിൽ പി.ജയരാജൻ എഴുതിയാൽ നാം എന്ത് കരുതണം? പാർട്ടി ഗൗരവമായി കാണുമെന്നാണ് സി.പി.എമ്മിനെ അറിയുന്നവർ കരുതുക. കോൺഗ്രസല്ലല്ലൊ സി.പി.എം.

ഏതായാലും പൊലിസിന്റെ അനാസ്ഥക്കെതിരെ DYFl ഉൾപ്പെടെ രംഗത്ത് വരാനിരിക്കെയാണ് അറസ്റ്റ് ഉണ്ടാവുന്നത്. അറസ്റ്റിന് പിന്നാലെ സി.പി എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഇറക്കിയ പ്രസ്താവനയിൽ പൊലീസ് ഇത് വരെ സംഘീ പിടിയിലായിരുന്നോ എന്നതിന് മറുപടിയുണ്ട്. വിളക്കോട്ടൂരിലെ ബിജെപി പ്രവർത്തകന്റെ വീട്ടിൽ ഒളിവിൽ കഴിയുമ്പോഴാണ് പ്രതിയെ പോലീസ് പിടികൂടുന്നത് എന്നാണ് എം.വി ജയരാജൻ വെളിപ്പെടുത്തിയിരിക്കുന്നത്. (നോക്കണേ ബി.ജെ.പി നേതാവിന്റെ ഒരു ധൈര്യം!)

ഈ വീട്ടിൽ ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയത് ബിജെപി ജില്ലാനേതാവാണ് എന്നും സെക്രട്ടറി ആരോപിക്കുന്നു.പീഡനക്കേസിലെ പ്രതിയെ സംരക്ഷിക്കാൻ ബിജെപി പ്രാദേശിക നേതാക്കൾ മാത്രമല്ല, ദേശീയ നേതാവും ഉണ്ടായിരുന്നു എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്ന് എം.വി. ജയരാജൻ പ്രസ്താവനയിൽ ആവർത്തിക്കുന്നുണ്ട്. ലോക്ഡൗൺ കാലത്ത് സാധാരണഗതിയിൽ പൊയിലൂരിൽ ബിജെപിയുടെ ദേശീയ നേതാവ് പോകേണ്ട കാര്യമില്ല എന്നും പ്രസ്താവനയിൽ ചൂണ്ടി കാണിക്കുന്നു. പീഡനക്കേസിലെ പ്രതിയെ അറസ്റ്റുചെയ്യുന്നതിന് മുമ്പ് ബിജെപി ദേശീയ/ജില്ലാ നേതാക്കൾ എന്തിനായിരുന്നു പൊയിലൂരിൽ പോയതെന്ന് വ്യക്തമാക്കുമോ? എന്നും ജില്ലാ സെക്രട്ടറി ചോദിക്കുന്നുണ്ട്.

ഈ ചോദ്യങ്ങളുടെ അർഥമെന്താണ്?
ബി.ജെ.പി. നേതാക്കൾ പ്രതിക്ക് സ്റ്റഡി ക്ലാസ് എടുക്കാൻ പോയെന്നാണോ? അതോ പൊലീസിൽ നിന്ന് പ്രതിയെ സംരക്ഷിക്കാൻ പോയി എന്നാണോ? ഈ ചോദ്യങ്ങളുടെ ഉത്തരത്തിലാണ് പി.ജയരാജനെ പ്രകോപിപ്പിച്ച സംഘീ പൊലീസ് പ്രയോഗത്തിന്റെ പൊരുളുള്ളത്.

അറസ്റ്റിന് മുമ്പെ സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ ഇത്രയേറെ തെളിവുണ്ടായിട്ടും വൈകാതെ പ്രതിയെ അറസ്റ്റുചെയ്യുകയാണ് പോലീസ് ചെയ്യേണ്ടിയിരുന്നത് എന്ന് ഓർമിപ്പിക്കുന്നുണ്ട്.

കേസ് കൈകാര്യം ചെയ്യുന്നതിൽ അന്വേഷണ സംഘത്തിന് വല്ല വീഴ്ചയും സംഭവിച്ചിട്ടുണ്ടോ എന്നത് ഉന്നതതലത്തിൽ അന്വേഷിക്കണമെന്ന് ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നിവേദനം നൽകിയിട്ടുണ്ട് എന്നും സെക്രട്ടറിയേറ്റ് വെളിപ്പെടുത്തുന്നു.
വ്യക്തമായല്ലൊ കാര്യം!

ആരാണ് തിരുത്തേണ്ടത് എന്ന് ശൈലജ ടീച്ചറുടെയും, ജില്ലാ സെക്രട്ടറിയേറ്റിന്റെയും പാർട്ടി ജില്ലാ സെക്രട്ടറിയുടെയും, പ്രസ്താവനകളൊക്കെ വായിച്ച് പി.ജയരാജൻ തന്നെ തീരുമാനിക്കണം.

Leave a Reply

Your email address will not be published. Required fields are marked *