മുൻ എംപി എംബി രാജേഷിൻ്റെ ഭാര്യ നിനിത കണിച്ചേരിയുടെ കേരള സംസ്കൃത സർവകലാശാലയിലെ നിയമന വിവാദവുമായി ബന്ധപ്പെട്ട്, എംബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടുകയാണ് മാധ്യമ പ്രവർത്തകൻ ഐ സമീൽ.
2018ൽ യു.ജി.സി പുറത്തിറക്കിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കാലടിയിൽ ഇൻറർവ്യൂ നടന്നതെന്നാണ് ഇന്നലെ എം.ബി. രാജേഷ് മാധ്യമങ്ങളോട് പറഞ്ഞത്.
ഇതുപ്രകാരം അസി. പ്രൊഫസർ നിയമനത്തിന് യു.ജി.സി നൽകിയ 2018ലെ മാർഗനിർദേശങ്ങൾ പരിശോധച്ചപ്പോൾ മനസിലായത്, ഇൻറർവ്യൂവിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കാൻപോലും നിനിതക്ക് അർഹതയില്ല എന്നാണ്.
ഇൻറർവ്യൂവിനുള്ള ചുരുക്കപ്പട്ടിക തയാറാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്ന അപ്പൻഡിക്സ് മൂന്നിലെ ടേബിൾ 3-എ പ്രകാരം ഡിഗ്രി, പിജി, എംഫിൽ, പിഎച്ച്ഡി, നെറ്റ്-ജെ.ആർ.എഫ്, ഗവേഷണ പ്രബന്ധങ്ങൾ, അധ്യാപന പരിചയം, പോസ്റ്റ് ഡോക്ടറൽ പരിചയം എന്നിവയാണ് മാനദണ്ഡങ്ങൾ. ശേഷം പറയുന്നത് അധ്യാപന പരിചയം ഒരു വർഷത്തിൽ കുറവാണെങ്കിൽ അക്കാദമിക മേഖലക്ക് നൽകുന്ന മാർക്കിൽ കുറവ് വരുത്തണമെന്നാണ്. കോളജ്\വാഴ്സിറ്റി അധ്യാപന പരിചയമില്ലാത്ത, ഗവേഷണ പ്രബന്ധങ്ങൾ പരിമിതമായ നിനിത പിന്നെങ്ങിനെ ഇൻറർവ്യൂവിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു എന്നത് കാലടി വാഴ്സിറ്റി അധികൃതർ വ്യക്തമാക്കേണ്ടതാണ്.
ഇനി ഇൻറർവ്യൂവിലേക്ക് വന്നാൽ, ബോർഡ് അംഗങ്ങൾ എന്തൊക്കെ അടിസ്ഥാനമാക്കിയാണ് മാർക്ക് നൽകേണ്ടത് എന്ന് യു.ജി.സി മാർഗനിർദേശത്തിൽ കൃത്യമായി പറയുന്നുണ്ട്. അഥവാ മനോധർമമനുസരിച്ച് മാർക്കിടാൻ വകുപ്പില്ല എന്നർഥം. മാർഗനിർദേശത്തിലെ ആറാം നമ്പറിൽ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ ഒന്നും രണ്ടും നിർദേശമായി പറയുന്നത് അപ്പൻഡിക്സ് മൂന്നിലെ ടേബിൾ 1, 2, 3-എ, 3-ബി, 4, 5 എന്നിവ പ്രകാരമാണ് ഇത് നിർവഹിക്കേണ്ടത് എന്നാണ്. (മൂന്ന് -ബി ചുരുക്കപ്പട്ടിക തയാറാക്കുന്നത് സംബന്ധിച്ച നിർദേശങ്ങളും ടേബിൾ 4 ലൈബ്രേറിയൻ നിയമം, ടേബിൾ 5 കായികധ്യാപക നിയമനവുമായി ബന്ധപ്പെട്ടവയുമാണ്).
ടേബിൾ 1ലെ ഒന്നാമത്തെ മാനദണ്ഡം അധ്യാപന പരിചയമാണ്. അതിൽതന്നെ ഉദ്യോഗാർഥി എടുത്ത ക്ലാസുകളുടെ എണ്ണം അനുസരിച്ച് നൽകേണ്ട മാർക്കിന്റെ ശതമാനം ഇതിൽ വ്യക്തമാക്കുന്നു. കോളജ്, വാഴ്സിറ്റി തലത്തിൽ ഒട്ടും അധ്യാപന പരിചയമില്ലാത്ത ആൾക്കെങ്ങിനെയാണ് വർഷങ്ങളോളം അധ്യാപന പരിചയമുള്ളവരേക്കാൾ ഇൻറർവ്യൂ ബോർഡിന് മാർക്ക് നൽകാനാവുക?
ടേബിൾ 1ലെ രണ്ടാമത്തെ മാനദണ്ഡം കോളജ്, വാഴ്സിറ്റി തലത്തിൽ ഗവേഷണ മേഖലയിലും വിദ്യാർഥികളുടെ പഠന പ്രവർത്തനത്തിലുമുള്ള പ്രാവീണ്യമാണ്. ഇതിൽ അക്കാദമിക സെമിനാർ, ശിൽപശാല തുടങ്ങിയവയും പുസ്തക പ്രസാധനവും ഉൾപ്പെടും.
ടേബിൾ 2ലെ മാനദണ്ഡങ്ങൾ
1. ഗവേഷണ പ്രബന്ധങ്ങൾ
2. പുസ്തക പ്രസാധനം
3. ഗവേഷണ പദ്ധതികൾ
4. പേറ്റൻറ്
5. റിസർച്ച് ഗൈഡ്
6. അന്താരാഷ്ട്ര, ദേശീയ, വാഴ്സിറ്റിതല സെമിനാറുകളിലെ പ്രബന്ധാവതരണം
ഇതിനെല്ലാം എത്ര ശതമാനം മാർക്ക് ഇൻറർവ്യൂ ബോർഡ് നൽകണമെന്നും കൃത്യമായി യു.ജി.സി പറയുന്നുണ്ട്.
ടേബിൾ 3-എയിലെ മാനദണ്ഡങ്ങൾ: ഒന്നു മുതൽ അഞ്ചുവരെയുള്ളവ ഡിഗ്രി മുതൽ പിഎച്ച്ഡി, നെറ്റ് വരെയുള്ള മികവിന് നൽകേണ്ട മാർക്കുകൾ സംബന്ധിച്ച നിർദേശമാണ്. ആറ് ഗവേഷണ പ്രബന്ധത്തിനും ഏഴ് അധ്യാപന പരിചയത്തിനുമുള്ള മാർക്ക് സംബന്ധിച്ചവയാണ്. ചുരുക്കത്തിൽ കോളജ്-വാഴ്സിറ്റി അധ്യാപന പരിചയം, ഗവേഷണ പ്രബന്ധം, പുസ്തകം, ദേശീയ-അന്തർദേശീയ സെമിനാറുകളിലെ പ്രബന്ധാവതരണം തുടങ്ങി മുഴുവൻ അക്കാദമിക മാനദണ്ഡങ്ങൾ പ്രകാരവും ഇൻറർവ്യൂവിൽ പെങ്കടുത്ത മറ്റെല്ലാ ഉദ്യോഗാർഥികളേക്കാളും പിറകിലാണ് നിനിത എന്ന് വ്യക്തമാവുകയാണ്. ആയതിനാൽ, നിനിത എങ്ങിനെയാണ് റാങ്ക് ലിസിറ്റിൽ ഒന്നാമതെത്തിയത് എന്ന് വിശദീകരിക്കാൻ പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമെന്ന നിലയിൽ കാലടി വാഴ്സിറ്റി അധികൃതർ ബാധ്യസ്ഥരാണ്.