കേരള മോഡലിനെക്കുറിച്ച് ഡോ. ശശി തരൂർ എം.പി.

കേരളത്തിൻ്റെ കൊവിഡിനെതിരെയുള്ള പോരാട്ടത്തിൻ്റെ കേരള മോഡലിനെക്കുറിച്ച് ഡോ. ശശി തരൂർ എം.പി. ക്വിൻ്റ് ൽ എഴുതിയ ലേഖനത്തിൻ്റെ സംഗ്രഹ വിവർത്തനം. വിവർത്തനം: ഡോ. നെൽസൺ ജോസഫ്.

ഈയാഴ്ച കേരളത്തിൽ നിന്ന് ശ്രദ്ധേയമായ ഒരു വാർത്തയുണ്ടായിരുന്നു. ആദ്യമായി വൈറസ് ബാധയിൽ നിന്ന് വിമുക്തരായവരുടെ എണ്ണം സംസ്ഥാനത്തുള്ള ആക്ടീവ് കേസുകളെക്കാൾ കൂടുതലായി.

ഈ നേട്ടത്തിന് പരക്കെ അഭിനന്ദനങ്ങളുണ്ടായിരുന്നു. പ്രത്യേകിച്ച് കേരളമായിരുന്നു രാജ്യത്തെ ആദ്യ കൊറോണവൈറസ് കേസ് – വുഹാനിൽ നിന്ന് ജനുവരി അവസാനം തിരിച്ചെത്തിയ ഒരു മെഡിക്കൽ വിദ്യാർഥി – റിപ്പോർട്ട് ചെയ്ത സംസ്ഥാനം എന്നതുകൊണ്ട്.

പ്രധാനമന്ത്രി രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും കൂടുതൽ കൊവിഡ് 19 കേസുകളുണ്ടായിരുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമായിരുന്നു. ഇന്ന് അത് ആ പട്ടികയിൽ ഒരുപാട് താഴേക്ക് വീണിട്ടുണ്ട്.

കേരളം കൊവിഡ് 19 ഗ്രാഫിൻ്റെ വളവ് നിവർത്താൻ (flatten the curve) കേരളത്തിനു കഴിഞ്ഞു.

ആദ്യം മുതലേയുള്ള ഹ്യൂമൻ ഡെവലപ്മെൻ്റിനുള്ള നിർബന്ധത്തെയാണ് ഞാൻ മലയാളി മിറക്കിൾ എന്ന് വിളിച്ചത്. അതിൻ്റെ ഉയർന്ന സാമൂഹ്യസൂചകങ്ങൾ മൂലം കൊവിഡ് 19 ഇന്ത്യയ്ക്ക് ആഘാതമേല്പിച്ചപ്പോൾ അതിനെ നേരിടാൻ കേരളം തയ്യാറായിരുന്നു.

ഞാൻ സംസ്ഥാന സർക്കാരിൻ്റെ രാഷ്ട്രീയ എതിരാളി ആണെങ്കിലും അവരുടെ നല്ല പ്രവൃത്തികളെ അംഗീകരിക്കുവാൻ സന്തോഷമേയുള്ളൂ. കേരള മോഡൽ എന്നത് മറ്റൊന്നുമല്ല, വിദ്യാഭ്യാസത്തിലും ക്ഷേമത്തിലുമുള്ള ശ്രദ്ധ കേന്ദ്രീകരിക്കലാണ്.

എങ്ങനെയാണ് കേരളത്തിനിത് കഴിഞ്ഞത്?

കേരള മോഡലിനെക്കുറിച്ചറിയാൻ ആകാംക്ഷയുണ്ടാവും – കാൽ നൂറ്റാണ്ട് മുൻപ് എൻ്റെ “India From Midnight to the Millennium ” എന്ന പുസ്തകത്തിൽ ഞാൻ മലയാളി മിറാക്കിളിനെക്കുറിച്ച് എഴുതിയിരുന്നു.

മലയാളി മിറക്കിൾ എന്നത് ഹ്യുമൻ ഡെവലപ്മെൻ്റ് എന്ന് നമ്മൾ അന്ന് വിളിക്കാൻ തുടങ്ങിയതേയുണ്ടായിരുന്നുള്ള ഒന്നിൽ വിജയകരമായി ഊന്നുവാൻ കഴിഞ്ഞ ഒരു സംസ്ഥാനത്തെക്കുറിച്ചായിരുന്നു. – അതിൻ്റെ വലിയൊരു ഭാഗം വിഭവങ്ങളും ആരോഗ്യത്തിനായും പൊതുവിദ്യാഭ്യാസത്തിനായും സാക്ഷരതയ്ക്കായും സ്ത്രീ ശാക്തീകരണത്തിനായും, ഉയർന്ന സാക്ഷരത മാത്രമല്ല പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായും ചിലവാക്കുന്നതിനെക്കുറിച്ചായിരുന്നു.

ഇന്ത്യയിലുള്ള മറ്റ് ഏതൊരു സംസ്ഥാനത്തിനെക്കാളും ജനസാന്ദ്രതയുണ്ടായിട്ടും അമേരിക്കയുടെ പതിനേഴിൽ ഒന്ന് മാത്രം ആളോഹരി വരുമാനമുണ്ടായിട്ടും കേരളത്തിന് ഏറ്റവും മുന്നിലുള്ള വികസിതരാജ്യങ്ങളുമായി തട്ടിച്ചുനോക്കാനുള്ള സാമൂഹ്യ വികസന സൂചികകളുണ്ട്.

കൊവിഡ് ഇന്ത്യയെ ആക്രമിച്ചപ്പോൾ നേരിടാൻ തയ്യാറെടുത്തിരുന്ന ഒരു സംസ്ഥാനമുണ്ടായിരുന്നു – കേരളം. കേരളം നിപ്പയെ 2018 ൽ വിജയകരമായി നേരിട്ടിരുന്നതാണ്, വാക്സിനുകളില്ലാതിരുന്ന ആ രോഗത്തെ നിയന്ത്രിച്ചതാണ്. ഇത്തവണ കൊറോണ വൈറസിനെ നേരിടാനായി 30,000 ആരോഗ്യപ്രവർത്തകരെ അണിനിരത്താൻ അതിനു കഴിഞ്ഞു.

വേഗത്തിലുള്ള വ്യാപകമായ പരിശോധനകൾ നടത്തിയും (ഏപ്രിൽ 14ലെ കണക്കനുസരിച്ച് പത്ത് ലക്ഷത്തിൽ 450 , ബംഗാളിലേത് 32 ആണ്) വൈറസ് ബാധയുള്ളവരുമായി സമ്പർക്കത്തിൽ വന്നവരെ സൂക്ഷ്മമായ കോണ്ടാക്റ്റ് ട്രേസിങ്ങിലൂടി കണ്ടെത്തിയും രോഗബാധയുളളവർക്ക് അനുകമ്പാപൂർവമായ ചികിൽസ നൽകിയുമാണ് കൊവിഡിനെ കേരളം നേരിട്ടത്.

രോഗബാധയുണ്ടെന്ന് സംശയിക്കുന്നവർക്ക് നാല് ആഴ്ച ക്വാറൻ്റൈൻ കൊണ്ടുവന്ന ആദ്യ സംസ്ഥാനമായിരുന്നു കേരളം. രാജ്യവ്യാപക ലോക്ക് ഡൗണിൽ പെട്ടുപോയ അതിഥി തൊഴിലാളികൾക്ക് വേണ്ട വ്യവസ്ഥകൾ ചെയ്ത ആദ്യ സംസ്ഥാനം, കമ്യൂണിറ്റി കിച്ചനിലൂടി ലക്ഷക്കണക്കിനു പാകം ചെയ്ത ഭക്ഷണപ്പൊതികളെത്തിച്ച ആദ്യ സംസ്ഥാനം…

പത്ത് ലക്ഷത്തിലധികം വിദേശ ടൂറിസ്റ്റുകളെ ഒരു വർഷം സ്വീകരിക്കുന്ന , അതിൻ്റെ അംഗങ്ങളുടെ ഒരു വലിയ ശതമാനത്തെ (17% കേരളീയർ ജോലിചെയ്യുകയോ ജീവിക്കുകയോ ചെയ്യുന്നത് കേരളത്തിനു പുറത്താണ്) പുറത്തേക്കയയ്ക്കുന്ന, നൂറുകണക്കിനു വിദ്യാർഥികൾ പുറത്ത് പഠിക്കുന്ന ഒരു സംസ്ഥാനമെന്ന നിലയിൽ കേരളമായിരുന്നു ഏറ്റവും രോഗബാധിതമാവാൻ സാദ്ധ്യതയുണ്ടായിരുന്നിടം. പക്ഷേ അത് വിജയകരമായി അതിജീവിച്ചു.

ഏറെയാളുകൾ സംസ്ഥാനത്തെ അഭിനന്ദിച്ചു. വാഷിങ്ങ്ടൺ പോസ്റ്റ് പരക്കെ ശ്രദ്ധിക്കപ്പെട്ട ഒരു വാർത്തയിൽ കേരളത്തിൻ്റെ ” സജീവമായ മുൻ കരുതലുകളെയും നേരത്തെയുള്ള രോഗനിർണയത്തെയും വ്യാപകമായ സാമൂഹ്യ പിന്തുണയെയും ” പ്രകീർത്തിച്ചു. രാജ്യത്തിൻ്റെ ശിഷ്ടഭാഗത്തിന് ഒരു മാതൃകയാവുമെന്ന് പ്രഖ്യാപിച്ചു. പോസ്റ്റിനോട് സംസാരിച്ച വിദഗ്ധരും സംസ്ഥാനത്തിൻ്റെ കണിശവും മനുഷ്യത്വപരവുമായ സമീപനത്തെ ശ്ലാഘിച്ചു.

കമ്യൂണിസ്റ്റു ഗവണ്മെൻ്റുകൾക്ക് മാത്രം എല്ലാ ക്രെഡിറ്റും നൽകുന്നതിൽ രാഷ്ട്രീയപരമായ വിവാദങ്ങൾ ആ ലേഖനം ഉണ്ടാക്കിയിരുന്നെങ്കിലും ലോകാരോഗ്യസംഘടനയുടെ ഇന്ത്യയിലെ പ്രതിനിധിയെ ഉദ്ധരിച്ച് കേരളത്തിൻ്റെ ” ഉചിതമായ പ്രതികരണവും ” മുൻ കാലങ്ങളിലുള്ള പരിചയവും അതിൻ്റെ അടിയന്തിര സാഹചര്യങ്ങളിലുള്ള തയ്യാറെടുപ്പിൽ സഹായകമായി എന്ന് സമർഥിക്കുന്നുണ്ട്.

ഇത് കോൺഗ്രസും കമ്യൂണിസ്റ്റുകളും ഉൾപ്പെടുന്ന ഒരു ഉഭയകക്ഷി രാഷ്ട്രീയപാരമ്പര്യവും അതിനു മുൻപ് രാജഭരണവും ഉള്ളതാണ്. ഇപ്പോൾ അധികാരത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭ ഇപ്പോഴത്തെ വിഷമഘട്ടം കൈകാര്യം ചെയ്യുന്നതിൽ പ്രശംസ അർഹിക്കുമ്പോൾ തന്നെ 1961ലെ 13,000 ഗവണ്മെൻ്റ് ആശുപത്രി കിടക്കകൾ എന്നത് 1985ലെ 36,000 ലേക്ക് ഉയർത്തിയതും മെഡിക്കൽ കോളജുകളും സാർവത്രിക ആരോഗ്യ സംരക്ഷണവും പ്രോത്സാഹിപ്പിച്ചതും കോൺഗ്രസ് സർക്കാരുകളാണ്.

കേരളത്തിൻ്റെ പബ്ലിക് ഹെൽത് സിസ്റ്റം ഇന്ത്യയിലെ ഏറ്റവും മികച്ച ഒന്നാണ്. നവജാത ശിശുമരണനിരക്ക്, ജനനസമയത്തെ ഇമ്യൂണൈസേഷൻ, ആയുർ ദൈർഘ്യം എന്നിവയിൽ ഇന്ത്യയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

കേരളത്തിൻ്റെ ലോകോത്തരനിലവാരമുള്ള നഴ്സുമാർ ലോകത്തിൻ്റെ നാനാ ഭാഗങ്ങളിൽ ജോലി ചെയ്യുന്നു. ഗ്രാമീണതലത്തിൽ കേരളത്തിന് ഒരു മികച്ച പ്രൈമറി കെയർ സെൻ്ററുകളുടെ ശൃംഖലയുണ്ട്. താലൂക്ക്, ജില്ലാ ആശുപത്രികളുണ്ട് – വെറുതെ കടലാസിൽ മാത്രമുള്ളതല്ല, ആവശ്യത്തിനു ഡോക്ടർമാരും നഴ്സുമാരുമുണ്ട്.മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ മെഡിക്കൽ സപ്ലൈകൾക്ക് ദൗർലഭ്യമില്ല

ലോകാരോഗ്യസംഘടനയുടെ മുദ്രാവാക്യം ” ടെസ്റ്റ്, ട്രേസ്, ഐസൊലേറ്റ്, ട്രീറ്റ് ” എന്നതാണ്. കേരളം ഇതിനെ അക്ഷരം പ്രതി, മാതൃകാപരമായ കാര്യക്ഷമതയോടെ പിന്തുടർന്നിട്ടുണ്ട്. ജില്ലാ തല നിരീക്ഷണത്തിലും പൊതുജനങ്ങളോടുള്ള സജീവമായ ആശയവിനിമയത്തിലും (രോഗബാധിതർക്കുള്ള കൗൺസിലിങ്ങിലും) സാമൂഹ്യമായ ഇടപെടലുകളിലും ഉന്നത മികവ് പുലർത്തുന്നു.

പല എയർപോർട്ടുകളിലും നിലനിന്ന ആശയക്കുഴപ്പവുമായി തട്ടിച്ചുനോക്കുമ്പോൾ കേരളത്തിലെ എയർപോർട്ട് സ്ക്രീനിങ്ങ് കഴിവുറ്റതും പ്രഫഷണലുമായ രീതിയിലായിരുന്നു. ഇന്ത്യൻ സർക്കാർ ആലോചിക്കുന്നതിനും രണ്ടാഴ്ച മുൻപ് കോണ്ടാക്റ്റുകളെ ട്രേസ് ചെയ്ത് ആവശ്യമുള്ളവർക്ക് സഹായം നൽകി ഹോം ക്വാറൻ്റൈൻ ചെയ്തിരുന്നു.

താൽക്കാലില ക്വാറൻ്റൈൻ ഷെൽറ്ററുകൾ ആവശ്യമുള്ളിടത്ത് പെട്ടെന്നുതന്നെ അവ സ്ഥാപിച്ചു. മറ്റുള്ളയിടങ്ങളിലെ അതിഥി തൊഴിലാളികൾ അവരുടെ വീടുകളിലേക്ക് എങ്ങനെയെത്തുമെന്ന് പരിശ്രമിച്ച സമയത്ത് കേരളത്തിൻ്റെ അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പും സുരക്ഷയും ലഭിച്ചു.

സംസ്ഥാനത്തിൻ്റെ കൊവിഡിനോടുള്ള പ്രതികരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും നേതൃത്വം നൽകി. പ്രതിപക്ഷ നേതാവും സാന്നിദ്ധ്യമറിയിച്ചു. പൊതുജനത്തിൻ്റെ ആത്മവിശ്വാസമുയർത്തുന്നതിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളും കാര്യക്ഷമമായ ഭരണസംവിധാനങ്ങളും സഹായിച്ചു.

കേന്ദ്രം സമാനമായ ഒന്ന് രാജ്യത്തിനു നൽകുമ്പോൾത്തന്നെ 20,000 കോടിയുടെ സമാശ്വാസ സഹായം കേരളം പ്രഖ്യാപിച്ചു. RT-PCR ടെസ്റ്റിങ്ങ് കിറ്റുകൾ ഉപയോഗിച്ച് ടെസ്റ്റ് ചെയ്ത ആദ്യ സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം. കേന്ദ്രം എം.പി ഫണ്ടുകൾ പിൻ വലിക്കുന്നതിനു മുൻപുതന്നെ എൻ്റെ മണ്ഡലം – തിരുവനന്തപുരത്ത് അതെത്തിക്കാൻ എനിക്ക് സാധിച്ചിരുന്നു

ഞാൻ സംസ്ഥാന സർക്കാരിൻ്റെ രാഷ്ട്രീയപരമായ ഒരു എതിരാളിയാണ് എങ്കിലും അവർ ചെയ്യുന്ന മികച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുവാനും ഈ മഹാമാരിയെ അതിജീവിക്കാനുള്ള ശ്രമങ്ങളെ പിന്താങ്ങുവാനും എനിക്ക് സന്തോഷമേയുള്ളൂ.

അങ്ങനെ രാഷ്ട്രിയപരമായ ഏകപക്ഷീയതയെ പിന്നിലാക്കാൻ കേരളത്തിനു കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.കൊവിഡിനു മേൽ വിജയിക്കുമെന്ന് തോന്നുന്നതിനുള്ള ക്രെഡിറ്റ് ആർക്ക് നൽകണമെന്ന് എൻ്റെ മനസിൽ സംശയമൊന്നുമില്ല..

അത് കേരളത്തിനാണ്….

 

 

Leave a Reply

Your email address will not be published. Required fields are marked *