ലോകം അടച്ചിരിക്കുമ്പോൾ മനുഷ്യൻ പുറത്താക്കപ്പെടുന്നതിനെക്കുറിച്ച് ഒരു കുറിപ്പ്

സലീം ഷെരീഫിൻ്റെ ഫേസ്ബുക്ക് കുറിപ്പ്

ഇന്ന് 28 ദിവസത്തെ എന്റെ ക്വാറന്റൈൻ അവസാനിക്കുകയാണ്.

കഴിഞ്ഞ മാസം പതിമൂന്നിന് രാവിലെ ഞാൻ വൈറ്റിലയിലെ റൂമിൽ നിന്ന് പുറത്താക്കപ്പെട്ടു. ലോകം മൊത്തം അടച്ചിരിക്കുമ്പോൾ മനുഷ്യർ പുറത്താക്കപ്പെടുന്ന ഭീതി ജനകമായ അനുഭവം എനിക്കുമുണ്ടായി.

തലേ ദിവസം അതായത് പന്ത്രണ്ടിന് സുഹൃത്ത് കൂടെ താമസിച്ചിരുന്ന കാമുകിയോട് അതി ഭീകര വയലൻസും ആണധികാരവും കാണിക്കുന്നത് കണ്ട് പേടിച്ച് അതിൽ ഇടപെട്ടു. ഒരു കൊലപാതകം വരെ സംഭവിച്ചേക്കും എന്ന് ഭയന്നാണ് ഞാൻ അതിൽ ഇടപെട്ടത്. കസേര നിലത്തടിച്ച് പൊട്ടിച്ചിതറിയ ചീള് മറ്റൊരു മുറിയിൽ ഇരുന്ന എൻ്റെ ദേഹത്തേക്ക് തെറിക്കുകയായിരുന്നു. അതിന് ശേഷം അയാളുടെ പക മൊത്തം എന്നോടായി. ഞാൻ ഉപയോഗിച്ച മസ്കുലിനിറ്റി എന്ന വാക്ക് അയാൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ഇനിയും പുസ്തകങ്ങളിൽ വായിച്ച വാക്കുകളുമായി എന്നോട് സംസാരിച്ചാൽ അടിച്ച് മുഖം തിരിച്ച് കളയും എന്ന് ഭീകരമായി ഭീഷണിപ്പെടുത്തി. എനിക്കാകെ പേടിയായി. എങ്ങനെയെങ്കിലും മുറി വിട്ട് പോണം. സ്വന്തമായി ഫോണില്ല. ഉള്ളത് ആ മുറിയിലെ മറ്റുള്ളവർ ഉപയോഗിക്കാത്ത ഒരു ടാബ് മാത്രമാണ്. അതായിരുന്നു ഞാൻ ഉപയോഗിച്ചിരുന്നത്. അത് വഴി സുഹൃത്തിനെ വിളിക്കാൻ ശ്രമിച്ചു. മറ്റൊരു സുഹൃത്തിന്റെ മുറി അന്വേഷിച്ചു. അയാൾക്ക് ഉടമസ്ഥന്റെ പ്രശ്നം കാരണം എന്നെ ഉൾക്കൊള്ളിക്കാൻ കഴിയില്ലെന്നായി.

ഈ നഗരത്തിൽ 6 കൊല്ലത്തോളം ജോലി ചെയ്തിട്ടുണ്ട്. പരിചയത്തിൽ പോകാൻ കഴിയുന്ന ഒരു മനുഷ്യനുമായും കഴിഞ്ഞ ഒരു കൊല്ലത്തോളം ഒരു ബന്ധവും ഇല്ല. ഫോൺ ഇല്ലാത്തതാണ് മുഖ്യ കാരണം. ഓർത്തെടുക്കാൻ ശ്രമിച്ചവരൊന്നും കൊച്ചിക്കാരുമല്ല. ഓർമയിൽ വന്നവരൊക്കെ നാട്ടിലെത്തിക്കാണും. അല്ലെങ്കിലും നഗരത്തെ ഉരുട്ടുന്നത് മൊത്തം ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾ മാത്രമാണ്. പല ദിക്കിലെ ജനങ്ങൾ.

ലോക് ഡൗണ് കാലത്തിന് തൊട്ട് മുമ്പാണ് ഞാൻ ജോലി അന്വേഷിച്ച് അവിടെയെത്തിയത്. അത് വരെ ഊട്ടിയിലെ ഒരു ഹോട്ടലിൽ ഊണ് തയ്യാർ ബോർഡ് പിടിക്കലായിരുന്നു എൻ്റെ ജോലി. പഠിക്കാനും വായിക്കാനും ഉള്ള സൗകര്യത്തിനായിരുന്നു ആ ജോലി. അടിസ്ഥാന വർഗ്ഗങ്ങൾക്കിടയിൽ പതിനാലും പതിനഞ്ചും മണിക്കൂറുകൾ ജോലി ചെയ്തും ഇടക്ക് ലീവ് എടുത്തും തട്ടി മുട്ടി മലയാള സാഹിത്യത്തിൽ നെറ്റ് പാസായി. അതിന് ശേഷമാണ് കൊച്ചിയിലേക്ക് വരുന്നത്. സുഹൃത്തിന്റെ ഔദാര്യത്തിൽ തന്നെയായിരുന്നു അവിടെ കഴിഞ്ഞത്.

അന്നേ ദിവസം ഞാൻ കൂടുതൽ മനുഷ്യരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നത് കണ്ട് അയാൾ റൂമിലെ വൈഫൈ ഇല്ലാതാക്കി. പിന്നെ എനിക്ക് ആരെയും വിളിക്കാൻ പറ്റില്ലെന്നായി. ആ രാത്രി ജീവനിൽ ഭയന്ന് ഞാൻ അവിടെ നിന്നും ഇറങ്ങാൻ തീരുമാനിച്ചു. വീട്ടിലേക്ക് നടക്കണം. മറ്റൊരു പോം വഴി ഇല്ല. ബാഗ് പാക് ചെയ്യുന്നത് കണ്ട അയാൾ ആ ടാബും അതിൽ ഉപയോഗിച്ചിരിക്കുന്ന സിം കാർഡും അവിടെ വച്ച് പോകണം എന്ന് കർശനമായി നിർദ്ദേശിച്ചു. രാവിലെയായിട്ട് ഇറങ്ങാം എന്ന് കരുതി. കൃത്യം വീട്ടിലേക്ക് എത്ര കിലോ മീറ്റർ ഉണ്ടാവുമെന്ന് കണക്കു കൂട്ടാൻ കഴിഞ്ഞില്ല. അതിലെ ഇന്റർനെറ്റ് പിന്നീട് വർക്കായില്ല.

ഞാൻ ഉറങ്ങാൻ കിടന്നു. ഉറക്കം വന്നില്ല. രാവിലെ 5 മണി വരെയും ഓരോന്ന് ആലോചിച്ചിരുന്നു. ലോകം അടച്ചിരിക്കുമ്പോൾ പുറത്തായ മനുഷ്യരായിരുന്നു മുന്നിൽ. പിന്നീട് എപ്പോഴോ ചെറുതായി ഉറങ്ങിപ്പോയി. 10 മണിക്ക് റൂമിൽ നിന്നും ഇറങ്ങി. ഇറങ്ങാൻ നേരത്ത് ആ പെൺകുട്ടി എനിക്ക് കുറച്ച് കാശ് തന്നു. വേറെ ഒന്നും എൻ്റെ കയ്യിൽ ഉണ്ടായിരുന്നില്ല. ഞാനത് വാങ്ങി. അവിടെ നിന്നും ഇറങ്ങി.

നല്ല കനമുണ്ടായിരുന്നു ബാഗിന്. പുസ്തകങ്ങളായിരുന്നു മുഴുവൻ. വളരെ കുറഞ്ഞ വസ്ത്രങ്ങൾ മാത്രമാണ് എനിക്ക് സ്വന്തമായി ഉള്ളത്. നാൽപ്പത് ലിറ്റർ ബാഗിൽ മുക്കാലും പുസ്തകങ്ങളായിരുന്നു. അതിൻ്റെ കനം മാതാവിനെ പേറി നടക്കുന്ന അന്യഭാഷാ തൊഴിലാളികളുടെ കനത്തെയും വിഷമത്തെയും അനുഭവിപ്പിച്ചു.

നഗരം വിജനമായിരുന്നു. മഹാ ദുരന്തങ്ങൾ കഴിഞ്ഞ നഗരങ്ങളെ സിനിമയിൽ കാണും പോലെ. നല്ല വെയിൽ കാരണം നടത്തം കഠിനമായിരുന്നു. പിറ്റേ ദിവസത്തെ വിഷു പ്രമാണിച്ച് അങ്ങിങ്ങായി ആളുകൾ റോഡിലെ കണിക്കൊന്നകൾ അറുക്കുന്നുണ്ട്. ഞാനെല്ലാവരുടെയും മുഖത്തേക്ക് നോക്കി. ആരെങ്കിലും ഒരാൾ ഒരു മാലാഖയെപ്പോലെ എവിടേക്കാണ് എന്താണ് പ്രശ്നം എന്ന് അന്വേഷിച്ച് വരുമെന്ന് കരുതി. ആരും എന്നെ നോക്കുകപോലും ചെയ്യുന്നില്ല. ഇടപ്പള്ളിയിലെത്തിയപ്പോൾ ഒരു കിലോ നേന്ത്രപ്പഴം വാങ്ങി. ഒരു കുപ്പി വെള്ളവും. ഇടപ്പള്ളി പാലം കഴിയുമ്പോൾ തന്നെ നട്ടെല്ല് വേദനിച്ച് തുടങ്ങിയിരുന്നു. ഇതിനോടകം വിയർത്ത് ശരീരമാകെ നനഞ്ഞു.

പൊലീസുകാർ ഇടക്കിടക്ക് കാവലിനുണ്ട്. അവർക്കൊക്കെ വണ്ടിയിൽ പോകുന്നവരെ മാത്രമേ ശ്രദ്ധയൊള്ളു. പണ്ടത്തെ പൊലീസുമായുള്ള അനുഭവങ്ങളൊക്കെയും പേടിപ്പെടുത്തുന്നതാണ്. അതുകൊണ്ട് അവരെ സമീപിക്കാൻ മനസ്സ് പറഞ്ഞിട്ടും അതിന് മുതിർന്നില്ല. ഞാൻ കുറേക്കൂടി നടന്നു. നടത്തം വളരെ മെല്ലെയായിരുന്നു.

ബാഗിൻ്റെ കനം അത്രയും കൂടുതലാണ്. വരാപ്പുഴ പാലത്തിന് തൊട്ട് മുമ്പ് ഒരു ടയർ വർക്ഷോപ്പിൻ്റെ മുന്നിൽ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ അവിടെ നിന്നു. ഇത്തിരി വെള്ളം കുടിച്ചു. ഞാൻ ചോദിച്ചു
“ചേട്ടാ സമയം എത്രയായി? ”
അയാൾ പറഞ്ഞു “2.30”

പിന്നീട് എൻ്റെ പേര് ചോദിച്ചു അതിന് മറുപടി പറഞ്ഞ ശേഷം അയാളുടെ പെരുമാറ്റമാകെ മാറി. കോവിഡ്‌ പരത്തുന്ന പ്രത്യേക മത വിഭാഗത്തിലെ ആൾ എന്ന ബോധം അടിസ്ഥാന വർഗ്ഗങ്ങൾക്കിടയിൽ പോലും ഇത്രയധികം വ്യാപകമായി പടർന്ന കാര്യമോർത്ത് ഞാൻ പകച്ചു പോയി.

“വൈറ്റിലയിൽ നിന്ന് ഇവിടെ വരെ എത്ര ദൂരമുണ്ട് “ഞാൻ ചോദിച്ചു.

“നിങ്ങൾ ബോർഡ് നോക്കിയില്ലേ?” അയാൾ ചോദിച്ചു.

“ഇല്ല” ഞാൻ പറഞ്ഞു

“എനിക്കറിയില്ല, സമയം മെനക്കെടുത്താതെ നിങ്ങൾ പോണം” അയാൾ പറഞ്ഞു.

എനിക്ക് ചിരി വന്നു . ഞാൻ നന്നായി മനപ്പൂർവ്വം ചുമച്ചു. അയാൾ പേടിച്ച് മാറി നിന്ന് കല്ലെടുത്തെറിയാൻ ഓങ്ങി. ഞാൻ പൊവുകയാണെന്ന് പറഞ്ഞ് അയാളെ സമാധാനിപ്പിച്ചു. അവിടെ നിന്നും ബാഗ് എടുത്തു നടന്നു തുടങ്ങി.

വരാപ്പുഴ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. ഇടക്കിടക്ക് ഞാൻ വണ്ടികൾക്ക് കൈ കാണിക്കുന്നുണ്ട്. ആരും നിർത്തിയില്ല. ചിലർ ആംഗ്യം കാണിച്ച് അവരുടെ നിസ്സഹായത വെളിപ്പെടുത്തി. കാണുന്ന ബസ് സ്റ്റോപ്പിലെല്ലാം കുറച്ച് നേരം വിശ്രമിച്ചാണ് നടക്കുന്നത്. ഊരയുടെ കെണുപ്പ് വേദന കൂടി തുടങ്ങി. വെയിൽ അസഹനീയമായി തുടർന്നു.

പുസ്തകങ്ങളെ വഴിയിൽ ഉപേക്ഷിക്കാൻ തോന്നിത്തുടങ്ങി. എൻ്റെ ആകെയുള്ള സമ്പാദ്യം ഈ പുസ്തകങ്ങളാണ്. ഉപേക്ഷിക്കാൻ തോന്നുന്നില്ല. ഭാരം ചുമന്ന് പോയാൽ പാതി വഴിയിൽ വീണ് പോകും എന്ന് ഉറപ്പായിത്തുടങ്ങി. അത്രക്കും നടുവേദന കനത്തു.

വരാപ്പുഴ പാലം കഴിഞ്ഞ് പോലീസ് സ്റ്റേഷന്റെ റോഡിലേക്ക് തിരിയുന്ന ജങ്ഷനിലെ ഓട്ടോ സ്റ്റാൻഡിൽ ഞാൻ ഇരുന്നു. പോലീസ് സ്റ്റേഷനിലേക്ക് കയറിച്ചെന്നാലോ എന്ന് ആലോചിച്ചു. എനിക്ക് ആ കാക്കി വർഗ്ഗത്തെയാകെ ആകെ ഭയമാണ്. ഒരു മനുഷ്യരോടും മയത്തിൽ സംസാരിക്കുന്നത് ഞാൻ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല. അധികാരത്തിന്റെ മൂർത്തമായ ഭാവം അവരുടെ സംസാരത്തിൽ എപ്പോഴും പ്രകടമാണ്.

നോക്കുമ്പോൾ വലത് വശത്ത് നാരായണ ഗുരുവിൻ്റെ അമ്പലം. എൻ്റെ ഗുരുദേവൻ. മഹാ കവി. ആത്മീയാചാര്യൻ. നവോത്ഥാന നായകൻ. നിരാലംബരായ മനുഷ്യർ ഗുരുവിനെ ഓർത്താൽ കരഞ്ഞു പോകും എന്ന് എനിക്ക് മനസ്സിലായി . ഞാൻ ചുണ്ടുകൾ കടിച്ച് കരഞ്ഞു. പുസ്തകങ്ങളെ ഓരോന്നായി ഞാൻ എടുത്തു. എന്റെ പ്രിയപ്പെട്ട മേതിൽ കഥകൾ, ഈ സന്തോഷ് കുമാറിൻ്റെ കഥകൾ, എന്റെ സ്വന്തം രാമച്ചി, ഹരീഷിന്റെ രസവിദ്യയുടെ ചരിത്രം തുടങ്ങി എല്ലാ പുസ്തകങ്ങളും ഞാൻ വെളിയിലേക്ക് വച്ചു. എഴുപതുകളിൽ റഷ്യയിൽ പബ്ലിഷ് ചെയ്‌ത പുസ്തകങ്ങൾ ഞാൻ ഉപേക്ഷിച്ചില്ല. എൻ്റെ നാട്ടിലെ പൂർവികാരായ മണ്മറഞ്ഞ വായനക്കാരുടെ ലൈബ്രറിയിലേക്കുള്ള സംഭാവനകളാണ് അത്. ഹംസാക്ക സംഭാവന ചെയ്ത ഗോർക്കിയുടെ പരിശീലനം, വി ടി രാമചന്ദ്രൻ സംഭാവന ചെയ്ത സെമന്യോവ്ന്റെ വസന്തത്തിൻ്റെ പതിനേഴ് നിമിഷങ്ങൾ. എല്ലാം വിരളമായി മാത്രമുള്ള പുസ്തകങ്ങൾ. ഞാൻ അവയൊഴികെ ബാക്കി എല്ലാം അവിടെ ഗുരുദേവൻ്റെ അമ്പലത്തിൻ്റെ മുന്നിൽ വെക്കാം എന്ന് തീരുമാനിച്ചു ഒരു കുറിപ്പ് എഴുതി.

“നീലഗിരി വയനാട് ബോർഡറിലേക്കുള്ള യാത്രാ മദ്ധ്യേ നടന്നു പോകും വഴി ബാഗിലെ കനം കാരണം പുസ്തകങ്ങൾ ഇവിടെ ഉപേക്ഷിക്കുകയാണ് , കണ്ട് കിട്ടിയവർ എൻ്റെ അഡ്ഡ്രസിലേക്ക് അയച്ച് തരണം.” കൂടെ എൻ്റെ ആഡ്ഡ്രസ്സും ആകെ മനഃപഠമായി അറിയാവുന്ന എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ നമ്പറും ചേർത്ത്, മേതിൽ കഥകളിൽ ആ കുറിപ്പ് വച്ച് , ഗുരുവിൻ്റെ ആ അമ്പലത്തിലേക്ക് വെക്കാൻ പോയി. അപ്പോഴാണ് അലറിക്കൊണ്ട് ചീത്ത വിളിക്കുന്ന ശബ്ദം കേട്ടത്. ഞാൻ അങ്ങോട്ടേക്ക് നോക്കി. അവിടെ ഒരു സ്‌ത്രീ കയ്യിൽ ചൂലും പിടിച്ച് ദേഷ്യപ്പെട്ട് നിൽക്കുന്നു. കൊറോണ ഒരു തരത്തിലുമുള്ള നടകീയതക്ക് ഇടം നൽകിയില്ല. അവസാനം ഞാൻ ആ ഓട്ടോ ഷെഡിൽ തന്നെ പുസ്തകങ്ങൾ വച്ചു. എന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങൾ അനാഥമായി. അത്രയും പുസ്തകങ്ങൾ എനിക്കിനി വാങ്ങിക്കാൻ കഴിയുമോ? അറിയില്ല. ഗുരു എത്തിപ്പെട്ട കരങ്ങളെ ഓർത്ത് കണ്ണ് നിറഞ്ഞു. മുഷിപ്പും മടുപ്പും ദാഹവും വിശപ്പും പേറി ഞാൻ നടക്കാൻ തുടങ്ങി.

ഹവായി ചെരുപ്പ് ഉരഞ്ഞ് ഇതിനോടകം കാല് പൊട്ടിയിരുന്നു. കാണുന്ന സ്റ്റോപ്പുകളിലെല്ലാം ഉള്ള ഇരുത്തം കുറച്ചു. കാരണം ഇരുന്ന് എഴുന്നേൽക്കുമ്പോൾ തുടകളിലെ മസിലുകൾ കടഞ്ഞ് തുടങ്ങി. പ്രതീക്ഷ കൈ വിടാതെ ഞാൻ കാണുന്ന വണ്ടിക്കൊക്കെ ഇടക്കിടക്ക് കൈ കാട്ടി നടന്നുകൊണ്ടേ ഇരുന്നു.

കട അടക്കുന്ന സമയമായെന്ന് തോന്നിയപ്പോൾ ഒരു കുപ്പി വെള്ളം കൂടി വാങ്ങി. നോർത്ത് പറവൂർ ഏത്തറായപ്പോൾ വഴിയരികിലെ കായൽ കണ്ടു. അവിടെ ഇരുന്നു.വെയിൽ കുറഞ്ഞിരുന്നു. ചില യുവാക്കൾ മീൻ പിടിക്കുന്നുണ്ടായിരുന്നു. എന്റെ ഇരുത്തം കണ്ട് ഒരു ചെക്കൻ അടുത്തേക്ക് വന്നു.

“ബ്രോ പെട്ടിരിക്കാണോ?”

ഞാൻ പറഞ്ഞു “ഇല്ല, കൊടുങ്ങല്ലൂരിലേക്ക് പോവുകയാണ് , കാല് കഴച്ചപ്പോൾ ഇവിടെ ഇരുന്നതാണ്.”

“ഫുഡ് കഴിച്ചോ?”

“ആ എൻ്റെ കയ്യിൽ പഴമുണ്ട്”

“എന്തെങ്കിലും വേണോ”

“ഏയ് വേണ്ട”

ഞാൻ ഉടനെ ബാഗ് എടുത്ത് അവിടെ നിന്നും നടന്ന് തുടങ്ങി.

എനിക്ക് അവനോട് അങ്ങനെ പറയാനാണ് തോന്നിയത്, ഒരുപക്ഷേ അങ്ങനെ പറയാതെ സത്യം പറഞ്ഞാൽ അവർ ചിലപ്പോൾ പോലീസിനെ വിളിക്കും എന്ന് തോന്നി. അവരുടെ ചോദ്യം ചെയ്യലിന്റെ ഭീതി അതിഭീകരമായി ഞാൻ ഭയക്കുന്നു.

ഞാൻ വേഗം അവിടെ നിന്ന് നടന്നു. അതൊരു കയറ്റമാണ്. അതിൻ്റെ താഴെയായി എന്നോട് കാര്യങ്ങൾ അന്വേഷിച്ച മീൻ പിടിച്ചുകൊണ്ടിരുന്നവരുടെ വീടുകൾ കാണാം. ചെറിയ ചെറിയ വീടുകൾ. എൻ്റെ പ്രിയപ്പെട്ട അടിസ്ഥാന വർഗ്ഗങ്ങളിലെ യുവാക്കളാണ് അവർ എന്ന് മനസ്സിലായി.

അല്ലേലും അവരല്ലാതെ ഒരു വിഷമത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നവർ ആരാണ്? വലിയ വീടുകളിലേക്ക് സഹായത്തിനായി കയറി ചെല്ലുകയും ബെല്ലടിക്കുകയും കൈ നീട്ടുകയും വേണം. അടിസ്ഥാന വർഗ്ഗം അങ്ങനെയല്ല. അവർ നമ്മിലേക്ക് ഇറങ്ങി വരും. ആവശ്യങ്ങൾ അന്വേഷിക്കും. എനിക്ക് ആശ്വാസം തോന്നി. ഒരു മനുഷ്യന്റെ നേർത്ത സമീപനത്തിലുള്ള ആശ്വാസം.

ഗാന്ധി ദണ്ഡി യാത്ര നടത്തിയത് 385 കിലോമീറ്റർ നടന്നാണ്. അന്ന് ആദ്ദേഹത്തിന് 61 വയസ്സായിരുന്നു പ്രായം. ആ മഹാൻ ആ 28 ദിവസങ്ങളിലെ നടത്തത്തിൽ എന്തോരും കാര്യങ്ങളെ കുറിച്ച് ആലോചിച്ചിരിക്കും. ഗാന്ധിയെ ഒട്ടും ചുരുക്കിക്കാണാൻ ഈ രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രായത്നങ്ങളെ മനസ്സിലാക്കിയ മനുഷ്യർക്ക് കഴിയില്ല. നമുക്ക് ഗാന്ധിയിൽ തെറ്റ് കാണാം, പൂർണ്ണമായും തെറ്റില്ലാത്ത ഒരു മനുഷ്യനെ കാണിച്ച് തരാൻ കഴിയുന്നവർ ഗാന്ധിയെ പഴി പറയട്ടെ.

മഹാരാഷ്ട്രയിലെ 30000 കർഷകർ നടന്നത് 180 കി മീ , ഇപ്പോൾ പുറത്താക്കപ്പെട്ട കുടിയേറ്റ തൊഴിലാളികൾ നടക്കുന്നത് അതിലും കൂടുതൽപേർ. ഞാൻ അവരോട് ഐക്യപ്പെടുന്നു. അവരുടെ സമരങ്ങളോട് ഐക്യപ്പെടുന്നു. ഞാൻ ദിവസങ്ങളോളം നീണ്ട നടത്തത്തിന്റെ ഒടുവിൽ, നിലഗിരിയിൽ, എൻ്റെ വീട്ടിൽ, എത്തും എന്ന് തന്നെ തീരുമാനിച്ചു.

മനസ്സിൽ ഡി വിനയചന്ദ്രന്റെ കവിതയായാരുന്നു.
“അമ്മയില്ലാത്തവർക്കേത് വീട്
എങ്ങെങ്ങുമേ വീട് ….”

ഞാൻ പറവൂരെത്തി. കൊടുങ്ങല്ലൂരിലേക്കുള്ള ഹൈവേയിലെ ഒരു വലിയ മാളിക വീട്ടിൻ്റെ മുന്നിലെ ബസ് സ്റ്റോപ്പിൽ ഇരുന്നു. കൊട്ടാരം എന്ന് തന്നെ പറയാവുന്ന അത്രയും വലിയ വീട്. പഴയ വീട്. എത്ര തൊഴിലാളികളുടെ അദ്ധ്വാനത്തിൽ കെട്ടിപ്പൊക്കിയതാവും. എത്രകാലമായി ഒരു വർഗ്ഗം ഇത്ര സുഭിക്ഷമായി വാഴുന്നു. ഭൂമിയിലെ അല്ലൽ മൊത്തം തൊഴിലാളികൾക്ക്. നീതി എന്നത് അടിസ്ഥാന വർഗ്ഗത്തിന് കിട്ടാക്കനി. ഞാൻ അങ്ങനെ ഓരോന്ന് ആലോജിച്ച് നോക്കുമ്പോൾ ഒരു ലോറി വരുന്നു. അതിന്റെ ബോർഡിൽ മേപ്പാടി ബ്രദേർസ് എന്ന് പേര്. എൻ്റെ നാട്ടിലെ തൊട്ടടുത്താണ് മേപ്പാടി.

ഞാൻ കൈ നീട്ടി ഉച്ചത്തിൽ വിളിച്ച് പറഞ്ഞു
“വയനാട് വരെ ഒരു ലിഫ്റ്റ് തരോ പൈസ തരാം” എന്ന്. അയാൾ എന്നെ ഒന്ന് നോക്കി വണ്ടി നിർത്താതെ ഒറ്റ പോക്ക്.

വീണ്ടും ബസ് സ്റ്റാൻഡിൽ ഇരുന്നു. കാൽ അനക്കാൻ കഴിയുന്നില്ല. നീര് പൊന്തിയിട്ടുണ്ട്. ഈ കാൽ വെച്ച് എത്ര ദൂരം നടക്കാൻ കഴിയും. ഞാൻ ആ ബസ് സ്റ്റാൻഡിൽ ഇരുന്ന് കൊണ വണ്ടികളോട് വിളിച്ച് ചോദിച്ചു.

“കൊടുങ്ങല്ലൂർക്ക് ലിഫ്റ്റ് തരോ…?”

സ്‌കൂട്ടറിൽ പോയ ഒരാൾ വണ്ടി നിർത്തി. ഒരു ചെറുപ്പക്കാരൻ. ഞാൻ ഞൊണ്ടി ഞൊണ്ടി വണ്ടിയിൽ കയറി. അവൻ കാര്യം അന്വേഷിച്ചു. ഞാൻ നടന്നതൊക്കെ പറഞ്ഞു. കുറച്ചെത്തിയപ്പോൾ ഒരു സ്ഥലത്ത് നിർത്തി. എനിക്ക് പേടി തോന്നി. എന്നെ ഇട്ടേച്ച് പോകുവാണോ എന്ന്. പക്ഷെ അവൻ കുപ്പിയിലെ വെള്ളം നിറക്കാൻ പറഞ്ഞ് പൈപ്പ് കാണിച്ച് തന്നു. ഒരു മനുഷ്യന് അനുഭവിക്കാൻ കഴിയുന്ന ഏറ്റവും സ്നേഹവത്തായ കാര്യമായിരുന്നു അത്. എന്നിട്ട് വണ്ടിയിൽ കയറി പോകും വഴി അവൻ ബാഗിന്റെ ബാക്കിലെ സിബ് തുറക്കാൻ പറഞ്ഞു. അതിൽ 2 പൊതി മിച്ചർ ഉണ്ടായിരുന്നു. അതിലൊന്ന് എടുത്ത് കഴിച്ചോളാൻ പറഞ്ഞു. അവനോട് ഞാൻ പേര് ചോദിച്ചില്ല. മനുഷ്യരിൽ എനിക്ക് വിശ്വാസം തോന്നിത്തുടങ്ങിയിരുന്നു. കൊടുങ്ങല്ലൂരും കഴിഞ്ഞ് അവൻ മതിലകത്ത് എന്നെ ഇറക്കി. സമയം രാത്രി എട്ടോ ഒൻപതോ ആയിക്കാണണം. അത്ര നേരം വണ്ടിയിൽ ഇരുന്നത് കൊണ്ടാണെന്ന് തോന്നുന്നു അവൻ പോയി കഴിഞ്ഞതും നടക്കാൻ ശ്രമിച്ചിട്ട് കഴിഞ്ഞില്ല. ഞാൻ തോൽവി സമ്മതിച്ച് കടത്തിണ്ണയിൽ കയറി.

കൂട്ടുകാരനെ ഒന്ന് വിളിക്കണം. ഇവിടെ അടുത്താണ് ഞങ്ങൾക്ക് രണ്ട് പേർക്കും പരിചയമുള്ള ഒരു കൂട്ടുകാരിയുടെ വീട്. അവളെ കിട്ടിയാൽ ഉപകാരമായി. അപ്പോൾ ഫോണ് ചെയ്യാനുള്ള വഴി അന്വേഷിച്ചു. അപ്പോഴും തുറന്ന് പ്രവർത്തിച്ചിരുന്ന ഒരു മെഡിക്കൽ ഷോപ്പിൽ ചെന്ന് ആ ചേട്ടനോട് ഫോണ് ചെയ്യണം എന്ന് ആവശ്യപ്പെട്ടു. അയാൾ സമ്മതിച്ചില്ല. ഞാൻ സ്പീക്കറിൽ തന്നാൽ മതി എന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. അയാൾ പോലീസ് എയ്ഡ് പോസ്റ്റ് തൊട്ടപ്പുറത്ത് ഉണ്ടെന്നും അവിടേക്ക് ചെല്ലാനും പറഞ്ഞു. ഞാൻ നിരങ്ങി നിരങ്ങി അവിടേക്ക് ചെന്നു.

ഒരാളെയും കാണാനില്ല. കടത്തിണ്ണയിൽ ഒരാൾ കിടക്കുന്നുണ്ട് കൂടെ കുറേ പട്ടികളും. അപ്പോൾ വീണ്ടും ഭാഗ്യമെന്നോണം ഒരു ട്രാൻസ് സ്‌കൂട്ടറിൽ ആ വഴി പോയി. ഞാൻ കൈ കാണിച്ചു ഫോണ് ചെയ്യാൻ പറഞ്ഞ് കൂട്ടുകാരൻ്റെ നമ്പർ കൊടുത്തു. മൂന്ന് വട്ടം വിളിച്ചിട്ടും കൂട്ടുകാരൻ ഫോണ് എടുത്തില്ല. തിരിച്ച് വിളിച്ചാൽ ഇവിടെ എത്തി എന്ന് പറഞ്ഞാൽ മതി എന്ന് പറഞ്ഞു. അവർ പോയി. കുറച്ച് നേരം കടയുടെ തിണ്ണയിൽ തന്നെ ഇരിക്കാം എന്ന് തീരുമാനിച്ച് അവിടെ ഇരുന്നു.

കൈകലുകളാകെ വേദന മാറി ഒരുതരം തരിപ്പ് പൊന്തി. ഞാൻ മരിച്ച് പോവുകയാണോ എന്ന് തോന്നി. എങ്ങനെയെങ്കിലും വീട് എത്തണം. പോലീസ് എയ്ഡ് പോസ്റ്റിന്റെ തൂണിൽ ചാരി നിന്ന് നിർത്താതെ വണ്ടികൾക്ക് കൈ കാണിച്ചു. ഒരു വണ്ടിയും നിർത്തുന്നില്ല. അവസാനം ഒരു പോലീസ് വണ്ടി വന്നു. മനസ്സില്ലാ മനസ്സോടെ കൈ കാണിച്ചു.

അവർ മുന്നോട്ട് പോയ വണ്ടി ബാക്ക് എടുത്ത് എൻ്റെ അടുത്തേക്ക് വന്നു.
ഞാൻ കാര്യം പറഞ്ഞു. ഫോണില്ല എന്ന് പറഞ്ഞതും എസ് ഐ ആകെ ചൂടായി. ഫോണില്ലാത്ത മനുഷ്യരോ ഇവനെന്തോ ഉഡായിപ്പാണെന്നും, ഫോട്ടോ എടുക്കാനും, ഐഡി കാണിക്കാനുമൊക്കെ പറഞ്ഞ് ആകെ ബഹളം. കൂടെ ഉണ്ടായിരുന്ന ഒരു കൊണ്സ്റ്റബിൾ മനോജേട്ടൻ അയാൾ വീട്ടിലേക്ക് വിളിച്ച് വെരിഫൈ ചെയ്തു. ഇത് വരെ വീട്ടുകാർ അറിഞ്ഞിരുന്നില്ല. ഉമ്മയുടെ പരിഭ്രാന്തമായ ശബ്ദം കേൾക്കാൻ തുടങ്ങി. എനിക്ക് ഉമ്മയുടെ ശബ്ദം കേട്ടതും അത് വരെ കടിച്ച് പിടിച്ചിരുന്ന എല്ലാ സങ്കടപ്പാച്ചിലും അണപൊട്ടി ഒഴുകി. ഞാൻ കണ്ണ് തുടച്ച് വിക്കി വിക്കി സംഭവിച്ചതെല്ലാം പറഞ്ഞു. അവർ എന്നെ ഒരു പച്ചക്കറി വണ്ടി കയറ്റി കോഴിക്കോട്ടിക്ക് വിട്ടു.

ആ ലോറിയിലെ ചേട്ടന്മാർ എനിക്ക് ഒരു പൊതി ചോറ് തന്നു. നേരാം വണ്ണം കഴിച്ചിട്ട് 24 മണിക്കൂറിൽ കൂടുതലായിരുന്നു. ഞാൻ ആർത്തിയോടെ കഴിച്ചു. കോഴിക്കോട് ഇറങ്ങാൻ നേരം 500 രൂപ തന്നു. ഞാൻ പറഞ്ഞു, “പൈസ എൻ്റെ കയ്യിലുണ്ട്”. അല്ലേലും ഈ പൈസ എന്നത് അത് വാങ്ങിക്കാൻ തയ്യാറാകുന്ന ആളുകൾ ഉള്ളപ്പോൾ മാത്രം വിലയുള്ള സാധനമാണ് അല്ലാത്തപ്പോൾ അത് വെറും കടലാസാണ്. ഞാൻ അവരോട് നന്ദി പറഞ്ഞു വണ്ടിയിൽ നിന്നിറങ്ങി. കോഴിക്കോട് പാളയം മാർക്കറ്റിൽ നിന്ന് ഒരു കർണാടകക്കാരൻ മഞ്ജു എന്നെ ബത്തേരിയിലാക്കാം എന്നേറ്റു. അവിടെയും ഫോണ് നമ്പർ തന്ന മനോജേട്ടൻ ആണ് തുണയായത്. അദ്ദേഹം വയനാട് എസ് പി യെ വിളിക്കാം എന്ന് ഡ്രൈവർമാരോട് പറഞ്ഞതിന് ശേഷമാണ് അവർ എന്നെ വണ്ടിയിൽ കയറ്റാൻ തയ്യാറായത്. അങ്ങനെ ബത്തേരി എത്തി. അവിടെ നിന്ന് താളൂരിലേക്ക് ഒരു ഓട്ടോ കിട്ടി. താളൂരിന്ന് ബോർഡർ വെട്ടിച്ച് ഞാൻ ഒരു കി മീറ്റർ അപ്പുറത്തുള്ള എൻ്റെ വീട്ടിലേക്ക് നടന്നെത്തി. ഉമ്മയെ കണ്ടപ്പോൾ ഞാൻ എൻ്റെ ശരീരത്തിൽ നുള്ളി നോക്കി. ശരിക്കും ഞാൻ എത്തിയോ എനിക്ക് ജീവനുണ്ടോ എന്നത് എനിക് സംശയമായിരുന്നു. ഞാൻ ഒന്ന് കുളിച്ചു. ഉമ്മ അന്നേ ദിവസം തന്നെ ഗർഭിണിയായ അനിയൻ്റെ ഭാര്യയെയും അവനെയും മൂത്ത കുഞ്ഞിനെയും ഭാര്യ വീട്ടിലേക്ക് വിട്ടു. ഉപ്പ നേരത്തേ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിൽ വിളിച്ച് കാര്യം പറഞ്ഞിരുന്നു. നാട്ടിലെത്തിയാൽ ഉമ്മയുടെ ഫോണാണ് ഞാൻ ഉപയോഗിക്കാറുള്ളത്. ഒരു പുതിയ നമ്പറിൽ നിന്ന് ഫോണ് വന്നു. ശബ്ദം കേട്ടതും മനസ്സിലായി ഇത് വൈറ്റിലയിലെ റൂമിലെ കൂട്ടുകാരനാണ്. അവൻ സിം എവിടെ എന്ന് ചോദിച്ചു. ഞാൻ മിണ്ടിയില്ല. സിം എവിടെയായാലും എനിക്ക് ഒരു പ്രശ്നവുമില്ല. കുറേ നേരം ആ ചോദ്യം ആവർത്തിച്ച് ഫോണ് അവൻ കട്ട് ചെയ്തു. അതിന് ശേഷം തുടരെ തുടരെ മെസ്സേജ് വന്നു, ഞാൻ ഇറങ്ങാൻ നേരം അവൻ്റെ ബാത്രൂമിലെ ഫ്ലഷ് അടിച്ചില്ല എന്നും അത് ഒരു പബ്ലിക് ടോയ്ലറ്റ് ആക്കി മാറ്റി എന്നും അതിന് നിൻ്റെ പുസ്തകത്തിൽ എന്ത് പേരാണ് വിളിക്കുക എന്നും ചോദിച്ച് മെസ്സേജുകൾ. ഞാൻ ഒന്നും പറഞ്ഞില്ല. അന്നേ ദിവസം മുതൽ കഴിഞ്ഞ 28 ദിവസം ഞാൻ പുറത്തിറങ്ങാതെ മറ്റുള്ളവരെയും എന്നെയും കരുതി വളരെ കരുതലോടെ ഇരുന്നു. ഇതിനിടയിലും നാട്ടിലാരോ പറഞ്ഞ് പരത്തി എനിക്ക് കൊറോണയാണെന്നും ഊട്ടിയിലെ ജില്ലാ ആശുപത്രിയിലേക്ക് എന്നെ മാറ്റിയെന്നും പ്രചരിപ്പിച്ചു. നിയമപരമായി ആരോഗ്യ വകുപ്പിനെ ആരും പറയാതെ തന്നെ അറിയിച്ചതായിരുന്നു ഉപ്പ. എന്നിട്ടായിരുന്നു ഈ അനുഭവം. അവർക്ക് സങ്കടമായി. ഞാൻ അതിലേക്കൊന്നും തിരിഞ്ഞില്ല. ഞാനും സുഹൃത്തും ‘സാൾവോയ്‌ സിസക്കിൻ്റെ’ ഏറ്റവും പുതിയ ‘പാൻഡമിക്’ എന്ന പുസ്തകം പബ്ലിഷറുടെ അനുവാദത്തോടെ മലയാളത്തിലേക്ക് പരിഭാഷ ചെയ്തു. നല്ല പ്രസാധകരെ കാത്തിരിക്കുന്നു മലയാളത്തിൽ അത് പ്രസിദ്ധീകരിക്കാൻ.

ഇന്ന് എൻ്റെ ക്വാറന്റൈൻ തീരുകയാണ്. മനുഷ്യർ ഇപ്പോഴും ഈ രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ലോകം മൊത്തം മാറി മറയാൻ പോവുകയാണ്. ഇനി ഒരിക്കലും പഴയ പോലെ ആകാത്ത ആ ലോകത്ത് ഇനിയും ഇതിലും ഭീകരമായ അനുഭവങ്ങൾക്ക് വേണ്ടി ഞാൻ കാത്തിരിക്കുന്നു. അനുഭവങ്ങൾ ഒരു നല്ല മനുഷ്യനെ, ഒരു നല്ല രാഷ്ട്രത്തെ, ഒരു നല്ല നിയമവ്യവസ്ഥയെ സൃഷ്ടിക്കുന്നു. ലോകം മാറാനുള്ള തയ്യാറെടുപ്പിലാണ്. ഞാൻ നേരത്തേ അതിന്റെ വ്യവായമത്തിലാണ്.

One thought on “ലോകം അടച്ചിരിക്കുമ്പോൾ മനുഷ്യൻ പുറത്താക്കപ്പെടുന്നതിനെക്കുറിച്ച് ഒരു കുറിപ്പ്

Leave a Reply

Your email address will not be published. Required fields are marked *