അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭാവിയിൽ എപ്പോഴെങ്കിലും ഇന്ത്യയുമായി വലിയ വ്യാപാര കരാർ ഉണ്ടാക്കുമെന്ന് അറിയിച്ചു. ഈ വർഷം നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയുമായുള്ള കരാർ നടക്കുമോയെന്നറിയില്ലെന്നും ട്രംപ് പറഞ്ഞു.
വാഷിംഗ്ടണിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ്, “ഞങ്ങൾക്ക് ഇന്ത്യയുമായി ഒരു വ്യാപാര കരാർ ഉണ്ടാക്കാൻ കഴിയും. ഇന്ത്യയുമായി ഞങ്ങൾ വളരെ വലിയ കരാറാണ് ഉണ്ടാക്കാൻ പോകുന്നത്. അവർക്ക് വേണ്ടി ഞങ്ങൾ വിട്ടുവീഴ്ച ചെയ്യും, പക്ഷേ നവംബറിലെ തിരഞ്ഞെടുപ്പിന് മുമ്പ് ഇത് സംഭവിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല.”
ട്രംപിന്റെ സന്ദർശന വേളയിൽ ഇന്ത്യയും അമേരിക്കയും ഒരു വ്യാപാര പാക്കേജിൽ ഒപ്പിടാമെന്ന് പി.ടി.ഐ റിപ്പോർട്ടിൽ പറയുന്നു.
തൻ്റെ ഇന്ത്യൻ പര്യടനത്തിൽ ആവേശമുണ്ടെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. “എനിക്ക് പ്രധാനമന്ത്രി മോദിയെ വളരെയധികം ഇഷ്ടമാണ്. വിമാനത്താവളത്തിനും പരിപാടിക്കും ഇടയിൽ ഏഴ് ദശലക്ഷം ആളുകൾ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട. ഈ സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഏഴ് ദശലക്ഷം ആളുകൾ ഉണ്ടാകുമെന്നത് വളരെ ആവേശകരമായിരിക്കും.”
അമേരിക്കയുടെയും ഇന്ത്യയുടെയും ബിസിനസ്സ് ബന്ധം ഈ ദിവസങ്ങളിൽ അത്ര നല്ലതല്ല. പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചുവെങ്കിലും ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ നീരസം പ്രകടിപ്പിച്ചു.