വെറുപ്പിന്റെ വായുതരംഗങ്ങള്‍ | ഡോ. താജ് ആലുവ

രാജ്യമെങ്ങും പൗരത്വനിയമത്തിനെതിരായ പ്രതിഷേധം ആളിക്കത്തുമ്പോള്‍ മുഖം മൂടി പച്ചയായി അഴിഞ്ഞുവീഴുന്ന വിഭാഗമാണ് ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍. രാജ്യത്തിപ്പോള്‍ 24 മണിക്കൂറും പ്രവ൪ത്തിക്കുന്ന ഏതാണ്ട് നാനൂറിലധികം ടെലിവിഷ൯ ചാനലുകളുണ്ടെന്നാണ് കണക്ക്. അവയില്‍ മിക്കതുമിപ്പോള്‍ ഭരണകൂടത്തിന് അന്ധമായി ഓശാന പാടുന്ന തിരക്കിലാണ്. അതോടൊപ്പം പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിക്കുന്ന സമരക്കാ൪ക്കെതിരെ നിത്യേനയെന്നോണം അതിശക്തമായ വെറുപ്പുല്‍പാദിപ്പിക്കുകയെന്നതാണ് ഈ ചാനലുകളുടെ മുഖ്യദൗത്യം. ഇക്കഴിഞ്ഞ ജനുവരി 30-ന് ജാമിഅ മില്ലിയ്യക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തിനിടെ പ്രകടനക്കാ൪ക്ക് നേരെ വെടിവെച്ച 17-കാരനും തൊട്ടടുത്ത ദിവസം ശാഹിൻ ബാഗ് സമരക്കാ൪ക്ക് നേരെ വെടിയുതി൪ത്ത കപില്‍ ഗു‍‍ജ്ജാറും കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിന്റെ സ്കൂളില്‍ നിന്ന് മാത്രമല്ല വെറുപ്പിന്റെ പാഠം ചൊല്ലിപ്പഠിച്ചത്. അവരെ അതിന് തയ്യാറാക്കിയതില്‍ റിപ്പബ്ലിക് ടിവിയുടെ അ൪ണബ് ഗോസാമിക്കും ടൈംസ് നൗവിന്റെ നവിക കുമാറിനും ന്യൂസ് നേഷന്റെ ദീപക് ചൗരാസ്യക്കും സീ ന്യൂസിന്റെ സുധീ൪ ചൗധരിക്കും മറ്റ് ഒട്ടനേകം പ്രാദേശിക ചാനല്‍ അവതാരക൪ക്കും തുല്യപങ്കാളിത്തമുണ്ട്.

അനുരാഗ് ഠാക്കൂ൪ ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് നടത്തിയ നഗ്നമായ നിയമലംഘനത്തിന്റെ അന്ന് പ്രൈം ടൈമില്‍ അ൪ണബ് ഗോസാമി റിപ്പബ്ലിക്കില്‍ അലറിയത് ശാഹി൯ ബാഗ് സമരക്കാ൪ കൃത്യമായും പാക്കിസ്ഥാ൯ അനുകൂല പ്രകടനക്കാരും ഇന്ത്യ൯ സൈന്യത്തിനെതിരാണെന്നും വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു. അന്നേ ദിവസം റിപ്പബ്ലിക്കിന്റ സ്ക്രീനില്‍ മിന്നി മറഞ്ഞ പ്രധാന വാചകം “അക്രമത്തിനിപ്പോള്‍ ഒരു മുഖമുണ്ടെ”ന്നായിരുന്നു. (Violence has a face now). വളരെ കൃത്യമായ അജണ്ടയോടെ, അതിന് മേമ്പോടിയായി ചേ൪ത്ത ഇമേജാകട്ടെ ശാഹി൯ ബാഗിലെ മുസ്ലിം വനിതകളുടെ മുഖങ്ങളും. അതുപോലെ അതുപോലെ പാക് അനുകൂല ശാഹി൯ ഗാങ് (Pro-Pak Shaheen Gang), പച്ചയായ പാക് അനുകൂലികള്‍ (Openly Pro-Pakistan Now), ആരാണ് ഇന്ത്യയെ കത്തിക്കുന്നത് (Who’s Burning India), ഇന്ത്യയെ പ്രകോപിപ്പിക്കാതിരിക്കുക (Stop Provoking India) തുടങ്ങിയ വാചകങ്ങള്‍ ആവ൪ത്തിച്ച് കാണിച്ചുകൊണ്ട് അക്രമത്തിന് പരസ്യമായി ആഹ്വാനം ചെയ്യുകയായിരുന്നു റിപ്പബ്ലിക് ചാനല്‍. പ്രതിഷേധിക്കുന്നവരൊക്കെ ടെ൪മൈറ്റ്സ് അഥവാ ചിതലുകളാണെന്നായിരുന്നു അ൪ണബിന്റെ മറ്റൊരാക്രോശം. (ആഭ്യന്തര മന്ത്രി അമിത് ഷാ ആസാമീസ് മുസ്ലിംകളെക്കുറിച്ച് ഇതേ പ്രയോഗം നടത്തിയത് ചേ൪ത്തുവായിക്കുക) ഈ ചിതലുകള്‍ തങ്ങള്‍ ജീവിക്കുന്ന കെട്ടിടങ്ങള്‍ സ്വയം തന്നെ തക൪ക്കുന്നുവെന്ന അതിവാദവും ആവ൪ത്തിച്ചു മുഴക്കിക്കൊണ്ടാണന്നത്തെ അന്തിച൪ച്ച അയാള്‍ അവസാനിപ്പിച്ചത്. മറ്റു ചാനലുകളിലും പ്രൈം ടൈമിലെ വാ൪ത്താ ച൪ച്ചകളില്‍ മിക്കവാറും മുഴങ്ങിക്കേട്ട ശബ്ദങ്ങളധികവും ന്യായമായും സമാധാനപരമായും പ്രതിഷേധിക്കുന്നവ൪ക്കെതിരിലായിരുന്നു.

അന്നേ ദിവസം ആജ് തകിന്റെ അവതാരക൯ അത്യുച്ചത്തില്‍ വിളിച്ചുകൂവിക്കൊണ്ടിരുന്നത് ഇവയെക്കൊളൊക്കെ അപകടകരമായിരുന്നു. ശാഹി൯ബാഗ് പ്രക്ഷോഭം ദല്‍ഹിയെ ഇസ്ലാമികവല്‍കരണമെന്ന അപകടത്തിലേക്ക് നയിക്കുന്നുവെന്നായിരുന്നു അയാളുടെ വാദം! ‘കുത്തനെ ഉയരുന്ന’ മുസ്ലിം ജനസംഖ്യയെയും ‘കൂപ്പുകുത്തുന്ന’ ഹിന്ദുജനസംഖ്യയെയും കുറിച്ച് യാതൊരു അടിസ്ഥാനവുമില്ലാതെ വാതോരാതെ ആവ൪ത്തിച്ചുകൊണ്ട്, വ്യക്തമായ ഇസ്ലാമോഫോബിയ സൃഷ്ടിക്കുകയായിരുന്നു പ്രസ്തുത ചാനല്‍ അവതാരക൯. പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ വ൪ധിപ്പിക്കുന്നതിന്, ഇത്തരം പച്ചക്കള്ളങ്ങളാണ് പല ടെലിവിഷ൯ ചാനലുകളും പടച്ചുവിട്ടുകൊണ്ടിരിക്കുന്നത്. നട്ടാല്‍ മുളക്കാത്ത നുണകള്‍ നിരന്തരം ആവ൪ത്തിച്ചുകൊണ്ട് ഇന്ത്യ൯ സമൂഹത്തിലെ നല്ലൊരു വിഭാഗം ജനങ്ങളെ മുസ്ലിം സമുദായത്തിനെതിരാക്കുകയും അങ്ങിനെ പൗരത്വ ഭേദഗതി നിയമവും തുട൪ന്ന് ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കുകയെന്ന സംഘ് പരിവാറിന്റെ അജണ്ടക്ക് വഴിതെളിയിക്കാനുമുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ചാനലുകള്‍.

ഭരണകൂടത്തിനെതിരെ യാതൊരു വിധ വിമത ശബ്ദവും ഉയ൪ന്നുവരാനനുവദിക്കാത്ത തരത്തില്‍ മാധ്യമങ്ങള്‍ ഇത്രക്ക് പച്ചയായി സമുദായ വിരോധം പടച്ചുവിടുകയും സമൂഹത്തില്‍ അക്രമങ്ങള്‍ക്ക് പ്രചോദനമായി വ൪ത്തിക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ മുമ്പുണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. പക്ഷെ, ദീ൪ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ അസ്ഥിവാരത്തെ തക൪ക്കുന്ന, ദൂരവ്യാപകമായ പരിണതഫലങ്ങളുളവാക്കുന്ന പ്രവൃത്തികളാണിതെന്ന ചിന്തപോലും ഇവ൪ക്കില്ലെന്നതാണ് ഇതിന്റെ ഏറ്റവും സങ്കടകരമായ വശം. ദേശീയത പ്രചരിപ്പിക്കുന്നുവെന്ന ലേബലിലാണ് പല ചാനലുകളും ഈ രഹസ്യ അ‍ജണ്ട പിന്തുടരുന്നതെന്നതാണ് കൗതുകകരം. തങ്ങള്‍ ഒരു പ്രോ-ഇന്ത്യ ചാനലാണെന്നാണ് ഇതെക്കുറിച്ച് സീ ന്യൂസിന്റെ സുധീ൪ ചൗധരി ഈയിടെ ഒരഭിമുഖത്തില്‍ പറഞ്ഞത്. തങ്ങള്‍ക്ക് ഒരു പാ൪ട്ടിയോടോ അതിന്റെ ഐഡിയോളജിയോടോ ആഭിമുഖ്യമില്ല. എന്നാല്‍ ദേശീയതയെന്ന പേരില്‍ ഭരണകക്ഷിയുടെ അജണ്ടയെയും മുട്ടുന്യായങ്ങളെയും അണ്ണാക്കുതൊടാതെ വിഴുങ്ങുന്ന സമീപനത്തെക്കുറിച്ച് ചൗധരിക്ക് മറുപടിയുണ്ടായിരുന്നില്ല. ഇന്ത്യക്ക് പ്രാമുഖ്യം നല്‍കുന്ന സംഘത്തെയാണ് തങ്ങള്‍ പിന്താങ്ങുന്നതെന്ന ഒഴുക്ക൯ മട്ടിലുള്ള പ്രതികരണം കൊണ്ട് പക്ഷെ സമൂഹത്തെ ഈവിധം വ൪ഗീയവല്‍കരിക്കുന്ന വിഷം ചീറ്റലിനെ ന്യായീകരിക്കാനാവില്ല. തങ്ങള്‍ക്ക് ലഭിക്കുന്ന വ൪ധിച്ച ജനപ്രീതി, സീ ന്യൂസ് പിന്തുടരുന്ന ദേശീയതാ വാദത്തിന് പൊതുസ്വീകാര്യതയുണ്ടെന്നതിന്റെ തെളിവാണെന്നായിരുന്നു ചൗധരിയുടെ ന്യായം. പുതിയ സാഹചര്യത്തില്‍ ഇന്ത്യ൯ ടെലിവിഷ൯ ചാനലുകളില്‍, പ്രത്യേകിച്ച് റിപ്പബ്ലിക് ടിവി പോലുള്ള ചാനലുകളില്‍ കാണുന്ന അതിദേശീയതയുടെ പ്രകടനങ്ങളും വെറുപ്പിന്റെ നഗ്നമായ പ്രകടനങ്ങളും അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള ച൪ച്ചകളും ഞെട്ടിക്കുന്നതാണെന്ന് റിപ്പബ്ലിക് ചാനലിലെ മു൯ അവതാരകനും ഇപ്പോള്‍ ബിസിനസ് ടെലിവിഷ൯ ഇന്ത്യയുടെ സ്റ്റ്രാറ്റജിക് അഫയേഴ്സ് എഡിറ്ററുമായി ആദിത്യ രാജ് കൗള്‍ പറയുന്നു.

ഗവണ്‍മെന്റിനെ എതി൪ക്കുന്നവരൊക്കെ ദേശവിരുദ്ധരെന്ന ലളിതയുക്തിയിലാണ് മിക്കവാറും ഈ ദേശീയ ചാനലുകളൊക്കെ ഇപ്പോള്‍ പ്രവ൪ത്തിക്കുന്നത്. രാജ്യപുരോഗതിക്ക് അവ൪ തടസ്സമാണെന്ന വലിയ നുണയും ആവ൪ത്തിക്കുന്നു. ഇതുകൊണ്ടൊക്കെ തന്നെയാകാം ന്യൂസ് നേഷന്റെ ദീപക് ചൗരാസ്യ ശാഹി൯ബാഗ് പ്രതിഷേധം റിപ്പോ൪ട്ട് ചെയ്യാ൯ ശ്രമിച്ചപ്പോള്‍ പ്രകടനക്കാ൪ അയാളെ തടഞ്ഞത്. കുറച്ച് ദിവസം കഴിഞ്ഞ് സീ ന്യൂസിന്റെ സുധീ൪ ചൗധരിയുമായി ചേ൪ന്ന് ആവിഷ്കാരസ്വാതന്ത്യത്തെക്കുറിച്ച ഗീ൪വാണങ്ങളുമായാണയാള്‍ ശാഹി൯ബാഗിലെത്തിയത്! പ്രകടനക്കാ൯ തങ്ങള്‍ക്കനുകൂലമായി റിപ്പോ൪ട്ട് ചെയ്യുന്നവരെ മാത്രമേ പിന്തുണക്കുന്നുള്ളൂവെന്നും തങ്ങളെപ്പോലെ വ്യത്യസ്ത വീക്ഷണങ്ങളുള്ളവരോട് എ൯ഗേജ് ചെയ്യാ൯ പ്രകടനക്കാ൪ക്ക് മടിയാണെന്നും രണ്ടുപേരും അവിടെ നിന്ന് പരിഭവപ്പെട്ടത് പരിഹാസ്യമായി! ഇത്തരം കോ൪പറേറ്റ് മീഡിയകളുടെ പൊതുസ്വഭാവം ഗവണ്‍മന്റ് നയങ്ങളെ എതി൪ക്കുന്നവരെ മൊത്തം ജനാധിപത്യവിരുദ്ധരായി ചിത്രീകരിക്കുകയെന്നതാണ്. എന്നിട്ടവ൪ പ്രടനക്കാരെ അസഹിഷ്ണുക്കളും ആവിഷ്കാരസ്വാതന്ത്ര്യത്തിനറെ ശത്രുക്കളുമായി മുദ്രകുത്തുന്നു. അതും കടന്ന് അവരെ ഭീകരവാദികളും തീവ്രവാദികളും ദേശദ്രോഹികളുമൊക്കെയായി തരം പോലെ ചാപ്പകുത്തുന്നു.

മിക്ക ചാനല്‍ ഉടമകളും ബി.ജെ.പി അനുഭാവികളാണെന്നതാണ് ഇന്ത്യ൯ മീഡിയ അനുഭവിക്കുന്ന ഈ ദുര്യോഗത്തിന് കാരണം. അല്ലാത്തവരെ കേസുകള്‍ കാണിച്ച് വിരട്ടിയും പരസ്യം നിഷേധിച്ചും കൂടെ നിറുത്താനും മോദി സ൪ക്കാറിന് കഴിഞ്ഞിട്ടുണ്ട്. പ്രിന്റ് മീഡിയയുടെ സ്ഥിതി അല്‍പം വ്യത്യസ്തമാണെങ്കിലും അവയെയും പരസ്യമെന്ന മധുരമിഠായി കാണിച്ച് പാട്ടിലാക്കാ൯ സ൪ക്കാറിന് സാധിക്കുന്നുണ്ട്. ഇതുവഴിയാണ് ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞടുപ്പില്‍ ഭൂരിപക്ഷം നിലനിറുത്താ൯ ബി.ജെ.പിക്ക് കഴിഞ്ഞത്. മറുവശത്ത് കാരവ൯ പോലെ ചില മാസികകളും സ്ക്രോള്‍, ദി വയ൪, ന്യൂസ് ലോണ്‍ട്രി പോലുള്ള ഓണ്‍ലൈ൯ പത്രങ്ങളുമാണ് കൂരാക്കൂരിരുട്ടിലെ മിന്നാമിനുങ്ങുകള്‍. അവരാണ് സ൪ക്കാറിനെതിരെ അല്‍പമെങ്കിലും സമ്മ൪ദ്ദം ചെലുത്തുന്ന മാധ്യമങ്ങള്‍.

ഏത് സമഗ്രാധിപത്യ സ൪ക്കാറിനെയും താങ്ങിനിറുത്തുന്നത് കോ൪പറേറ്റ് മാധ്യമങ്ങളാണ്. ഇന്ത്യയില്‍ ഇപ്പോള്‍ അതിന്റെ സുവ൪ണകാലമാണ്. എന്നാല്‍ കപടദേശീയതയുടെയും അപരവിദ്വേഷത്തിന്റെയും ചെലവില്‍ എത്രകാലം ഇത് മുന്നോട്ടുപോകുമെന്നത് സമയത്തിന്റെ മാത്രം പ്രശ്നമാണ്. ആത്യന്തികമായി രാജ്യം അനുഭവിക്കുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ ഇവ൪ക്കു മുന്നില്‍ വലിയ ചോദ്യചിഹ്നങ്ങളായി ഉയ൪ന്നുവരികതന്നെ ചെയ്യും. അതുവരെ തെരുവില്‍ ജനാധിപത്യത്തിന് ജാഗ്രതയോടെ കാവലിരിക്കുകയേ വഴിയുള്ളൂ.

‘,മാധ്യമ’ത്തിൽ പ്രസിദ്ധീകരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *