നിസാമുദ്ധീൻ തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട വിവാദത്തിൻ്റെ മറ്റൊരു വശം വിശദീകരിക്കുകയാണ് മാധ്യമപ്രവർത്തകൻ എ. റഷീദുദ്ദിൻ
തബിലീഗി ജമാഅത്തിന്റെ മേക്കിട്ട് കയറാന്‍ അമിതാവേശം കാണിക്കുന്ന ടെലിവിഷന്‍ ചാനലുകളും പത്ര മാധ്യമങ്ങളും അവരുടെ ഇസ്ലാമോഫോബിയ പച്ചയായി കാണിക്കുന്നു എന്നതിലപ്പുറം നിസാമുദ്ദീനില്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നതിന്റെ മറുവശങ്ങളൊന്നും പുറത്തു കൊണ്ടുവരുന്നില്ല. ആളെ കൂട്ടരുത് എന്ന കാര്യത്തില്‍ തബിലീഗുകാര് നിയമം ലംഘിച്ചു എന്നത് ശരിയായിരിക്കാം. പക്ഷെ അവിടെ കൂടിയവരില്‍ കോവിഡ് ബാധയുള്ളവര്‍ ഉണ്ടാവാനിട വന്നതില്‍ കുറ്റം നമ്മുടെ സര്‍ക്കാറുകളുടേതാണ്. സന്ദര്‍ശക വിസയില്‍ ഇന്ത്യയിലെത്തി തബിലീഗ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടരുതെന്ന് കഴിഞ്ഞ വര്‍ഷം വിസാചട്ടങ്ങളില്‍ ഭേദഗതി കൊണ്ടു വന്ന രാജ്യമാണ് ഇന്ത്യ. ആരെങ്കിലും ഇങ്ങനെ ചെയ്താല്‍ അവരില്‍ 500 ഡോളര്‍ പിഴയീടാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
നിസാമുദ്ദീനിലെ തബിലീഗി മര്‍ക്കസില്‍ ഈ നിയമം പാസാക്കുന്നതിന് മുമ്പും ശേഷവുമൊക്കെ എത്രയോ കാലമായി ഡ്യൂട്ടിയിലുള്ള ഇന്റലിജന്‍സ് ഓഫീസറും കോണ്‍സ്റ്റബിളും അവിടെ നിന്നും നിത്യവും നൂറു കണക്കിന് ഫോറിന് രജിസ്ട്രേഷന് ഫോറങ്ങളാണ് പൂരിപ്പിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫീസില്‍ എത്തിച്ചു കൊണ്ടിരുന്നത്. എന്തു കൊണ്ട് അവര്‍ നിയമം നടപ്പാക്കിയില്ല? കോവിഡ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പിടിമുറുക്കിയെന്ന് അറിഞ്ഞതിനു ശേഷവും ഈ ആളുകള്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേക്കുള്ള മാര്‍ഗങ്ങളില്‍ പോലും ഒരു വിധ പരിശോധനയും ഇല്ലാതിരുന്നത് എന്തു കൊണ്ട്?
ടെലിവിഷന്‍ കാണാന്‍ കൂട്ടാക്കാത്ത, പത്രം വായിക്കാത്ത, നിസാമുദ്ദീനില്‍ മര്‍ക്കസിലേക്ക് പ്രവേശിച്ചാലുടന്‍ മൊബൈല്‍ ഫോണ്‍ വാങ്ങി ലോക്കറില്‍ അടച്ചു വെക്കുന്ന സംഘടനയാണ് തബിലീഗി ജമാഅത്ത്. അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങള്‍, മതപരമായ ശാഖാതര്ക്കങ്ങള്, രാഷ്ട്രീയം, ആനുകാലി വിഷയങ്ങള്‍ ഇവയൊന്നും തബിലീഗി പ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ല. ലോകത്തു നടക്കുന്ന സംഭവങ്ങളെ കുറിച്ച് അവരുടെ പണ്ഡിതന്മാരും ഉലമാക്കളും സാദാത്തുക്കളും പറയുന്നതിലപ്പുറം പ്രത്യേകിച്ച് ഒരു വിവരവും സാധാരണ ഗതിയില്‍ ഒരു തബ്ലീഗി ജമാഅത്ത് പ്രവര്ത്തകന് ആവശ്യമില്ലെന്നാണ് അവരുടെ നിലപാട്. നേതാവും അണികളുമൊക്കെ ഒരേ കാര്യം പറയുകയും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഈ സംഘടനക്ക് കോവിഡിനെ വിലയിരുത്തിയതില്‍ എല്ലാ മേഖലയിലും പിഴച്ചു. ശാസ്ത്രീയമായും മതപരമായും സാമൂഹികമായും രാഷ്ട്രീയമായും ഒക്കെ തെറ്റു സംഭവിച്ചു. അത്രയേ ഉള്ളൂ അവരുടെ കാര്യം. അതിലപ്പുറം തബിലീഗി ജമാഅത്ത് ആസൂത്രിതമായി ഇന്ത്യയെ തകര്‍ക്കാന്‍ കോവിഡുളളവരെ ക്ഷണിച്ചു കൊണ്ടുവന്നു എന്നും മറ്റും പറയുന്നവര്‍ക്ക് അജണ്ടയും സൂക്കേടും വേറെയാണ്. തബ്ലീഗി ജിഹാദ് എന്നൊക്കെ പ്രചരിപ്പിക്കുന്നവര്‍ അഞ്ജനവും മഞ്ഞളും കറുത്ത നിറവും ഒന്നും തിരിച്ചഞ്ഞിട്ടില്ലാത്തവരാണ് എന്നേ പറയാനുള്ളൂ. രാഷ്ട്രീയ ജിഹാദിന്റെ അപ്പോസ്തലന്മാരായ ജയ്ശെ മുഹമ്മദോ ലശ്കറെ തോയ്ബയോ തബിലീഗി ജമാഅത്തിനെ തള്ളിപ്പറയുകയാണ് ചെയ്യുന്നത്.
അരാഷ്ട്രീയമായ ഇവരുടെ ഇസ്ലാമിനെ സ്വന്തം താല്പര്യങ്ങള്ക്ക് ഇത്രയും കാലം സമര്‍ഥമായി ഉപയോഗിച്ചവര്‍ തന്നെയാണ് ഒടുവില്‍ ഈ പാവങ്ങളുടെ മേക്കിട്ടു കയറി സ്വന്തം തെറ്റുകളെ മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നത്. രാജ്യത്തെ മുസ്ലിംകള് മുഴുവന്‍ സി.എ.എ നിയമത്തെ ചൊല്ലി തെരുവില്‍ ഇറങ്ങിയ കാലത്ത് ‘ഹിന്ദുക്കളുടെ രാജ്യവും അവരുടെ സമ്പത്തും നമ്മള് ആഗ്രഹിക്കരുതെന്ന്’ സ്വന്തം അണികളളോട് ബയാന്‍ (സദുപദേശം) നല്കിയ ആളാണ് ഇവരുടെ മൗലാന. 2019ലെ തെരഞ്ഞെടുപ്പ് കാലത്ത് വോട്ടു ചെയ്യരുതെന്നും പോളിംഗ് ബൂത്തില്‍ നിന്നും പുരട്ടുന്ന മഷി അംഗശുദ്ധിക്ക് തടസ്സമാകുമെന്നും നമസ്കാരം പാഴായി പോകുമെന്നും ഉപദേശിച്ച മൗലാനക്കെതിരെ മറ്റു മതസംഘടനകള്‍ തിരിഞ്ഞ ചരിത്രവും വടക്കേ ഇന്ത്യയിലുണ്ട്. ഭരണാധികാരിയെ മാറ്റാന്‍ നാം പരിശ്രമിക്കുന്നതു കൊണ്ടു കാര്യമില്ലെന്നും രാജ്യം മാറില്ലെന്നുമുള്ള ഇദ്ദേഹത്തിന്റെ മറ്റൊരു ബയാനും തെരഞ്ഞെടുപ്പ് കാലത്ത് വിവാദമായിരുന്നു. ഉത്തരേന്ത്യയിലെ തബിലീഗുകാരില് ഈ ഗ്രൂപ്പിനെ പിനപറ്റുന്നവര്ക്കിടയില് കല്ലില്‍ വരച്ച കല്പ്പനയാണ് മൗലാന സഅദിന്റെ വാക്കുകള്‍. ഇതുവരെ രാഷ്ട്രീയം പറഞ്ഞിട്ടില്ലാത്ത മൗലാന എന്തു കൊണ്ട് അനാവശ്യമായ ഈ ബയാനുകള്‍ നല്കി?
നേതാവിനെ പിടിച്ച് ഈ സമൂഹത്തെ പാട്ടിലാക്കാനുള്ള രാഷ്ട്രീയമായ ഒരു അജണ്ട തകൃതിയായി നടക്കുന്നതിനിടെയാണ് കോവിഡ് വന്നത്. ഒന്‍പത് മാസം മുമ്പെ ടൂറിസ്റ്റ് വിസയുടെ കാര്യത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണം മര്‍ക്കസില്‍ നടപ്പാക്കാതിരുന്നതിന്റെ കാരണം തിരഞ്ഞ് വല്ലാതെയൊന്നും തലപുണ്ണാക്കേണ്ട. അധികാരികള്‍ക്ക് തബ്ലീഗി ജമാഅത്ത് വളരെ വേണ്ടവരായതു കൊണ്ടാണ് അതങ്ങനെ സംഭവിച്ചത്. അതേ നിയമം ഉപയോഗിച്ച് തന്നെയാണ് ഇപ്പോള്‍ ഇതേ വിദേശികളെ പിഴയീടാക്കിയും കരിമ്പട്ടികയില്‍ പെടുത്തിയും ഇന്ത്യയില്‍ നിന്ന് കയറ്റിവിടുന്നതും. തബിലീഗ് ജമാഅത്ത് യോഗം നടത്തിയിട്ടില്ലായിരുന്നു എന്നും അവരുടെ യോഗത്തിലേക്ക് വിദേശികള്‍ വന്നിട്ടില്ലായിരുന്നു എന്നും സങ്കല്‍പ്പിക്കുക. എന്താകുമായിരുന്നു മോദി സര്‍ക്കാറിന്റെ ചിത്രം? ഫെബ്രുവരിയില്‍ ബജറ്റ് പ്രഖ്യാപിക്കുന്ന സമയത്ത് ലോകം കോവിഡ് ഭീതിയില്‍ വിറങ്ങലിക്കുമ്പോഴും നയാ പൈസ പോലും പകര്‍ച്ചവ്യാധി നിവാരണത്തിന് അധികമായി വകയിരുത്താത്ത, മാര്‍ച്ച് 24 വരെയും വെന്റിലേറ്ററും മാസ്കുകളും കയറ്റുമതി ചെയ്ത, ഒരു ദശലക്ഷത്തില്‍ വെറും 10.5 ആളുകളെ മാത്രം പരിശോധിച്ച് മാതൃകയായ ഭരണമായിരുന്നു നമ്മുടേതെന്ന് മറക്കരുത്.
മുസ്ലിമിന്റെയും പാകിസ്ഥാന്റെയും തലയില്‍ കെട്ടിവെച്ചാല്‍ ബാക്കിയുള്ള മറ്റെല്ലാ തെറ്റുകളും പൊറുക്കപ്പെടുന്ന ഈ രാജ്യത്ത് തബിലീഗി ജമാഅത്തിന് ഇല്ലാതെ പോയത് സാമാന്യബോധം മാത്രമാണ്. ബാക്കിയുള്ളവരുടേതാ? ഇന്ത്യ നേരിടുന്ന സാമൂഹികമായ കൊടും ദുരന്തം കൂടിയാണിത്. തബിലീഗ് ചെയ്ത തെറ്റിനേക്കാള്‍ വലുതാണ് അവരെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചവരുടെ തെറ്റ്. ഉന്നതങ്ങളില്‍ എവിടെയൊക്കെയോ പലര്‍ക്കും പങ്കുണ്ടായിരുന്ന ഒരു കൂട്ടുകച്ചവടമാണത്.