വാട്‌സ്ആപ് ഉപയോഗിക്കുന്നവര്‍ 200 കോടിയിലെത്തി

ഫേസ്ബുക്ക് വാങ്ങുമ്പോള്‍ ഉണ്ടായിരുന്നതിന്റെ നാലിരട്ടിയിലേക്ക് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം എത്തിയിരിക്കുന്നു…

ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള മെസേജിംങ് ആപ്ലിക്കേഷനായ വാട്‌സ്ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം 200കോടി കഴിഞ്ഞു. വാട്‌സ് ആപ് തന്നെയാണ് ഔദ്യോഗിക ബ്ലോഗിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്കിന് 250 കോടി ഉപഭോക്താക്കളും ഇന്‍സ്റ്റഗ്രാമിന് 100 കോടി ഉപഭോക്താക്കളുമാണ്(2018ലെ കണക്കനുസരിച്ച്) ഉള്ളത്.

2014ല്‍ 21.8 ബില്യണ്‍ ഡോളര്‍ (ഏകദേശം 116000 കോടി രൂപ) എന്ന വന്‍ തുകക്കായിരുന്നു ഫേസ്ബുക്ക് തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് കരുതിയിരുന്ന വാട്‌സ്ആപ്പിനെ വാങ്ങിയത്. അന്ന് 50 കോടി ഉപഭോക്താക്കളാണ് വാട്‌സ്ആപ്പിനുണ്ടായിരുന്നത് ഇപ്പോഴത് നാലിരട്ടി വര്‍ധിച്ചിരിക്കുന്നു. സ്വകാര്യതക്ക് തങ്ങള്‍ നല്‍കിയ പ്രാധാന്യമാണ് ഈ കുതിച്ചുചാട്ടത്തിന് പിന്നിലെന്നാണ് വാട്‌സ്ആപ്പ അധികൃതര്‍ വിശദീകരിക്കുന്നത്.

ഫേസ്ബുക്ക് ഉടമകളാകുമ്പോള്‍ വാട്‌സ്ആപ്പിന്റെ സൗകാര്യതയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യുമോ? പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുമോ എന്നെല്ലാമായിരുന്നു പ്രധാന ആശങ്കകള്‍. ഇപ്പോഴിതാ വാട്‌സ്ആപ്പിന് 200 കോടി ഉപഭോക്താക്കള്‍ തികഞ്ഞ അവസരത്തില്‍ ഉപഭോക്താക്കളുടെ സ്വകാര്യത കൂടുതല്‍ കൂട്ടിയ നടപടിയാണ് തങ്ങള്‍ക്ക് വളരെ വേഗം 200 കോടിയിലെത്താന്‍ സഹായിച്ചതെന്നാണ് വാട്‌സ്ആപ് സി.ഇ.ഒ തന്നെ പറയുന്നത്.

തങ്ങളുടെ ഉപഭോക്താക്കള്‍ തമ്മിലുള്ള സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യാന്‍ വാട്‌സ്ആപ് തീരുമാനിച്ചിരുന്നു. ഇതുവഴി വാട്‌സ്ആപിന് പോലും ഉപഭോക്താക്കള്‍ തമ്മിലുള്ള സന്ദേശങ്ങള്‍ വായിച്ച് മനസിലാക്കാന്‍ കഴിയുമായിരുന്നില്ല. സ്വകാര്യതക്ക് അങ്ങേയറ്റം പ്രാധാന്യം നല്‍കിക്കൊണ്ട് വാട്‌സ്ആപ് നടത്തിയ ഈ നീക്കത്തിനെതിരെ വിവിധ സര്‍ക്കാരുകളും അന്വേഷണ ഏജന്‍സികളും പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ഭീകരവാദം, കുട്ടിക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങി സുപ്രധാനമായ പല കേസുകളിലും പ്രതികളുടെ വാട്‌സ്ആപ് സന്ദേശങ്ങള്‍ തെളിവുകളാക്കാന്‍ സാധിക്കുന്നില്ലെന്നതായിരുന്നു പ്രധാന പരാതി. എല്ലാക്കാലത്തും മനുഷ്യര്‍ക്ക് സ്വകാര്യത നഷ്ടപ്പെടാതെ ആശയവിനിമയം നടത്താനുള്ള സംവിധാനങ്ങളുണ്ടായിരുന്നു. സാങ്കേതികവിദ്യ പുരോഗമിച്ചെന്ന കാരണം ഒന്നുകൊണ്ട് മാത്രം അത് ഇല്ലാതാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു വാട്‌സ്ആപ് സി.ഇ.ഒ വില്‍ കാത്ത്കാര്‍ട്ട് പറഞ്ഞത്. അതേസമയം സുപ്രധാന കേസുകളില്‍ ആവശ്യമായ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറാന്‍ വാട്‌സ്ആപ് ബാധ്യസ്ഥരാണെന്നും സി.ഇ.ഒ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്കിന്റെ മെസഞ്ചര്‍ അടക്കമുള്ള മെസേജിംങ് ആപ്ലിക്കേഷനുകളും വാട്‌സ്ആപ്പും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും വാള്‍ സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ കാത്ത്കാര്‍ട്ട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫേസ്ബുക്ക് മേധാവി മാര്‍ക് സുക്കര്‍ബര്‍ഗ് ഇക്കാര്യം പറഞ്ഞിരുന്നു. അതേസമയം ഈ കൂടിച്ചേരലിന് പരിധികളുണ്ടെന്നും മെസഞ്ചര്‍ പോലുള്ള മെസേജിംങ് സേവനങ്ങളുടെ എല്ലാ സേവനങ്ങളും വാട്‌സ്ആപ്പില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും കാത്ത്കാര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *