ഒളിംപിക്‌സില്‍ സലാ കളിക്കുമോ?

സലാ ഒളിംപിക്‌സില്‍ കളിക്കുകയെന്നാല്‍ അടുത്ത സീസണില്‍ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരങ്ങള്‍ സലാ ഇല്ലാതെ ഇറങ്ങുമെന്ന് കൂടിയാണ്…

ഏതെങ്കിലും പരിശീലകന്‍ സലായെ പോലുള്ള കളിക്കാരനെ സ്വന്തം ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത ഇല്ലാതാക്കുമോ? അത്തരമൊരു സാധ്യത തേടുന്നതിന്റെ ഭാഗമായി മുഹമ്മദ് സലായേയും ടോക്യോ ഒളിംപിക്‌സിനുള്ള ഈജിപ്തിന്റെ 50 അംഗ ടീമില്‍ പരിശീലകന്‍ ഉള്‍പ്പെടുത്തി. ഇതുണ്ടാക്കിയ പുകിലുകള്‍ ചെറുതല്ല. കാരണം സലാ ഒളിംപിക്‌സില്‍ കളിക്കുകയെന്നാല്‍ അടുത്ത സീസണില്‍ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരങ്ങള്‍ സലാ ഇല്ലാതെ ഇറങ്ങുമെന്ന് കൂടിയാണ്.

ഒടുവിലിതാ ഈജിപ്തിന്റെ ഒളിംപിക്‌സ് ടീം പരിശീലകന്‍ ഷോകി ഗാരിബ് തന്നെ ഇക്കാര്യത്തില്‍ വിശദീകരണവുമായി വന്നിരിക്കുന്നു. ഈജിപ്ത് ടീമില്‍ സലാ കളിക്കുമോ എന്നത് അദ്ദേഹത്തിന്റേയും സലായുടെ ക്ലബായ ലിവര്‍പൂളിന്റേയും തീരുമാനത്തെ അനുസരിച്ചിരിക്കുമെന്നാണ് പരിശീലകന്‍ പറഞ്ഞിരിക്കുന്നത്. സലാ ഈജിപ്തിന്റെ ഒളിംപിക്‌സ് ടീമില്‍ കളിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒളിംപിക്‌സില്‍ ഫുട്‌ബോളില്‍ പങ്കെടുക്കുന്ന ടീമുകള്‍ 23ന് താഴെ പ്രായമുള്ളവരെയാണ് അയക്കേണ്ടത്. അതേസമയം ടീമില്‍ മൂന്ന് പ്രായം കൂടിയവരെ ഉള്‍പ്പെടുത്താനും അനുമതിയുണ്ട്. ഒളിംപിക്‌സ് മത്സരങ്ങള്‍ക്ക് കളിക്കാരെ വിട്ടു നല്‍കണമെന്ന് ക്ലബുകളെ നിര്‍ബന്ധിക്കാനാവില്ലെന്ന് നേരത്തെ തന്നെ ഫിഫ വ്യക്തമാക്കിയിട്ടുണ്ട്.

ജൂലൈ 22 മുതല്‍ ആഗസ്ത് എട്ട് വരെയാണ് ഒളിംപിക്‌സ് നടക്കുക. ജൂണിലായിരിക്കും അവസാന 18 അംഗ ടീമിനെ പ്രഖ്യാപിക്കുക. ഈജിപ്തിന്റെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തെ ഉള്‍പ്പെടുത്താതെ ടീമിനെ പ്രഖ്യാപിച്ചിരുന്നെങ്കിലും പരിശീലകന്‍ ഗാരിബ് പെട്ടുപോയേനേ എന്നത് മറ്റൊരു വസ്തുത.

Leave a Reply

Your email address will not be published. Required fields are marked *