എം.ബി രാജേഷിനൊരു തുറന്ന കത്ത് | ഡോ. എസ് ഗോപു

കേരള സംസ്കൃത സർവകലാശാലയിലെ നിയമന വിവാദ പശ്ചാത്തലത്തിൽ ഡോ. എസ് ഗോപു ഫേസ്ബുക്കിൽ കുറിച്ച തുറന്ന കത്ത്.

എം.ബി രാജേഷിനൊരു തുറന്ന കത്ത്

പ്രിയപ്പെട്ട രാജേഷ്,

അനതിവിദൂര ഭാവിയിൽ കേരളത്തിൻ്റെ മുഖ്യമന്ത്രി കസേരയിലിരിക്കാൻ അർഹതയുള്ള അപൂർവ്വം യുവസാരഥികളിൽ ഒരാളായി അങ്ങയെ കാണുന്നു, ഇഷ്ടപ്പെടുന്നു എന്നതുകൊണ്ടാണ് ഈ കത്തെഴുതുന്നത്.
കാലടി സർവ്വകലാശാലയിലെ നിയമന വിവാദവുമായി ബന്ധപ്പെട്ട് അങ്ങ് മാധ്യമങ്ങളോട് സംസാരിച്ചത് ശ്രദ്ധാപൂർവ്വം കേട്ടു. അതിനിടയിൽ ഒരു റിപ്പോർട്ടർ ചോദിച്ചു, നിനിതയുടെ യോഗ്യതയെക്കുറിച്ചൊന്നു പറയാമോ എന്ന്. അങ്ങയുടെ മറുപടി എന്നെപ്പോലെ അങ്ങയെ ആദരിക്കുന്നവരെ നിരാശപ്പെടുത്തി. അങ്ങു പറഞ്ഞതെന്താണ്. “അതൊന്നും ഞാൻ ശേഖരിച്ചിട്ടില്ല. എല്ലാം യൂണിവേഴ്സിറ്റിക്ക് കൊടുത്തിട്ടുണ്ടല്ലോ” എന്ന്.
ചാനൽ ചർച്ചകളിൽ രേഖകളും വസ്തുതകളും നിരത്തി അങ്ങ് എതിർപക്ഷത്തെ നിശബ്ദരാക്കുന്നത് കണ്ട് ആരാധന തോന്നിയിട്ടുള്ള ഒരാൾ എന്ന നിലയിൽ ചോദിക്കട്ടെ. ഭാര്യ നിനിതയുടെ യോഗ്യത തെളിയിക്കുന്ന രേഖകളൊന്നും അങ്ങയുടെ കൈയിലില്ലേ?

നിനിതയ്ക്ക് ഇത്ര വർഷത്തെ കോളേജ് / യൂണിവേഴ്സിറ്റി തല അധ്യാപനപരിചയമുണ്ട്…
നിനിത അംഗീകൃത ജേർണലുകളിൽ ഇത്ര പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്…
നിനിത ഇത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്….
നിനിത ഇത്രയിത്ര നാഷണൽ/ഇൻ്റർനാഷണൽ സെമിനാറുകളിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്…
നിനിതയുടെ API സ്കോർ ഇത്രയാണ്….
യു.ജി.സി റഗുലേഷൻ പ്രകാരം ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ വേണ്ട API സ്കോർ ഇത്രയാണ്;
അത് നിനിതയ്ക്കുണ്ട്….
എന്നൊക്കെ രേഖകൾ സഹിതം സ്വന്തം ഭാര്യയുടെ യോഗ്യത സ്ഥാപിക്കാൻ അങ്ങേയ്ക്ക് കഴിയാതെ പോയതെന്താണ്?

അങ്ങയുടെ ഭാര്യയെ ഇൻ്റർവ്യൂവിൽ പങ്കെടുപ്പിക്കാനായി വൈസ് ചാൻസറുടെ കൂടി അറിവോടെ Qualifing Index താഴ്ത്തി നിശ്ചയിച്ചു എന്ന ആരോപണത്തിൻ്റെ മുനയൊടിക്കാൻ കഴിയാതെ അങ്ങ് ഒഴിഞ്ഞു മാറുന്ന കാഴ്ച ദയനീയമായിരുന്നു എന്നു പറയാതെ വയ്യ !!

ഇനി ‘ഉപജാപം തിയറി’യിലേക്ക്…
സർവകലാശാലാ അധ്യാപക നിയമനങ്ങളിൽ വിഷയവിദഗ്ധരായി എത്തുന്നവരുടെ മുന്നിൽ അവരുടെ വിദ്യാർത്ഥികളായിരുന്നവരും സഹപ്രവർത്തകരായിരുന്നവരും അതിഥി അധ്യാപകരായി ഒപ്പം ജോലി ചെയ്യുന്നവരുമൊക്കെ കടന്നുവരുമെന്നത് തികച്ചും സ്വാഭാവികമാണ്. അങ്ങനെ സംഭവിക്കാത്ത അഭിമുഖ പരീക്ഷകൾ സർവ്വകലാശാലാ തലത്തിൽ ചൂണ്ടിക്കാണിക്കാനാവില്ല. അതിൻ്റെ പേരിലൊക്കെ ‘ഉപജാപം’ തിയറി മെനഞ്ഞ അങ്ങയോട് എന്തു പറയണമെന്നറിയില്ല.

അഭിമുഖ പരീക്ഷയ്ക്കിടെ വിദഗ്ദ്ധർ കൂടിയാലോചന നടത്തിയത് മഹാപരാധമായും ഉപജാപമായും ചിത്രീകരിച്ച അങ്ങയുടെ സമീപനത്തിൽ അഗാധ ദുഃഖം അറിയിക്കുക മാത്രം ചെയ്യുന്നു.
‘അഭിമുഖ പരീക്ഷയിൽ ആറു പേരും നൽകിയ മാർക്ക് കൂട്ടി നോക്കിയാൽ നിനിതയാണ് ഒന്നാമത്, അതുകൊണ്ട് നിനിതയെ നിയമിച്ച നടപടിയിൽ തെറ്റില്ല’ എന്നു സ്ഥാപിച്ച വി.സിയും വകുപ്പദ്ധ്യക്ഷയും മറ്റ് ന്യായീകരണ പരിവാരങ്ങളും ചേർന്ന് വരുത്തിത്തീർക്കുന്നതെന്താണ് എന്ന് അങ്ങ് ആലോചിച്ചു നോക്കൂ…
വി.സി ഒഴികെ ബാക്കി ആറു പേർ മാർക്കിടുന്ന പാനലിൽ മൂന്നു വിഷയ വിദഗ്ദ്ധരും വകുപ്പു മേധാവിയുമുൾപ്പടെ നാലുപേർ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ടവരാകണം എന്നു യു.ജി.സി നിഷ്ക്കർഷിക്കുന്നത് വിഷയത്തിൽ ധാരണയുള്ളവരുടെ തീരുമാനത്തിന് മുൻതൂക്കം ലഭിക്കാനാണ്. അതിൽ നാലിൽ ഒരാൾ മാത്രമേ(വകുപ്പു മേധാവി) നിനിതയ്ക്ക് കൂടുതൽ മാർക്ക് നൽകിയിട്ടുള്ളൂ. ബാക്കി മൂന്നു പേരുടെയും മാർക്ക് ലിസ്റ്റിൽ നിനിതയുടെ സ്ഥാനം ഇതുവരെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം നാലോ അഞ്ചോ ആണ്. ഗവർണറുടെ നോമിനിയെയും ഡീനിനെയുമൊക്കെ മുൻനിർത്തി വിഷയ വിദഗ്ധരുടെ തീരുമാനത്തിനു പുല്ലുവില കല്പിക്കുന്ന ഇത്തരം അട്ടിമറികൾ ഇന്ത്യയിലെ മറ്റ് സർവ്വകലാശാലകളിൽ സംഘപരിവാർ ശക്തികൾ നടപ്പാക്കിയാൽ നാമെങ്ങനെ അതിനെ എതിർക്കുമെന്ന് അങ്ങ് ആലോചിച്ചിട്ടുണ്ടോ?

പ്രിയപ്പെട്ട ഉമ്മർ മാഷെയും ഭരതൻമാഷെയും പവിത്രൻ മാഷെയും ഉപജാപത്തിൻ്റെ രാജകുമാരന്മാരാക്കുന്നതിനു മുമ്പ് അങ്ങ് ഒരു പത്രസമ്മേളനം വിളിക്കൂ…
നിനിതയുടെ അർഹത തെളിയിക്കുന്ന രേഖകൾ പുറത്തുവിടൂ, അവരുടെ API ഇൻഡക്സ് എത്രയാണ് എന്ന് പറയൂ, കാലടി സർവ്വകലാശാല ഇൻഡക്സ് താഴ്ത്തി നിശ്ചയിച്ചു എന്ന ആരോപണത്തിന് മറുപടി പറയൂ…
ഇൻ്റർവ്യൂവിൽ ഉപജാപക്കാരല്ലാത്ത ‘നിഷ്ക്കളങ്കർ’ വിഷയവിദഗ്ദ്ധരുടെ മാർക്കിനെ അട്ടിമറിക്കാൻ മെനക്കെട്ടിട്ടില്ല എന്ന് മാർക്ക് ലിസ്റ്റ് സഹിതം വിളിച്ചു പറയൂ…
നാടറിയട്ടെ നിനിതയുടെ യോഗ്യത…
സ്തുതിപാഠകരല്ലാത്ത അങ്ങയുടെ ആരാധകർ അത് ആഗ്രഹിക്കുന്നുണ്ട്….
ദൂരക്കൂടുതൽ കൊണ്ട് ജോലി വേണ്ടെന്നു വെക്കാൻ നിങ്ങൾ ആലോചിച്ചു എന്നങ്ങ് പല തവണ ആവർത്തിച്ചുവല്ലോ?

സത്യത്തിൽ നിന്നും നീതിയിൽ നിന്നുമുള്ള ദൂരക്കൂടുതൽ അങ്ങയുടെ മനസിൽ ഉണ്ടാവാതിരിക്കട്ടെ…
ഡോ.വി.ഹിക്മത്തുള്ളയെപ്പോലുള്ളവരുടെ അധിക യോഗ്യതകൾ അയോഗ്യതയായി മാറുന്ന ദുരന്തം ഇനിയാവർത്തിക്കാതിരിക്കട്ടെ…

അങ്ങ് തോറ്റു പോയപ്പോൾ ദുഃഖിച്ച ഒരാളുടെ വിയോജനക്കുറിപ്പാണ്…
സാദരം
ഡോ. എസ്.ഗോപു

Leave a Reply

Your email address will not be published. Required fields are marked *