തൃശ്ശൂർ കൊറ്റമ്പത്തൂരിലെ കാട്ടുതീയിൽ അകപ്പെട്ട് മൂന്ന് വാച്ചർമാർ വെന്തു മരിച്ചു

തീ അണയ്ക്കാന്‍ ശ്രമിക്കവെയാണ് മരണം സംഭവിച്ചത്. വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷണിലെ രണ്ട് താല്‍ക്കാലിക ജീവനക്കാരാണ് വെന്തു മരിച്ചത്. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു

തൃശ്ശൂരിലെ കാട്ടുതീയിൽ സമൂഹമനസാക്ഷിയെ ഞെട്ടിച്ച് മൂന്ന് വാച്ചർമാർക്ക് ദാരുണമരണം. പൊള്ളം കൊറ്റമ്പത്തൂരിൽ കാട്ടുതീ തടയാൻ ശ്രമിക്കവേയാണ് മൂന്ന് വനംവകുപ്പ് വാച്ചർമാർ വെന്തുമരിച്ചത്. വാഴച്ചാൽ ആദിവാസി കോളനിയിലെ താമസക്കാരനും ട്രൈബൽ വാച്ചറുമായ കെവി ദിവാകരൻ (43), താത്കാലിക ഫയർ വാച്ചർ എരുമപ്പെട്ടി കുമരനെല്ലൂർ കൊടുമ്പ് എടവണ വളപ്പിൽവീട്ടിൽ എംകെ വേലായുധൻ (55) താത്കാലിക ഫയർ വാച്ചർ കുമരനെല്ലൂർ കൊടുമ്പ് വട്ടപ്പറമ്പിൽ വീട്ടിൽ വിഎ ശങ്കരൻ (46) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ദിവാകരനും വേലായുധനും സംഭവസ്ഥലത്തും ദേഹം മുഴുവൻ പൊള്ളലേറ്റ് അതീവഗുരുതര നിലയിലായ ശങ്കരൻ ഞായറാഴ്ച രാത്രി 11 മണിയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.

Image result for thrissur deshamangalam wildfires

കൊറ്റമ്പത്തൂരിലെ എച്ച്എൻഎൽ തോട്ടത്തിലാണ് തീ പടർന്നത്. രാവിലെ തുടങ്ങിയതാണ് പ്രദേശത്തെ തീ. മേഖലയിൽ നിന്നും അണച്ചു വരികയായിരുന്നു. മൂന്ന് പേരും തീയുടെ നടുക്കിൽ അകപ്പെടുകയായിരുന്നു. രക്ഷാപ്രവർത്തനവും ദുഷ്കരമാണ്. രക്ഷാപ്രവർത്തനത്തിനിടെ പുകയുയർന്നും മറ്റുമായി പലർക്കും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ജില്ലയിലെ വിവിധ റേഞ്ചിൽ നിന്നുള്ളവരെയും അഗ്നിരക്ഷാ സേനയെയും ഇവിടേക്കായി വിളിച്ചിട്ടുണ്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് കൊറ്റമ്പത്തൂർ പ്രദേശത്ത് തീ പടർന്നത്. വനംവകുപ്പുദ്യോഗസ്ഥരും വാച്ചർമാരുമടക്കം 14 പേർ തീയണയ്ക്കാൻ സ്ഥലത്തെത്തി. പതിനഞ്ചോളം നാട്ടുകാരും ഇവരെ സഹായിക്കാൻ ഒപ്പംചേർന്നിരുന്നു. നാലുമണിയോടെ തീ നിയന്ത്രണ വിധേയമായെന്ന വിലയിരുത്തലിൽനാട്ടുകാർ വനംവകുപ്പുകാർക്ക് കുടിവെള്ളം നൽകി തിരിച്ചുപോന്നു. എന്നാൽ, ഇതിനുശേഷം ശക്തമായ കാറ്റടിച്ച് തീ പെട്ടെന്ന് ഉയരത്തിൽ പടർന്നുപിടിക്കുകയായിരുന്നു. അടിക്കാട് കത്തിയതോടെ പ്രദേശമാകെ വലിയതോതിൽ പുകനിറഞ്ഞ് പരസ്പരം കാണാനാകാത്ത സ്ഥിതിയിലായി. കുറേപ്പേർ ഓടിരക്ഷപ്പെട്ടു. പക്ഷെ, ദിവാകരൻ, വേലായുധൻ, ശങ്കരൻ, രഞ്ജിത്ത് തുടങ്ങിയവർ തീച്ചുഴിയിൽപ്പെടുകയായിരുന്നു. എങ്ങോട്ട് ഓടണമെന്നറിയാതെ അപകടത്തിലകപ്പെടുകയായിരുന്നു നാലുപേരും.

അതേസമയം, ജീവിവർഗങ്ങളെയും വനസമ്പത്തിനെയും നശിപ്പിക്കുന്ന കാട്ടുതീയ്ക്ക് കാരണമാകുന്നത് മിക്കവാറും സംഭവങ്ങളിൽ സാമൂഹികവിരുദ്ധരുടെ ഇടപെടലുകളാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അലക്ഷ്യമായി വലിച്ചെറിയുന്ന സിഗററ്റ് കുറ്റികളും ഭക്ഷണം തയ്യാറാക്കാനായി ഒരുക്കുന്ന താത്കാലിക അടുപ്പുകളും മന:പൂർവ്വം പുല്ല് കത്തിക്കുന്നതുമെല്ലാമാണ് അഗ്നിബാധയ്ക്ക് ഇടയാക്കുന്നത്.

തീ അണയ്ക്കാനും തീപിടിത്തമുളള ഇടങ്ങളിലേക്ക് എത്തിപ്പെടാനും കഴിയാതെ ഫയർഫോഴ്സും വനംവകുപ്പും നിസഹായരാകും. സ്വകാര്യ കൃഷിയിടങ്ങളിൽ നിന്നും പുൽമൈതാനങ്ങളിൽ നിന്നും പടർന്ന് പിടിക്കുന്ന തീയാണ് കാടിനെയും വിഴുങ്ങുന്നത്. ഇന്നലെ രാത്രി ദേശമംഗലം വനമേഖലയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിക്കാനിടയായതും പുൽക്കാടുകളിലേക്ക് തീ പടർന്നതോടെയായിരുന്നു.

ധനസഹായം അനുവദിച്ചു
മരിച്ചവരുടെ മരണാനന്തര ചടങ്ങുകൾക്കും പരിക്കേറ്റവരുടെ ആശുപത്രി ചെലവുകൾക്കുമായി അടിയന്തര ധനസഹായം അനുവദിച്ചതായി മുഖ്യവനം മേധാവി പി.കെ. കേശവൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *