കടത്തിലധിഷ്ഠിതമായ നവ ലിബറൽ ‘വികസനം’: കേരളത്തെ കാത്തിരിക്കുന്നത് ലാറ്റിനമേരിക്കൻ ദുരന്തമോ?

കടത്തിലധിഷ്ഠിതമായ നവ ലിബറൽ ‘വികസനം’: കേരളത്തെ കാത്തിരിക്കുന്നത് ലാറ്റിനമേരിക്കൻ ദുരന്തമോ? | പി.ജെ. ജെയിംസ്
ആമുഖം
2016ൽ പിണറായി സർക്കാർ അധികാരമേൽക്കുേമ്പാൾ കേരളത്തിന്റെ പൊതു കടം (public debt) ഒന്നരലക്ഷം കോടി രൂപയിലധികമായിരുന്നു. സംസ്ഥാന രൂപവത്കരണത്തിന് ശേഷമുള്ള ആറു ദശാബ്ദങ്ങളിലൂടെ കുന്നുകൂടിയതായിരുന്നു ഇത്. 2016 ജൂൺ മാസം ധനമന്ത്രി നിയമസഭയിൽ വെച്ച ധവള പത്രത്തിൽ സംസ്ഥാന കടം 1.57 ലക്ഷം കോടി രൂപയായത് ചൂണ്ടിക്കാട്ടി, അതുവരെ ഭരിച്ച സർക്കാറിന്റെ നികുതി സമാഹരണത്തിലെ നിരുത്തരവാദത്തിനെതിരെ അതിനിശിതമായ വിമർശനമാണ് അന്നുന്നയിച്ചത്. ആയതിനാൽ എൽ.ഡി.എഫ് സർക്കാർ നികുതി വരുമാന വർധന നിരക്ക് 20-25 ശതമാനത്തിലേക്കുയർത്തുമെന്ന അവകാശ വാദമാണ് മുന്നോട്ടു വെച്ചത്. തുടർന്ന്, 2017ൽ ജി.എസ്.ടിയുടെ ഏറ്റവും വലിയ വക്താവായി പിണറായി സർക്കാർ മാറിയ പശ്ചാത്തലത്തിൽ സംസ്ഥാന നികുതി വരുമാന വർധനവ് 30 ശതമാനമാക്കുമെന്നും ധനമന്ത്രി തുടർന്ന് പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ, പിന്നീട് കേരളത്തിന്റെ നികുതി വർധനവ് ശരാശരി 10 ശതമാനത്തിലേക്ക് ചുരുങ്ങുന്നതായും ചെലവുകൾ 15-16 ശതമാനം കണ്ടു വർധിച്ചതായുമുള്ള കണക്കുകളാണ് പിന്നീട് പുറത്തുവന്നത്. തന്നിമിത്തം, 2021 ജനുവരി മാസം, ഈ വർഷത്തെ ബജറ്റിലേക്കെത്തുമ്പോൾ കേരളത്തിന്റെ പൊതുകടം അഞ്ചു വർഷം കൊണ്ട് ഇരട്ടിയായി വർധിച്ചിരിക്കുകയാണ്. പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുന്ന 2021 മധ്യത്തോടെ അത് ഏറ്റവും കുറഞ്ഞത് മൂന്നര ലക്ഷം കോടി രൂപ വരെ എത്താമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അപ്രകാരം, 2021ൽ ഏകദേശം ഒരു ലക്ഷം രൂപയുടെ പ്രതിശീർഷ കടത്തോടെ ഇന്ത്യയിലേറ്റവുമധികം കടഭാരമുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിരിക്കുന്നു.
പെരുകുന്ന കടം
അഞ്ചര ദശാബ്ദക്കാലം കേരളം മാറിമാറി ഭരിച്ച ഇടതു-വലതു മുന്നണി സർക്കാരുകൾ വരുത്തി വെച്ചതിലധികം പൊതുകടം അഞ്ചു വർഷത്തെ ഭരണത്തിലൂടെ പിണറായി ഭരണം വരുത്തിവെച്ചിരിക്കുമ്പോൾ, അതിന്റെ രാഷ്ട്രീയ-സാമ്പത്തിക കാരണങ്ങളിലേക്ക് കടക്കാതെ കടം വാങ്ങി ‘വികസനം’ കൊണ്ടുവരുന്നത് അഭികാമ്യമാണെന്ന “കെയ്നീഷ്യൻ” വ്യഖ്യാനത്തിനാണ് ആസൂത്രണ കമമീഷൻ വിദഗ്ധരും സി.പി.എം ബുദ്ധിജീവികളും ശ്രമിച്ചുവരുന്നത്? ഈ വ്യാഖ്യാനത്തിന്റെ പൊള്ളത്തരത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഭീതിജനകമാം വിധം സംസ്ഥാന നികുതി വരുമാനം ഇടിഞ്ഞത് പരാമർശിക്കാതിരിക്കാനാവില്ല. സാമ്പത്തിക തകർച്ചയുടെ മുഴുവൻ കാരണവും കോവിഡിന്റെ അക്കൗണ്ടിൽ പെടുത്തുന്ന കേന്ദ്രത്തിന്റെ അതേ മാതൃക തന്നെയാണ് സംസ്ഥാന സർക്കാരും പിന്തുടരുന്നത്. വാസ്തവത്തിൽ, സംസ്ഥാന റവന്യു വരുമാനം കോവിഡിന് വളരെ മുമ്പുതന്നെ ഇടിഞ്ഞു തുടങ്ങിയിരുന്നു. ആമുഖമായി സൂചിപ്പിച്ചതുപോലെ ജി.എസ്.ടിയിലൂടെ സംസ്ഥാന നികുതികളുടെ മൂന്നിൽ രണ്ടു ഭാഗവും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായത് ഇതിന്റെ പ്രധാന കാരണമായിരുന്നു. സംസ്ഥാനങ്ങളുടെ ജി.എസ്.ടി വിഹിതം സമയബന്ധിതമായി കൈമാറ്റം ചെയ്യുന്ന രീതിയാകട്ടെ, കേന്ദ്ര സർക്കാർ നിർത്തിവെക്കുകയുണ്ടായി. 42 ശതമാനത്തോളം സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട കേന്ദ്ര നികുതികളിൽനിന്ന് ദശലക്ഷക്കണക്കിന് കോടി രൂപയുടെ ഇളവുകൾ കോർപറേറ്റുകൾക്ക് അനുവദിച്ചതും സംസ്ഥാനങ്ങളെ ദോഷകരമായി ബാധിച്ചു.
പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പ്രഖ്യാപനങ്ങളൊഴിച്ചാൽ നികുതി കുടിശ്ശിക സമാഹരണത്തിലൂടെയും റവന്യു റിക്കവറികളിലൂടെയും സമാഹരിക്കാവുന്ന ആയിരക്കണക്കിന് കോടി രൂപ വേണ്ടെന്നു വെക്കുകയാണുണ്ടായത്. ഇതുമായി ബന്ധപ്പെട്ട 40000ലധികം ഫയലുകളുടെ മേൽ നികുതി വകുപ്പ് അടയിരിക്കുന്നു. സ്വർണക്കച്ചവടം, ആഢംബര വാഹനങ്ങളും (ഇന്ത്യയിലെ ആഢംബര വാഹനങ്ങളുടെ 15 ശതമാനത്തോളം കേരളത്തിലാണ്) വീടുകളും തുടങ്ങിയവ ശരിയായ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ നികുതി വിധേയമാക്കിയാൽ ആയിരക്കണക്കിന് കോടി രൂപ അധികമായി പിരിച്ചെടുക്കാം. ക്വാറികൾ വേണ്ടവിധം നികുതി വിധേയമാക്കുകയോ സർക്കാർ ഏറ്റെടുക്കുകയോ ചെയ്താൽ ആയിരക്കണക്കിന് കോടി രൂപ സമാഹരിക്കാം. വിദേശ-കോർപറേറ്റ് മാഫിയകൾ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ലക്ഷക്കണക്കിനേക്കർ തോട്ടഭൂമികൾ ഏറ്റെടുക്കുന്ന പക്ഷം സംസ്ഥാന വരുമാനത്തിലേക്ക് വലിയ മുതൽക്കൂട്ടാകുമത്. പലപ്പോഴായി ചൂണ്ടിക്കാട്ടിയിട്ടുള്ള ഇവ വീണ്ടും ആവർത്തിച്ച് വിരസതയുണ്ടാക്കുന്നില്ല. പറഞ്ഞുവരുന്നത്, മുൻ യു.ഡി.എഫ് ഭരണത്തിൽ നികുതി സമാഹരണം കൈയൊഴിഞ്ഞുവെന്ന് കുറ്റപ്പെടുത്തി ധവളപത്രം തയാറാക്കിയ പിണറായി ഭരണം ജി.എസ്.ടി നടപ്പാക്കാൻ കൂട്ടുനിന്നതടക്കം സംസ്ഥാനത്തെ നികുതി സമാഹരണം നിരുത്തരവാദപരമായി കൈയൊഴിയുകയായിരുന്നു എന്നതാണ്. ഇന്നിപ്പോൾ. സാധാരണ ജനങ്ങളുടെ ചുമലുകളിൽ പതിക്കുന്ന മദ്യത്തിന്റെയും ലോട്ടറിയുടെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും തീരുവകളിൽനിന്നാണ് സംസ്ഥാന റവന്യു വരുമാനത്തിന്റെ 50 ശതമാനത്തിലധികം സമാഹരിക്കുന്നത്.
ഇപ്രകാരം സമ്പന്ന-കോർപറേറ്റ് വിഭാഗങ്ങളെ നികുതി വലയിൽ പെടുത്താതിരിക്കുന്നതടക്കം നവ ഉദാര നികുതി നയങ്ങൾ പിന്തുടരുന്നതു മൂലമുണ്ടാകുന്ന ധനപ്രതിസന്ധി ലഭ്യമായ സ്രോതസുകളിൽ നിന്നെല്ലാം കടം വാങ്ങി നികത്തി ഭരണവും ‘വികസനവും’ ആവിഷ്കരിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. അതിൻപ്രകാരം പശ്ചാത്തല സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ വികസന പദ്ധതികളും കോർപറേറ്റുകളെ ഏൽപിച്ച് അവരുടെ ‘സഹായി’ (facilitator) മാത്രമായി സർക്കാർ മാറണമെന്ന നവലിബറൽ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ കടംവാങ്ങി വികസനം സാധ്യമാക്കുന്നതിനാണ് ‘കിഫ്ബി’ എന്ന കോർപ്പറേറ്റ് ബോഡി രൂപവത്കരിച്ചിരിക്കുന്നത് (സംസ്ഥാന ബജറ്റിനെ പോലും അപ്രസക്തമാക്കുന്ന, നിയമസഭയോട് ഉത്തരവാദിത്തത്തമില്ലാത്ത, ‘ബോഡി കോർപറേറ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കിഫ്ബിയിലേക്ക് മോട്ടോർ വാഹന നികുതിയുടെ പകുതിയോളം തിരിച്ചുവിടണമെന്നതും സംസ്ഥാന ഖജനാവ് ചോർത്തലാണ്). ആഗോള കോർപറേറ്റ് മൂലധന വിപണിയിൽനിന്നും ഏറ്റവുമുയർന്ന പലിശക്ക് ‘മസാല ബോണ്ട് ‘ വഴി കിഫ്ബി സമാഹരിക്കുന്ന പണവും ലോകബാങ്ക്, ഏഷ്യൻ വികസന ബാങ്ക്, ജാപ്പനീസ്, ജർമൻ, ഫ്രഞ്ച് ഫണ്ടിങ് ഏജൻസികൾ, ആഭ്യന്തര കോർപറേറ്റ് ഉറവിടങ്ങൾ തുടങ്ങിയവയിൽ നിന്നെല്ലാം സമാഹരിക്കുന്ന വായ്പകളുമെല്ലാം ഉപയോഗിച്ചാണ് പിണറായി സർക്കാർ അതിന്റെ വികസന അജണ്ട മുന്നോട്ടുവെച്ചിരിക്കുന്നത്. മുതലും പലിശയുമുൾപ്പെടെ അതിഭീമമായ കടബാധ്യതയാണ് ഇത് വരുംദിനങ്ങളിൽ കേരളീയരുടെ ചുമലുകളിലേല്പിക്കാൻ പോകുന്നത്.
“നവ കെയ്നീഷ്യൻ” വ്യാഖ്യാനങ്ങൾ
ഇപ്പോൾ കിഫ്ബി അന്യായപ്പലിശക്ക് വാങ്ങിക്കൂട്ടുന്നതുൾപ്പെടെ വിവിധ ചാലുകളിലൂടെ വന്നുചേരുന്ന കടത്തിന്റെ മുതലും പലിശയും വരും ദിനങ്ങളിൽ കൊടുത്തു തീർക്കേണ്ട ഭാരിച്ച ബാധ്യത സംസ്ഥാനത്തിന് വന്നു ചേരുന്നതോടെ ഇപ്പോൾ സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദന (GSDP)ത്തിന്റെ മൂന്നിലൊന്നായിരിക്കുന്ന പൊതുകടം വളരെ പെട്ടെന്ന് GSDPയുടെ മൂന്നിൽ രണ്ടായി കുതിച്ചുയരാനുള്ള സാധ്യതയാണ് പലരും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, യു.ഡി.എഫ് കടം വാങ്ങിയതിനെ അതിനിശിതമായി വിമർശിച്ച ഇപ്പോഴത്തെ സർക്കാറും അതിന്റെ വക്താക്കളും ക്ഷേമ മുതലാളിത്ത (welfare capitalism) കാലത്ത് ഉപയോഗത്തിലിരുന്നതും നവലിബറൽ കാലത്ത് ബാധകമല്ലാത്തതുമായ വ്യാഖ്യാനത്തിലൂടെ വിമർശനങ്ങളെ മറികടക്കാനാണ് ശ്രമിക്കുന്നത്. തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന ഉൽപാദന മേഖലകളെ അപേക്ഷിച്ച് ദ്രുതഗതിയിലും കൂടിയ അളവിലും ലാഭം കൊയ്യാവുന്ന ഓഹരി വിപണികൾ പോലുള്ള ഊഹമേഖലകളിൽ മൂലധനക്കുത്തകകൾ കേന്ദ്രീകരിച്ചതുമായി ബന്ധപ്പെട്ട സാമ്പത്തിക മാന്ദ്യം/മുരടിപ്പ് നേരിടുന്നതിന് ആവിഷ്കരിക്കപ്പെട്ടതാണ് കെയ്നീഷ്യൻ നയങ്ങൾ (Keynesian policies). അതിൻപ്രകാരം, ഊഹപ്രവർത്തനങ്ങളെ നിയന്ത്രിച്ചും സമ്പന്ന വിഭാഗങ്ങളെ വർധിത നികുതിക്ക് (progressive taxation) വിധേയമാക്കിയും ഭരണകൂടത്തിന്റെ സമ്പദ്ഘടനയിലെ ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതോടൊപ്പം വൻതോതിൽ ആഭ്യന്തര-ബാഹ്യ സ്രോതസ്സുകളിൽനിന്ന് കടം വാങ്ങി, പശ്ചാത്തല സൗകര്യങ്ങൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ തന്നെ നേതൃത്വം കൊടുക്കണമെന്ന വീക്ഷണമാണ് 1930കൾ മുതൽ 1970 വരെ മുതലാളിത്ത സാമ്പത്തിക നയങ്ങളുടെ അഭിവാജ്യഘടകമായത്.
ഇപ്രകാരം, വികസന പദ്ധതികളിൽ നിക്ഷേപം നടത്തി സമ്പദ്ഘടനയെ ചലിപ്പിച്ചും തൊഴിലവസരങ്ങൾ സൃഷ്ടിച്ചും സർക്കാറുകൾ മുന്നോട്ടു വരുന്നപക്ഷം അത് ജനങ്ങളുടെ വരുമാനവും ക്രയശേഷിയും വർധിപ്പിച്ച് ചരക്കുകളും സേവനങ്ങളും വിറ്റഴിക്കുന്നതിനാവശ്യമായ ചോദനം (effective demand) സംജാതമാക്കുമെന്നും അത് വീണ്ടും ഉയർന്ന അളവിൽ മൂലധന നിക്ഷേപം സാധ്യമാക്കുമെന്നുമാണ് കെയ്നീഷ്യനിസം (Keynesianism) വാദിച്ചത്. എന്നുമാത്രമല്ല, ഇപ്രകാരം വരവിൽ കവിഞ്ഞ തുക കമ്മി ബജറ്റിലൂടെയും കടം വാങ്ങിയും സാമ്പത്തിക പ്രവർത്തനങ്ങളിൽ നിക്ഷേപിക്കുന്നത് സമ്പദ്ഘടനയുടെ വളർച്ചാനിരക്ക് ഉയർത്തുംവിധം ഒരു ഗുണകാങ്ക ഫലം (multiplier effect) സൃഷ്ടിക്കുമെന്നും കെയ്നീഷ്യന്മാർ സിദ്ധാന്തവത്കരിച്ചു.
ചുരുക്കത്തിൽ, സമ്പദ്ഘടനയിലെ മുഖ്യ സംഘാടകനും മൂലധന നിക്ഷേപകനും ക്ഷേമപ്രവർത്തകനുമെല്ലാമായ ഭരണകൂടത്തിന്റെ പ്രാഥമ്യം സ്ഥാപിക്കപ്പെട്ട ഒരു ഘട്ടം കൂടിയാണ് ക്ഷേമമുതലാളിത്തം അഥവാ കെയ്നീഷ്യനിസം. പൊതുമേഖലയെ സമ്പദ്ഘടനയുടെ തന്ത്രപ്രധാന മേഖലകളിൽ പ്രതിഷ്ഠിച്ച കെയ്നീഷ്യനിസം ഇടതു രാഷ്ട്രീയ മുന്നേറ്റത്തിനെതിരായ മുതലാളിത്തത്തിന്റെ ഒരു പ്രത്യയശാസ്ത്ര ആയുധം (ideological weapon) കൂടിയായിരുന്നു. ഇപ്രകാരം കമ്മി ബജറ്റും കടം വാങ്ങിയുള്ള സർക്കാർ മൂലധന നിക്ഷേപങ്ങളും രണ്ടാം ലോക യുദ്ധാനന്തരമുണ്ടായ മുതലാളിത്തത്തിന്റെ സുവർണയുഗം (golden age of capitalism) എന്ന് വിഷേശിപ്പിക്കാനാകുംവിധം സാമ്പത്തിക വളർച്ചാനിരക്കും തൊഴിലവസരങ്ങളും സാമൂഹിക ക്ഷേമത്തിനായുള്ള നിക്ഷേപങ്ങളും അഭൂതപൂർവമായ തോതിൽ വർധിച്ചു.
എന്നാൽ, മുതലാളിത്ത – സാമ്രാജ്യത്വ വ്യവസ്ഥയിൽ അന്തർലീനമായ വൈരുധ്യങ്ങളടക്കം ഒട്ടേറെ കാരണങ്ങളാൽ (വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല), 1970 കളോടെ ക്ഷേമരാഷ്ട്രം എന്ന് വിശേഷിക്കപ്പെട്ട മുതലാളിത്തത്തിന്റെ സുവർണയുഗം അസ്തമിച്ചു. ആഗോളമായി ഇടതുപക്ഷം നേരിട്ട രാഷ്ട്രീയവും ആശയപരവുമായ തിരിച്ചടികൾ ക്ഷേമമുതലാളിത്തം എന്ന പ്രത്യയശാസ്ത്ര ആയുധം കൈയൊഴിയുന്നതിനും മൂലധന കേന്ദ്രങ്ങൾക്ക് സൗകര്യമൊരുക്കി.
തുടർന്ന് ക്ഷേമമുതലാളിത്തം കോർപറേറ്റ് മൂലധനത്തിന്റെ മേൽ ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും അവസാനിപ്പിക്കുകയും ചിക്കാഗോ സ്കൂൾ ഉൾപ്പെടെയുള്ള സാമ്രാജ്യത്വ ചിന്താ സംഭരണികളു ( think-tanks) ടെയും ബ്രട്ടൺ വുഡ്സ് സ്ഥാപനങ്ങളുടെ (Bretton Woods Institutions) സൈദ്ധാന്തികവും നയപരവുമായ ഇടപെടലുകളോടെ നവലിബറലിസം ഉദ്ഘാടനം ചെയ്യുകയും കെയ്നീഷ്യനിസം കുഴിച്ചു മൂടുകയും ചെയ്തു. ബ്രിട്ടനിൽ താച്ചറിസത്തിന്റെയും അമേരിക്കയിൽ റീഗണോമിക്സിന്റെയും രൂപത്തിൽ ആവിഷ്കരിച്ചതും തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന ഉൽപാദന മേഖലകൾ കൈയൊഴിഞ്ഞ് പെട്ടെന്ന് ലാഭം കൊയ്യാവുന്ന ഊഹമേഖലകളിലേക്കും പ്രകൃതി കൊള്ളയിലേക്കും കോർപറേറ്റ് മൂലധനം കടന്നുകയറുന്നതിന് രാജപാതയൊരുക്കിയതുമായ നവലിബറൽ നയങ്ങൾ ക്രമേണ ആഗോളവത്കരണത്തിലൂടെ ലോക മെങ്ങും അടിച്ചേൽപിക്കപ്പെട്ടു. തൽഫലമായി പൊതുമേഖലാ സംരംഭങ്ങൾ കയ്യൊഴിച്ചും സർക്കാർ ഇടപെടലുകളും വർദ്ധിത നികുതികളും വെട്ടിക്കുറച്ചും , മുമ്പ് സൂചിപ്പിച്ചതുപോലെ, കോർപറേറ്റ് മൂലധനത്തിന്റെ സഹായി മാത്രമായി ഭരണകൂടം ചുരുങ്ങി. അതിൻ പ്രകാരമുള്ള നിക്ഷേപ സൗഹൃദ അന്തരീക്ഷം (ease of doing business) ഒരുക്കുന്നതിന്റെ ഭാഗമായാണ്, കേരളത്തിൽ ‘വികസന നായകൻ’ തന്നെ പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്നതും കോർപറേറ്റ് വത്കരണത്തെ ചോദ്യം ചെയ്യുന്നവരെ ‘ഗുണ്ടാലിസ്റ്റി’ൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതും.
ഈ പൊതു പശ്ചാത്തലത്തിലാണ്, കിഫ്ബി വഴിയും മറ്റും വൻതോതിൽ കടം വാങ്ങി നിക്ഷേപപദ്ധതികൾ ഒരുക്കുന്നത് കെയ്നീഷ്യൻ ഗുണകാങ്ക ഫലപ്രകാരമുള്ള സാമ്പത്തിക വളർച്ചക്ക് വഴിവെക്കുമെന്നും സാമ്പത്തികാഭിവൃദ്ധി കൈവരിക്കുന്നതിലൂടെ ഭാവിയിൽ സുരക്ഷിതമായി മുതലും പലിശയും തിരിച്ചടക്കാനുള്ള നികുതിവരുമാനം ഉൾപ്പെടെ വിഭവസമാഹരണം സാധ്യമാണെന്നുമുള്ള വിശദീകരണത്തിന് നവലിബറൽ-സി.പി.എം ബുദ്ധിജീവികൾ മുന്നോട്ടുവന്നിട്ടുള്ളത്.
എന്നാൽ, ഈ വാദഗതിയുടെ അർഥരാഹിത്യം സുവ്യക്തമാണ്. ഒരുഭാഗത്ത് പൊതുകടം വൻതോതിൽ വർധിച്ചതിനൊപ്പം മറുഭാഗത്ത്, അതുവഴി കെട്ടിപ്പൊക്കിയ പൊതുമേഖലാ സംരംഭങ്ങളിൽനിന്നുള്ള വരുമാനവും വൻതോതിൽ വർധിച്ചു വന്നിരുന്നതാണ് ക്ഷേമ മുതലാളിത്തത്തിന്റെ സവിശേഷത. സമ്പന്ന കോർപറേറ്റ് വിഭാഗങ്ങളുടെ മേലുള്ള വർധിത നികുതികളാകട്ടെ വളരെ ഉയർന്ന നിരക്കിലുമായിരുന്നു. ഇന്ത്യയിൽ പോലും കോർപറേറ്റ് നികുതി നിരക്കുകൾ 80-90 ശതമാനം വരെ ഉയർന്നുനിന്നിരുന്നു. ഇതാകട്ടെ, താരതമ്യേന വലിയ അളവിൽ വിഭവസമാഹരണം സർക്കാരിൽ നിക്ഷിപ്തമാക്കുകയും കടവും പലിശയും തിരിച്ചടക്കുന്നത് ഇത് അനായാസമാക്കുകയും ചെയ്തു.
എന്നാലിന്ന്, സ്ഥിതി മൗലികമായി വ്യത്യസ്തമാണ്. ഒന്നാമതായി, കടം വങ്ങുന്ന പണമത്രയും കോർപറേറ്റുകളുടെ നിയന്ത്രണത്തിലുള്ള പി.പി.പി പദ്ധതികളിലും സാമ്പത്തിക സംരംഭങ്ങളിലുമാണ് വിന്യസിക്കുന്നത്. രണ്ടാമതായി, പൊതുമേഖലാ സംരംഭങ്ങൾ പോലും അവർക്ക് കൈമാറുകയും നികുതി നിരക്കുകൾ കുത്തനെ ഇടിയുകയും (ഇന്ത്യയിലിപ്പോൾ ഉയർന്ന കോർപറേറ്റ് നികുതി നിരക്കുകൾ 15 ശതമാനമാണ്) ചെയ്തുകൊണ്ടിരിക്കുന്നു. മൂന്നാമതായി, രാജ്യത്തിന്റെയും തൊഴിലവസരങ്ങളടക്കം ജനങ്ങളുടെയും വികസനമല്ല, മറിച്ച് കോർപേററ്റ് ലാഭം ഉറപ്പുവരുത്തുന്ന ഊഹ മേഖലകളിലും പ്രകൃതിയെ കൊള്ള ചെയ്യാവുന്ന, പരിസ്ഥിതി വിനാശം സൃഷ്ടിക്കുന്ന സാമ്പത്തിക പദ്ധതികളിലുമാണ് മൂലധന നിക്ഷേപം നടക്കുന്നത്. ഒരു ഭാഗത്ത് ജനങ്ങളുടെ വരുമാനവും ക്രയശേഷിയും ഇടിയുമ്പോൾ, മറുഭാഗത്ത് കോർപറേറ്റ് ലാഭവും സമ്പത്തും ചരിത്രത്തിലൊരിക്കലുമുണ്ടായിട്ടില്ലാത്തവിധം കുമിഞ്ഞു കൂടുന്നു. എല്ലാറ്റിനുമുപരി, കോർപറേറ്റുകളും കൺസൾട്ടൻസികളുമെല്ലാം ഭരണത്തിലും നയരൂപവത്കരണത്തിലും പിടിമുറുക്കുകയും സമ്പദ്ഘടനയുടെ നിയന്ത്രണവും വരുമാനവും കോർപറേറ്റുകളിൽ നിക്ഷിപ്തമാകുകയും ചെയ്യുന്നതോടെ സർക്കാറിന്റെ വിഭവസമാഹരണം ദുർബലമാകുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തിലും ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കടക്കെണിയിലകപ്പെട്ട കേരളം
ഈ പൊതു പശ്ചാത്തലത്തിൽ നിന്നു കൊണ്ടുവേണം പിണറായി സർക്കാർ തീവ്രവലതു കോർപറേറ്റ് വത്കരണത്തിനായി കിട്ടാവുന്നിടത്തു നിന്നൊക്കെ വാങ്ങിക്കൂട്ടിക്കൊണ്ടിരിക്കുന്ന പൊതുകടത്തിന്റെ പ്രത്യാഘാതങ്ങൾ നോക്കിക്കാണേണ്ടത്. ഹൈവേകൾ, തുറമുഖം, വിമാനത്താവളം, സിൽവർ ലൈൻ, കെ-ഫോൺ, വ്യവസായ ഇടനാഴികൾ, സ്മാർട്ട് സിറ്റികൾ, ഇ-മൊബിലിറ്റി തുടങ്ങി വിദേശ-സ്വദേശ വായ്പകളിലും കോർപറേറ്റ് നിയന്ത്രണത്തിലും അധിഷ്ഠിതമായ പദ്ധതികൾ കേരളത്തിൽ വൻ വികസനം കൊണ്ടുവരുമെന്നും അതുവഴി വായ്പാ മുതലും പലിശയും തിരിച്ചടക്കുന്നത് അനായാസം കഴിയുമെന്നുമാണ് അവകാശവാദം. എന്നാൽ, നവലിബറൽ-കോർപറേറ്റ് വത്കരണത്തിൽ കോർപറേറ്റുകൾ തടിച്ചു കൊഴുക്കുേമ്പാൾ രാജ്യം മുരടിപ്പിലേക്കും ജനങ്ങൾ പാപ്പരീകരണത്തിലേക്കും നീങ്ങുന്നതാണ് യാഥാർഥ്യം. സാമ്പത്തിക സംരംഭങ്ങളിൽനിന്നുള്ള സർക്കാരിന്റെ വരുമാനം അസ്തമിച്ചു കൊണ്ടിരിക്കുകയും ജി.എസ്.ടി പോലുള്ള പരോക്ഷ നികുതി പരിഷ്കാരങ്ങളും കോർപറേറ്റുകൾക്ക് അനുകൂലമായ പ്രത്യക്ഷ നികുതി ഉദാരവത്കരണങ്ങളും കുത്തനെ കുറയുന്ന നികുതി വരുമാനവും വർധമാനമായ തോതിൽ ഖജനാവ് കാലിയാക്കുമ്പോൾ, വായ്പകൾ പലിശ സഹിതം തിരിച്ചടക്കാൻ കഴിയുമെന്നത് മലർപൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. ക്ഷേമ മുതലാളിത്തത്തിന് ബാധകമായിരുന്ന സാമ്പത്തിക ചലന നിയമങ്ങൾ, വികസനവും വിഭവ സമാഹരണവുമടക്കം സമ്പദ്ഘടനയിലെ കോർപറേറ്റ് സഹായി മാത്രമായി സർക്കാർ മാറിക്കഴിഞ്ഞ നവലിബറൽ കാലത്തും ബാധകമാണെന്ന പിണറായി ഭരണത്തിന്റെയും ആസ്ഥാന ബുദ്ധിജീവികളുടെയും അവകാശവാദങ്ങൾക്ക് ചരിത്രപരമമോ രാഷ്ട്രീയ സമ്പദ് ശാസ്ത്രപരമോ ആയ അടിസ്ഥാനമില്ല.
ക്ഷേമരാഷ്ട്രം നവലിബറലിസത്തിന് വഴിമാറിയ ആദ്യദശകത്തിൽ തന്നെ ലോകത്തെ അസ്ഥാന സാമ്പത്തിക വിദഗ്ധർക്കു പോലും അംഗീകരിക്കേണ്ടിവന്ന വസ്തുതയാണിത്. അതായത്, കടം വാങ്ങി സാമ്പത്തിക വികസനം കൊണ്ടുവരാമെന്നത് നവലിബറലിസത്തിൽ കേവലം വ്യാമോഹം മാത്രമാണ്.
1980കളിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കുണ്ടായ അനുഭവത്തിലൂടെ കണ്ണോടിക്കുന്നത് ഇത് മനസ്സിലാക്കുന്നതിന് സഹായകരമാകും. നവലിബറൽ ആഗോളവത്കരണം കെട്ടിയിറക്കുന്നതിന്റെ ഭാഗമായി ബ്രട്ടൺ വുഡ്സ് സ്ഥാപനങ്ങൾ ലാറ്റിനമേരിക്കയിൽ നടപ്പാക്കിയ ഘടനാ ക്രമീകരണം (structural adjustment) സർക്കാറിനെ നോക്കു കുത്തിയാക്കി സമ്പദ്ഘടനയുടെ സമ്പൂർണ നിയന്ത്രണം കോർപറേറ്റ് മൂലധനത്തിന് കൈമാറുകയുണ്ടായി. അതോടൊപ്പം, ലോകബാങ്ക് അതിന്റെ സബ്സിഡിയറിയായ അന്താരാഷ്ട്ര വികസന ഏജൻസി (IDA), ഇൻറർ അമേരിക്കൻ ഡവലപ്മെൻറ് ബാങ്ക് തുടങ്ങിയ ‘ഔദ്യോഗിക’ ഏജൻസികളിൽനിന്നുള്ള പലിശ കുറഞ്ഞ വായ്പ (soft loan) അവസാനിപ്പിച്ച്, വൻതോതിൽ ‘പെട്രോഡോളറുകൾ’ സമാഹരിച്ച അമേരിക്കൻ ബാങ്കുകളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും കമ്പോള പലിശക്ക് ‘വികസന’ വായ്പകൾ വാങ്ങിക്കൂട്ടാനും ലാറ്റിനമേരിക്കൻ രാജ്യങ്ങൾ നിർബന്ധിതരായി. എന്നാൽ, പ്രഖ്യാപിക്കപ്പെട്ട വികസനമൊന്നും വന്നില്ലെന്നതോ പോകട്ടെ, അഭൂതപൂർവമായ ഒരു കടക്കെണിയിലേക്ക് (debt trap) ഈ രാജ്യങ്ങൾ തള്ളിവിടപ്പെടുകയാണുണ്ടായത്. തൽഫലമായി, ക്ഷേമ മുതലാളിത്ത അന്തരീക്ഷത്തിൽ, പിന്നാക്ക രാജ്യങ്ങളെ സംബന്ധിച്ച് 1960കളും 1970കളും ‘വികസന ദശകങ്ങൾ’ (development decades) ആയി ഐക്യ രാഷ്ട്രസഭ കൊണ്ടാടിയത്. 1980-കളാകുമ്പോൾ, ലാറ്റിനമേരിക്കയെ സംബന്ധിച്ചിടത്തോളം “നഷ്ട ദശക” (lost decade)മായി പരിണമിക്കുകയുണ്ടായി. 1930കളിലെ ലോകവ്യാപക സാമ്പത്തിക അധഃപതന ( Great Economic Depression)ത്തിന് സമാനമായ സാമ്പത്തിക തകർച്ചയിലേക്ക് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ കടക്കുകയും 1982-90 കാലത്ത് അവയുടെ കടബാധ്യത 170 ശതമാനം കണ്ട് വർധിക്കുകയും ചെയ്തുവെന്നാണ് കണക്കാക്കപ്പെടുന്നത്. അതോടൊപ്പം രാഷ്ട്രീയ അസ്ഥിരതയുടെതായ ഒരു ദുരന്തകാലത്തേക്ക് ഇത് ലാറ്റിനമേരിക്കയെ തള്ളിവിടുകയും ചെയ്തു. തുടർന്നുവന്ന ദശകങ്ങളിൽ പ്രാദേശിക വ്യതിരിക്തതകളോടെ, ഇതേ ദുർഗതി തന്നെയാണ് ഒട്ടുമിക്ക ഏഷ്യനാഫ്രിക്കൻ രാജ്യങ്ങൾക്കും നേരിടേണ്ടിവന്നത്.
വളരെ ചുരുക്കത്തിൽ നികുതിയടക്കം വിഭവ സമാഹരണത്തിന്റെയും വിനിയോഗത്തിന്റെയും മണ്ഡലങ്ങളിൽ സർക്കാറുകൾക്ക് നിയന്ത്രണം നഷ്ടമാകുകയും നയ രൂപവത്കരണം കോർപറേറ്റ് ബോർഡ് റൂമുകളിൽ നിർണയിക്കപ്പെടുകയും വികസനത്തിന്റെ മറവിൽ രാജ്യസമ്പത്ത് കോർപറേറ്റുകൾ വിഴുങ്ങുകയും ( സംസ്ഥാനത്തിന് ഒരു നേട്ടവുമില്ലാതെ അദാനിയുടെ കുംഭ വീർപ്പിക്കുക മാത്രം ചെയ്യുന്ന കേരളത്തിലെ വിഴിഞ്ഞം പദ്ധതി ഉദാഹരണം) ചെയ്തു കൊണ്ടിരിക്കുന്ന നവലിബറൽ സാമ്പത്തിക ക്രമത്തിൽ, കടം വാങ്ങി ‘വികസനം’ കൊണ്ടുവരുന്നതിന്റെ നേട്ടം കോർപറേറ്റുകൾക്കും ബാധ്യത സംസ്ഥാനത്തെ ജനങ്ങൾക്കുമായിരിക്കും. സംസ്ഥാന ഖജനാവിലേക്ക് വരേണ്ടതായിട്ടുള്ള വരുമാനം കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നവ ഉദാര സമീപനങ്ങളിലൂടെ ശുഷ്ക്കിക്കുകയും അഞ്ചു വർഷം കൂടുമ്പോൾ പൊതു കടം ഇരട്ടിയിലധികമാകുന്ന പ്രക്രിയയുടെ ഇടവേള നിർബാധം കുറഞ്ഞുവരുകയും ചെയ്യുന്നതിനിടയിൽ വീണ്ടും, കടം വാങ്ങുന്നത് നല്ലതാണെന്നും അത് വികസനം കൊണ്ടുവരുമെന്നും സർക്കാർ വൃത്തങ്ങൾ നിരന്തരം അവകാശപ്പെടുന്നതിന് നവലിബറലിസത്തിൽ ഒരു സാമ്പത്തികാടിസ്ഥാനവുമില്ലെന്ന് തിരിച്ചറിയണം. ജനങ്ങൾ തെരഞ്ഞെടുത്ത നിയമസഭയോട് ഉത്തരവാദിത്തമില്ലാത്ത കിഫ്ബി പോലുള്ള കോർപറേറ്റ് സ്ഥാപനങ്ങൾ കുന്നുകൂട്ടുന്ന സംസ്ഥാന പൊതുകടം ഇപ്പോൾ ജീവിക്കുന്നവർക്കെതിരായ വെല്ലുവിളി മാത്രമല്ല, വരും തലമുറക്കെതിരെയുള്ള ദ്രോഹം കൂടിയാണ്. നയരൂപവത്കരണവും പ്രോജക്ട് നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ആത്യന്തികമായി കോർപറേറ്റുകൾ നിർണയിക്കുകയും ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ ഇതിന് സൗകര്യമൊരുക്കുകയും ഇതിനായി വേണ്ടിവരുന്ന കടബാധ്യതകൾ നികുതിദായകർ ചുമക്കേണ്ടിവരുകയും ചെയ്യുന്ന വിനാശകരമായ സ്ഥിതി വ്യഖ്യാനിച്ചതുകൊണ്ട് ഒഴിവാക്കാവുന്നതല്ല. മറിച്ച്, നവലിബറൽ നയങ്ങൾ അടിയന്തരമായി തിരുത്തുക മാത്രമാണ് ഹ്രസ്വകാലത്തിൽ ഇതിനുള്ള പരിഹാരം. ഇതിനാവശ്യമായ രാഷ്ട്രീയ ഇടപെടൽ സാധ്യമാക്കുക എന്നതാണ് ജനപക്ഷത്ത് നിൽക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇപ്പോൾ പ്രസക്തമായിട്ടുള്ളത്‌
മാധ്യമം ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ചത് (ലക്കം 1200)

Leave a Reply

Your email address will not be published. Required fields are marked *