പിൻവലിക്കേണ്ടി വന്ന പെരിങ്ങമ്മല മാലിന്യ സംസ്കരണ പദ്ധതി

ശക്തമായ ജനകീയ പ്രതിരോധത്തിന് മുമ്പിൽ സർക്കാരിന് മട്ട് മടക്കേണ്ടി വന്ന സമരമാണ് പെരിങ്ങമ്മല മാലിന്യ സംസ്കരണ പദ്ധതിക്കെതിരെ നടന്നത്. അഞ്ചാം വര്ഷത്തിലേക്കെടുക്കുന്ന പിണറായി സർക്കാർ ഭരണ നേട്ടങ്ങളുടെ കണക്കാവതരിപ്പിക്കുമ്പോൾ പ്രകൃതിക്ക് ദോഷകരമായേക്കാവുന്ന ആ പദ്ധതിയുടെ പിന്നാമ്പുറങ്ങൾ തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുകയാണ് പത്രപ്രവർത്തകൻ കെഎ ഷാജി.

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമലയിലൂടെ കഴിഞ്ഞ ദിവസം സഞ്ചരിച്ചപ്പോൾ മനസ്സ് മറവി ബാധിച്ച് തുടങ്ങിയ ചില ഓർമ്മകളിലേക്ക് പിന്നോക്കം പോയി.

പെരിങ്ങമലയിൽ ആദ്യമായാണ് പോകുന്നതെങ്കിലും ആ സ്ഥലത്തെപ്പറ്റി ഒരു പാട് കേട്ടിട്ടുണ്ട്.
മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ഒരു വൻകിട വിവാദ പ്ലാൻ്റ് അവിടെ സ്ഥാപിക്കാനുള്ള ശ്രമം ജനങ്ങൾ ചെറുത്ത് തോല്പിച്ചപ്പോഴാണ് ഒടുവിൽ പെരിങ്ങമല വാർത്തകളിൽ നിറഞ്ഞത്.

അന്നത്തെ സമര നേതാവായിരുന്ന പരിസ്ഥിതി പ്രവർത്തകൻ ഡോ കമറുദ്ദീൻ ഓർമ്മയായിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞു. കമറുദ്ദീൻ്റെ പേരിലുള്ള അവാർഡ് സഖാവ് വി എസ് അച്ച്യുതാനന്ദന് ശാസ്ത്രജ്ഞനും സുഹൃത്തുമായ ഡോക്ടർ എസ് ഫൈസി സമ്മാനിച്ചതും അടുത്തിടെയാണ്.

പറഞ്ഞു വരുന്നത് പെരിങ്ങമലയിലടക്കം കേരളത്തിൽ ഏഴിടത്ത് സ്ഥാപിക്കാൻ പദ്ധതിയിട്ട വൻകിട മാലിന്യ സംസ്കരണ -വൈദ്യുതി ഉല്പാദന പ്ലാൻറുകളെക്കുറിച്ചാണ്. രണ്ടായിരത്തി പതിനെട്ടിലെ പ്രളയാനന്തരമുള്ള സംസ്ഥാന സർക്കാരിൻ്റെ പുനർനിർമ്മാണ സ്വപ്ന പദ്ധതികളിലൊന്ന്. കേരളത്തിൽ വ്യാപകമായ മാലിന്യ പ്രശ്നം ശാശ്വതമായി തീർക്കുകയും വൈദ്യുതി ഉണ്ടാക്കുകയും ചെയ്യുന്ന കേട്ടാൽ അതീവ നിഷ്കളങ്കമായ പദ്ധതി.

കേരള സർക്കാരിൻ്റെ ഒരു പ്രത്യേക പ്രൊജക്ടിൽ എക്സ്പീരിയൻസ്ഡ് ആയ (പത്തിരുപത് കൊല്ലത്തെ ജോലി പരിചയവും ഇംഗ്ലീഷും മലയാളവും ഒഴുക്കോടെ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യവും വേണം) പത്രപ്രവർത്തകന് കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയാ ഓഫീസറായി ജോലി ഒഴിവുണ്ടെന്ന് പരസ്യം കണ്ടത് ഒരു ഡൽഹി പത്രത്തിലാണ്. ജോലി കേരള സർക്കാരുമായി ബന്ധപ്പെട്ടതാണെങ്കിലും ജോലിക്കപേക്ഷിക്കേണ്ട വിലാസം ഡൽഹിയിലെ ഒരു പി ആർ ഏജൻസിയുടേത് ആയിരുന്നു.

ഒരു കൗതുകത്തിൽ അപേക്ഷിച്ചു. വൈകാതെ അവിടെ നിന്ന് വിളി വന്നു.

പി ആർ ഏജൻസി തലവനെ തിരുവനന്തപുരത്ത് സൗത്ത് പാർക്ക് ഹോട്ടലിൽ നേരിൽ കാണണം. യാത്രാ ചെലവൊക്കെ അവർ വഹിക്കും. അങ്ങനെ പാലക്കാട് നിന്ന് ടാക്സി പിടിച്ച് തിരുവനന്തപുരത്തെത്തി.
ഉത്തരേന്ത്യക്കാരനായ പി ആർ ചേട്ടൻ ഹൃദ്യമായി സ്വീകരിച്ചു. നിങ്ങളെയാണ് ഞങ്ങൾക്ക് വേണ്ടതെന്ന് അയാൾ പറഞ്ഞു. തുടർന്ന് ഒരു പവർ പോയിൻ്റ് പ്രസൻ്റേഷനായി. പദ്ധതിയുടെ അനന്തമായ ഗുണഗണങ്ങൾ. ആദ്യമായി കേൾക്കുകയാണ്.

ചോദിച്ച ശമ്പളം അംഗീകരിച്ചു.

കെ എസ് ഐ ഡി സിയിലെ ഉന്നത ഉദ്യോഗസ്ഥൻ്റെ ഓഫീസിൽ കൊണ്ടുപോയി പരിചയപ്പെടുത്തി. ആ ഉദ്യോഗസ്ഥൻ വളച്ചു കെട്ടില്ലാതെ കാര്യം പറഞ്ഞു: ഒരു പാട് പ്രതിഷേധങ്ങൾ വരാവുന്ന പദ്ധതിയാണിത്. മാലിന്യ സംസ്കരണം സംബന്ധിച്ച് ഞങ്ങൾ പറയുന്നത് നാട്ടുകാർക്ക് മനസ്സിലാകുന്നില്ല. പദ്ധതി നടപ്പാക്കിയാൽ മലിനീകരണമൊക്കെ ഉണ്ടാകും. പക്ഷെ നമ്മളത് സമ്മതിക്കില്ല. ജനങ്ങളെ പദ്ധതിക്കനുകൂലമാക്കലാണ് നിങ്ങളുടെ ചുമതല. മാധ്യമങ്ങളിൽ പദ്ധതിയനുകൂല വാർത്തകൾ വരുത്തുന്നത് മാത്രം പോര.. പ്രാദേശികമായി ജനാഭിപ്രായത്തെ അനുകൂലമാക്കാൻ യുക്തമായത് എന്തും നിങ്ങൾക്ക് അവിടങ്ങളിൽ ചെയ്യാം. ഞങ്ങൾ കൂടെയുണ്ടാകും. ഫണ്ടും തടസ്സമാകില്ല.

മനസ്സിലേക്ക് ഒറ്റയടിക്ക് വിയറ്റ്നാം കോളനി സിനിമയും അതിലെ മോഹൻലാൽ കഥാപാത്രവും ഓടി കയറി വന്നു.

തിരികെ ഹോട്ടലിലെത്തിയപ്പോൾ പി ആർ മുതലാളി പറഞ്ഞു: കേരളത്തിൽ ഞങ്ങൾക്ക് ആദ്യമായി കിട്ടുന്ന ബിസിനസ്സാണിത്. നമ്മൾ അത്യധ്വാനം ചെയ്ത് പദ്ധതി എല്ലാ ജില്ലകളിലും നടപ്പാക്കിക്കണം. ശമ്പളം മാത്രമല്ല പ്രോജക്ടിൽ കമ്പനിക്ക് കിട്ടുന്ന ലാഭത്തിൽ ഒരു വിഹിതവും നിങ്ങൾക്ക് ഞാൻ തരും. താഴെ തട്ടിലുള്ളവരുമായി ബന്ധമുണ്ടാക്കി പദ്ധതി അവർക്കെതിരല്ല എന്ന് വരുത്തണം. എല്ലാ ജില്ലയിലും നമുക്കിതാരംഭിപ്പിക്കണം. ഒന്നിച്ച് നിന്നാൽ നമുക്ക് നല്ലൊരു ഭാവിയുണ്ട്.

അത്യാഗ്രഹത്തിൻ്റെ അപാര വിജയ സാധ്യതകൾ മിന്നി മറയുന്ന ആ മനുഷ്യൻ്റെ മുഖത്ത് നോക്കിയിരുന്നപ്പോൾ ഉള്ളിൽ വിയറ്റ്നാം കോളനി എന്ന പദം ആവർത്തിച്ച് മുഴങ്ങി.
പിറ്റേന്ന് വേറെ ചില പ്രമുഖരെ കാണാനുണ്ടെന്നും അതേ ഹോട്ടലിൽ താമസം അറേഞ്ച് ചെയ്യാമെന്നും പി ആർ മുതലാളി പറഞ്ഞു. വേണ്ടെന്നും സുഹൃത്തിൻ്റെ വീട്ടിൽ താമസിച്ചോളാമെന്നും പറഞ്ഞു.
നേരെ പുറത്തിറങ്ങി മരുതംകുഴിയിലെ മാധ്യമ പ്രവർത്തകനായ സുഹൃത്തിൻ്റെ വീട്ടിലെത്തിയപ്പോൾ അവൻ അന്ധാളിച്ചു: എന്താണ് മുഖത്ത് പതിവില്ലാത്ത ഒരു വെപ്രാളം. ഒന്നുമില്ല. സ്വന്തം നാടിനേയും ജനങ്ങളേയും ഒറ്റിക്കൊടുത്താലിപ്പോൾ മുപ്പത് വെള്ളിക്കാശല്ല ലാഭ വിഹിതമാണ്. ലാഭവിഹിതം.
അവനൊന്നും മനസ്സിലായില്ല.

പദ്ധതി നടപ്പാക്കുന്ന ഗ്രാമങ്ങളിൽ പോയി താമസിക്കണമെന്നും ഗ്രാമീണരോട് സൗഹൃദത്തിലാകണമെന്നും വീട്ടമ്മമാർ, കുട്ടികൾ, യുവാക്കൾ എന്നിവർക്കായി കലാകായിക മത്സരങ്ങളും മറ്റും നടത്തി അവരെ വശത്താക്കണമെന്നും പ്രതിഷേധക്കാരുടെ നേതാക്കളെ ഉപഹാരങ്ങൾ നല്കി വശത്താക്കണമെന്നും മുതലാളി പറഞ്ഞിരുന്നു.

മുന്നിൽ ഒരു വലിയ സാധ്യതയാണ്. കടങ്ങൾ തീർക്കാം. പുതിയ വാഹനവും വീടും വാങ്ങിക്കാം. അധികാര ഇടനാഴികളിൽ വലിയ സ്വാധീനമുണ്ടാക്കാം. വേണ്ടന്ന് വച്ചാൽ പൊന്മുട്ടയിടുന്ന താറാവിനെയാണ് തട്ടിക്കളയുന്നത്. അങ്ങനെ വരുമ്പോൾ ശിഷ്ട ജീവിതം ഇ എം ഐയും ബാധ്യതകളുമായി അരിഷ്ടിച്ച് നീക്കാം. പക്ഷെ വിയറ്റ്നാം കോളനി. മോഹൻലാൽ. കെ കെ ജോസഫ്.

പി ആർ മുതലാളിക്ക് വിശദമായി ഒരു വാട്ട്സ്ആപ്പ് സന്ദേശം അയച്ചു.

ഇതിലും നല്ലത് തലയിൽ കെട്ടും ഒരു പിച്ചാത്തിയുമായി റോഡിലിറങ്ങി മനുഷ്യരെ കൊള്ളയടിക്കുന്നതാണ് എന്ന് പറഞ്ഞ്. നിങ്ങൾക്ക് ആള് മാറി എന്നും പറഞ്ഞു.

സന്ദേശമയച്ചയുടൻ അയാൾ തിരിച്ച് വിളിച്ചു. ഫോണിലും വാട്ട്സ്ആപ്പിലും അയാളെ ബ്ലോക്ക് ചെയ്തു. തെറ്റിദ്ധാരണ മാറ്റണമെന്നും കൂടെ നില്ക്കണമെന്നും പറഞ്ഞ് അയാളയച്ച ഇ മെയിൽ കണ്ടില്ലെന്ന് നടിച്ചു.

നാളുകൾക്കിപ്പുറം തിരുവനന്തപുരത്ത് താമസക്കാരനായി വരുമ്പോൾ കാണുന്നത് സെക്രട്ടറിയേറ്റിന് മുന്നിലെ പെരിങ്ങമലക്കാരുടെ വലിയ പ്രക്ഷോഭമാണ്. വരാൻ പോകുന്ന പ്ലാൻ്റിനെതിരെ. പൊരിവെയിലത്ത് കൊച്ചുകുട്ടികൾ മുതൽ വൃദ്ധജനങ്ങൾ വരെ.

ഓരത്ത് മാറി നിന്ന് സമരം വീക്ഷിച്ചപ്പോൾ തോന്നിയ ആശ്വാസം ചെറുതല്ല.
ഈയൊരു ജനതയുടെയും മറ്റ് ആറിടങ്ങളിലേയും മനുഷ്യരുടെ ശാപത്തിൻ്റെ പങ്ക് ഏറ്റെടുക്കേണ്ടി വന്നില്ലല്ലോ…

വീയെസും സുഗതകുമാരിയുമെല്ലാം ഇടപെട്ടതോടെ സർക്കാർ പെരിങ്ങമല പദ്ധതി നിർത്തി.
മറ്റ് ആറിടങ്ങളിലും പദ്ധതിയെപ്പറ്റി ഇപ്പോൾ ഒന്നും കേൾക്കുന്നില്ല.

മാലിന്യത്തിൽ നിന്നുള്ള വൈദ്യുതി ഇല്ലാഞ്ഞിട്ടും കേരളം വികസനത്തിൽ കുതിച്ച് ചാട്ടം നടത്തിക്കൊണ്ടിരിക്കുന്നു.

മുഖത്ത് അത്യാഗ്രഹത്തിൻ്റെ കഥകളി മുദ്രയുള്ള ആ പി ആർ മുതലാളിയുടെ ഓഫർ മാത്രമല്ല അന്ന് നഷ്ടപ്പെടുത്തിയത്. ഇന്നത്തെ നിലയിൽ നോക്കിയാൽ ഭാവിയിലെ സംവരണ ചട്ടങ്ങൾ കാറ്റിൽ പറത്തിയുള്ള ഒരു സ്ഥിരം നിയമനം കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *