സംസ്കൃത സർവകലാശാലയിലെ നിയമന വിവാദം: എംബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞതിലെ പൊരുത്തക്കേടുകൾ

മുൻ എംപി എംബി രാജേഷിൻ്റെ ഭാര്യ നിനിത കണിച്ചേരിയുടെ കേരള സംസ്കൃത സർവകലാശാലയിലെ നിയമന വിവാദവുമായി ബന്ധപ്പെട്ട്, എംബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടുകയാണ് മാധ്യമ പ്രവർത്തകൻ ഐ സമീൽ.

2018ൽ യു.ജി.സി പുറത്തിറക്കിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ്​ കാലടിയിൽ ഇൻറർവ്യൂ നടന്നതെന്നാണ്​ ഇന്നലെ എം.ബി. രാജേഷ്​ മാധ്യമങ്ങളോട്​ പറഞ്ഞത്​.

ഇതുപ്രകാരം അസി. പ്രൊഫസർ നിയമനത്തിന്​ യു.ജി.സി നൽകിയ 2018ലെ മാർഗനിർദേശങ്ങൾ പരിശോധച്ചപ്പോൾ മനസിലായത്​, ഇൻറർവ്യൂവിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കാൻപോലും നിനിതക്ക്​ അർഹതയില്ല എന്നാണ്​.

ഇൻറർവ്യൂവിനുള്ള ചുരുക്കപ്പട്ടിക തയാറാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്ന അപ്പൻഡിക്​സ്​ മൂന്നിലെ ടേബിൾ 3-എ​ പ്രകാരം ഡിഗ്രി, പിജി, എംഫിൽ, പിഎച്ച്​ഡി, നെറ്റ്​-ജെ.ആർ.എഫ്​, ഗവേഷണ പ്രബന്ധങ്ങൾ, അധ്യാപന പരിചയം, പോസ്​റ്റ്​ ഡോക്​ടറൽ പരിചയം എന്നിവയാണ് മാനദണ്ഡങ്ങൾ​. ശേഷം പറയുന്നത്​ അധ്യാപന പരിചയം ഒരു വർഷത്തിൽ കുറവാണെങ്കിൽ അക്കാദമിക മേഖലക്ക്​ നൽകുന്ന മാർക്കിൽ കുറവ്​ വരുത്തണമെന്നാണ്​. കോളജ്​\വാഴ്​സിറ്റി അധ്യാപന പരിചയമില്ലാത്ത, ഗവേഷണ പ്രബന്ധങ്ങൾ പരിമിതമായ നിനിത പിന്നെങ്ങിനെ ഇൻറർവ്യൂവിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു എന്നത്​ കാലടി വാഴ്​സിറ്റി അധികൃതർ വ്യക്തമാക്കേണ്ടതാണ്​.

No photo description available.
ഇനി ഇൻറർവ്യൂവിലേക്ക്​ വന്നാൽ, ബോർഡ്​ അംഗങ്ങൾ എന്തൊക്കെ അടിസ്ഥാനമാക്കിയാണ്​​ മാർക്ക്​ നൽകേണ്ടത്​ എന്ന്​ യു.ജി.സി മാർഗനിർദേശത്തിൽ കൃത്യമായി പറയുന്നുണ്ട്​. അഥവാ മനോധർമമനുസരിച്ച്​ മാർക്കിടാൻ വകുപ്പില്ല എന്നർഥം. മാർഗനിർദേശത്തിലെ ആറാം നമ്പറിൽ തെരഞ്ഞെടുപ്പ്​ നടപടിക്രമങ്ങളിലെ ഒന്നും രണ്ടും നിർദേശമായി പറയുന്നത്​ അപ്പൻഡിക്​സ്​ മൂന്നിലെ ടേബിൾ 1, 2, 3-എ, 3-ബി, 4, 5 എന്നിവ പ്രകാരമാണ്​ ഇത്​ നിർവഹിക്കേണ്ടത്​ എന്നാണ്​. (മൂന്ന്​ -ബി ചുരുക്കപ്പട്ടിക തയാറാക്കുന്നത്​ സംബന്ധിച്ച നിർദേശങ്ങളും ടേബിൾ 4 ലൈബ്രേറിയൻ നിയമം, ടേബിൾ 5 കായികധ്യാപക നിയമനവുമായി ബന്ധപ്പെട്ടവയുമാണ്​).

ടേബിൾ 1ലെ ഒന്നാമത്തെ മാനദണ്ഡം അധ്യാപന പരിചയമാണ്​. അതിൽതന്നെ ഉദ്യോഗാർഥി എടുത്ത ക്ലാസുകളുടെ എണ്ണം അനുസരിച്ച്​ നൽകേണ്ട മാർക്കി​ന്റെ ശതമാനം ഇതിൽ വ്യക്തമാക്കുന്നു. കോളജ്​, വാഴ്​സിറ്റി തലത്തിൽ ഒട്ടും അധ്യാപന പരിചയമില്ലാത്ത ആൾക്കെങ്ങിനെയാണ്​ വർഷങ്ങളോളം അധ്യാപന പരിചയമുള്ളവരേക്കാൾ ഇൻറർവ്യൂ ബോർഡിന്​ മാർക്ക്​ നൽകാനാവുക?

ടേബിൾ 1ലെ രണ്ടാമത്തെ മാനദണ്ഡം കോളജ്​, വാഴ്​സിറ്റി തലത്തിൽ ​ഗവേഷണ മേഖലയിലും വിദ്യാർഥികളുടെ പഠന പ്രവർത്തനത്തിലുമുള്ള പ്രാവീണ്യമാണ്​. ഇതിൽ അക്കാദമിക സെമിനാർ, ശിൽപശാല തുടങ്ങിയവയും പുസ്​തക പ്രസാധനവും ഉൾപ്പെടും.

ടേബിൾ 2ലെ മാനദണ്ഡങ്ങൾ
1. ഗവേഷണ പ്രബന്ധങ്ങൾ
2. പുസ്​തക പ്രസാധനം
3. ഗവേഷണ പദ്ധതികൾ
4. പേറ്റൻറ്​
5. റിസർച്ച്​ ഗൈഡ്​
6. അന്താരാഷ്​ട്ര, ദേശീയ, വാഴ്​സിറ്റിതല സെമിനാറുകളിലെ പ്രബന്ധാവതരണം

ഇതിനെല്ലാം എത്ര ശതമാനം മാർക്ക്​ ഇൻറർവ്യൂ ബോർഡ്​ നൽകണമെന്നും കൃത്യമായി യു.ജി.സി പറയുന്നുണ്ട്​.

ടേബിൾ 3-എയിലെ മാനദണ്ഡങ്ങൾ: ഒന്നു മുതൽ അഞ്ചുവരെയുള്ളവ ഡിഗ്രി മുതൽ പിഎച്ച്​ഡി, നെറ്റ്​ വരെയുള്ള മികവിന്​ നൽകേണ്ട മാർക്കുകൾ സംബന്ധിച്ച നിർദേശമാണ്​. ആറ്​ ഗവേഷണ പ്രബന്ധത്തിനും ഏഴ്​ അധ്യാപന പരിചയത്തിനുമുള്ള മാർക്ക്​ സംബന്ധിച്ചവയാണ്​. ചുരുക്കത്തിൽ കോളജ്​-വാഴ്​സിറ്റി അധ്യാപന പരിചയം, ഗവേഷണ പ്രബന്ധം, പുസ്​തകം, ദേശീയ-അന്തർദേശീയ സെമിനാറുകളിലെ പ്രബന്ധാവതരണം തുടങ്ങി മുഴുവൻ അക്കാദമിക മാനദണ്ഡങ്ങൾ പ്രകാരവും ഇൻറർവ്യൂവിൽ പ​െങ്കടുത്ത മറ്റെല്ലാ ഉദ്യോഗാർഥികളേക്കാളും പിറകിലാണ്​ നിനിത എന്ന്​ വ്യക്തമാവുകയാണ്​. ആയതിനാൽ, നിനിത എങ്ങിനെയാണ്​ റാങ്ക്​ ലിസിറ്റിൽ ഒന്നാമതെത്തിയത്​ എന്ന്​ വിശദീകരിക്കാൻ പൊതുപണം ഉ​​പയോഗിച്ച്​ പ്രവർത്തിക്കുന്ന സ്ഥാപനമെന്ന നിലയിൽ കാലടി വാഴ്​സിറ്റി അധികൃതർ ബാധ്യസ്ഥരാണ്​.

Leave a Reply

Your email address will not be published. Required fields are marked *